🎻💞💞 സഹന ഗീതം 💞💞🎻
“ആത്മാവിനെ മൃദുവായി മുറിപ്പെടുത്തുന്ന ഒരു സ്നേഹ സ്പർശം… അവനോടു കൂടെ.”
ക്രിസ്തു… അവന്റെ സഹനങ്ങൾ എന്നും കഠിനമായിരുന്നു… അവന്റെ വേദനകളോ ഒന്നിനോടും തുലനം ചെയ്യാൻ കഴിയാത്തതും. എങ്കിലും ആ ക്രിസ്തുവിന് ആരോടും ഒരു പരിഭവവും ഇല്ല… സ്നേഹം മാത്രം… ദ്രോഹിച്ചവനെയും തള്ളി പറഞ്ഞവനെയും ഒറ്റികൊടുത്തവനെയും എല്ലാം ഒരുപോലെ സ്നേഹിച്ചവൻ…
സഹനങ്ങളെ ഇത്രമാത്രം ആത്മസംയമനത്തോടെ സമീപിച്ച ആരെയും ക്രിസ്തുവിൽ അല്ലാതെ ഞാൻ കണ്ടിട്ടില്ല. കാലിത്തൊഴുത്തു മുതൽ ആരംഭിച്ച സഹനങ്ങൾ കാൽവരിയോളം നീണ്ടു നിന്നിരുന്നു. എന്നിട്ടും അവൻ ചേർത്ത് നിർത്തി സമൂഹം ഒന്നിനും കൊള്ളില്ല എന്ന് പറഞ്ഞവരെ… സമൂഹം തള്ളിക്കളഞ്ഞവരെ… കാരണം അവൻ സ്‌നേഹം മാത്രമായിരുന്നു…
ഇതിനെല്ലാം ഒന്നുമാത്രം ഈശോ ആഗ്രഹിച്ചു, തന്നെ അയച്ചവന്റെ ഇഷ്ടം നിറവേറ്റുക… അതിനുവേണ്ടി എന്തും ഏറ്റെടുക്കാൻ അവൻ ഒരുക്കമായിരുന്നു. ഏശയ്യ പ്രവാചകൻ പറഞ്ഞ കൊല്ലാൻ കൊണ്ടുപോയ കുഞ്ഞാടിനെ പോലെ.
ക്രിസ്തു സ്നേഹത്തിന്റെ പാരമ്യത്തിൽ എത്തിയപ്പോൾ കുരിശിന്റെ വിശുദ്ധ യോഹന്നാൻ പറഞ്ഞു, “കർത്താവെ അങ്ങയുടെ മുള്ളുകൾ ആണെന്റെ റോസാപൂക്കൾ അങ്ങയുടെ സഹനങ്ങൾ ആണെന്റെ പറുദീസ” എന്ന്.
എന്റെ നാഥാ നിന്റെ സഹനങ്ങളെ എത്രമാത്രം സ്നേഹത്തോടെ ആണവർ സമീപിച്ചത് എന്ന് ചിന്തയ്ക്കേണ്ടിയിരിക്കുന്നു. സഹനങ്ങൾ ഇല്ലാതെ സ്വർഗത്തിൽ എത്തുക സാധ്യമല്ല എന്നതിന് വ്യക്തമായ തെളിവല്ലേ ഇവർ ഈ തരുന്നത്.
ക്രിസ്തു സഹനങ്ങളുടെ മനോഭാവം എന്നും സ്നേഹം മാത്രമായിരുന്നു… സ്നേഹം എന്നും സഹനത്തിലേക്കുള്ള വിളിയാണെന്ന് മനസിലാക്കേണ്ടിയിരിക്കുന്നു. അതുകൊണ്ടല്ലേ ശരീരം മുഴുവനും ഉഴവുച്ചാൽ പോലെ മുറിവേറ്റിട്ടും കുരിശുമായി പോകാൻ ഈശോയ്ക്കു കഴിഞ്ഞത്. അവന്റെ കുരിശിലേക്ക് നോക്കിയപ്പോൾ എന്നിൽ ഉണ്ടായിരുന്ന പരിഭവവും പടിയിറങ്ങി. കാരണം അവനെന്നോടുള്ള സ്നേഹം കുരിശിൽ അവൻ കാണിച്ചു തന്നു.
സമ്പന്നതയിൽ കൂടെ നിൽക്കുകയും സഹനങ്ങളിൽ തള്ളി കളയുകയും ചെയുന്നവനാണ് മനുഷ്യൻ. എന്നാൽ ക്രിസ്തു, അവൻ അങ്ങനെ അല്ലായിരുന്നു… കൂടെ നിൽക്കാൻ ആണവൻ പഠിപ്പിച്ചത്. അതാണല്ലോ സ്വന്തം ശരീരവും രക്തവും നമുക്കായി നൽകിയത്.
ഓർമ്മിക്കാൻ സ്നേഹവും സഹനവും വേണം.
ഓ, എന്റെ നാഥാ എന്റെ സഹനങ്ങളിൽ നിന്നും ഓടിയൊളിക്കാൻ നോക്കിയപ്പോൾ ഈ സഹനങ്ങളിലും വലിയ രക്ഷ ഉണ്ടെന്ന് എന്നെ പഠിപ്പിച്ചു തന്നവൻ നീയായിരുന്നു… ഞാൻ വീഴാതിരിക്കാൻ എനിക്കു മുൻപേ നീ എന്റെ വഴികൾ നിരപ്പാക്കി… ഞാൻ മുറിയാതിരിക്കാൻ നീ എനിക്കു മുൻപേ മുറിവേറ്റു… നിന്റെ കുരിശിൻ കീഴെ നിന്നുകൊണ്ട് ആ തിരുമുറിവുകളിലേക്ക് നോക്കിയപ്പോൾ അതിന്റെ ആഴവും അർത്ഥവും വേദനയും എത്രമാത്രം ആണെന്നറിഞ്ഞപ്പോൾ എന്റെ പല മുറിവുകളും അപ്രത്യക്ഷമായി തീർന്നു…
ക്രിസ്തു… സഹന പാതയിൽ സ്നേഹം കൊണ്ട് കാവ്യം രചിച്ചവൻ… ഞാൻ ചെറുതാകാൻ മടിച്ചപ്പോൾ എനിക്കുവേണ്ടി ഒരു ഗോതമ്പപ്പത്തോളം ചെറുതായവൻ… ഞാൻ പങ്കുവയ്ക്കാൻ മറന്നപ്പോൾ എനിക്കുവേണ്ടി സ്വന്തം ജീവിതം പങ്കുവച്ചവൻ… ഞാൻ സഹനങ്ങളിൽ നിന്നും ഓടിയോളിച്ചപ്പോൾ എങ്ങനെ സഹനങ്ങളെ സ്നേഹപൂർവ്വം സ്വീകരിക്കാം എന്ന് എന്നെ പഠിപ്പിച്ചവൻ…
എന്റെ ഈശോയെ നിന്റെ സഹനങ്ങളിലേക്ക് വളരാൻ ഞാൻ എന്നെ തന്നെ ഇനിയും എത്രമാത്രം വിട്ടു തരേണ്ടിയിരിക്കുന്നു… 🥰
നന്ദി ഈശോയെ കൂടെ ഉണ്ടെന്നുള്ള നിന്റെ സ്നേഹത്തിന്റെ ഓർമപ്പെടുത്തലിന്. 🪄



Leave a reply to Sr LijiMaria Cancel reply