🪄🪄🪄 ഹിതം 🪄🪄🪄
✨ പിതാവേ എങ്കിലും എന്റെ ഹിതമല്ല അവിടുത്തെ ഇഷ്ടം നിറവേറട്ടെ എന്ന പ്രാർത്ഥനക്കുള്ളിൽ ഉണ്ടായിരുന്ന ഒരു ഉൾവിളി… ശൂന്യമാകുക ✨
മനുഷ്യൻ സ്വന്തം ഇഷ്ടങ്ങൾക്കും താല്പര്യങ്ങൾക്കും പിന്നാലെ ഓടുന്ന കാഴ്ച ഒരു പുതുമ നിറഞ്ഞ ഒന്നല്ല… കാരണം നാം എല്ലാവരും നമ്മിലേക്കും നമ്മുടെ ഇഷ്ടങ്ങളിലേക്കും ഇറങ്ങിനടക്കാൻ ആഗ്രഹിക്കുന്നവരാണ്… എന്നാൽ സ്വന്തം ഹിതം അല്ലാതെ മറ്റൊരാളുടെ താല്പര്യങ്ങൾ നിറവേറ്റാൻ ആരെങ്കിലും തയ്യാറാകുമോ?…
എന്നാൽ അതിന് പോലും ഒരുങ്ങി സ്വപിതാവിന്റെ ഇഷ്ടം നിറവേറ്റിയ ഒരു പൊന്നുതമ്പുരാൻ ഉണ്ട് നമുക്കെല്ലാവർക്കും…. താൻ വന്നത് പോലും സ്വർഗത്തിൽ ഉള്ള തന്റെ പിതാവിന്റെ ഹിതം നിറവേറ്റാനാണെന്ന് അവിടുന്ന് പലപ്പോഴായി പറഞ്ഞുകഴിഞ്ഞു…
ക്രിസ്തു നിസ്വാർത്ഥമായി ഇങ്ങനെയും പിതാവിന്റെ ഇഷ്ടം നിറവേറ്റാൻ കഴിയും എന്ന് നമ്മെ നോക്കി കാണിച്ചുതരികയാണ്… നമ്മുടെയൊക്കെ ജീവിതത്തിലെ ചില അനുഭവങ്ങൾ അത് കണ്ണുനീരിന്റെ ആവാം ആനന്ദത്തിന്റെ ആവാം… ചിലപ്പോ നാം ആഗ്രഹിച്ചത് നഷ്ടപ്പെട്ടതാവാം… എല്ലാറ്റിനും പിന്നിൽ ഒരു മഴവില്ലിന്റെ മറവിൽ ദൈവം ആഗ്രഹിക്കുന്നതേ നടക്കുകയുള്ളു എന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു… കാരണം കാൽവരി കുരിശിന്റെ വിരിമാറിലും അവൻ നിറവേറ്റിയത് പിതാവിന്റെ ഹിതം മാത്രമായിരുന്നു…
കുരിശിൽ മരിക്കുക എന്നതും…. തനിക്ക് ഹിതകരമല്ലാത്ത വിധം സഹനങ്ങൾ ഏറ്റെടുക്കുക എന്നത് തന്റെ മാനുഷിക നിലയിൽ സാധ്യമല്ല എന്നറിഞ്ഞിട്ടും ക്രിസ്തു പിതാവിന്റെ ഇഷ്ടവുമായി കാൽവരി കയറി… നമ്മുടെയൊക്കെ ജീവിതത്തിലേക്ക് നോക്കുമ്പോൾ അതിന് നമുക്ക് കഴിയുന്നുണ്ടോ… അനുദിനം കുരിശുവഹിച്ചുകൊണ്ട് അവന്റെ പിന്നാലെ പോകുവാൻ അവൻ വിളിക്കുമ്പോൾ നമ്മുടെയൊക്കെ ഹൃദയം എത്രമാത്രം ക്രിസ്തുവിനോട് ചേർന്നിരിക്കുന്നു എന്ന് ചിന്തയ്ക്കേണ്ടിയിരിക്കുന്നു.
ക്രിസ്തു… നിശബ്ദമായി പിതാവിന്റെ ഹിതം നിറവേറ്റുന്നതിലും എന്നെ ഒരുപാടു അത്ഭുതപെടുത്തി… എന്റെ പരിഭവങ്ങളുടെ നീണ്ട നിര ഞാൻ തുറന്നപ്പോളും… പരിഭവമില്ലാതെ എങ്ങനെ കുരിശിനെ പ്രണയിക്കാം എന്നവൻ കാണിച്ചുതന്നു… നിശബ്ദ പ്രണയത്തിലും സഹനങ്ങൾ ഉണ്ടെന്നവൻ കാണിച്ചു തന്നു…
എന്റെ ഈശോയെ, നിന്നെപ്പോലെ… പിതാവിന്റെ ഹിതം എന്റെ ജീവിതത്തിൽ നിറവേറ്റാൻ ഞാൻ ഇനിയും എത്രമാത്രം എനിക്കു വേണ്ടി മരിക്കേണ്ടിയിരിക്കുന്നു 🪄?
✍✍✍ 𝕵𝖎𝖘𝖒𝖆𝖗𝖎𝖆 𝕲𝖊𝖔𝖗𝖌𝖊 ✨



Leave a reply to Jismaria George Cancel reply