ഒരു സെമിനാരി വിദ്യാർത്ഥി തന്റെ പൗരോഹിത്യ സ്വീകരണത്തോട് അടുക്കുമ്പോൾ.. അല്ലെങ്കിൽ നൊവീഷ്യേറ്റിൽ ആയിരിക്കുന്ന, സഭാവസ്ത്രം സ്വീകരിക്കാൻ പോകുന്ന ഒരു സന്യാസഅർത്ഥിനി… കടന്നുപോകാൻ സാധ്യതയുള്ള വിഷമമേറിയ ഒരു കാലഘട്ടമുണ്ട്. തനിക്ക് ഈ വിളിയിൽ ആജീവനാന്തം വിശ്വസ്തനായി, വിശ്വസ്തയായി നിൽക്കാൻ പറ്റുമോ, തന്നെ ശരിക്കും ഈശോ വിളിച്ചിട്ടുണ്ടോ, എന്നൊക്കെയുള്ള ചില സംശയങ്ങൾ.
ഇങ്ങനെ ഒരു അവസ്ഥയിൽ ആയിരിക്കുന്ന ഒരാൾ എന്നോട് പ്രാർത്ഥിക്കാനായി പറഞ്ഞപ്പോൾ, പ്രചോദനം ലഭിക്കുന്ന എന്തെങ്കിലും വായിക്കാനായി അയച്ചുതരാൻ പറഞ്ഞപ്പോൾ, എനിക്ക് തോന്നി പേഴ്സണൽ ആയി പറയുന്നതിനേക്കാൾ ഇങ്ങനൊന്ന് എഴുതാമെന്ന്. ഇതേ അവസ്ഥയിലൂടെ പോകുന്ന വേറെ ആർക്കെങ്കിലും കൂടി ഉപകാരമായാലോ. ഈ ഒരു ധർമ്മസങ്കടം ഒരിക്കൽ അനുഭവിച്ച ഒരു വൈദികന്റെ ജീവിതത്തിലെ ഒരു ഏട് ആണ് എനിക്ക് പങ്കുവെക്കാനുള്ളത്. അല്ലാതെ ഈ ഞാൻ ആരാണ് നിങ്ങളെ ഉപദേശിക്കാൻ.
റവ. ഡോ. അഗസ്റ്റിൻ വള്ളൂരാൻ V. C. അദ്ദേഹത്തിന്റെ ഒരു പുസ്തകത്തിൽ പങ്കുവെച്ച അനുഭവങ്ങളാണ്.
നാല് വയസുള്ളപ്പോൾ അദ്ദേഹത്തെ അമ്മ ദിവ്യകാരുണ്യആരാധനക്ക് കൊണ്ടുപോയിട്ട് പറഞ്ഞു, ” മോനെ അവിടെയുമിവിടെയും നോക്കരുത്. അൾത്താരയിലെ ഈശോയിലേക്ക് നോക്കൂ”. ഈശോ എവിടെയാണെന്ന് പരതിയ അഗസ്റ്റിൻ അച്ചനോട് അമ്മ, സ്വർണ്ണ അരുളിക്കയിലെ അപ്പത്തെ ചൂണ്ടികാണിച്ചു പറഞ്ഞു, “അത് അപ്പമല്ല, അതിൽ ഈശോയുണ്ട് “.
സംശയങ്ങളുമായി അമ്മയുടെ മുഖത്തേക്ക് നോക്കിയ കുട്ടി കണ്ടത് അന്നു വരെ കാണാത്ത ഒരു പ്രകാശം അമ്മയുടെ മുഖത്ത് നിന്ന് വരുന്നതായിരുന്നു. തന്റെ അമ്മ ഈശോയെ കണ്ടെന്ന് അവന് മനസ്സിലായി. പിന്നെ അവന് ഒന്നും ചോദിക്കാനുണ്ടായില്ല, അപ്പത്തിലെ ഈശോയിലേക്ക് നോക്കി അവൻ ഇരുന്നു.
ഞായറാഴ്ചകൾ എത്തുമ്പോൾ അമ്മ മകന്റെ കയ്യിൽ ഒരു പൂക്കൂട കൊടുക്കും. പള്ളിയിലേക്ക് നല്ല പൂക്കൾ ശേഖരിക്കാനാണ് അതെന്ന് അവനറിയാം. തന്റെ തോട്ടത്തിൽ വെള്ളം നനച്ചു പരിപാലിച്ചുണ്ടാക്കിയ പനിനീർപ്പൂ ഇറുത്തും അപ്പുറത്തെ വീട്ടുകാരെ പാട്ടിലാക്കി അവരുടെ തോട്ടത്തിലെ പൂ പൊട്ടിച്ചും റോഡിനപ്പുറത്തെ വേലിക്കരികിലെ പൂ ഏന്തിവലിഞ്ഞു പറിച്ചുമൊക്കെ അവൻ ആ കൂട നിറയ്ക്കും. എന്നിട്ട് അതെല്ലാം അൾത്താരയിൽ കൊണ്ടുവെച്ച് ഒരു മൂലയിൽ പോയി മുട്ടുകുത്തി പ്രാർത്ഥിക്കും.
സ്കൂൾ കാലഘട്ടം കഴിഞ്ഞപ്പോൾ സെമിനാരിയിൽ സ്വാഭാവികമായിതന്നെ ചേർന്നെങ്കിലും പൗരോഹിത്യത്തിലേക്കുള്ള യാത്ര അത്ര സുഖകരമായിരുന്നില്ല. പട്ടത്തിനുള്ള ഒരുക്കത്തിന്റെ അവസാനവർഷങ്ങളിൽ ആണ് അഗസ്റ്റിൻ അച്ചന് പരിചയമുള്ള, അദ്ദേഹം വളരെ ആദരിച്ചിരുന്ന ഒരു പുരോഹിതൻ, ഇരുപത് വർഷത്തിന് ശേഷം പൗരോഹിത്യം ഉപേക്ഷിച്ചത്. അത് ഭയങ്കരമായ ഒരു അടിയായി. ഈശോയെ ഇങ്ങനെ വഞ്ചിക്കാൻ ആ വൈദികന് എങ്ങനെ സാധിച്ചെന്നോർത്ത് മനസ്സ് ആകെ അസ്വസ്ഥമായി. താനും ഈശോയെ വഞ്ചിക്കില്ലെന്ന് എന്താണുറപ്പ് എന്ന ചോദ്യം ഉള്ളിൽ അലയടിച്ചു കൊണ്ടിരുന്നു. പൗരോഹിത്യ അഭിഷേകത്തിന് കുറച്ച് ആഴ്ചകൾ മാത്രം ബാക്കി ഉള്ളപ്പോഴാണ് ഇതെല്ലാം നടക്കുന്നത്.
ഒരു ചിന്ത അദ്ദേഹത്തിൽ മുളയെടുത്തു. “എന്റെ നാഥൻ വിശുദ്ധ പൗരോഹിത്യം എനിക്ക് തരുന്നത് വഴി അവന്റെ ഉറച്ച വിശ്വാസം എന്നിൽ നിക്ഷേപിക്കാൻ പോകുന്നു, അവന്റെ ഈ ഭൂമിയിലെ പ്രതിനിധി ആയി എന്നെ അഭിഷേകം ചെയ്യാൻ പോകുന്നു, ഞാൻ പാപമോചന ആശിർവ്വാദം കൊടുക്കുന്നവരെ വിശുദ്ധീകരിക്കുമെന്ന് അവൻ വിളിച്ചുപറയാൻ പോകുന്നു, അവന്റെ ജനത്തോട് ഞാൻ സംസാരിക്കുമ്പോൾ അവൻ അവരുടെ ഹൃദയത്തോട് സംസാരിച്ച് അവരുടെ ജീവിതം മാറ്റിയെടുക്കും. അവന്റെ ജനത്തിന്റെ കൂടെ അൾത്താരയിൽ ഞാൻ നിൽക്കുമ്പോൾ എന്റെ ബലി അവൻ സ്വീകരിക്കും. പിന്നെ, ദുഖിതരെ ഞാൻ ആശ്വസിപ്പിക്കുമ്പോൾ അവൻ തന്റെ സുഖപ്പെടുത്തുന്ന സ്പർശനത്താൽ അവരുടെ മനസ്സിനെ സൗഖ്യപ്പെടുത്തും!”
“എന്റെ പൗരോഹിത്യത്തിന് ഈ ഒരു വാഗ്ദാനമാണ് ഈശോ തരാൻ പോകുന്നത്. പൊട്ടിത്തകരാൻ സാധ്യതയുള്ള എന്റെ ജീവിതത്തിൽ ഇത്ര വലിയ വിശ്വാസമാണ് അവൻ നിക്ഷേപിക്കാൻ പോകുന്നത്. എന്നെ കാണുന്നവർ അവന്റെ മുഖം കാണും. എന്നെ കേൾക്കുന്നവർ അവന്റെ വചനത്തെ കേൾക്കും. ഞാൻ സ്നേഹിക്കുന്നവർ അവന്റെ സ്നേഹസാന്നിധ്യം അറിയും. അവനാണ് എന്നിൽ ജീവിക്കാൻ പോകുന്നത്. അവനിലേക്ക് ലക്ഷ്യം വെച്ച് തൊടുക്കുന്ന ഒരു അമ്പ് പോലെയാകണം ഞാൻ. എന്നിൽ വെക്കുന്ന വിശ്വാസത്തിന് ഇത്രയെങ്കിലുമൊക്കെ അവൻ അർഹിക്കുന്നുണ്ട്”
ഈ തിരിച്ചറിവുകൾ അദ്ദേഹത്തെ ആകെ ടെൻഷനാക്കി. “എന്റെ നാഥന്റെ പ്രതീക്ഷക്കൊത്തുയരാൻ എനിക്ക് സാധിക്കുമോ? അതോ കുറച്ചു കൊല്ലങ്ങൾക്ക് ശേഷം അവനിൽ നിന്ന് ഓടിപ്പോയി ഞാൻ അവനെ വഞ്ചിക്കുമോ?” ഒരു ഗദ്സെമനി അനുഭവമായിരുന്നു അദ്ദേഹത്തിന് അത്. ചിന്തിച്ചു ചിന്തിച്ചു നിരാശയിലേക്ക് പോകുന്ന പോലെ. ഒരു എത്തും പിടിയും കിട്ടുന്നില്ല. അപ്പോൾ മനസ്സിലേക്ക് ചെറിയ ഒരു വെളിച്ചം വന്നു. “എന്നെ വിളിക്കുന്നവൻ വിശ്വസ്തനാണ്. അങ്ങനെയാണെങ്കിൽ ബാക്കി എല്ലാം അവൻ നോക്കിക്കോളും. പക്ഷേ.. അവൻ എന്നെ വിളിച്ചിട്ടുണ്ടെന്ന് ഞാൻ എങ്ങനെ ഉറപ്പിക്കും?!”
അദ്ദേഹം തന്റെ ആത്മീയ പിതാവിനെ സമീപിച്ചു ചോദിച്ചു, ” ഫാദർ, പൗരോഹിത്യത്തിലേക്ക് ദൈവം എന്നെ വിളിച്ചിട്ടുണ്ട് എന്ന് താങ്കൾക്ക് ഉറപ്പുണ്ടോ?” ഹൃദ്യമായ ഒരു ചിരിയോടെ അദ്ദേഹം മറുപടി പറഞ്ഞു, “ഞാൻ എങ്ങനെയാണ് അറിയുക അഗസ്റ്റിൻ? കർത്താവാണ് നിന്നെ വിളിച്ചതെങ്കിൽ നീ അത് അവനിൽ നിന്നല്ലേ കേൾക്കേണ്ടത്?” ഒന്നും മിണ്ടാൻ പറ്റാതെ നിൽക്കുമ്പോൾ അദ്ദേഹം തുടർന്നു. ” നിന്നെ വിളിക്കാഞ്ഞിട്ടായിരിക്കില്ല, നീ അത് കേട്ടിട്ടുണ്ടാവില്ല, നീ ഈശോയെ ഇതുവരെ ശ്രവിച്ചിട്ടുണ്ടാവില്ല”. പ്രവാചകനായ സാമുവേലിനെ വിളിക്കുന്ന ഭാഗം ബൈബിളിൽ നിന്ന് വായിക്കാൻ ആ വൈദികൻ പറഞ്ഞുകൊടുത്തു.
പിന്നീട് അദ്ദേഹം ആ ഭാഗങ്ങൾ വായിച്ച് ധ്യാനിച്ചു. ദൈവം വിളിക്കാഞ്ഞിട്ടായിരുന്നില്ല, സാമുവൽ തന്റെ വിളി തിരിച്ചറിയാതിരുന്നത്, അവൻ ദൈവത്തിന്റെ ശബ്ദം തിരിച്ചറിയാഞ്ഞത് കൊണ്ടായിരുന്നു. അടുത്ത് വരാൻ പോകുന്ന ധ്യാനത്തിൽ, ദൈവത്തിന്റെ അരുളപ്പാടിനായി പ്രാർത്ഥിച്ച് കാത്തിരിക്കാൻ ആത്മീയപിതാവ് സെമിനാരി വിദ്യാർത്ഥിയായ അഗസ്റ്റിനോട് പറഞ്ഞു. അതുകേട്ട് അദ്ദേഹം മണിക്കൂറുകളോളം പ്രാർത്ഥനയിൽ ചിലവഴിച്ചു. സാമുവലിനെപ്പോലെ, “അരുളിചെയ്താലും, അങ്ങയുടെ ദാസൻ ഇതാ ശ്രവിക്കുന്നു’ (1 സാമു.3:10), എന്ന് പറഞ്ഞുകൊണ്ടിരുന്നു.
“അങ്ങനൊരു നിമിഷത്തിൽ ഞാൻ കർത്താവിന്റെ സ്വരം കേട്ടു, ‘നീ എനിക്ക് വിലപ്പെട്ടവനും ബഹുമാന്യനും പ്രിയങ്കരനുമാണ്! ‘ അത് പ്രവാചകനായ ഏശയ്യയുടെ പുസ്തകത്തിൽ ദൈവം രേഖപ്പെടുത്തിയിട്ടുള്ളതാണെന്ന് പിന്നീട് ഞാൻ മനസ്സിലാക്കി (ഏശയ്യ 43:4) എന്റെ ദൈവത്തിന്റെ സ്വരം ഞാൻ വ്യക്തമായി കേട്ടു. എന്റെ ഹൃദയത്തിലെ പ്രക്ഷുബ്ധത ശാന്തമാക്കുന്ന മന്ദമാരുതൻ പോലെയായിരുന്നു അത്. എന്നോട് സംസാരിച്ചപ്പോൾ അവന്റെ മുഖം ഞാൻ കണ്ടു. ഹൃദയത്തിന്റെ ആഴങ്ങളിൽ അവന്റെ സ്നേഹത്തിന്റെ പൂർണ്ണത അനുഭവിച്ച് മണിക്കൂറുകളോളം ഞാൻ സ്വയം മറന്ന് ഇരുന്നു”
അദ്ദേഹത്തിന്റെ സംശയമെല്ലാം മാറി. അവന്റെ വിളിയുടെ ഉറപ്പ് അഗസ്റ്റിനച്ചന്റെ ആത്മാവിൽ അലയടിച്ചു.
ഒരിക്കൽ കൂടി അദ്ദേഹം നാഥന്റെ സ്വരം കേട്ടു, “നിന്നോട് കൂടെ ഉണ്ടായിരിക്കും. ഒരിക്കലും നിന്നെ കൈവിടുകയില്ല” ജോഷ്വാക്ക് കൊടുത്ത അതേ ഉറപ്പ് ( ജോഷ്വ 1:5).
പൗരോഹിത്യ അഭിഷേകത്തിന്റെ സിൽവർ ജൂബിലി 1999 ൽ ഫാദർ ആഘോഷിച്ചു. തന്റെ വാഗ്ദാനം കർത്താവ് എപ്പോഴും പാലിച്ചെന്ന് അദ്ദേഹം അനുസ്മരിക്കുന്നു. ഒരിക്കലും ഉപേക്ഷിച്ചില്ല. ഓരോ നിമിഷവും പരിപാലിക്കുന്നു. Fr. അഗസ്റ്റിൻ വള്ളൂരാൻ V. C. യുടെ ‘You are Precious to me ‘ എന്ന ഇംഗ്ലീഷ് പുസ്തകത്തിൽ അദ്ദേഹം എഴുതിയ കുറച്ചു ഭാഗങ്ങളുടെ വിവർത്തനമാണ് ഞാൻ ഇവിടെ വിവരിച്ചത്. തെറ്റുണ്ടെങ്കിൽ ഫാദർ ക്ഷമിക്കുമെന്ന് വിചാരിക്കുന്നു.
അതുപോലെ സംശയവും ചിലപ്പോൾ ലോകത്തിലേക്ക് തിരികെ പോകാനുള്ള പ്രലോഭനങ്ങളും നേരിടുന്നവരോട് എനിക്കും പറയാനുള്ളതും അതാണ്. ആഗ്രഹിച്ചു പ്രാർത്ഥിക്കുക ഒരുത്തരത്തിനായി, ഒരു ഉറപ്പിനായി, സ്നേഹത്തിന്റെ വാഗ്ദാനത്തിനായി. നിങ്ങൾ ആത്മാർത്ഥമായി ആഗ്രഹിച്ചാൽ, അതിനായി ശ്രമിച്ചാൽ ഈശോ ഉറപ്പായും നിങ്ങൾക്ക് വെളിപ്പെടുത്തി തരും. സോഷ്യൽ മീഡിയയിൽ നിന്നും അനാവശ്യകൂട്ടുകെട്ടുകളിൽ നിന്നും ഒക്കെ അകന്ന് കുറച്ചു കാലം പ്രാർത്ഥനയിൽ ആയിരിക്കുക. അവൻ തരുന്ന സ്നേഹവും വാഗ്ദാനവും ജീവിതകാലം മുഴുവൻ നിങ്ങളുടെ കൂടെ അവന്റെ ഉറപ്പായി ഉണ്ടാവട്ടെ.
അവർണ്ണനീയമായ ആ ദാനം! അത് തട്ടിത്തെറിപ്പിക്കാൻ ഇടയാകാതിരിക്കട്ടെ. ഞങ്ങളുടെ പ്രാർത്ഥനകളിലും നിങ്ങൾ എന്നും ഉണ്ടായിരിക്കും ![]()
ജിൽസ ജോയ് ![]()



Leave a comment