ഞങ്ങളുടെ നേരെയുള്ള സ്നേഹത്താലും ഞങ്ങളുടെ രക്ഷയിലുള്ള ആഗ്രഹാധിക്യത്താലും സദാ എരിയുന്ന ഈശോയുടെ തിരുഹൃദയമേ,
ഞങ്ങളെയും ഞങ്ങൾക്കുള്ള എല്ലാവരെയും ഞങ്ങൾക്കുള്ളതിനെ ഒക്കെയും നിന്റെ അമലോത്ഭവമാതാവിന്റെയും വളർത്തുപിതാവിന്റെയും മാധ്യസ്ഥം വഴിയായി നിനക്ക് കാഴ്ച വെക്കുകയും പ്രതിഷ്ഠിക്കുകയും ചെയ്യുന്നു. ഞങ്ങളുടെ ചിന്തകളെയും വാക്കുകളെയും പ്രവൃത്തികളെയും സഹനങ്ങളെയും നിനക്ക് സമർപ്പിക്കുന്നു. നിന്നെ സ്നേഹിക്കുകയും ബഹുമാനിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യുന്നതല്ലാത്ത, നിനക്ക് ഇഷ്ടക്കേടുണ്ടാക്കുന്ന, കാര്യങ്ങൾ ഞങ്ങളിൽ നിന്ന് നീക്കിക്കളയണമേ. സകലവും നിന്റെ സ്നേഹത്തെ കുറിച്ച് മാത്രം ചെയ്യാൻ കൃപ ചെയ്യണമേ.
ഓ, സ്നേഹം നിറഞ്ഞ, നന്മസാഗരമായ ഈശോയുടെ തിരുഹൃദയമേ, നിത്യപിതാവിന്റെ പക്കൽ ഞങ്ങളുടെ മധ്യസ്ഥനായി നിന്ന്, ആ പിതാവിന് ഞങ്ങളുടെ നേരെ ന്യായമായി ഉണ്ടാകാവുന്ന കോപാഗ്നിയെ തണുപ്പിച്ച്, എപ്പോഴും ഞങ്ങളെ കാത്തുരക്ഷിച്ചു കൊള്ളണമേ. ഞങ്ങളുടെ സകലനന്മയും ആശ്രയവുമായ നിന്നിൽ ഞങ്ങൾ സദാ ശരണപ്പെട്ടിരിക്കയാൽ നീ തന്നെ എപ്പോഴും ഞങ്ങളെ കാത്തുകൊള്ളണമേ. തിരുസഭയുടെയും ഞങ്ങളുടെ രാജ്യത്തിന്റെയും സകല കുടുംബങ്ങളുടെയും മേൽ കരുണയായിരുന്ന് പ്രത്യേക വിധത്തിൽ പാലിക്കണമേ. ദുഖത്തിലും ആപത്തിലും മരണാവസ്ഥയിലും ഇരിക്കുന്നവരോട് കരുണയായിരിക്കണമേ.
സ്നേഹമുള്ള ഈശോയെ, ഞങ്ങൾ നിന്നെ ഒരിക്കലും വിട്ടുപിരിഞ്ഞു പോകാതിരിക്കാൻ നിന്റെ പരിശുദ്ധ സ്നേഹം ഞങ്ങളിൽ ജ്വലിപ്പിക്കണമേ. മരണംവരെ നിന്റെ ഹൃദയത്തിൽ കാക്കണമേ. നിന്റെ തിരുഹൃദയത്തിന്റെ യോഗ്യതയാൽ ഞങ്ങളെ രക്ഷിക്കണമേ. ഓ, സ്നേഹത്തിന്റെ തടവുകാരാ.. സദാ അങ്ങേ തിരുഹൃദയത്തോട് ചേർത്ത് ഞങ്ങളെ ബന്ധിക്കണമേ. ഞങ്ങളുടെ സ്നേഹക്കുറവ് തീർക്കാനായി അങ്ങേ പരി. അമ്മയുടെ സ്നേഹപ്രകരണങ്ങളെ അങ്ങേക്ക് കാഴ്ച വെക്കുന്നു.
പരിശുദ്ധ അമ്മയുടെയും അങ്ങേ വളർത്തുപിതാവിന്റെയും യോഗ്യതകളെയും മധ്യസ്ഥതയെയും കുറിച്ച് ഞങ്ങളുടെ പ്രാർത്ഥനകൾ എല്ലാം അവർ വഴി ഞങ്ങൾ അങ്ങേക്ക് സമർപ്പിക്കുന്നു
ആമ്മേൻ



Leave a comment