എല്ലാം അറിയുന്നവൻ കൂടെയുണ്ട്
ഒരു പുതിയസ്ഥലത്തേയ്ക്കോ സാഹചര്യത്തിലേക്കോ പോകേണ്ടി വരുമ്പോൾ പരിചയമുള്ളവർ അവിടെ ഉണ്ടോ എന്ന് അന്വേഷിക്കാറുണ്ട്. എന്നെ അറിയുന്നവരോ ഞാനറിയുന്നവരോ ഉണ്ടെങ്കിൽ അത് നമുക്ക് ഒരു ധൈര്യമാണ്. നമുക്ക് വേണ്ട സഹായങ്ങൾ ചെയ്യാനും പുതിയ കാര്യങ്ങൾ പരിചയപ്പെടുത്താനും അവർ ഉള്ളപ്പോൾ ഒരു കൂട്ടായി. എവിടെ ആയിരുന്നാലും എന്നെ അറിയുന്നവരുണ്ട്, മനസ്സിലാക്കുന്നവരുണ്ട് എന്ന ഉറപ്പ് ഉണ്ടെങ്കിൽ ജീവിതം സുഗമമാകും. ഇന്ന് പലപ്പോഴും നഷ്ടമാകുന്നത് ഈ ഉറപ്പാണ്…
ശരിയാണ്, എപ്പോഴും ഒരാളെ പൂർണമായി ഉൾക്കൊള്ളാനും മനസ്സിലാക്കാനും കൂടെയുള്ളവർക്ക് കഴിയാറില്ല. ഇതൊരു മാനുഷിക പരിമിതിയാണ്. ഈ പരിമിതിയിലാണ് ദൈവാനുഭവം ഉണ്ടാകുന്നത്… ദൈവിക ഇടപെടൽ വ്യക്തിപരമായ അനുഭവമായി മാറുന്നത്.
ജെറമിയ പ്രവാചകനെ വിളിക്കുമ്പോൾ ദൈവം പറയുന്നുണ്ട്. ” മാതാവിന്റെ ഉദരത്തിൽ നിനക്ക് രൂപം നൽകുന്നതിനു മുൻപേ ഞാൻ നിന്നെ അറിഞ്ഞു ” ( ജെറെ.1:5).
ഭൂമിയിൽ ജനിച്ചതിനു ശേഷം മാത്രമാണ് മനുഷ്യർ നമ്മെ അറിയുന്നത്. എന്നാൽ അമ്മയുടെ ഉദരത്തിൽ ഉരുവാകുന്നതിനു മുമ്പേ നമ്മെ അറിഞ്ഞ ഒരു ദൈവം ഉണ്ട്. അവൻ തന്നെയാണ് നമ്മെ സൃഷ്ടിച്ചത്. നമുക്ക് രൂപം നൽകിയത്. യഥാർത്ഥത്തിൽ ആ ദൈവത്തിന് മാത്രമേ നമ്മെ പൂർണമായി മനസ്സിലാക്കാൻ കഴിയൂ…
സങ്കീർത്തനം 139 ൽ എല്ലാം കാണുന്ന ദൈവത്തെക്കുറിച്ച് പറയുന്നുണ്ട്. നമ്മുടെ ഓരോ ചിന്തയും വാക്കുകളും പ്രവർത്തികളും അറിയുന്ന ദൈവം…
നമ്മുടെ ഓരോ വിഷമങ്ങളിലും അവൻ നമ്മോട് പറയുന്നുണ്ട്. “ഭയപ്പെടേണ്ട. ഞാൻ നിന്നെ രക്ഷിച്ചിരിക്കുന്നു. നിന്നെ പേര് ചൊല്ലി വിളിച്ചിരിക്കുന്നു. നീ എന്റേതാണ്…” അറിയുന്നവർ മാത്രമേ പേര് ചൊല്ലി വിളിക്കാറുള്ളൂ… സ്നേഹിക്കുന്നവർ മാത്രമേ സ്വന്തമാക്കാറുള്ളൂ… നമ്മെ ഓരോരുത്തരെയും അറിഞ്ഞ് സ്നേഹിച്ച് സ്വന്തമാക്കിയ ദൈവം നമ്മെ പേര് ചൊല്ലി വിളിക്കുന്നുണ്ട്… ആ വിളി കേൾക്കണമെങ്കിൽനമ്മുടെ ഹൃദയങ്ങൾ ശാന്തമാക്കണം… അവിടുത്തെ മുമ്പിൽ നമ്മെ തന്നെ അടിയറവ് വയ്ക്കണം… മുഖമുയർത്തി അവിടത്തെ കണ്ണുകളിലേക്ക് നോക്കണം… അവിടുത്തേക്ക് നമ്മോട് പലതും പറയാനുണ്ട്… അത് കേൾക്കണം… അവനോട് പ്രത്യുത്തിരിക്കണം…
Yes, Be with Him.. He will be with you…
Linu Sebastian



Leave a comment