❤❤ ചങ്കാണ് ഈശോ… ❤❤ ചങ്കിടിപ്പാണ് സന്യാസം… ❤❤
‘അഗ്നിയിൽ വച്ച വസ്തു അഗ്നിയായിത്തീരുന്നതുപോലെ, എന്റെ പ്രാണന്റെ പ്രാണനായ ഈശോയെ, നിത്യതയിൽ അങ്ങയോട് ഒന്നാകും വരെ എന്റെ ഹൃദയസ്പന്ദനങ്ങൾ ഓരോന്നും അങ്ങേയ്ക്കായി ത്രസിക്കട്ടെ…’
ദിവസേനയുള്ള വ്യക്തിപരമായ പ്രഭാത സമർപ്പണ പ്രാർത്ഥനയിലെ ഈ വാക്യങ്ങൾ ഉരുവിടുമ്പോൾ മനസ്സിനൊരു ഊർജമാണ്. ഉത്തേജനമാണ്. ഹൃദയം തന്നവന്റെ ഹൃദയതുടിപ്പായി മാറാൻ കഴിയുന്നതിന്റെ ആനന്ദവും… അഭിമാനവും… ഓരോ ചലനങ്ങളും അവനായി നൽകുന്നതിന്റെ ആവേശവും… അതെ, ചങ്ക് തന്നവന്റെ ചങ്ക് ആയി മാറിയവൾ… സമർപ്പിത…
ചങ്കാണ് ഈശോ… ചങ്കിടിപ്പാണ് സന്യാസം എന്നൊക്കെ ന്യൂജൻ രീതിയിൽ ആവേശത്തോടെയും വാക്ചാതുരിയോടെയും പറഞ്ഞപ്പോൾ ചിലപ്പോഴൊക്കെ അതൊരു ധ്യാന വിഷയമാക്കി. ചങ്കും ചോരയും തന്നു സ്നേഹിച്ചവന്റെ മണവാട്ടിയാണ് ഓരോ സമർപ്പിതയും. “നിന്റെ സൃഷ്ടാവാണ് നിന്റെ ഭർത്താവ്”, “എന്റെ ആത്മനാഥൻ എന്റേതാണ്. ഞാൻ അവന്റെതും”. എന്ന് തുടങ്ങിയുള്ള തിരുവചനങ്ങൾ ജീവിത ആദർശമായി സ്വീകരിക്കുന്ന സമർപ്പിതയ്ക്ക് എന്നും എപ്പോഴും ആനന്ദം നൽകുന്നതും ഒന്നു മാത്രമാണ്. ഈശോ സ്വന്തമാക്കിയതിന്റെ… ഈശോയെ സ്വന്തമാക്കിയതിന്റെ അനുഭവം…
ആത്മ മണവാളന്റെ ഓരോ ഹൃദയസ്പന്ദനങ്ങളും അവൾ മനസ്സിലാക്കണം. അതിന് അവനോട് ചേർന്നിരിക്കണം… അവന്റെ വക്ഷസ്സിൽ ചാരിയിരിക്കണം… അവന്റെ കൈകളും കാലുകളുമാവേണ്ടവളാണ് സമർപ്പിത. അവന്റെ ഓരോ ഹൃദയത്തുടിപ്പിലും അവൻ അവളോട് സംസാരിക്കുന്നു. ഹൃദയങ്ങളുടെ കൈമാറ്റം സംഭവിക്കുന്നു… 💞💞 അവൾ ഈശോയുടെ സ്വന്തം… ❤ ഈശോ അവളുടെയും… ❤
ഈ ബന്ധത്തിൽ നിന്ന് പുറപ്പെടുന്നതാണ് സമർപ്പിതയുടെ ജീവിതദൗത്യങ്ങൾ. അവന്റെ ഹൃദയ തുടിപ്പിലൂടെ അവൾ ശ്രവിച്ചവ മറ്റുള്ളവർക്ക് വേണ്ടി സ്നേഹപൂർവ്വം നിർവഹിക്കുമ്പോൾ ആത്മ നാഥന്റെ സ്നേഹം തന്നെയാണ് അവൾ പങ്കുവെക്കുന്നത്. കാരണം അവൾ വഹിക്കുന്നത് അവന്റെ ഹൃദയമാണ്… 💗 അവൾ നൽകുന്നത് അവന്റെ സ്നേഹമാണ്… 💓 അവൾ കരുതുന്നത് അവന്റെ കരമായാണ്… 💖 അവൾ കൂടെ നടക്കുന്നത് അവന്റെ പാദങ്ങളായാണ്… 💝
ഈശോയുമായുള്ള ഈ സ്നേഹ കൈമാറ്റം വഴി ജന്മം കൊടുക്കുന്ന ഓരോ ആത്മാക്കളിലൂടെയും അവൾ അമ്മയായി മാറുന്നു.. അതെ സന്യാസം ഒരിക്കലും മരിക്കുന്നില്ല… കാരണം ചങ്ക് തുറന്നു തന്നവന്റെ ചങ്കായി മാറിയവളാണ് സന്യാസിനി… അവൾ മരിച്ചാലും അവളുടെ ഹൃദയസ്പന്ദനങ്ങൾ എപ്പോഴും ആരിലൂടെ എങ്കിലും എന്നും ജീവിക്കുന്നു…
അഭിമാനത്തോടെ എല്ലാ സമർപ്പിതർക്കും പറയാൻ കഴിയട്ടെ.
ചങ്കാണ് ഈശോ.. ❤❤❤ ചങ്കിടിപ്പാണ് സന്യാസം… ❤❤



Leave a comment