വിശുദ്ധ കുർബാന സമാധാനത്തിന്റെ കൂദാശ
വിശുദ്ധ കുർബാന സമാധാനത്തിന്റെയും അനുരഞ്ജനത്തിന്റെയും കൂദാശയാണ്. ബലിപീഠം വിശ്വാസികൾക്ക് സമാധാനത്തിന്റെ ഉറവിടമാണ്, കാരണം അത് സ്വർഗ്ഗം ഭൂമിയെ സ്പർശിക്കുന്ന സ്ഥലമാണ്. വിശുദ്ധ കുർബാനയിലൂടെ വിശ്വാസികൾ ക്രിസ്തുവിൽ ഒന്നാകുന്നു. കുർബാനയുടെ ബലിപീഠം ഭൂമിയിലെ പുതിയ ജറുസലേമാണ്, ദൈവജനത്തിന്റെ പുതിയ സംഗമസ്ഥലം. പഴയ നിയമ ഉടമ്പടിയുടെ കീഴിൽ ജറുസലേം സമാധാനത്തിന്റെ നഗരമായിരുന്നെങ്കിൽ വിശുദ്ധ കുർബാനയുടെ സ്ഥാപനത്തിലൂടെ ക്രിസ്തു ബലിപീഠത്തെ ഭൂമിയിലെ സമാധാന പീഠമാക്കി ഉയർത്തി.
വിശുദ്ധ കുർബാന നൽകുന്ന സമാധാനത്തിന്റെ പരസ്പരബന്ധിതമായ മൂന്ന് രൂപങ്ങളുണ്ടെന്നു ബ്രിട്ടീഷ് ദൈവശാസ്ത്രജ്ഞനായ റോളണ്ട് നോക്സ് പഠിപ്പിക്കുന്നു: ദൈവവുമായുള്ള സമാധാനം, നമ്മോടു തന്നെയുള്ള സമാധാനം, മറ്റുള്ളവരുമായുള്ള സമാധാനം.
ഈ സമാധാനത്തെ ലോകം പ്രദാനം ചെയ്യുന്ന സമാധാനവുമായി താരതമ്യം ചെയ്യുന്നതുകണ്ടാണ് യാർത്ഥ സമാധാനം കണ്ടെത്തുന്നതിൽ നാം പരാജയപ്പെടുന്നത്.
വിശുദ്ധ കുർബാന സ്വീകരിക്കുമ്പോൾ സമാധാനത്തിന്റെ ഉറവിടത്തിലേക്കു നാം പ്രവേശിക്കുകയാണ്.
ദിവ്യകാരുണ്യം നൽകുന്ന സമാധാനം കേവലം സംഘർഷത്തിന്റെ അഭാവമല്ല, മറിച്ച് വ്യക്തികളുടെയും കുടുംബങ്ങളുടെയും സമൂഹങ്ങളുടെയും അനുരഞ്ജനത്തിനും സൗഖ്യത്തിനും വേണ്ടി പ്രവർത്തിക്കുന്ന ഒരു സജീവമായ പ്രക്രിയയാണത്. കുർബാനയുടെ കൂട്ടായ്മയുടെ സ്വഭാവം വ്യക്തികളെയും രാഷ്ട്രങ്ങളെയും വിഭജിക്കുന്ന എല്ലാ വ്യത്യാസങ്ങളുടെയും സമാധാനവും അനുരഞ്ജനവും ഒത്തുചേരാൻ കഴിയുന്ന ഒരു മികച്ച ലോകം സൃഷ്ടിക്കുന്നു.
ദൈവവുമായുള്ള കൂട്ടായ്മയിൽ നമ്മുടെ വിശ്വാസം ജീവിക്കുക എന്നത് യഥാർത്ഥ ക്രിസ്തീയ ജീവിതത്തിന്റെ അടിത്തറയാണ്. പരിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്നതിലൂടെ, ഒരു വ്യക്തി ഈശോയെ കണ്ടുമുട്ടുക മാത്രമല്ല, മറ്റുള്ളവരെ സ്നേഹിക്കാനും അവർക്കായി തുറന്നിരിക്കാനും പഠിക്കുന്ന ഒരു വിദ്യാലയത്തിലേക്ക്” പ്രവേശിക്കുകയാണന്നു ക്യൂബെക്കിലെ ആർച്ച് ബിഷപ് കർദിനാൾ ജെറാൾഡ് ലാക്രോയിക്സ് ഹംഗറിയിലെ ബുഡാപെസ്റ്റിൽ നടന്ന അമ്പത്തിരണ്ടാമത് അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസ്സിൽ പറയുകയുണ്ടായി. മറ്റുള്ളവരോടുള്ള ഈ പരസ്നേഹം ഇല്ലാതെ ക്രിസ്തീയതയ്ക്കു നിലനിൽക്കാനാവില്ല എന്ന സത്യം നമുക്കു തിരിച്ചറിയാം.
ഫാ. ജയ്സൺ കുന്നേൽ mcbs



Leave a comment