അമ്മേ… ഞാൻ പൂർണ്ണമായും അമ്മയുടേതാണ്…
സാധാരണയായി കുഞ്ഞുങ്ങൾ ആദ്യം ഉച്ചരിക്കുന്ന വാക്കാണ് ‘അമ്മ…’ ഏറെ അർത്ഥങ്ങളും ആഴങ്ങളും അനുഭവങ്ങളും ഉള്ള പദം.
ശാരീരികമായും ആത്മീയമായും ‘അമ്മയാവുക’ എന്നത് ദൈവീക ഇടപെടലിന്റെ ഭാഗമാണ്. വിവാഹ ജീവിതത്തിലൂടെ ഒരു സ്ത്രീ അമ്മയാകുന്നതുപോലെ ഒരു സമർപ്പിത തന്റെ ആത്മീയ മാതൃത്വത്തിലൂടെ അനേകം ആത്മാക്കളുടെ അമ്മയാകുന്നു. ഇരുമാതൃത്വത്തിലും പുതിയൊരു സൃഷ്ടിക്ക് സ്വർഗ്ഗവും ഭൂമിയും സാക്ഷിയാകുന്നു.
പരിശുദ്ധ അമ്മ ഈ ഇരുമാതൃത്വവും സ്വീകരിച്ച ഒരു കന്യകയാണ്. പരിശുദ്ധാത്മാവിനാൽ ഗർഭം ധരിച്ച് ദൈവപുത്രനു ജന്മം നൽകി, കാൽവരിയിൽ തന്റെ പുത്രനോടൊപ്പം സഹരക്ഷയായി… ലോകം മുഴുവന്റെയും അമ്മയായി…
മാതൃത്വത്തിന്റെ സൗന്ദര്യവും സഹനവും ഒരുപോലെ അനുഭവിച്ചവളാണ് പരിശുദ്ധ അമ്മ. ബെത്‌ലഹേമിലെ കാലിതൊഴുത്തിൽ ശാരീരിക മാതൃത്വത്തിന്റെ സഹനവും, കാൽവരിയിൽ ആത്മീയ മാതൃത്വത്തിന്റെ സഹനവും അവൾ ഏറ്റുവാങ്ങി. നസ്രത്തിലെ കൊച്ചു വീട്ടിൽ ഈശോയോടും യൗസേപ്പിതാവിനോടുമൊത്തുള്ള ആ തിരുകുടുംബത്തിൽ അമ്മ തന്റെ ശാരീരിക മാതൃത്വത്തിന്റെ സൗന്ദര്യം ആസ്വദിച്ചിട്ടുണ്ടാവാം. സ്വർഗ്ഗത്തിൽ ആയിരിക്കുന്ന ആത്മാക്കളെ കണ്ട് ആത്മീയ മാതൃത്വത്തിന്റെ സൗന്ദര്യവും അമ്മ ആസ്വദിക്കുന്നുണ്ടാവാം.. ആ അമ്മക്കറിയാം അമ്മയാകുന്നതിന്റെ രഹസ്യം… അമ്മയാകുന്നതിന്റെ സൗന്ദര്യം…
അമ്മയാകുന്നതിന്റെ സഹനം…
‘അമ്മയാവുക’ എന്നാൽ കേവലം ഒരു ജീവിതാന്തസിൽ മാത്രം ഒതുങ്ങിനിൽക്കുന്ന കാര്യമല്ല. അതൊരു അനുഭവവും ആയിത്തീരലുമാണ്…
സംസാരിക്കാൻ അറിയാത്ത ഒരു കുഞ്ഞു കരയുന്നതിന്റെ കാരണം അമ്മയ്ക്കേ അറിയൂ… അവന്റെ ഓരോ പ്രായത്തിന്റെയും ആവശ്യങ്ങൾ ഒരു അമ്മയ്ക്കേ മനസ്സിലാവുകയുള്ളൂ. അവന്റെ മുഖം വാടിയാൽ… അവനെ ആരെങ്കിലും നോവിച്ചാൽ… മാതൃഹൃദയത്തിലേ വേദനയുള്ളൂ…
വിശുദ്ധ ഗ്രന്ഥത്തിൽ ഒരു കുഞ്ഞിന് വേണ്ടി രാജാവിന്റെ മുമ്പിൽ വാദിക്കുന്ന രണ്ട് സ്ത്രീകളെ നമുക്ക് കാണാം. യഥാർത്ഥ അമ്മയ്ക്ക് തന്റെ കുഞ്ഞിനെ രണ്ടായി ഭാഗിച്ച് അവനെ കൊലയ്ക്ക് കൊടുക്കാനാവില്ല..
കാൽവരിയിൽ തന്നെ പൊന്നോമന പുത്രന്റെ ഹൃദയം പിളർക്കപ്പെട്ടപ്പോൾ ആ മാതൃഹൃദയം തേങ്ങി… ആ തേങ്ങൽ ദൈവപിതാവ് ഏറ്റെടുത്തപ്പോൾ അവൾ വീണ്ടും അമ്മയായി… ദൈവപുത്രന്റെ മാത്രമല്ല, ലോകം മുഴുവന്റെയും അമ്മ… ആത്മാക്കളുടെ അമ്മ…
ആ അമ്മ എന്നോടും നിന്നോടും പറയുന്നുണ്ട്… ‘എന്റെ പ്രിയ കുഞ്ഞേ, നിന്റെ ഹൃദയത്തിന്റെ ഓരോ തുടിപ്പും ഞാൻ അറിയുന്നുണ്ട്… നീ കരയുന്നതിന്റെ കാരണം എനിക്കറിയാം… നിന്റെ ആവശ്യങ്ങൾ ഞാൻ മനസ്സിലാക്കുന്നുണ്ട്… നീ മുഖം വാടി നടക്കുന്നത്, നിന്നെ ആരെങ്കിലും മുറിപ്പെടുത്തുന്നത് എനിക്ക് സഹിക്കാനാവില്ല… കുഞ്ഞേ എന്റെ വിമല ഹൃദയത്തിൽ നിനക്ക് ഒരിടം ഉണ്ട്… നിനക്ക് ആശ്വാസം ലഭിക്കും… കാരണം ലോകരക്ഷകനെ ഈ ഹൃദയത്തിലാണ് ഞാൻ വഹിച്ചത് അവൻ നിനക്ക് ആശ്വാസം നൽകും…’
നിന്റെ തകർച്ചയിൽ ആശ്വാസമേകാൻ
നിന്റെ തളർച്ചയിൽ ഒന്നുചേരാൻ
നിന്നെ താരാട്ട് പാടി ഉറക്കാൻ
ഇതാ ഇതാ നിന്റെ അമ്മ…



Leave a comment