യഥാർത്ഥത്തിൽ നഗ്നയാക്കപ്പെട്ടത്…!!!

മണിപ്പൂരിലെ 15 ഉം 19 ഉം വയസ്സുള്ള പെൺകുട്ടികൾ വിവസ്ത്രമാക്കപ്പെട്ടതും പീഡിപ്പിക്കപ്പെട്ടതും ഇന്ത്യൻ ജനാധിപത്യവും ഭരണഘടനയും വിവസ്ത്രമാക്കപ്പെട്ടതിന് തുല്യം:

ഏത് ക്ലാസ്സിലാണെന്ന് ഓർമ്മയില്ലെങ്കിലും, പഞ്ചപാണ്ഡവന്മാരെപ്പറ്റിയും കൗരവരെപ്പറ്റിയും പഠിച്ചത് ഓർമ്മയിലുണ്ട്. പൊതുജനമധ്യത്തിൽ വിവസ്ത്രയാക്കപ്പെടുന്ന പാഞ്ചാലിയുടെ നിലവിളി ഉയരുമ്പോൾ കൗരവർ ആർത്ത് അട്ടഹസിക്കുകയാണ്. പക്ഷെ നിഷ്കളങ്കയായ ആ സ്ത്രീയുടെ വിലാപം കേട്ട് ശ്രീകൃഷ്ണൻ പാഞ്ചാലിയുടെ രക്ഷയ്ക്ക് എത്തുന്നു. ശത്രുക്കൾ വാശിയോടെ വലിച്ചൂരാൻ പരിശ്രമിക്കുന്ന പാഞ്ചാലിയുടെ വസ്ത്രങ്ങൾ വീണ്ടും വീണ്ടും വർദ്ധിച്ചു വരുന്നു. പാഞ്ചാലി നഗ്നയാക്കപ്പെടാതെ അവളുടെ മാനം സംരക്ഷിക്കപ്പെട്ടു. ഭാരതത്തിന്റെ പാരമ്പര്യത്തിൽ ശ്രദ്ധേയമായ ഈ പൗരാണിക കഥ ഓർത്ത് അഭിമാനിക്കുന്നവരുടെ പിൻഗാമികൾ കാമവെറി പൂണ്ട്, ഇന്നും ഈ സമൂഹത്തിൽ മറഞ്ഞിരിപ്പുണ്ട് എന്നത് ഭയാനകമായ ഒരു ഉൾക്കിടിലത്തോടെ മാത്രമേ കാണാൻ സാധിക്കുകയുള്ളൂ…

ഈ ദിവസങ്ങളിൽ ലോകമെമ്പാടുമുള്ള മാധ്യമങ്ങൾ വളരെ ലജ്ജയോടെ ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന ഒരു വീഡിയോ മണിപ്പൂരിൽ നിന്നുള്ളതാണ്. ഒരു ഗ്രാമം അഗ്നിക്കിരയാക്കുന്ന മറ്റൊരു വർഗ്ഗക്കാർ ആ ഗ്രാമത്തിൽ നിന്ന് രണ്ട് നിഷ്കളങ്ക യുവതികളെ പിടികൂടി നഗ്നരാക്കി ജനമധ്യത്തിൽ കൂടി നടത്തിക്കൊണ്ടു വരുന്നു. ആൾക്കൂട്ടത്തിലെ പലരും യുവതികളുടെ രഹസ്യ ഭാഗങ്ങളിൽ സ്പർശിച്ച് ആർത്തട്ടഹസിച്ച് അവരെ ഒരു വയലിൽ കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്… 😥

ലോകത്തിന്റെ മുമ്പിൽ, ഇന്ത്യ എന്ന മഹാരാജ്യത്തിലെ 142 കോടി വരുന്ന ജനസാഗരത്തിന്റെ മുമ്പിൽ പരസ്യമായി പീഡിപ്പിക്കപ്പെട്ട ആ സഹോദരിമാരോട് ഹൃദയ വേദനയോടെ മാപ്പ് ചോദിക്കുന്നു… മക്കളെ മാപ്പ്… മാപ്പ്… 😥

ക്രിസ്ത്യാനികൾ ആണെന്ന ഒറ്റക്കാരണത്താൽ ആണ് അവർക്ക് ഇത്രയേറെ നിന്ദനം ഏറ്റുവാങ്ങേണ്ടി വന്നത്. “ഇന്ത്യ എന്റെ രാജ്യമാണ്. എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീസഹോദരന്മാരാണ്‌” എന്ന് ആയിരം തവണ ഉരുവിട്ടവർ തന്നെയാണ് ആ പെൺകുട്ടികളോട് ഇത്രയും പൈശാചികത കാണിച്ചത്. ഓരോ ഇന്ത്യൻ പൗരനും അവന്റെ അന്തസിന് ഒരു കോട്ടവും തട്ടാതെ ആത്മാഭിമാനത്തോടെ ജീവിക്കാൻ ഇന്ത്യൻ ഭരണഘടനയിൽ മൗലിക അവകാശങ്ങൾ എന്ന തലക്കെട്ടോടെ കോറിയിട്ടിരിക്കുന്ന സുവർണ്ണ ലിഖിതങ്ങൾ ആരൊക്കെയോ ചേർന്ന് അടർത്തി മാറ്റുന്നതാണ് കഴിഞ്ഞ ഏതാനും വർഷങ്ങളായി കാണാൻ സാധിക്കുന്നത്… ഭരണാധികാരികളുടെ നിശബ്ദതയും നിയമപാലകരുടെ നിസംഗതയും അക്രമികൾക്ക് വളം വച്ചുകൊടുക്കുമ്പോൾ ഇത്തരം പൈശാചിക പ്രവൃത്തികൾ വീണ്ടും വർദ്ധിക്കുവാൻ തന്നെയാണ് സാധ്യത…

റോമാ നഗരം അഗ്നിക്ക് ഇരയായപ്പോൾ നീറോ ചക്രവർത്തി വീണ വായിച്ചു എന്നാണ് ചരിത്രത്തിൽ കാണുന്നത്. ഇന്ന് കാലങ്ങൾക്കിപ്പുറം മണിപ്പൂർ കത്തിയമരുകയും സ്ത്രീകൾ പരസ്യമായി പീഡിപ്പിക്കപ്പെടുകയും ചെയ്യുമ്പോൾ ഈ മ്ലേച്ഛമായ പ്രവൃത്തി രാജ്യത്തിന് നാണക്കേട് ഉണ്ടാക്കി എന്ന് വിലപിക്കുന്ന ഭരണാധികാരികളോടും നിയമ പാലകരോടും ഇത്തരം അപമാനകരമായ പ്രവൃത്തികൾ ആവർത്തിക്കപ്പെടാതെ ഇരിക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നാണ് ആവശ്യപ്പെടാനുള്ളത്.

ഇത്തരമൊരു വീഡിയോ മാസങ്ങൾക്ക് ശേഷമാണ് വെളിയിൽവന്നത് എന്നുള്ളത് ചിന്തനീയമാണ്. മെയ് ആദ്യ ആഴ്ചമുതൽ സമീപകാലം വരെയും മണിപ്പൂരിൽ ഇന്റർനെറ്റ് പൂർണമായും വിച്ഛേദിക്കപ്പെട്ടിരിക്കുകയായിരുന്നു. ഇപ്പോഴും പരിമിതികളുണ്ട്. മെയ് 3 മുതൽ മണിപ്പൂരിൽ അരങ്ങേറിയ കിരാതമായ പീഡനങ്ങളുടെ ശരിയായ ചിത്രം ഇപ്പോഴും ലഭ്യമല്ല. ഏതോ വിധത്തിൽ പുറത്തെത്തിയ, ലോകത്തെ മുഴുവൻ ലജ്ജിപ്പിച്ച ഒരു വീഡിയോയ്ക്ക് അപ്പുറം ഇതിലും ക്രൂരമായ പല അതിക്രമങ്ങളും അവിടെ നടന്നിട്ടുണ്ടാകുമെന്നതിൽ സംശയമില്ല. കിരാതമായ പീഡനങ്ങളിൽ കൊല്ലപ്പെട്ടവരും പരിക്കേറ്റവരും, അക്രമണത്തെ തുടർന്ന് നാടുകടത്തപ്പെട്ടവരും എത്രയെന്നതിന് കൃത്യമായ കണക്കുകളില്ല. ഉറ്റ ബന്ധുക്കളെക്കുറിച്ചുപോലും വ്യക്തതയില്ലാത്തവരാണ് നാടുവിട്ടോടിയ പലരും. സംഭവിച്ചവയെക്കുറിച്ച് ശരിയായ വിധത്തിലുള്ള ഒരു ജുഡീഷ്യൽ അന്വേഷണം നടക്കുന്ന പക്ഷം ലോകത്തെ നടുക്കുന്ന പലതും അതുവഴി വെളിപ്പെട്ടേക്കാം..

ശരിയാണ് ഭരണാധികാരികളെ, ഈ വീഡിയോ മാധ്യമങ്ങൾ വഴി ലോകമെമ്പാടും പ്രചരിപ്പിക്കപ്പെടുമ്പോൾ ഇന്ത്യയുടെ അഭിമാനത്തിന് കളങ്കം ഏല്ക്കുക തന്നെ ചെയ്യും. ചന്ദ്രയാൻ ചന്ദ്രനെ ലക്ഷ്യമാക്കി കുതിച്ചപ്പോൾ ഇന്ത്യയുടെ യശസ് വാനോളം ഉയർന്നത് ആഘോഷിക്കുകയും എന്നാൽ, മണപ്പൂരിലെ സ്ത്രീകൾ ജനമധ്യത്തിൽ വിവസ്ത്രരായി പീഡിപ്പിക്കപ്പെട്ടത് അറിയാതിരിക്കുകയോ, അല്ലെങ്കിൽ അറിഞ്ഞില്ല എന്ന് നടിക്കുകയോ ചെയ്യുന്നതാണ് അരാഷ്ട്രീയത… ഇത് ക്രൂരതയാണ്, പൈശാചികതയാണ്….

ഒരു വലിയ ജനതയുടെ ദുർഗതിയോർത്ത് ദുഃഖിക്കുന്നു, അവർക്കുവേണ്ടി പ്രാർത്ഥിക്കുന്നു…🙏🏽

ഒത്തിരിയേറെ വേദനയോടെ✍🏽

സി. സോണിയ തെരേസ് ഡി. എസ്. ജെ

Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment