ആൻ ഫ്രാങ്ക്
ജൂൺ 12, ആൻ ഫ്രാങ്കിൻ്റെ 94-ാം ജന്മദിനവും, ലോക ബാലവേല വിരുദ്ധ ദിനവുമാണ്. ഈ ദിനത്തിൽ ലോക മനസാക്ഷിയെ സ്വാധീനിച്ച ആൻ ഫ്രാങ്ക് എന്ന കൗമാരിക്കാരിയെക്കുറിച്ചും അവളുടെ The Diary of a Young Girl എന്ന പുസ്തകത്തെക്കുറിച്ചും നമുക്കൊന്നു പരിശോധിക്കാം.
ജർമ്മനിയിലെ ഫ്രാങ്ക്ഫുർട്ടിൽ 1929 ജൂൺ 12-ന് ഓട്ടോ ഫ്രാങ്കിന്റെയും എഡിത്ത് ഫ്രാങ്കിന്റെയും മകളായി ഒരു സമ്പന്ന കുടുംബത്തിൽ ആൻ ഫ്രാങ്ക് ജനിച്ചു. ആനിനു നാലുവയസ്സായപ്പോൾ1933 ൽ അഡോൾഫ് ഹിറ്റ്‌ലർ ജർമ്മനിയുടെ ചാൻസലറായി, അദ്ദേഹവും അദ്ദേഹത്തിന്റെ നാസി ഗവൺമെന്റും ജർമ്മനിയിലെ യഹൂദ പൗരന്മാരെ പീഡിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള നടപടികൾ ആരംഭിച്ചു.
1933 അവസാനത്തോടെ ആനിൻ്റെ പിതാവ് ഓട്ടോ ഫ്രാങ്ക് ഹോളണ്ടിൻ്റെ തലസ്ഥാനമായ ആംസ്റ്റർഡാമിലേക്ക് പോയി, അവിടെ അദ്ദേഹം ജാം ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ഒരു ജെല്ലിംഗ് പദാർത്ഥം നിർമ്മിക്കുന്ന ഒരു കമ്പനി സ്ഥാപിച്ചു. 1934 ഫെബ്രുവരിയിൽ തന്റെ മാതാപിതാക്കളോടും സഹോദരി മാർഗോട്ടിനോടും കൂടി ആംസ്റ്റർഡാമിലേക്ക് പോയി
1935-ൽ ആൻ അവിടെ സ്കൂൾ പഠനം ആരംഭിക്കുകയും ചെയ്തു. 1940 മെയ് മാസത്തിൽ ജർമ്മൻകാർ, നെതർലാൻഡ്സ് ആക്രമിക്കുകയും, അവിടെയുള്ള യഹൂദരുടെ ജീവിതത്തിന് നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തു. 1942-ലെ വേനൽക്കാലത്തിനും 1944 സെപ്‌റ്റംബറിനുമിടയിൽ, നാസികളും അവരുടെ ഡച്ച് സഹകാരികളും ഹോളണ്ടിലെ 100,000-ത്തിലധികം യഹൂദരെ നാസി തടങ്കൽ പാളയത്തിലേക്കു നാടുകടത്തി.
1942 ജൂലൈയിൽ ജർമ്മനിയിലെ ഒരു വർക്ക് ക്യാമ്പിൽ റിപ്പോർട്ട് ചെയ്യാൻ ആനിൻ്റെ സഹോദരി മാർഗോട്ട് ഫ്രാങ്കിന് ഒരു കത്ത് ലഭിച്ചു. ആൻ ഫ്രാങ്കിന്റെ കുടുംബം 1942 ജൂലൈ 6 തീയതി മുതൽ ആംസ്റ്റർഡാമിലെ പ്രിൻസെൻഗ്രാച്ച് 263 എന്ന സ്ഥലത്തു ( ഓട്ടോ ഫ്രാങ്കിന്റെ ജോലി സ്ഥലത്തുള്ള ഒരു അപ്പാർട്ട്മെന്റിൽ) ഒളിവിൽ കഴിയുകയായിരുന്നു. തങ്ങളെ ആരും കണ്ടെത്താതിരിക്കാൻ കുടുംബം സ്വിറ്റ്സർലൻഡിലേക്ക് പലായനം ചെയ്തുവെന്ന ഒരു തെറ്റായ സന്ദേശം അവർ കൈമാറി.
അവർ ഒളിവിൽ പോയി ഒരാഴ്‌ചയ്‌ക്ക് ശേഷം, ഫ്രാങ്ക് ഓട്ടോയുടെ ബിസിനസ്സ് പങ്കാളിയും യഹൂദനുമായിരുന്ന ഹെർമൻ വാൻ പെൽസും ഭാര്യ അഗസ്റ്റെയും മകൻ പീറ്ററും ഫ്രാങ്ക് കുടുബത്തോടു ചേർന്നു. ഓട്ടോ ഫ്രാങ്കിന്റെ ഓസ്ട്രിയൻ വംശജനായ സെക്രട്ടറി മൈപ് ഗീസ് ഉൾപ്പെടെയുള്ള ഒരു ചെറിയ കൂട്ടം ജീവനക്കാർ സ്വന്തം ജീവൻ പണയപ്പെടുത്തി ഭക്ഷണവും മറ്റു സാധനങ്ങളും ഒളിവിൽ കഴിയുന്നവർക്കു എത്തിച്ചു നൽകി.
കുടുംബം ഒളിവിൽ പോകുന്നതിന് ഒരു മാസം മുമ്പ്, ആനിൻ്റെ പതിമൂന്നാം ജന്മദിനത്തിന് ലഭിച്ച ഒരു ഡയറിയിൽ തന്റെ നിരീക്ഷണങ്ങളും വികാരങ്ങളും ആനി രേഖപ്പെടുത്താൻ തുടങ്ങിയിരുന്നു.
കിറ്റി എന്ന് വിളിക്കുന്ന ഒരു സാങ്കൽപ്പിക സുഹൃത്തിനെ അഭിസംബോധന ചെയ്തുകൊണ്ടാണ് ആൻ ഡയറിക്കുറിപ്പുകൾ എഴുതിയിരുന്നത്.
1944 ആഗസ്റ്റ് 4-ന്, 25 മാസത്തെ ഒളിവിനുശേഷം, ആൻ ഫ്രാങ്കിനെയും ഒളിവിൽ കഴിഞ്ഞിരുന്ന മറ്റു ഏഴുപേരെയും ജർമ്മൻ രഹസ്യ പോലീസായ ഗസ്റ്റപ്പോ കണ്ടെത്തി,
അറസ്റ്റിനുശേഷം, ഫ്രാങ്ക് കുടുംബത്തെയും സഹ ഒളിവുകാരെയും ഹിറ്റ്ലറിൻ്റെ രഹസ്യ പോലീസ് വടക്കൻ നെതർലൻഡിലുള്ള വെസ്റ്റർബോർക്ക് തടങ്കൽ പാളയത്തിലേക്ക് ആദ്യം അയച്ചു. പിന്നീട് അവരെ 1944 സെപ്റ്റംബറിൽ, ഒരു ചരക്ക് തീവണ്ടിയിൽ ജർമ്മൻ അധിനിവേശ പോളണ്ടിലെ കുപ്രസിദ്ധമായ ഔഷ്വിറ്റ്സ്-ബിർകെനൗ നാസി കോൺസെൻട്രേഷൻ ക്യാമ്പിലേക്ക് കൊണ്ടുപോയി. ആനിനെയും മാർഗോട്ട് ഫ്രാങ്കിനെയും ഓഷ്വിറ്റ്സ് ഗ്യാസ് ചേമ്പറുകളിൽ ഉടൻ മരിക്കാനായി വിട്ടുകൊടുത്തില്ല, പകരം വടക്കൻ ജർമ്മനിയിലെ തടങ്കൽപ്പാളയമായ ബെർഗൻ-ബെൽസണിലേക്ക് അയച്ചു. 1945 ഫെബ്രുവരിയിൽ, ഫ്രാങ്ക് സഹോദരിമാർ ബെർഗൻ-ബെൽസനിൽ ടൈഫോയിഡ് ബാധിച്ച് മരണമടഞ്ഞു; ഏതാനും ആഴ്ചകൾക്കുശേഷം, 1945 ഏപ്രിൽ 15-ന് ബ്രിട്ടീഷ് സൈന്യം ക്യാമ്പ് മോചിപ്പിച്ചു.
ആനിൻ്റെ മാതാവ് എഡിത്ത് ഫ്രാങ്ക് 1945 ജനുവരിയിൽ ഔഷ്വിറ്റ്സിൽ പട്ടിണി മൂലം മരിച്ചു. ഹെർമൻ വാൻ പെൽസ് 1944-ൽ ഔഷ്വിറ്റ്സിലെ ഗ്യാസ് ചേമ്പറിൽ വെച്ചാണ് മരിച്ചത്. അദ്ദേഹത്തിന്റെ ഭാര്യ 1945-ലെ വസന്തകാലത്ത് ഇന്നത്തെ ചെക്ക് റിപ്പബ്ലിക്കിലെ തെരേസിയൻസ്റ്റാഡ് കോൺസെൻട്രേഷൻ ക്യാമ്പിൽ വച്ചും മകൻ പീറ്റർ വാൻ പെൽസ് 1945 മെയ് മാസത്തിൽ ഓസ്ട്രിയയിലെ മൗട്ട്ഹൗസൻ തടങ്കൽപ്പാളയത്തിൽ വച്ചും മരണത്തിനു കീഴടങ്ങി. ആൻ ഫ്രാങ്കിന്റെ പിതാവ് ഓട്ടോ മാത്രമായിരുന്നു രഹസ്യ സംഘത്തിൽ ജീവനോടെ അവശേഷിച്ച ഏക അംഗം.1945 ജനുവരി 27 ന് സോവിയറ്റ് സൈന്യം ഓട്ടോയെ ഔഷ്വിറ്റ്സിൽ നിന്ന് മോചിപ്പിച്ചു.
തടങ്കൽപാളയത്തിൽ നിന്ന് മോചിതനായ ശേഷം ഓട്ടോ ഫ്രാങ്ക് ആംസ്റ്റർഡാമിൽ തിരികെ എത്തി. ഫ്രാങ്കിൻ്റെ സെക്രട്ടറി മൈപ് ഗീസ് അഞ്ച് നോട്ട്ബുക്കുകളും ആനിന്റെ രചനകൾ അടങ്ങിയ 300 പേപ്പറുകളും ഓട്ടോയ്ക്കു നൽകി. നാസി പട്ടാളം ഫ്രാങ്ക്സിനെ അറസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെ രഹസ്യ കേന്ദ്രത്തിൽ നിന്ന് ഗീസ് നോട്ടുബുക്കുകളും വിലയേറിയ രേഖകളും വീണ്ടെടുത്ത് അവളുടെ മേശയിൽ ഒളിച്ചു സൂക്ഷിച്ചിരുന്നു. ആനിക്ക് ഒരു എഴുത്തുകാരിയോ പത്രപ്രവർത്തകയോ ആകാൻ ആഗ്രഹമുണ്ടെന്ന് ഓട്ടോ ഫ്രാങ്കിന് അറിയാമായിരുന്നു, അവളുടെ യുദ്ധകാല രചനകൾ ഒരു ദിവസം പ്രസിദ്ധീകരിക്കപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്നു. നാടുകടത്തപ്പെട്ട ഒരു ഡച്ച് ഗവൺമെന്റ് ഉദ്യോഗസ്ഥൻ്റെ റേഡിയോ പ്രക്ഷേപണത്തിൽ നാസികളുടെ കീഴിലുള്ള ജീവിതം എങ്ങനെയായിരുന്നുവെന്ന് രേഖപ്പെടുത്താൻ സഹായിക്കുന്ന ജേർണലുകളും കത്തുകളും സൂക്ഷിക്കാൻ ഡച്ചുകാരോട് ആഹ്വാനം ചെയ്തതിന് ശേഷം ആൻ തന്റെ ഡയറി എഡിറ്റ് ചെയ്യാൻ പോലും തയ്യാറായി പോലും
മകളുടെ രചനകൾ തിരികെ കിട്ടിയ ശേഷം, ഓട്ടോ ഫ്രാങ്ക് അവയെ ഒരു കൈയെഴുത്തുപ്രതിയായി രൂപപ്പെടുത്തി, അത് 1947-ൽ നെതർലാൻഡിൽ “ഹെറ്റ് അച്ചെറ്റർഹൂയിസ്” (റിയർ അനെക്സ്) എന്ന പേരിൽ പ്രസിദ്ധീകരിച്ചു. അമേരിക്കൻ പ്രസാധകർ ഈ കൃതി ആദ്യം നിരസിച്ചെങ്കിലും, ഒടുവിൽ 1952-ൽ അമേരിക്കയിൽ “ദ ഡയറി ഓഫ് എ യംഗ് ഗേൾ” എന്ന പേരിൽ പ്രസിദ്ധീകരിക്കപ്പെട്ടു. ലോകമെമ്പാടും ദശലക്ഷക്കണക്കിന് കോപ്പികൾ വിറ്റഴിഞ്ഞ ഈ പുസ്തകം മനുഷ്യാത്മാവിന്റെ നാശമില്ലാത്ത സ്വഭാവത്തിന്റെ തെളിവായി മുദ്ര ചെയ്യപ്പെട്ടു.
ആൻ ഡയറി എഴുതിയ രഹസ്യ സങ്കേതം “ആൻ ഫ്രാങ്ക് ഹൗസ്” എന്ന പേരിൽ ഒരു മ്യൂസിയമാക്കി പൊതുജനങ്ങൾക്കായി ഇന്നു തുറന്നു നൽകിയിരിക്കുന്നു.
ആൻ ഫ്രാങ്കിന്റെ ഡയറിയിൽ നിന്ന് നമുക്കു പഠിക്കാൻ കഴിയുന്ന ജീവിത പാഠങ്ങൾ
1. “സന്തോഷമുള്ളവൻ മറ്റുള്ളവരെ സന്തോഷിപ്പിക്കും.”
കുട്ടിക്കാലത്ത് അനുഭവിക്കേണ്ടി വന്ന സങ്കീർണ്ണമായ ജീവിത സാഹചര്യങ്ങൾക്കിടയിലും ആൻ നൽകുന്ന ശുഭാപ്തിവിശ്വാസവും സന്തോഷവും ഈ വാക്യങ്ങളിൽ ദൃശ്യമാണ്. നമ്മുടെ ജീവിത സാഹചര്യങ്ങൾ പരിഗണിക്കാതെ, ശുഭാപ്തിവിശ്വാസത്തോടെയും സന്തോഷത്തോടെയും നമ്മൾ ജീവിതത്തെ അഭിമുഖീകരിക്കണം എന്നതാണ് ഒന്നാമത്തെ പാഠം.
2. “അവിടെയുള്ള ദുരിതങ്ങൾ ഞാൻ കാണുന്നില്ല, പക്ഷേ ഇപ്പോഴും നിലനിൽക്കുന്ന സൗന്ദര്യം ഞാൻ ദർശിക്കുന്നു. “
ആയിരക്കണക്കിന് യഹൂദന്മാർ അവരുടെ വീടുകളിൽ ഒളിച്ചിരിക്കുമ്പോഴും, ആയിരക്കണക്കിനു പേർ തടങ്കൽപ്പാളയങ്ങളിൽ കഷ്ടപ്പെടുമ്പോഴും നിരവധി പേർ മരിച്ചുവീഴുമ്പോഴും ഈ ദുരിതങ്ങളൾക്കപ്പുറം ശോഭനമായ ഒരു ഭാവി ഉണ്ടാകുമെന്നും അതിനായി നല്ല കാര്യങ്ങൾ ചിന്തിക്കണമെന്നും ആനിനറിയാമായിരുന്നു. ആൻ ഫ്രാങ്കിന്റെ ഡയറിയിൽ നിന്ന് പഠിക്കേണ്ട മറ്റൊരു പാഠമാണിത്.
3. “സാധാരണ ആളുകൾക്ക് പുസ്തകങ്ങളുടെ അർത്ഥമെന്താണെന്ന് അറിയില്ല, അവടെ മിണ്ടാതിരിക്കുക. വായനയും പഠനവും റേഡിയോയും ഞങ്ങളുടെ വിനോദങ്ങളാണ്.”
ആൻ ഫ്രാങ്കിന്റെ ഡയറിയിലെ ഏറ്റവും മികച്ച പാഠങ്ങളിൽ ഒന്നാണിത്. എഴുത്തിനോടുള്ള ആനിന്റെ അഭിനിവേശം വായനയോടുള്ള അവളുടെ അടങ്ങാത്ത ആഗ്രഹവുമായി ബന്ധപ്പെട്ടിരിക്കുന്നു. ആനിനെ സംബന്ധിച്ചിടത്തോളം പുസ്തകങ്ങൾ രക്ഷപ്പെടാനുള്ള ഒരു വഴിയും പഠനം തുടരാനുള്ള ഒരു മാർഗവുമായിരുന്നു. അവൾക്ക് പുസ്തകങ്ങൾ സുഹൃത്തുക്കളായിരുന്നു. മാസങ്ങളോളം അവൾക്ക് പുറത്തിറങ്ങാൻ കഴിയാത്തതിനാൽ, അവൾക്ക് മറ്റു വിനോദങ്ങൾക്കുള്ള ഓപ്ഷനുകൾ ഇല്ലായിരുന്നു. ഇക്കാരണത്താൽ, ആൻ ഫ്രാങ്ക്, അവൾ ഒളിവിലായിരുന്ന കാലത്ത് തന്റെ ഏറ്റവും വലിയ കൂട്ടുകാരിയായി പുസ്തകങ്ങളെ സ്വീകരിച്ചിരുന്നു.
4. “സ്ത്രീകളെയും നല്ലതുപോലെ ബഹുമാനിക്കണം! പൊതുവേ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും പുരുഷന്മാർക്ക് വലിയ തോതിൽ ബഹുമാനമുണ്ട്, അതിനാൽ സ്ത്രീകൾക്ക് അവരുടെ പങ്ക് എന്തുകൊണ്ട് പാടില്ല?”
ജീവിതത്തിന്റെ ഏത് മേഖലയിലും സ്ത്രീകൾക്ക് പുരുഷന്മാരുമായി താരതമ്യപ്പെടുത്തുമ്പോൾ ലഭിക്കുന്ന ബഹുമാനക്കുറവിനെയും താഴ്ന്ന പ്രാധാന്യത്തെയും കുറിച്ചുള്ള ആനിൻ്റെ അവബോധമാണ് ഈ വരികളിൽ നിഴലിക്കുന്നത്. ഇന്നത്തെ സമൂഹത്തിൽ വരുത്തേണ്ട പരിവർത്തനത്തിൻ്റെ മറ്റൊലി ഈ വാക്കുകളിൽ അടങ്ങിയിട്ടുണ്ട്.
5. “ലോകത്തെ നല്ലതാക്കാൻ ഇറങ്ങിത്തിരിക്കാൻ ആരും ഒരു നിമിഷം പോലും കാത്തിരിക്കേണ്ടതില്ല എന്നത് എത്രയോ അത്ഭുതകരമാണ്. “
ആൻ ഫ്രാങ്കിന്റെ ഡയറിയിൽ നിന്ന് ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തുന്ന മറ്റൊരു പാഠം ഇതാണ്. ചെറിയ പ്രവർത്തനങ്ങളിലൂടെയും തീരുമാനങ്ങളിലൂടെയും ലോകത്തെ നല്ലതാക്കാൻ നാം കാത്തിരിക്കേണ്ടതില്ല. ചെറിയ പ്രവൃത്തികളിലൂടെ ലോകത്തെ മെച്ചപ്പെടുത്താൻ കഴിയുമെന്നും അവരുടെ ജീവിതത്തിന്റെ ചില വശങ്ങൾ മാറ്റണമെങ്കിൽ ആരും കാത്തിരിക്കേണ്ടതില്ലെന്നും കാണിക്കാൻ ആഗ്രഹിക്കുന്നു.
ഫാ. ജയ്സൺ കുന്നേൽ MCBS



Leave a comment