മഗ്ദലനാ മറിയം

‘എന്റെ മഗ്ദലനാക്കാരിപ്പെണ്ണേ, നീ ഈശോയെ സ്നേഹിച്ചതുപോലെ ഞാനും ഈശോയെ സ്നേഹിക്കാൻ എന്നെ പഠിപ്പിക്കണമേ.’ ഈ പ്രാർത്ഥന ചൊല്ലാൻ അത് പ്രയാസമില്ല. എന്നാൽ ഇവൾ സ്നേഹിച്ചതുപോലെ ആഴമായി ആത്മാർത്ഥമായി വിലകൊടുത്ത് ഈശോയെ സ്നേഹിക്കാൻ ഈ ക്രിസ്തുദാസി നമ്മെ വെല്ലുവിളിക്കുന്നില്ലേ?

മഗ്ദലനാ മറിയം – യഹൂദവിധിപ്രകാരം ഒരു കൽക്കൂമ്പാരത്തിനുള്ളിൽപ്പെട്ട് ഞെരിഞ്ഞമർന്ന് ഇല്ലാതായി തീരേണ്ടവൾ. നീതിമാനായ വിധിയാളന്റെ മുമ്പിൽ എത്തിയതുകൊണ്ടു മാത്രം അവളുടെ ഗതിമാറിമറിഞ്ഞു. പുതിയനിയമത്തിന്റെ ആ സജീവ സ്നേഹം അവളെ തന്നോട് ചേർത്തുനിർത്തി. പിന്നെ അവളുടെ ജീവിത വഴികളെ നോക്കുന്ന ഏവനും കണ്ടെത്താനാകും പാറപോലുള്ള വിശ്വാസത്താൽ പതറാത്ത ഒരു പെണ്ണിനെ.

കേട്ടിട്ടില്ലേ? കരിംപാറയുടെ ഉള്ളറകളിൽ നിന്നും ലഭിക്കുന്നത് എന്താണെന്ന് കന്മദം – തേൻ. ഇത്ര അഗാധമായി സ്നേഹിച്ചവളെ നാഥൻ തന്നെ ആശ്വസിപ്പിക്കുന്നു. എന്തിനാ കരയുന്നേ.. അവനറിയാം ഇന്നവളുടെ സങ്കടം ലോകത്തിലെ അവളുടെ നഷ്ടങ്ങളോ, സ്വപ്നങ്ങളുടെ തകർച്ചകളോ ഒന്നുമല്ല. അവൾക്ക് നഷ്ടമായത് തമ്പുരാന്റെ സാന്നിധ്യമായിരുന്നു. അത് അവൻ അവൾക്ക് തിരിച്ചുകൊടുക്കുകയും ചെയ്തു.

പ്രീയപ്പെട്ട സഹോദരി തമ്പുരാൻ നഷ്ടപ്പെടുന്ന വേളകളെ വേദനയോടെ തിരിച്ചറിഞ്ഞ് ദൈവസാന്നിധ്യത്തിനായി കൊതിക്കുന്നവളാകാൻ ഈ പാവം പെണ്ണ് നമ്മെയും പ്രചോദിപ്പിക്കുന്നില്ലേ…
മറിയം എന്ന വിളിയിൽ അവൾ തിരിച്ചറിയുന്നത് വിളിച്ചവനേയും ഒപ്പം തന്നെത്തന്നെയുമാണ്. ഏശയ്യാ ദീർഘദർശ്ശിയുടെ പ്രവചനം ഓർമ്മപ്പെടുത്തുന്നത് പോലെ കഴിഞ്ഞ കാര്യങ്ങൾ നിങ്ങൾ ഓർക്കുകയോ പരിഗണിക്കുകയോ വേണ്ട. ഇതാ ഞാൻ പുതിയ ഒരു കാര്യം ചെയ്യുന്നു. സുവിശേഷങ്ങളുടെ ആരംഭത്തിൽ ദൈവം തന്റെ ദൂതനാൽ ഒരുവളെ വിളിച്ച പേര് മറിയം. ഇത് വചനത്തെ ഉദരത്തിൽ വഹിക്കാനുള്ള വിളിയായിരുന്നു. എന്നാൽ സുവിശേഷങ്ങളുടെ അവസാനം ദൈവപുത്രൻ ഒരുവളെ മറിയം എന്നു വിളിച്ചു. അത് മരണത്തിൽ നിന്നും സ്വാതന്ത്ര്യത്തിലേയ്ക്ക് ഉയിർത്തവനെ ഹൃദയത്തിൽ വഹിക്കുന്നതിനുള്ള വിളിയായിരുന്നു.

അനിശ്ചിതത്വത്തിന്റേയും, അസംതൃപ്തിയുടേയും, പരാതികളുടേയും അവ്യക്തതകളാൽ ജീവിത വഴികൾ മൂടപ്പെടുമ്പോൾ ഉത്ഥിതദർശനത്താൽ തന്നിലെ ജീവിത നിയോഗം തിരിച്ചറിഞ്ഞ നമ്മുടെ സഹോദരി നമ്മുക്ക് മാതൃകയായി തീരുന്നില്ല. വേശ്യയിൽ നിന്നും വിശുദ്ധയിലേക്കുള്ള മാറ്റം. ലോകത്തിന്റെ മോഹിപ്പിക്കുന്ന വിളികളിൽ നിന്നും കുതറിമാറി തമ്പുരാന്റെ വിളിയ്ക്ക് ചെവികൊടുക്കുവാനുള്ള ധീരത, മരിക്കേണ്ടി വന്നാലും ക്രിസ്തുവിനെ നേടാനുള്ള ആർജ്ജവത്വം.. എല്ലാം അവൾ നേടിയെടുക്കുന്നു. തോളോട് തോൾ ചേർന്നവർ തിരിച്ചറിയാതിരുന്നവനെ തിരിച്ചറിയാനും ലോകത്തോട് മുഴുവൻ അവനെക്കുറിച്ച് പറയുവാനും ഈ പാവം പെണ്ണ് കാണിക്കുന്ന തീക്ഷണത എത്രമാത്രം എന്നിലും ആഴപ്പെട്ടിട്ടുണ്ട്.

മഗ്ദലനാ മറിയം എന്ന ക്രിസ്തുശിഷ്യ ക്രൂശിതന്റെ പ്രിയമണവാട്ടികളായ നമ്മെ, തന്റെ ജീവിത സാക്ഷ്യം വഴി വെല്ലുവിളിക്കുന്നില്ലേ? ലക്ഷ്യമില്ലാതെ ഈ ലോകജീവിതത്തിന്റെ സുഖലോലുപതയിൽ അലിഞ്ഞവളെന്ന് ലോകം പേരുവിളിച്ചവൾക്ക് തമ്പുരാൻ കൊടുത്ത വിശേഷണം അധികം സ്നേഹിച്ചവളെന്ന്… സമർപ്പിത സഹോദരി ക്രിസ്തുവിന്റെ പാദാന്തികെ ചേർന്നിരുന്ന് വിശുദ്ധിയുടെ പരിമളം ലോകത്തിൽ പരത്തുവാൻ, മരണത്തേ തോൽപ്പിച്ചവനുവേണ്ടി മരിക്കാൻ തയ്യാറാകാൻ ഈ വിശുദ്ധയായ സമർപ്പിത സഹോദരിയോട് നമ്മുക്കും മാദ്ധ്യസ്ഥം യാചിക്കാം.

Sherin

Advertisements
Advertisements

Leave a comment