ദിവ്യകാരുണ്യ വിചാരങ്ങൾ 16

വിശുദ്ധ കുർബാനയില്ലാതെ ഞങ്ങൾക്കു ജീവിക്കാൻ കഴിയുകയില്ല

ദിവ്യകാരുണ്യ ഈശോയോടുള്ള ഭക്തിയിലൂടെയാണ് മദർ തെരേസ ദരിദ്രർക്കുവേണ്ടിയുള്ള ധീരസേവനം സാധ്യമാക്കിയത്. ഒരു ഉപവിയുടെ ഒരു സന്യാസിനി എന്ന നിലയിൽ മദർ തെരേസയുടെ ജീവിതത്തിലെ “വിജയ രഹസ്യം” പരിശുദ്ധ കുർബാനയായിരുന്നു.

1976-ൽ ഫിലാഡൽഫിയയിൽ നടന്ന ദിവ്യകാരുണ്യ കോൺഗ്രസിൽ മദർ തെരേസ ഇങ്ങനെ പ്രസംഗിച്ചു

“ഈ വ്രതങ്ങൾ, ഈ നാല് വ്രതങ്ങൾ ( ദാരിദ്ര്യം, ബ്രഹ്മചര്യം, അനുസരണം, ദരിദ്രരിൽ ദരിദ്രർക്ക് പൂർണ്ണ ഹൃദയത്തോടെ സൗജന്യ ശുശ്രൂഷ നൽകുക) ജീവിക്കാൻ ഞങ്ങൾക്കു കഴിയണമെങ്കിൽ, ഞങ്ങുടെ ജീവിതം കുർബാനയിൽ നെയ്തെടുക്കേണ്ടതുണ്ട്. അതുകൊണ്ടാണ് വിശുദ്ധ കുർബാനയിൽ ഈശോയോടൊപ്പം ഞങ്ങളുടെ ദിവസം ആരംഭിക്കുന്നത്. അവനോടൊപ്പം, ഞങ്ങൾ മുന്നോട്ട് പോകുന്നു. ഞങ്ങൾ വൈകുന്നേരം തിരികെ വരുമ്പോൾ പരിശുദ്ധ കുർബാനയിലെ ഈശോയ്ക്കു മുമ്പാകെ ഒരു മണിക്കൂർ ആരാധനയുണ്ട്, അതിനായി പാവപ്പെട്ടവർക്കുവേണ്ടിയുള്ള ഞങ്ങളുടെ ജോലി ഞങ്ങൾ വെട്ടിക്കുറയ്ക്കേണ്ടതില്ല എന്നതിൽ നിങ്ങൾ ആശ്ചചര്യപ്പെട്ടേക്കാം.”

വിശുദ്ധ കുർബാനയ്ക്കു മുന്നിൽ ആരാധനയിൽ കഴിഞ്ഞിരുന്നതിനാൽ പാവപ്പെട്ടവരെ കൂടുതൽ സ്‌നേഹിക്കാൻ കഴിയുമെന്ന് മദർ ഉറച്ചു വിശ്വസിച്ചു. ദരിദ്രരെ കൂടുതൽ തീവ്രമായി സ്നേഹിക്കണമെങ്കിൽ, ദിവ്യകാരുണ്യ ഈശോയ്ക്കു മുമ്പിൽ കൂടുതൽ സമയം ചെലവഴിക്കണമെന്നതു മദറിൻ്റെ ജീവിത ബോധ്യമായിരുന്നു.

കുർബാനയ്ക്കു ചുറ്റം ജീവിതം കെട്ടിപ്പടുത്താൽ ജീവിതം സമ്പൂർണ്ണമാകും എന്നതിൻ്റെ ഏറ്റവും വലിയ സാക്ഷ്യമാണ് മദർ തേരേസായും അവളുടെ ജീവിതവും വെല്ലുവിളി നിറഞ്ഞ ശുശ്രൂഷാ ജിവിതത്തിനു മദർ ഊർജ്ജം കണ്ടെത്തിയത് വിശുദ്ധ കുർബാനയിൽ നിന്നാണ്. എണ്ണുറു വർഷത്തിനിടയിൽ ആദ്യമായി കത്തോലിക്കാ കന്യാസ്ത്രീകളെ ശുശ്രൂഷക്കായി യെമൻ ഗവൺമെന്റ് ഓദ്യോഗികമായി ക്ഷണിച്ചപ്പോൾ ഞങ്ങൾക്കു ഞങ്ങളുടെ പുരോഹിതരെയും കൊണ്ടുവരണം കാരണം വിശുദ്ധ കുർബാനയില്ലാതെ ഞങ്ങൾക്കു ശുശ്രൂഷ ചെയ്യാൻ കഴിയുകയില്ല എന്നായിരുന്നു മദറിന്റെ മറുപടി. അതിരാവിലെ 4.30 നു എഴുന്നേൽക്കുന്ന ഉപവിയുടെ സഹോദരിമാരുടെ ഏറ്റവും പ്രധാന സമയം വിശുദ്ധ കുർബാന അർപ്പണമാണ്. വിശുദ്ധ കുർബാന, സമർപ്പണ ജീവിതത്തിന്റെ ആത്മീയ ആധാരവും അവരുടെ അനുദിന കടമകളുടെ ആരംഭ ബിന്ദുവുമാണ്. വിശുദ്ധ കുർബാനയില്ലാതെ ഒരു ദിവസമോ മണിക്കൂറോ തനിക്കു തള്ളി നീക്കാനാവില്ലന്നു ജീവചരിത്രകാരനായ മാൽകം മഗ് ഡ്രിജിനോടു മദർ പറഞ്ഞിട്ടുണ്ട്.

“നിങ്ങളുടെ ജീവിതം കുർബാനയ്ക്കു ചുറ്റും നെയ്യപ്പെട്ടിരിക്കണം. നിങ്ങളുടെ കണ്ണ് കർത്താവിങ്കലേക്കു തിരിക്കുക അവിടുന്നു പ്രകാശമാണ്. നിങ്ങളുടെ ഹൃദയങ്ങൾ അവിടുത്തെ ദൈവീക ഹൃത്തിലേക്കു വളരെയേറെ അടുപ്പിക്കുക.” എന്ന വി. മദർ തെരേസായുടെ വാക്കുകൾ നമുക്കു പ്രചോദവും മാർഗ്ഗദീപവും ആകട്ടെ.

ജീവൻ്റെ സമൃദ്ധി സമ്മാനിക്കുന്ന വിശുദ്ധ കുർബാനയ്ക്കു ചുറ്റും ജീവിതം നെയ്തെതെടുക്കാൻ നമുക്കു പരിശ്രമിക്കാം.

ഫാ. ജയ്സൺ കുന്നേൽ mcbs

Advertisements
Advertisements

Leave a comment