ഈയിടെ ഞാൻ വായിച്ച ഒന്ന് രണ്ട് സംഭവങ്ങൾ നിങ്ങളോട് ഷെയർ ചെയ്‌താൽ നല്ലതാണെന്ന് തോന്നി. നമ്മൾ ശ്രദ്ധിക്കാൻ സാധ്യത കുറവുള്ള ഒരു മേഖല.
ഡിവൈൻ റിട്രീറ്റ് സെന്ററിൽ, ചെറിയൊരു സാമ്പത്തിക ക്രമക്കേട് കാണിച്ച വ്യക്തി കയ്യോടെ പിടിക്കപ്പെട്ടു. ആളെ വെറുതെ വിടരുത് എന്ന് അവിടെയുണ്ടായിരുന്ന ഒരു ബോർഡ് മെമ്പർ, പനക്കലച്ചനോട് (Fr. George Panackal VC) പറയുകയായിരുന്നു. അച്ചൻ എല്ലാം കേട്ട് സാവധാനം ഇങ്ങനെ പറഞ്ഞു, “അങ്ങനെ ആ വ്യക്തിയെക്കുറിച്ച് ചിന്തിക്കുമ്പോൾ ആദ്യം സാത്താൻ നമ്മുടെ തലയിൽ ഒരു കാല് കുത്തും. പിന്നെ രണ്ട് കാലും കുത്തും. പിന്നെ ഭരണം അവന്റെ കയ്യിലിരിക്കും. അതുകൊണ്ട് സാത്താന് ഒരിക്കലും അവസരം കൊടുക്കരുത് “. മറ്റുള്ളവരോട് ദേഷ്യവും പ്രതികാരവും വച്ചു പുലർത്തുമ്പോൾ നമ്മളിൽ സാത്താൻ പതിയെ ആധിപത്യം സ്ഥാപിക്കുന്നതിനെക്കുറിച്ച് നമ്മൾ ബോധവാന്മാരാകാറുണ്ടോ “?
എല്ലാവരും ഇങ്ങനെ ചിന്തിച്ച് തങ്ങളുടെ പ്രതികരണങ്ങളെ നിയന്ത്രിക്കുകയാണെങ്കിൽ എത്ര നന്നായിരുന്നേനെ, കുടുംബത്തിലും ജോലിസ്ഥലത്തും സോഷ്യൽ മീഡിയയിലുമൊക്കെ, അല്ലേ?
മറ്റൊരിക്കൽ, ഡിവൈനിൽ അടുക്കളയിൽ പാചകം ചെയ്യാറുള്ള ഒരാൾ അവിടെ ഭക്ഷണം പാകം ചെയ്യുന്ന വലിയൊരു ചെമ്പ് അടിച്ചോണ്ടുപോയി. അതറിഞ്ഞ ഒരാൾ പനക്കലച്ചനോട് പറഞ്ഞു, “അവൻ നമ്മുടെ ചെമ്പ് മോഷ്ടിച്ചുകൊണ്ടുപോയി. എന്ത് ചെയ്യണം?” രണ്ട് മിനിറ്റ് പ്രാർത്ഥിച്ചിട്ട് അച്ചൻ ചോദിച്ചു, “അവിടെ ഇനി വേറെ ചെമ്പുണ്ടോ?” “ഒന്നുകൂടി ഉണ്ട് അച്ചാ”. അയാൾ മറുപടി പറഞ്ഞു. “നീ അതെടുത്തുകൊണ്ടു പൊയ്ക്കോ”!!
എന്ത് പ്രശ്നമായാലും ലളിതമായി കൈകാര്യം ചെയ്യാൻ ചിലർക്ക് ലഭിച്ചിട്ടുള്ള കൃപയും ജ്ഞാനവും നർമ്മവുമൊക്കെ ദൈവദാനമാണ്. പരിശുദ്ധാത്മാവിന്റെ നിറവുള്ള വ്യക്തികൾ അവരുടെ സംസാരവും ചിന്തയും പ്രവൃത്തികളും നിയന്ത്രിക്കും. ദേഷ്യത്താലും പ്രതികാരത്താലും നിറയുമ്പോൾ സാത്താന് അവസരം കൊടുക്കുകയാണ് നമ്മൾ ചെയ്യുന്നത്. അസഭ്യഭാഷണവും ആക്രോശവും അതിരുവിട്ട പരിഹാസവുംമൊക്കെ, എന്ത് ലക്ഷ്യത്തിന് വേണ്ടിയാണെന്ന് പറഞ്ഞാലും ഒഴിവാക്കാൻ ശ്രമിക്കാം. അത് ദൈവഹിതമാണോ എന്ന് ആത്മശോധന ചെയ്യാം.
ശ്രീ. റോസമ്മ പുൽപ്പേൽ എഴുതി, സോഫിയ ബുക്ക്സ് പ്രസിദ്ധീകരിച്ച, സ്നേഹചിറകുകൾ എന്ന പുസ്തകത്തിലാണ് ഞാൻ ഇത് കണ്ടത്. ലൂണാർ റബ്ബേഴ്‌സ് ഉടമയായിരുന്ന തന്റെ സഹോദരൻ ഐസക്കിനെ പറ്റി അവർ എഴുതിയതാണ് ആ പുസ്തകം. ആത്മീയകാര്യങ്ങളിൽ വളരെ തല്പരനായിരുന്ന അദ്ദേഹത്തിൽ പനക്കലച്ചൻ അടക്കമുള്ളവർ ചെലുത്തിയ സ്വാധീനത്തെകുറിച്ച് പറയുകയായിരുന്നു ശ്രീ. റോസമ്മ.
ജിൽസ ജോയ് ![]()


Leave a comment