മാസിഡോണിയയിലെ മഹാനായ അലക്സാണ്ടർ ചക്രവർത്തിയെക്കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്. പുള്ളിക്കാരന് രാജ്യങ്ങൾ വെട്ടിപ്പിടിച്ച് അടക്കി വാഴാൻ ഭയങ്കര ഇഷ്ടമായിരുന്നല്ലോ. വലിയ കോട്ടമതിലുകൾ ആയിരുന്നു അന്നൊക്കെ നഗരങ്ങളെ സംരക്ഷിക്കാനായി പണിതുയർത്തിയിരുന്നത്.
ഒരു പുതിയ നഗരം കീഴടക്കാനായി അലക്സാണ്ടർ ചക്രവർത്തി തന്റെ സൈന്യത്തോടൊപ്പം ചെല്ലുമ്പോൾ, ആ നഗരത്തിന് പുറത്ത് അവർ പാളയമടിക്കും. എന്നിട്ട് നല്ല ഉയരത്തിലായി, ആ നഗരത്തിലുള്ളവർക്ക് പകലും രാത്രിയും കാണാവുന്ന വിധത്തിൽ ഒരു വിളക്ക് സ്ഥാപിക്കും. ആ വിളക്ക് കത്തിക്കൊണ്ടിരിക്കുന്നേടത്തോളം സമയം, അതിൽ എണ്ണ തീരാത്തിടത്തോളം നേരം ആ നഗരത്തിന് എടുക്കാം അവരുടെ മനസ്സ് മാറ്റാനും നിരുപാധികം കീഴടങ്ങാനും.
പക്ഷേ എണ്ണ വറ്റി വിളക്ക് കെട്ടാൽ, പിന്നെ Attack!!! എന്ന അലർച്ചയായിരിക്കും മുഴങ്ങുന്നത്. അലക്സാണ്ടറുടെ സൈന്യം ഉള്ളിൽക്കടന്ന് ആ നഗരത്തെയും അതിലുള്ളവരെയും നശിപ്പിച്ചിരിക്കും. വിളക്ക് അണയുന്നത്തോടെ നഗരത്തിന്റെ പ്രതീക്ഷകളും അണയുമെന്ന് പറയുന്നതാവും ശരി. മാസിഡോണിയൻസ് ഉള്ളിൽ ഇരച്ചുകടന്ന് കണ്ണിൽ കണ്ടതെല്ലാം നശിപ്പിച്ച്, ആളുകളെ കൊന്ന്, നഗരം കത്തിച്ചു നാമാവശേഷമാക്കും. കാരണം അത് കരുണ അവസാനിക്കുന്ന സമയമാണ്.
നമുക്ക് ജീവനുള്ളിടത്തോളം നേരം നമുക്ക് പ്രതീക്ഷയുണ്ട്. വറ്റാത്ത കൃപയുണ്ട് നമുക്ക് നേരെ നീട്ടാനായി. അത് കഴിഞ്ഞാൽ കൃപയുടെ സമയം തീരുകയായി. ഇപ്പോൾ കൃപക്ക് കീഴിലായ നമ്മൾ നിയമത്തിന്റെ കീഴിലായി വിധിയെ അഭിമുഖീകരിക്കേണ്ട സമയവുമാവും. എപ്പോഴാണ് നമ്മുടെ ജീവിതം തീരുക എന്ന് നമുക്കറിയാനും പാടില്ല. അലക്സാണ്ടറിന്റെ ശൗര്യമൊന്നും ദൈവം കാണിക്കില്ല. എങ്കിലും… മണവാളൻ നമുക്ക് മുൻപിൽ വാതിൽ അടച്ചാൽ തീർന്നില്ലേ… പണി പാളി എന്ന് ഓർക്കുമ്പോഴേക്ക് എല്ലാം കൈവിട്ടുപോവും.
‘നിങ്ങൾ ദൈവത്തോട് രമ്യതപ്പെടുവിൻ. ഇതാണ് ക്രിസ്തുവിന്റെ നാമത്തിൽ ഞങ്ങൾ നിങ്ങളോട് അപേക്ഷിക്കുന്നത് ‘ ( 2 കോറി.5:20)
ജിൽസ ജോയ് ![]()


Leave a comment