ദിവ്യകാരുണ്യത്തിൻ്റെ കാവൽ ദൂതനായ ഫാ. ജോസഫ് പറേടം, എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ താലൂക്കിൽ മുത്തോലപുരത്ത് 1887 ഡിസംബർ മാസം പതിനഞ്ചാം തീയതി പറേടത്തിൽ മാത്തൻ ത്രേസ്യാ ദമ്പതികളുടെ ഏഴുമക്കളിൽ മൂന്നാമനായി ഭൂജാതനായി. അഞ്ചാം വയസ്സിൽ കുട്ടനാശാൻ്റെ അരികിൽ നിന്നു വിദ്യാരംഭം കുറിച്ച പി. എം. ജോസഫ്, എന്ന ഔസേപ്പച്ചൻ പ്രാഥമിക വിദ്യാഭ്യാസം നടത്തിയ് പുതുവേലി സ്കൂളിലാണ്. പിന്നീട് മാന്നാനം സെൻ്റ് എഫ്രേംസ് സ്കൂളിൽ പഠനം തുടർന്നു. ഈ കാലഘട്ടത്തിൽ നസ്രാണി ദീപിക, കത്തോലിക്കാ ദൂതൻ, കർമ്മല കുസമം തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ കഥകളും ലേഖനങ്ങളും പി. എം. ജോസഫ് എഴുതിയിരുന്നു.
മാന്നാനത്തെ പഠനം തൻറെ ചിരകാല അഭിലാഷമായിരുന്ന വൈദിക ജീവിതത്തിന് ഒരുക്കമായിട്ടാണ് ഔസേപ്പച്ചൻ കണ്ടത്.
1908 ജനുവരി മാസം ഒമ്പതാം തീയതി വരാപ്പുഴയിലുള്ള പുത്തൻപള്ളി സെമിനാരിയിൽ ഔസേപ്പച്ചൻ ചേർന്നു. വെറും നാലര അടി മാത്രം പൊക്കമുള്ള കൃശഗാത്രനായ ജോസഫിനു സെമിനാരിയിലെ പ്രവേശനം ലഭിക്കുമോ എന്നു ചിലർ സംശയം പ്രകടിപ്പിച്ചിരുന്നു.
സെമിനാരിയിലെ ആദ്ധ്യാത്മിക പിതാവായിരുന്ന ജർമ്മൻകാരൻ ബഹുമാനപ്പെട്ട കാസ്പറച്ചന് ഔസേപ്പച്ചനോട് പ്രത്യേക താല്പര്യം സ്നേഹവും ഉണ്ടായിരുന്നു.
ദിവ്യകാരുണ്യ ഈശോയോടുള്ള സ്നേഹവും ഭക്തിയും ഔസേപ്പച്ചനിൽ വളരാൻ കാസ്പറച്ചൻ ഒരു നിർണ്ണായക പങ്കു വഹിച്ചു.
പ്രാവിനെപ്പോലെ നിഷ്കളങ്കനും സർപ്പത്തെപ്പോലെ വിവേകിയുമായിരുന്ന ജോസഫ് തീരുമാനങ്ങൾ എടുക്കുന്നതിനും ഉത്തരവാദിത്വങ്ങൾ സ്വീകരിക്കുന്നതിനും പക്വതയുള്ള വ്യക്തിയായിരുന്നു. ഒരിക്കലെങ്കിലും ആരോടെങ്കിലും മുഖം കറുത്ത് അദ്ദേഹം സംസാരിച്ചിട്ടില്ല ,ആരുടെയും ശ്രദ്ധ പിടിച്ചു പറ്റാൻ പോകുന്ന ശാന്തതയും ശാലീനതയും ഔസേപ്പച്ചനിൽ പരിശീലന കാലത്തേ പ്രകടമായിരുന്നു.
1914 ഡിസംബർ മാസം 28 ആം തീയതി വരാപ്പുഴ പുത്തൻപള്ളി സെമിനാരിയിൽ വച്ച് മാർ തോമസ് കുര്യാളശ്ശേരി പിതാവിൽ നിന്നും ഔസേപ്പച്ചൻ തിരുപ്പട്ടം സ്വീകരിച്ചു. രണ്ടു ദിവസങ്ങൾക്കുശേഷം ഡിസംബർ മാസം മുപ്പതാം തീയതി തന്റെ മാതൃ ഇടവകയായ മുത്തോലപരം പള്ളിയിൽ പ്രഥമ ദിവ്യബലി അർപ്പിച്ചു.
1915 ജൂലൈ മാസത്തിൽ ഭരണങ്ങാനം പള്ളിയുടെ അസിസ്റ്റൻ്റ് വികാരിയായി നിയമിതനാകുന്നതുവരെ മുത്തോലപരം പള്ളിയിലെ വികാരിയച്ചനെ സഹായിക്കുകയായിരുന്നു ഔസേപ്പച്ചൻ്റെ ചുമതല. പിന്നീട് കുറച്ചു നാൾ മുത്തോലപുരം പള്ളിയിൽ സഹവികാരിയായി ശുശ്രൂഷ ചെയ്തു. 1917 ആഗസ്റ്റ് മാസത്തിൽ ഔസേപ്പച്ചൻ മുട്ടുചിറ പള്ളിയുടെ അസിസ്റ്റൻറ് വികാരിയയായി നിയമിതനായി . തത്തംപള്ളിയിലും കൈനടിയിലും അച്ചൻ അജപാലന ശുശ്രൂഷ നിർവ്വഹിച്ചട്ടുണ്ട്. 1920 ഫെബ്രുവരി മാസത്തിൽ മുത്തോലപുരം പള്ളിയിലാണ് പറേടത്തിലച്ചൻ ആദ്യമായി വികാരിയയായി നിയമിതനാകുന്നത് . 1922 ഏപ്രിൽ മാസം ഒന്നാം തീയതി വടകര പള്ളിയിലെ വികാരിയായി ചുമതലയേറ്റു. മൂന്നു വർഷങ്ങൾക്ക് ശേഷം ചെമ്മലമറ്റം പള്ളിയിലും അജപാലന ദൗത്യം നിറവേറ്റി. 1927 ഫെബ്രുവരി മാസം പതിനാറാം തീയതി മുത്തോലപുരത്തെ വികാരിയായി വീണ്ടും ചാർജെടുത്തു. മൂന്നു വർഷങ്ങൾക്ക് ശേഷം മരങ്ങാട്ട്പള്ളിയിൽ വികാരിയായി ശുശ്രൂഷ ചെയ്യുമ്പോഴാണ് തൻ്റ വിളി സന്യാസത്തിലേക്ക് ആണെന്ന് ഔസേപ്പച്ചൻ പൂർണ്ണമായി തിരിച്ചറിഞ്ഞത്. ഈക്കാലയളവിൽ പലപ്രാവശ്യം ഇടവക ജോലിയിൽ നിന്ന് തന്നെ ഒഴിവാക്കണമെന്നും സന്യാസത്തിന് വിടണമെന്നും അഭിവന്ദ്യ കാളാശ്ശേരി പിതാവിനോട് ആവശ്യപ്പെട്ടിരുന്നു.
ഇടവകകളിൽ സേവനം ചെയ്തപ്പോഴും ഒരു സന്യാസിയുടെ ധനചര്യയായിരുന്നു ഔസേപ്പച്ചൻ പാലിച്ചു പോന്നിരുന്നത് മരങ്ങാട്ട് പള്ളി ഇടവക ഭരണ കാലത്ത് തന്റെ ഡയറിയിൽ അദ്ദേഹം ഇപ്രകാരം എഴുതി: ” 14 വയസ്സുള്ളപ്പോൾ തുടങ്ങിയതും ഇന്നുവരെ നിലനിൽക്കുന്നതും എന്നാൽ പ്രവർത്തിയിൽ വരുത്താത്തതുമായ ഒരു ആഗ്രഹമാണ് എനിക്ക് സന്യാസ ആശ്രമത്തിൽ പ്രവേശിക്കണം എന്നുള്ളത്. സകലതും ഉപേക്ഷിച്ച് കൊവേന്തയിൽ കൂടുന്ന പക്ഷം മനസ്സമാധാനത്തോടെ ദൈവത്തിനു ശുശ്രൂഷ ചെയ്യാമെന്ന് മാത്രമല്ല എൻ്റെ പ്രാർത്ഥനകൊണ്ട് കൂടുതൽ സഹായിക്കുകയും ചെയ്യാം.”
തോട്ടകത്തുള്ള വിൻസെൻഷ്യൽ സന്യാസ ആശ്രമത്തിൽ ചേരാനായിരുന്നു പ്രഥമ പദ്ധതി എങ്കിലും അതുഫലം അണിഞ്ഞില്ല.
വിജയപ്രദമായി ഇടവകയിൽ ശുശ്രൂഷിച്ചിരുന്ന യൗസേപ്പച്ചന് സന്യാസ ജീവിതത്തിനുള്ള അനുമതി കൊടുക്കുവാൻ അഭിവന്ദ്യ പിതാവ് ഇഷ്ടപ്പെട്ടില്ല എങ്കിലും നിരന്തരം പ്രാർത്ഥിച്ചുകൊണ്ട് ദൈവഹിതം തന്നിൽ നിറവേറുന്നതിനായി അദ്ദേഹം കാത്തിരുന്നു “എൻറെ ദൈവമേ ഞാൻ നടക്കേണ്ട വഴി എനിക്ക് കാണിച്ചു തരേണമേ എന്നതായിരുന്നു അദ്ദേഹത്തിൻറെ പ്രാർത്ഥന.”
അങ്ങനെ 1932 ഏപ്രിൽ 19ന് താൻ വളരെ കാലമായി പ്രതീക്ഷിച്ചിരുന്ന അനുവാദം അഭിവന്ദ്യ പിതാവിൽ നിന്ന് ലഭിച്ചു.
ചങ്ങനാശ്ശേരി രൂപതയിൽ നിന്നും സന്യസ് ജീവിതം കാംക്ഷിച്ചിരുന്ന മറ്റ് വൈദികരെ പറ്റിയും ഔസേപ്പച്ചന് അറവു കിട്ടി അവരെയൊക്കെ ഒരുമിപ്പിച്ച് തന്റെ രൂപതയിൽ തന്നെ ഒരു സന്യാസ സഭ ആരംഭിക്കുവാൻ ഉള്ള ആഗ്രഹം അഭിവന്ദ്യ ജെയിംസ് കാളാശ്ശേരി പിതാവ് പ്രകടമാക്കി അതിനായി കോളേജ് ഹോസ്റ്റലായി ഉപയോഗിച്ചിരുന്ന പാറേൽ പള്ളിക്കടുത്തുള്ള കെട്ടിടം ഉപയോഗപ്പെടുത്താം എന്ന് പിതാവ് നിർദ്ദേശിച്ചു. എങ്കിലും സന്യാസത്തിന് പറ്റിയ സ്ഥലം മല്ലപ്പള്ളി മിഷൻ പള്ളി ആണെന്ന് ബഹുമാനപ്പെട്ട അച്ചന്മാർ അഭിപ്രായപ്പെട്ടപ്പോൾ അഭിവന്ദ്യ പിതാവ് അതിനു സമ്മതം നൽകി.
1933 മെയ് മാസം ഏഴാം തീയതി ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നര മണിക്ക് അഭിവന്ദ്യ ജെയിംസ് കാളാശ്ശേരി പിതാവ് ദിവ്യകാരുണ്യ മിഷനറി സഭ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. അന്ന് വിശുദ്ധ യൗസേപ്പിതാവിൻ്റെ മധ്യസ്ഥ തിരുനാൾ ആയിരുന്നു. യാതൊരു മൂലധനവും ഇല്ലാതെ ദൈവ പരിപാലനയിൽ മാത്രം ആശ്രയിച്ചുകൊണ്ട് തുടങ്ങിയ സഭയെ ദൈവം പ്രത്യേകം സഹായിച്ചു വളർത്തിക്കൊണ്ടിരിക്കുന്നു. സഭയുടെ പ്രഥമ വിക്കർ സുപ്പീരയ നയി ബഹുമാനപ്പെട്ട യൗസേപ്പച്ചനെ തന്നെ വന്ദ്യ പിതാവ് നിയോഗിച്ചു. സഭാ സ്ഥാപനത്തെക്കുറിച്ച് ജോസഫ് അച്ചൻ രേഖപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധേയമാണ്: “പുണ്യവാന്മാരായിരിക്കണം സഭയുടെ സ്ഥാപകന്മാർ. അല്പം പ്രസംഗ ചാതുര്യമൊഴിച്ച് യാതൊരു ഗുണവുമില്ലാത്ത ഞാനും സഭയുടെ ഒരു അടിസ്ഥാന കല്ലായി തീർന്നു എന്നുള്ളത് വിചിത്രം തന്നെ. കഴുതയെ കൊണ്ട് സംസാരിപ്പിച്ച ദൈവത്തിന് ഒന്നും അസാധ്യമല്ലല്ലോ “
അമ്മ കുഞ്ഞിനെ വളർത്തുന്നതു പോലെ തന്റെ ജീവൻ പകർന്നു നൽകി പറേടത്തിൽ അച്ചൻ ദിവ്യകാരുണ്യ മിഷണറി സഭയെ വളർത്തി. 1933 മുതൽ 1941 സെപ്റ്റംബർ വരെ സഭയുടെ വിക്കർ സുപ്പീരിയറയി ശുശ്രൂഷ നിറവേറ്റി.
1937 ആഗസ്റ്റു മാസം പതിനഞ്ചാം തീയതി ദിവ്യകാരുണ്യ മിഷനറി സഭയിലെ ആദ്യ ബാച്ച് നോവേഷ്യറ്റ് പൂർത്തിയാക്കി പറേടത്തിൽ ജോസഫച്ചൻ, ആലക്കളത്തിൽ മത്തായി അച്ചൻ, കുഴിക്കാട്ടിൽ ചാക്കോച്ചൻ, പാറേമാക്കൽ മത്തായി അച്ചൻ എന്നിവർ പ്രഥമ വ്രതവാഗ്ദാനം നടത്തി ദൈവത്തിനു തങ്ങളെത്തന്നെ സമർപ്പിച്ചു.
1937 ൽ ചെന്നയിൽ വച്ചു നടന്ന ദിവ്യകാരുണ്യ കോൺഗ്രസ്സിൽ ” അത്മായരും ദിവ്യകാരുണ്യ ഭക്തിയും ” എന്ന വിഷയത്തെപ്പറ്റി അച്ചൻ അവതരിപ്പിച്ച പ്രബന്ധം ഏവരുടെയും പ്രശംസ പിടിച്ചുപറ്റി.
1941ൽ വിക്കർ സുപ്പീരിയർ സ്ഥാനത്തുന്ന് മാറിയ അച്ചൻ കരിമ്പാനി ആശ്രമത്തിലെ സുപ്പീരാറായി ചാർജെടുത്തു. മൂന്നുവർഷം കഴിഞ്ഞ് 1945 സഭയുടെ വിക്കർ സുപ്പീരിയറായി പറേടത്തിലച്ചനെ വീണ്ടും തെരഞ്ഞെടുത്തു.
1951ൽ ദിവ്യകാരുണ്യ സഭ രൂപതാനന്തര സമൂഹമായി. ഇത് സഭയുടെ വളർച്ചയിലും ഒരു ചവിട്ടുപടിയായിരുന്നു. 1952 നവംബർ 21ന് പുതിയ പൗരസ്ത്യ കാനൻ നിയമം പ്രചാരത്തിൽ വന്നു. അതുവഴി വിക്കർ സുപ്പീരിയർ സ്ഥാനം ഒഴിവാക്കുകയും പകരം ഒരു സുപ്പീരിയർ ജനറലിനെ തെരഞ്ഞെടുക്കുകയും വേണമായിരുന്നു 1953 സെപ്റ്റംബർ 26 തീയതി ശനിയാഴ്ച സഭയുടെ പൊതുസംഘം കൂടി വീണ്ടും പറേടത്തിൽ അച്ചനെ സുപ്പീരിയർ ജനറലായി തെരഞ്ഞെടുത്തു
പറേടത്തിലച്ചർ തന്റെ ഭരണകാലത്ത് ഏറ്റവുമധികം ശ്രദ്ധ ചെലുത്തിയത് വ്യക്തികളുടെ സമഗ്രമായ വളർച്ചയ്ക്കാണ്, വൈദിക വിദ്യാർഥികളോട് ഒരു അമ്മയുടെ ഹൃദയമാണ് അദ്ദേഹത്തിനുണ്ടായിരുന്നത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സഭയ്ക്ക് രൂപരേഖ നൽകിയ പറയടത്തലച്ചൻ സഭയ്ക്ക് സ്വന്തമായി ഒരു സെമിനാരി ഉണ്ടായിരിക്കുക എന്നത് അച്ഛൻറെ വലിയ സ്വപ്നമായിരുന്നു. 1957 ൽ സഭയുടെ മൈനർ സമിനാരി കാടഞ്ചിറ ആശ്രമത്തോടെ ചേർന്ന് ഉദ്ഘാടനം ചെയ്തു, MCBS രജത ജൂബിലി ആഘോഷങ്ങൾ കാടഞ്ചിറ ആശ്രമത്തിൽ വച്ച് 1957ന് 13 മണി ആരാധനയോടു കൂടി ഉദ്ഘാടനം ചെയ്യപ്പെട്ടു. സഭയുടെ വളർച്ചയിൽ നിർണായക പങ്കാണ് പറേടത്തിലച്ചൻ വഹിച്ചിരിക്കുന്നത്, തദവസരത്തിൽ ആലക്കളത്തിൽ മത്തായി അച്ചൻ പറേടത്തിലച്ചനെപ്പറ്റി ഇപ്രകാരം പറഞ്ഞിരിക്കുന്നു. “വിക്കർ സുപ്പീരിയറായി ആരംഭിച്ച അദ്ദേഹം ഇന്ന് സഭയുടെ സുപ്പീരിയർ ജനറലായി തീർന്നിരിക്കുന്നു. വർദ്ധനവിന്റെ പുത്രനെ അർത്ഥമുള്ള ഔസേപ്പ് നാമധാരിയായ അദ്ദേഹത്തിന്റെ ആശ്രാന്ത പരിശ്രമ ഫലമാണ് സഭയെ സംബന്ധിച്ച് ഇന്ന് കാണുന്നവയത്രയും. “
ഔസേപ്പച്ചന്റെ പ്രവർത്തനത്തിന് ഇതിൽ കൂടുതലായി മറ്റൊരു സർട്ടിഫിക്കറ്റും നമുക്കാവശ്യമില്ല
1959 സെപ്റ്റംബർ 26ന് സുപ്പീരിയൽ ജനറൽ സ്ഥാനത്തുനിന്ന് വിരമിച്ച പറയിടത്തച്ചൻ കരിമ്പാ നി ആശ്രമത്തിലേക്ക് മടങ്ങി. വേദനയുടെയും യാതനയുടെയും നടുവിലും സഭയ്ക്കും സഹപ്രവർത്തകർക്കും സഹോദരങ്ങൾക്കും ജീവനും ജീവിതവും നൽകി.
1961 ഓഗസ്റ്റ് 17ന് ആലുവ സ്റ്റഡി ഹൗസിന്റെ പണിപൂർത്തിയായപ്പോൾ അവിടെ വൈദിക വിദ്യാർഥികളുടെ ആധ്യാത്മിക പിതാവായി സഭാ അധികാരികൾ അച്ചനെ നിയോഗിച്ചു
ഭക്തിനിർഭരമായ ബലിയർപ്പണം സക്രാരിയുടെ മുമ്പിൽ മണിക്കൂറോളം മുട്ടിൽമേൽ ചെലവഴിക്കൽ, പ്രാർത്ഥനാ ചൈതന്യം, ഇവയെല്ലാം വൈദീക വിദ്യാർത്ഥികളെ ഏറെ സ്വാധീനിച്ചു.
1972 ആരംഭത്തിൽ അച്ചൻ്റെ ഓർമ്മയും ആരോഗ്യവും ക്ഷയിക്കാൻ തുടങ്ങി. ബലിയർപ്പണം നിർത്തിയെങ്കിലും വൈദിക വിദ്യാർഥികളോടൊപ്പം ബലിയിൽ പങ്കുകൊണ്ടു. 1972 ഓഗസ്റ്റ് മാസം ആയപ്പോഴേക്കും അച്ചൻ്റെ രോഗം അത്യന്തം ഗുരുതരമായി
മരണാസനനായ അച്ചനെ പാലാ പിതാവായിരുന്ന മാർ സെബാസ്റ്റ്യൻ വയലിലും എറണാകുളം അതിരൂപതയുടെ മെത്രാപ്പോലെത്തിയായിരുന്ന കർദിനാൾ ജോസഫ് പാറേക്കാട്ടിൽ തിരുമേനിയും സന്ദർശിച്ചു 1972 ഓഗസ്റ്റ് 18നാണ് അച്ചൻ അവസാനമായി വിശുദ്ധ കുർബാന സ്വീകരിച്ചത്.
1972 ഓഗസ്റ്റ് 21ന് അച്ചനിൻ മരണത്തിന്റെതായ പ്രത്യേകതകൾ കൂടുതൽ ദൃശ്യമായി .പറേടത്തിൽ അച്ചൻ്റെ അന്ത്യ നിമിഷങ്ങളെ കുറിച്ച് ബഹുമാനപ്പെട്ട തോമസ് പട്ടേരിയച്ചൻ ഇപ്രകാരം സക്ഷ്യപ്പെടുത്തുന്നു:
അച്ചൻ മരിക്കുന്ന ദിവസം രാത്രി അച്ചനെ ശുശ്രൂഷിക്കുവാനായി അടുത്തുണ്ടായിരുന്നത് ജോർജ് മറ്റത്തിൽ അച്ചനും ജോർജ് കിഴക്കേമുറി അച്ചനും ഞാനും ആയിരുന്നു ഞങ്ങൾ മൂന്നുപേരും കാത്തിരിക്കുകയായിരുന്നു…. നോക്കിയിരിക്കുമ്പോൾ ശ്വാസം വലിക്കുന്നതിന്റെ വ്യത്യാസം മനസ്സിലാക്കിയ ഞങ്ങൾ റെക്ടറായിരുന്ന വഞ്ചിപ്പുരയച്ചനെയും ജനറാളച്ചനായിരുന്ന മൂന്നാനപ്പള്ളി അച്ചനെയും വിളിച്ചുവരുത്തി, ഉടനെ തന്നെ മരണത്തിന് ഒരുക്കമായുള്ള പ്രാർത്ഥനകൾ നടത്തി ഈശോ മറിയം യൗസേപ്പേ എന്ന സുകൃതം ജപം അച്ചൻ ആവർത്തിച്ചു ചൊല്ലി ക്രൂശിതരൂപം അദ്ദേഹം പലപ്രാവശ്യം ചുംബിച്ചു . അധികം താമസിയാതെ ഔസേപ്പച്ചന്റെ ആത്മാവ് സ്വർലോകത്തേക്ക് പറന്നുയർന്നു. 1972 ഓഗസ്റ്റ് 21 രാവിലെ 3: 30നായിരുന്നു അത്. ഒരു വിശുദ്ധ ആത്മാവ് മരിച്ചുകിടക്കുന്ന ചിത്രം അതിന്നും എൻ്റെ ഓർമ്മയിൽ തെളിഞ്ഞു നിൽക്കുന്നു.”
ഓഗസ്റ്റ് 22ന് മൃത സംസ്കാര ശുശ്രൂഷകൾക്ക് ചങ്ങനാശ്ശേരി അതിരൂപതയുടെ സഹായമെത്രാനായിരുന്ന മാർ ജോസഫ് പൗവ്വത്തിൽ മുഖ്യ കാർമ്മികത്വം വഹിച്ചു. പാലാ രൂപതയുടെ മെത്രാൻ മാർ സെബാസ്റ്റ്യൻ വയലിൽ പള്ളിയിൽ വച്ച് പരേതന്റെ ജീവിതവിശുദ്ധിയെയും വ്യക്തിത്വത്തെയും പ്രകീർത്തിച്ച് പ്രസംഗം നടത്തി. മുന്നൂറിലധികം വൈദികരും അതിലേറെ കന്യാസ്ത്രീകളും വൈദിക വിദ്യാർഥികളും അല്മായരും നാനാജാതി മതസ്ഥർ ഉൾപ്പടെ രണ്ടായിരത്തിലേറെ ജനങ്ങളും ആ പുണ്യാത്മാവിൻ്റെ അന്ത്യയാത്രക്കു സാക്ഷ്യം വഹിച്ചു.
ബഹുമാനപ്പെട്ട പറേടം അച്ചൻ്റെ ഇരുപത്തിയഞ്ചാം ചരമവാർഷികം ആചരിച്ച വേളയിൽ പാലാ രൂപത മെത്രാനായിരുന്ന മാർ ജോസഫ് പള്ളിക്കാപറമ്പിൽ ഇപ്രകാരം പറഞ്ഞു ,,അദ്ദേഹത്തെ നല്ലവണ്ണം അറിയാവുന്നവരും പരിചയക്കാരും എല്ലാം കൊച്ചച്ചൻ എന്നാണ് അദ്ദേഹത്തെ വിളിച്ചിരുന്നത്. എന്തുകൊണ്ടാണ് അദ്ദേഹത്തെ കൊച്ചച്ചൻ എന്ന് വിളിക്കുന്നത് എന്നറിയില്ല. ആകൃതിയിലും പ്രകൃതിയിലും കൊച്ചച്ചൻ ആയിരുന്നു. ജീവിതം തന്നെ ദിവ്യകാരുണ്യമാക്കി മാറ്റിയ വ്യക്തിയായിരുന്നു. പറയടത്തിൽ കൊച്ചച്ചൻ ഒരു വിശുദ്ധനായ വൈദികനായിരുന്നു തേവർ പറമ്പിൽ കുഞ്ഞച്ചന്റെതുപോലെ അധികം വൈകാതെ കൊച്ചച്ചന്റെയും നാമകരണം നടപടികൾ ആരംഭിക്കും എന്നാണ് എൻ്റെ വിശ്വാസം… അവരുടെ മഹത്വം എന്തിലാണ് അടങ്ങിയിരിക്കുന്നത് എന്ന് ചോദിച്ചാൽ ശിശുക്കളുടെ മനോഭാവത്തിലാണ്. ശിശുവിൻ്റെ നൈർമല്യം നിഷ്കളങ്കത ആശ്രയ ബോധം.”
ദിവ്യകാരുണ്യ മിഷനറി സഭയെ പാലൂട്ടി വളർത്തി പരിപോഷിച്ച അമ്മ സാന്നിധ്യമേ ഒരായിരം നന്ദി. പ്രതിസന്ധി ഘട്ടങ്ങളിൽ ദിവ്യകാരുണ്യ മിഷനറി സഭയാകുന്ന ശിശുവിനെ കരുതി വളർത്താൻ നീ സഹിച്ച ക്ലേശങ്ങൾ വർണ്ണനാതീതം. എന്തിനും ഏതിനും അങ്ങേയ്ക്കുണ്ടായിരുന്ന ഒറ്റമൂലി “ദിവ്യകാരുണ്യ ഈശോയോടുള്ള അടിപതറാത്ത ഭക്തി ” ഞങ്ങൾക്കു മാതൃകയാക്കട്ടെ .
പ്രിയ പിതാവേ , മൺപാത്രത്തിലെ നിധിപോലെ നീ പകർന്നു നൽകിയ ദിവ്യകാരുണ്യ സന്യാസ ദർശനങ്ങൾ ദൈവത്തിനും ദൈവജനത്തിനുമായി ജീവിതം സമർപ്പിക്കാൻ ഞങ്ങൾക്കു എന്നും ഉത്തേജനമാണ്. ദൈവത്തിനും സഭയ്ക്കും വേണ്ടി ശ്രേഷ്ഠമാം വിധം ആത്മാർപ്പണം ചെയ്യാനുള്ള ഉത്തമ മാർഗ്ഗമാണ് സന്യാസമെന്നു നീ ഞങ്ങളെ ജീവിതം കൊണ്ടു പഠിപ്പിച്ചു.
നന്ദി …നന്ദി….. നന്ദി


Leave a comment