കൊച്ചുത്രേസ്സ്യയെക്കാൾ മൂന്ന് വയസ്സ് കൂടുതലുള്ള സെലിൻ ചേച്ചി, കൊച്ചു കുട്ടിയായിരിക്കെ അവളോട് ചോദിച്ചു : “എങ്ങനെയാണ് ചെറിയ ഓസ്തിയിൽ ദൈവം വസിക്കുന്നതെന്ന് നിനക്കറിയാമോ?” “ദൈവം സർവശക്തൻ അല്ലേ? അപ്പോൾ ദൈവത്തിന് എല്ലാം കഴിയുമല്ലോ” സർവശക്തൻ എന്ന വാക്കിന്റെ അർത്ഥം കൂടെ സെലിൻ ചേച്ചിക്ക് അവളോട് ചോദിച്ചു മനസ്സിലാക്കി.
ലോകത്തിന് നിത്യജീവൻ നൽകാനായി സ്വശരീരരക്തങ്ങൾ പങ്കുവെച്ചു തരാൻ വേറെ ആർക്ക് കഴിഞ്ഞിട്ടുണ്ട്? പറുദീസയിൽ വെച്ച്, വിലക്കപ്പെട്ട ഫലം കഴിപ്പിക്കാനായി സാത്താൻ നൽകിയ നുണകൾ.. അവർ മരിക്കില്ലെന്നും കണ്ണുകൾ തുറക്കപ്പെടുമെന്നും ദൈവത്തെ പോലെയാകുമെന്നൊക്കെയുള്ളത്, ജീവന്റെ അപ്പമായ ദിവ്യകാരുണ്യത്തിലൂടെ ഈശോ യാഥാർത്ഥ്യമാക്കി. ‘എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവന് നിത്യജീവനുണ്ട് ‘. ദിവകാരുണ്യം മുറിച്ചു നൽകിയപ്പോൾ എമ്മാവൂസ് ശിഷ്യരുടെ കണ്ണുകൾ തുറക്കപ്പെട്ടു. ഈശോ നമ്മിലുള്ളപ്പോൾ, ബൈബിൾ ധ്യാനിക്കുമ്പോൾ, നമ്മുടെ ആന്തരിക നയനങ്ങളും തുറക്കപ്പെടും. അതുവരെ കാണാത്തത് കാണും. അറിയാത്തത് പലതും ഗ്രഹിക്കും.
ഈശോ അവൻ ഓർമ്മിക്കപ്പെടാനായി പുസ്തകമോ, ഒരു വരിയോ പോലും എഴുതിയില്ല. എങ്കിലും അവന് ലോകത്തെയും അതിലെ മനുഷ്യരെയും രൂപാന്തരപ്പെടുത്തണമായിരുന്നു, പുതുതാക്കണമായിരുന്നു, ദൈവത്തിന്റെ മക്കളിൽ പിരിയാതെ വസിക്കണമായിരുന്നു. അവൻ സഹായകനായി തന്ന പരിശുദ്ധാത്മാവ് ഈശോയുടെ ഓർമ്മ നിലനിർത്തുന്ന വിരുന്നിനായി നമ്മെ എന്നും വിളിക്കുന്നു, കാൽവരി ബലിയുടെ ആ പുനരവതരണത്തിലേക്ക്.
ആത്മാവിൽ ഒരുമിച്ചുകൂടുന്ന, പരസ്പരം സ്നേഹിക്കുന്ന കൂട്ടായ്മ….
ഇതാണ് ക്രിസ്തുവിന്റെ സ്വപ്നം . മനുഷ്യർ ഒന്നിച്ചുകൂടുമ്പോഴൊക്കെ ഭക്ഷണം കഴിക്കുന്നത് പതിവാണ്. യേശുവിന്റെ ഓർമ്മക്കായി ആത്മാവിൽ ഒന്നിച്ചുകൂടുമ്പോൾ , നമ്മൾ ഭക്ഷണം കഴിക്കണമെന്നാഗ്രഹിക്കുന്ന, വിരുന്നൊരുക്കുന്ന പിതാവ്, അപ്പത്തിന്റെയും വീഞ്ഞിന്റെയും രൂപത്തിൽ പുത്രനെത്തന്നെ നമുക്ക് തരുന്നു.
വെറുതെ ഓർമ്മിക്കപ്പെടാനുള്ള സമ്മാനമല്ല, അവനെത്തന്നെയാണ് അവന്റെ അന്ത്യസമയത്ത് നമുക്ക് നൽകിയത്. സ്നേഹത്തിന്റെ ഈ കൂദാശയിലൂടെ ‘ദൈവം മനുഷ്യനാകുമ്പോൾ’ , ‘നമ്മൾ ദൈവമാകുന്നു’. മറ്റൊരു ക്രിസ്തുവായി തീരുന്നു.
പൗലോസ് അപ്പസ്തോലന് തിരുത്തേണ്ടി വന്ന കൊറിന്തോസിലെ സഭയെപ്പോലെ, പലപ്പോഴും നമ്മൾ ആരെയാണ് സ്വീകരിക്കുന്നതെന്നോ എന്താണ് നമ്മിൽ നടക്കുന്നതെന്നോ ഒരു രൂപവുമില്ലാതെയാണ് ദിവ്യകാരുണ്യസ്വീകരണത്തിനായി പോകുന്നത്. ഈശോക്കായി നമ്മൾ എത്ര മാത്രം ഹൃദയമൊരുക്കാറുണ്ട്? വെറും ദിനചര്യ ആയി കുർബ്ബാനകൾ മാറുന്നുണ്ടോ? നമ്മിൽ രൂപാന്തരീകരണം സംഭവിക്കുന്നുണ്ടോ? ‘എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവൻ എന്നിലും ഞാൻ അവനിലും വസിക്കുന്നു’ എന്ന ബോധ്യം എത്രക്കുണ്ട് നമുക്ക്?
നാലര വയസ്സിൽ മരിച്ചു പോയ, കുഞ്ഞുനെല്ലിയെ നിങ്ങൾക്കറിയാമോ? ഈശോയെ സ്വീകരിക്കാൻ അവൾക്ക് വലിയ ആഗ്രഹമായിരുന്നു. പക്ഷെ ആ പ്രായത്തിൽ ദിവ്യകാരുണ്യം സ്വീകരിക്കാനുള്ള സമ്മതം ലഭിച്ചിരുന്നില്ല. സുഖമില്ലാത്ത അവളെ നോക്കിയിരുന്ന നേഴ്‌സ് ആന്റിയോട് അവൾ പറഞ്ഞു, ” ഇന്ന് കുർബ്ബാന സ്വീകരിച്ചു കഴിയുമ്പോൾ നേഴ്സ് ആന്റി എന്റെ മുറിയിൽ വരണം. ഞാനൊരു ഉമ്മ തരാം. അത് ആന്റിക്കല്ല എന്റെ ഈശോക്കാണ്. അത് മേടിച്ചു കഴിഞ്ഞു തിരിച്ചു പോയി നന്ദി പറയണം “.
നേരിട്ട് ഈശോയെ സ്വീകരിക്കാൻ കഴിയാതിരുന്നതിനാൽ ദിവ്യകാരുണ്യം സ്വീകരിക്കുന്നവരുടെ ചുംബനം ഈശോ തന്നെ കൊടുക്കുന്നതായാണ് അവൾ കരുതിയത്. അവരെ ചുംബിക്കുമ്പോൾ താൻ ഈശോയെ ചുംബിക്കുകയാണെന്ന് അവൾ ഉറച്ചു വിശ്വസിച്ചു. നേഴ്സ് ആന്റി കുർബ്ബാനക്ക് പോകാതെ മടിപിടിച്ചിരിക്കാൻ അവൾ സമ്മതിച്ചിരുന്നില്ല. കാരണം അവൾക്ക് ഈശോയുടെ ചുംബനം എന്നും വേണമായിരുന്നു. പിന്നീട് ദൈവത്തിന്റെ പ്രത്യേക ഇടപെടലിനാൽ, നാലര വയസ്സിൽ മരിക്കും മുൻപ് അവളുടെ ആദ്യകുർബ്ബാന സ്വീകരണം നടന്നു. ലോകത്തിന്റെ പ്രകാശമായ ഈശോയെ സ്വീകരിച്ചപ്പോൾ അവളുടെ മുഖം എത്ര പ്രകാശിതമായെന്നോ.
വിശുദ്ധ കൊച്ചുത്രേസ്സ്യ, കുഞ്ഞു നെല്ലി, കുഞ്ഞു ഇമെൽഡാ, ഡോമിനിക് സാവിയോ, മരിയ ഗൊരേത്തി.. ഇവർക്കൊക്കെ കുഞ്ഞുകുട്ടികളായിരുന്നപ്പോഴേ ഉണ്ടായിരുന്ന ആ ബോധ്യവും സ്നേഹവും ദൈവസാന്നിധ്യാവബോധവും നമുക്കുണ്ടോ ? ദിവ്യകാരുണ്യ ഈശോക്ക് മുൻപിൽ കുറച്ചു നേരം ചിലവഴിക്കാൻ എനിക്ക് പറ്റുന്നുണ്ടോ? ക്രിസ്ത്വനുകരണം പറയും പോലെ ലോകത്തിൽ ഒരു സ്ഥലത്ത് പോയാൽ മാത്രമേ ഈശോയെ സ്വീകരിക്കാൻ കഴിയുകയുള്ളു എന്നുണ്ടെങ്കിൽ നമ്മൾ എത്ര ആഗ്രഹിച്ചേനെ അവിടേക്ക് പോകുവാൻ.
മുറിവുകൾ ഏൽക്കേണ്ടി വരുമ്പോഴും സ്നേഹം പിൻവലിക്കാതിരിക്കുക, ഇതാണ് കാൽവരി ബലി തരുന്ന പാഠം. മറ്റൊരു ക്രിസ്തു ആയി മാറുന്നവർ മറ്റാരെപ്പോലെ ആണ് പെരുമാറേണ്ടത്? അക്രമവും ക്രൂരതയും വെറുപ്പും നിസ്സംഗതയും വമിക്കുമ്പോൾ, സ്നേഹം പ്രാവർത്തികമാക്കാൻ ബുദ്ധിമുട്ടാണെങ്കിലും സ്നേഹം പരാജയപ്പെടുന്നിടത്ത് ക്രിസ്ത്യാനി പരാജയപ്പെടും. ക്രിസ്തീയത അവിടെ വളരുകയില്ല. സ്നേഹമില്ലെങ്കിൽ സഹനം കൊണ്ട് എന്താണ് ഉപകാരം. ഫലശൂന്യമായി പോകും. രക്തസാക്ഷികളുടെ ചുടുനിണത്തിൽ സഭ വളർന്നത് എങ്ങനെയാണ്? തന്നെത്തന്നെ പകുത്തു നമുക്കായി തരുന്നവൻ, അവനെ സ്നേഹിക്കുന്നവർക്ക് , അവന്റെ പദ്ധതിയനുസരിച്ചു വിളിക്കപ്പെട്ടവർക്ക്, സ്നേഹം വിജയിച്ചു കൊണ്ടിരിക്കുമ്പോൾ എല്ലാം നന്മക്കായി പരിണമിപ്പിക്കും.
“When you look at the crucifix, you understand how much Jesus loved you. When you look at the Sacred Host you understand how much Jesus loves you now…” Mother Theresa
Happy Feast of the Solemnity of Corpus Christi
ജിൽസ ജോയ് ![]()



Leave a comment