വിയാനി പുണ്യവാൻ്റെ 5 പാഠങ്ങൾ

ഫ്രാസിലെ ആർസ് എന്ന കൊച്ചുഗ്രാമം ഒരു വിശുദ്ധനെ സ്വർഗ്ഗത്തിലേക്ക് യാത്രയാക്കിയിട്ട് ഇന്നു 164 വർഷങ്ങൾ ( 1859 ആഗസ്റ്റ് 4) പിന്നിടുന്നു. അതിൻ്റെ ഓർമ്മയിൽ എല്ലാ വർഷവും ആഗസ്റ്റ് മാസം നാലാം തീയതി കത്തോലിക്കാസഭ ഇടവക വൈദീകരുടെ മദ്ധ്യസ്ഥനായ വി. ജോൺ മരിയാ വിയാനിയുടെ തിരുനാൾ ആഘോഷിക്കുന്നു.

1925 മെയ് മാസം മുപ്പത്തിയൊന്നാം തീയതി വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെട്ട ജോൺ മരിയ വിയാനിയെ 1929ൽ പതിനൊന്നാം പീയൂസ് മാർപാപ്പ ഇടവക വൈദീകരുടെ മധ്യസ്ഥനായി പ്രഖ്യാപിച്ചു. ആർസിലെ വികാരിയായ വിയാനിക്ക് ഒരേ ഒരു ജീവിത ലക്ഷ്യമേ ഉണ്ടായിരുന്നുള്ളു. ദൈവപുത്രനും ലോകരക്ഷകനുമായ ഈശോയെ ലോകത്തിനു കാണിച്ചു കൊടുക്കുക ഈശോയായിരുന്നു അവൻ്റ വിശ്വാസ പ്രമാണവും ജീവിത കേന്ദ്രവും. വിശുദ്ധനിൽ നിന്നു പഠിക്കേണ്ട അഞ്ചു പാഠങ്ങളെ നമുക്കൊന്നു പരിശോധിക്കാം.

1. വിശുദ്ധ കുർബാനയോടുള്ള ഭക്തി.

കുട്ടിയായിരുന്നപ്പോഴേ ജോൺ അനുദിനം വിശുദ്ധ കുർബാന അർപ്പണത്തിൽ പങ്കു ചേർന്നിരുന്നു. സെമിനാരി കാലഘട്ടത്തിൽ ഒരു മാലാഖയെപ്പോലെയായിരുന്നു വിശുദ്ധ കുർബാനയിൽ ശുശ്രൂഷിയായി അദ്ദേഹം നിലകൊണ്ടിരുന്നത്. വലിയ തീഷ്ണതയോടും ഭക്തിയോടും കൂടിയാണ് വിശുദ്ധൻ ബലി അർപ്പിച്ചിരുന്നത്. “ഞാൻ ബലി അർപ്പിക്കുമ്പോൾ നല്ലവനായ ദൈവത്തെ ഞാൻ കരങ്ങളിൽ വഹിക്കുന്നു: അവന് എന്താണ് നിരസിക്കാൻ കഴിയുന്നത്.? ” എന്നദ്ദേഹം കൂടെകൂടെ ചോദിക്കു മായിരുന്നു.പല ജീവിത പ്രശ്നങ്ങളുമായി വിശുദ്ധൻ്റെ മുമ്പിൽ വന്നിരുന്നവരോട് നാളത്തെ വിശുദ്ധ കുർബാനയ്ക്കു ശേഷം മറുപടി പറയാമെന്ന് വിയാനി പുണ്യവാൻ പറയുമായിരുന്നു. വിശുദ്ധ ജോൺ മരിയ വിയാനിയെപ്പറ്റി ജോൺ ഇരുപത്തിമൂന്നാമൻ മാർപാപ്പ പറയുന്നത് ഇപ്രകാരമാണ് ” ജ്വലിക്കുന്ന സ്നേഹത്തോടെ അൾത്താരയിലെ ആരാധ്യമായ കൂദാശയിൽ അവൻ ജീവിതം അർപ്പിച്ചിരുന്നു ആർക്കും ചെറുത്തു നിൽക്കാൻ കഴിയാത്ത ഒരു സ്വർഗ്ഗീയ ശക്തിയാൽ അവൻ്റെ ആത്മാവ് സക്രാരിയിലേക്ക് ആകർഷിക്കപ്പെടിരുന്നു.” 2009 ജൂൺ മാസത്തിൽ പുരോഹിത വർഷം ഉദ്ഘാടനം ചെയ്തുകൊണ്ട് ബെനഡിക്റ്റ് പതിനാറാമൻ മാർപ്പാപ്പ കുർബാനയോടുള്ള അദ്ദേഹത്തിന്റെ സ്നേഹവും കുമ്പസാരത്തിലൂടെ ആത്മാക്കളെ ദൈവത്തിലേക്ക് തിരികെ നയിക്കാനുള്ള തീക്ഷ്ണതയും ഇന്നത്തെ വൈദികർക്ക് ആവശ്യമായ സ്വഭാവസവിശേഷതകളായി ഉയർത്തിക്കാട്ടിയിരുന്നു. “വിശുദ്ധ കുർബാന എന്താണന്നു നാം യഥാർത്ഥത്തിൽ മനസ്സിലാക്കിയാൽ, ആനന്ദം കൊണ്ടു നമ്മൾ മരിച്ചു പോകും ” എന്ന വിശുദ്ധ ജോൺ മരിയ വിയാനിയുടെ ഉൾക്കാഴ്ച വളരെ ചിന്തനീയമാണ്.

2. കുമ്പസാരം ദൈവകരുണയുടെ കൂദാശ

കുമ്പസാരക്കൂട്ടിലൂടെ ദൈവകരുണയുടെ പെരുമഴ തീർത്ത വിശുദ്ധനാണ് ജോൺ മരിയ വിയാനി. ഒരു ദിവസം 12 മുതൽ 18 മണിക്കൂർവരെ കുമ്പസാരക്കൂട്ടിൽ ചിലവഴിച്ചിരുന്ന വിയാനി ആഴ്ചയിൽ 100 മണിക്കൂറെങ്കിലും കുമ്പസാരക്കൂടിൽ ദൈവകരുണയുടെ അപ്പസ്തോലനായി വർത്തിച്ചിരുന്നു. ഒരു വർഷം പതിനായിരത്തിലധികം പേരുടെ പാപ സങ്കീർത്തനം അദ്ദേഹം കേട്ടിരുന്നതായി ജീവചരിത്രകാരൻ രേഖപ്പെടുത്തിയിരിക്കുന്നു. ധനാഢ്യർ മുതൽ പാവപ്പെട്ട കർഷകർ വരെ ആ ഗണത്തിൽ പെടുവായിരുന്നു. 31 വർഷം മുടക്കമില്ലാതെ അദ്ദേഹം ഈ ശുശ്രൂഷ തുടർന്നു.

പരിശുദ്ധാത്മ പ്രചോദനത്താൽ, വിയാനിക്ക് തന്റെ അടുക്കൽ വരുന്നവരുടെ ഹൃദയങ്ങൾ വായിക്കാൻ കഴിഞ്ഞിരുന്നു . ഒരിക്കൽ പാരീസിൽ നിന്നുള്ള ഒരു സ്ത്രീ ഒരു ദിവസം ആർ സ് ഗ്രാമത്തിലൂടെ നടക്കുമ്പോൾ വിയാനി അച്ചൻ അവളെ കടന്നുപോയി. തിരിച്ചു വന്ന വിയാനി അച്ചൻ ആ സ്ത്രീയോടു “എന്നെ പിന്തുടരൂ” എന്നു പറഞ്ഞു അവർ നടക്കുമ്പോൾ, അവൾ ജീവിക്കുന്ന പാപകരമായ വഴി വിയാനി അവൾക്ക് വെളിപ്പെടുത്തി; താമസിയാതെ അവൾ മനസാന്തരപ്പെട്ടു ഈശോയുടെ അനുഗാമിയായി. മറ്റൊരിക്കൻ, ഒരു ശാസ്ത്രജ്ഞൻ യുക്തി മാത്രമാണ് തന്നെ നയിക്കുന്നതെന്നു വീമ്പിളക്കി കൗതുകത്താൽ ആർസിലേക്ക് പോയി. കുർബാനയ്ക്ക് ശേഷം, കുമ്പസാരക്കൂട്ടിലേക്ക് വരാൻ ആ വ്യക്തിയോടു വിയാനി പറഞ്ഞു: പൊടുന്നനെ “അച്ചാ, ഒന്നിലും എനിക്കു വിശ്വസാ മില്ല, എന്നെ സഹായിക്കൂ.” എന്നു പറഞ്ഞു വിയാനിയുടെ കാൽക്കൽ വീണു പൊട്ടിക്കരഞ്ഞു. ഒമ്പത് ദിവസം വിശുദ്ധനൊപ്പം കഴിഞ്ഞപ്പോൾ ആ മനുഷ്യൻ തികഞ്ഞ വിശ്വാസിയായി.

3. പ്രാർത്ഥന

മണ്ണിനു മഴപോലെ നമ്മുടെ ആത്മാവിനു വേണ്ടതാണ് പ്രാർത്ഥന.

“പ്രാർത്ഥിക്കാത്തവൻ ജീവിതത്തിനു അത്യന്താപേക്ഷിതമായതു തന്നെത്തന്നെ നഷ്ടപ്പെടുത്തുന്നു.” എന്നു വി. ജോൺ മരിയ വിയാനി പറയുമായിരുന്നു. പ്രാർത്ഥനയെ ദൈവവുമായുള്ള ഐക്യമായി കണ്ടിരുന്ന വിയാനി തൻ്റെ അടുക്കൽ വരുന്നവരെ ഇപ്രകാരം പഠിപ്പിച്ചിരുന്നു:

“എന്റെ കുഞ്ഞുങ്ങളേ, നിങ്ങളുടെ ഹൃദയങ്ങൾ ചെറുതാണ്, എന്നാൽ പ്രാർത്ഥന അവരെ ദൈവത്തെ സ്നേഹിക്കാൻ പ്രാപ്തരാക്കുന്നു പ്രാർത്ഥനയിലൂടെ, നമുക്ക് സ്വർഗ്ഗത്തിന്റെ ഒരു മുൻകരുതൽ ലഭിക്കുന്നു. പ്രാർത്ഥന ഒരിക്കലും മധുരമില്ലാതെ നമ്മെ വിടുന്നില്ല. ആത്മാക്കളിൽ പ്രവഹിക്കുന്ന തേനായ പ്രാർത്ഥന എല്ലാ കാര്യങ്ങളും മാധുര്യമുള്ളതാകുന്നു. നാം ശരിയായി പ്രാർത്ഥിക്കുമ്പോൾ, സൂര്യനുമുമ്പിൽ മഞ്ഞുപോലെ നമ്മുടെ ദുഃഖങ്ങൾ അപ്രത്യക്ഷമാകുമെന്ന് വി. വിയാനി പഠിപ്പിച്ചിരുന്നു. “

4. എളിമ

എളിമയായിരുന്നു വിശുദ്ധ ജോൺ മരിയാ വിയാനിയുടെ ജീവിത ശക്തി. ഒരിക്കൽ വിശുദ്ധ വിയാനിയോടു പിശാചു പറഞ്ഞു: ” എനിക്കു നീ ചെയ്യുന്ന എല്ലാം ചെയ്യാൻ കഴിയും, എനിക്കു നിന്റെ പ്രായശ്ചിത്തങ്ങളും ചെയ്യാൻ കഴിയും, എല്ലാ കാര്യങ്ങളിലും എനിക്കു നിന്നെ അനുകരിക്കാൻ കഴിയും.എന്നിരുന്നാലും ഒരു കാര്യത്തിൽ എനിക്കു കഴിയില്ല, എനിക്കു എളിമയിൽ നിന്നെ അനുകരിക്കാൻ കഴിയില്ല.”

“അതുകൊണ്ടു ഞാൻ നിന്നെ തോൽപിക്കുന്നു.,” വി. വിയാനി മറുപടി നൽകി. ഈശോ ശാന്തശീലനും വിനീതഹൃദയനുമാണ് (മത്തായി 11:29). തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട്‌ ദാസൻ്റെ രൂപം സ്വീകരിച്ച്‌ മനുഷ്യരുടെ സാദൃശ്യത്തില്‍ ആയിത്തീര്‍ന്ന്‌, ആകൃതിയില്‍ മനുഷ്യനെപ്പോലെ കാണപ്പെട്ടു; മരണംവരെ – അതേ കുരിശുമരണം വരെ – അനുസരണമുള്ളവനായി തന്നെത്തന്നെതാഴ്‌ത്തിയ (ഫിലിപ്പി 2:7-8). ലോകം എളിമ എന്ന സുകൃതത്തിന്റെ ശക്തി മനസ്സിലാക്കുകയോ മൂല്യം തിരിച്ചറിയുകയോ ചെയ്തട്ടില്ല, ഈശോ ലോകത്തെ രക്ഷിച്ചത് എളിമയിലൂടെയാണ്.”ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും അനേകരുടെ മോചനദ്രവ്യമായി സ്വജീവന്‍ കൊടുക്കാനും മനുഷ്യപുത്രന്‍ വന്നിരിക്കുന്നതുപോലെ തന്നെ.” (മത്തായി 20:28). എളിയ ജീവിതത്തിലൂടെ ഭൂമിയിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാമെന്ന് ആർസിലെ വികാരിയും നമ്മെ ഓർമ്മപ്പെടുത്തുന്നു.

5 . ശുശ്രൂഷാ ജീവിതം

ശുശ്രൂഷയായിരുന്നു ജോൺ മരിയ വിയാനിയുടെ ജീവിത താളം. കത്തോലിക്കാ സഭ പൗരോഹിത്യത്തെ വിശേഷിപ്പിക്കുക ശുശ്രൂഷ പൗരോഹിത്യം എന്നാണ്. ആർസിലെ വികാരിയച്ചൻ്റെയും ജീവിതം ദൈവത്തിനും ദൈവജനത്തിനും വേണ്ടിയുള്ള ശുശ്രൂഷയായിരുന്നു.

2019 ആഗസ്റ്റ് നാലാം തീയതി – ആര്‍സിലെ വികാരിയുടെ 160-Ɔο ചരമവാര്‍ഷികത്തിൽ #ToMyBrotherPriests എന്ന ടാഗ് ലൈനോടെ പാപ്പാ ഫ്രാന്‍സിസ് തൻ്റെ സന്ദേശം ഇപ്രകാരം പങ്കുവച്ചു: “ദൈവത്തിന്‍റെയും അവിടുത്തെ ജനത്തിന്‍റെയും ശുശ്രൂഷയിൽ വ്യാപൃതരായിരിക്കുന്ന വൈദികര്‍ക്കെല്ലാവര്‍ക്കും വിശുദ്ധ ജോണ്‍ മരിയ വിയാനിയുടെ തിരുനാളില്‍ ഞാന്‍ എഴുതുന്നത്, നിങ്ങളുടെ പൗരോഹിത്യ ജീവിതത്തിന്‍റെ താളുകള്‍ മനോഹരമായി കുറിക്കാന്‍ നിങ്ങള്‍ക്കാവട്ടെയെന്നാണ്.”

കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം 1589 നമ്പറിൽ, വി. ജോൺ മരിയ വിയാനിയെ ഉദ്ധരിച്ചു കൊണ്ട് സഭ പഠിപ്പിക്കുന്നു: “പുരോഹിതൻ ഭൂമിയിൽ രക്ഷാ കര പ്രവർത്തനം തുടരുന്നു… ലോകത്തിൽ വൈദികനാരെന്നു യഥാർത്ഥത്തിൽ മനസ്സിലാക്കിയാൽ നാം മരിക്കും, ഭയം കൊണ്ടല്ല, സ്നേഹം കൊണ്ട്… ഈശോയുടെ ഹൃദയത്തിലെ സ്നേഹമാണു പൗരോഹിത്യം.” വൈദീകരുടെ തിരുനാൾ ദിനത്തിൽ സഭയ്ക്കും ലോകത്തിനു വേണ്ടിയുള്ള അത്യന്ത്യാപേക്ഷിതമായ ഒരു ധര്‍മ്മമാണു പൗരോഹിത്യം എന്നു തിരിച്ചറിയാം. പുരോഹിതധര്‍മ്മം ഈശോയോടുള്ള പരിപൂര്‍ണ്ണ വിശ്വസ്തയും അവിരത ഐക്യവും ആവശ്യപ്പെടുന്നു. വിശുദ്ധ ജോണ്‍ മരിയ വിയാനി ജീവിതം നമ്മെ പഠിപ്പിക്കുന്നതും അതുതന്നെയാണ്.

ഫാ. ജയ്സൺ കുന്നേൽ mcbs

Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment