ചൈനയിലെ അണ്ടർഗ്രൗണ്ട് സങ്കേതത്തിൽ വെച്ച് അവിടത്തെ ക്രിസ്ത്യാനികളോട് രഹസ്യത്തിൽ വചനം പങ്കുവെച്ച ഈ മിഷനറിയുടെ സാക്ഷ്യം ഇതിനു നിങ്ങൾ കേട്ടിട്ടുണ്ടാകാൻ സാധ്യതയുണ്ട്. നമ്മളെയെല്ലാം വിസ്മയിപ്പിച്ചുകളയുന്ന വിശ്വാസതീക്ഷ്‌ണതയാണ് മതസ്വാതന്ത്ര്യമില്ലാത്ത അവിടെ ചൈനീസ് ക്രിസ്ത്യാനികൾക്ക് കൈമുതലായുള്ളത്. അതിനെപ്പറ്റി ഒന്നുകൂടി കേട്ടാലോ.
മിഷനറി സംസാരിക്കുന്നു….
അവിടെ ക്ലാസ് 8 മണിക്ക് തുടങ്ങിയാൽ വൈകുന്നേരം 5 വരെ ഇടയിൽ ബ്രേക്ക് ഒന്നുമില്ല. ചൈനയിൽ അണ്ടർഗ്രൗണ്ടിൽ രഹസ്യത്തിൽ നടക്കാറുള്ള പ്രാർത്ഥനകൂട്ടായ്മകൾക്ക് നേതൃത്വം കൊടുക്കുന്ന 22 ലീഡർമാരാണ് ചൈനയിലെ പലയിടങ്ങളിൽ നിന്നായി ക്‌ളാസിന് വന്ന് ചുറ്റും ഇരിക്കുന്നത്. ഈ മിഷനറി അവരോട് ചോദിച്ചത്രേ ” ഇപ്പോൾ നമ്മൾ പിടിക്കപ്പെട്ടാൽ എന്താവും സംഭവിക്കുക? ” അവർ പ്രത്യേകിച്ച് ഭാവഭേദമൊന്നുമില്ലാതെ പറഞ്ഞു, “പിടിക്കപ്പെട്ടാൽ നിങ്ങളെ അവർ നാടുകടത്തും. ഞങ്ങൾ മൂന്ന് വർഷം ഇതിന്റെ പേരിൽ ജയിലിൽ കിടക്കേണ്ടി വരും. അത്രേയുള്ളൂ ” മിഷനറി ചോദിച്ചു, “നിങ്ങളിൽ എത്ര പേർ അതുപോലെ ജയിലിൽ കിടന്നിട്ടുണ്ട്?” ആകെയുള്ള ഇരുപത്തിരണ്ട് പേരിൽ പതിനെട്ടുപേർ കൈപൊക്കി!
“അതിരിക്കട്ടെ, നിങ്ങളുടെ മേൽനോട്ടത്തിൽ എത്ര അംഗങ്ങളുണ്ടാവും ഇവിടെ ഏകദേശം?” മിഷനറി ചോദിച്ചു. കുറച്ചൊന്നു കണക്കുകൂട്ടിയിട്ട് അവർ പറഞ്ഞു,’ 20 മില്യൺ ആളുകൾ കാണും!!’ മിഷനറിയുടെ കണ്ണുതള്ളി. ചൈനയിലെ ജനസംഖ്യ 1.4 ബില്ല്യണിന് മേലെയാണെന്ന് അറിയാമല്ലോ.
പിന്നീട് മിഷനറി അവർക്ക് തന്റെ കയ്യിലുണ്ടായിരുന്ന 15 ബൈബിളുകൾ വിതരണം ചെയ്തു. കുറച്ചു പേർക്ക് ബൈബിൾ കിട്ടിയില്ല. ‘നമുക്ക് 2 പത്രോസ് ഒന്നാം അധ്യായം വായിക്കാം’ എന്ന് പറഞ്ഞപ്പോൾ ഒരു സ്ത്രീ തനിക്ക് കിട്ടിയ ബൈബിൾ വേറെ ഒരാൾക്ക് കൊടുക്കുന്നത് മിഷനറി ശ്രദ്ധിച്ചു. എന്തായാലും പേജുകൾ മറിച്ച് വായിക്കാൻ തുടങ്ങിയപ്പോൾ മിഷനറിക്ക് മനസ്സിലായി, എന്തുകൊണ്ടാണ് അവൾ ബൈബിൾ വേറെ ആൾക്ക് കൊടുത്തതെന്ന്. ആ സ്ത്രീക്ക് ആ ബൈബിൾ ഭാഗങ്ങൾ ഒക്കെ മനപാഠമാണ്. അവൾ അത് മുഴുവൻ തെറ്റുകൂടാതെ പറഞ്ഞു.
പിന്നെപ്പോഴോ ഒരു ചെറിയ ബ്രേക്ക് കിട്ടിയപ്പോൾ മിഷനറി അവളോട് പറഞ്ഞു, “ആ അധ്യായം മുഴുവൻ കാണാതെ പറഞ്ഞല്ലോ”
അവൾ പറഞ്ഞു, “അതേ, ഞാൻ ബൈബിളിലെ കുറെയേറെ അധ്യായങ്ങൾ കാണാതെ പഠിച്ചിട്ടുണ്ട്”.
“എവിടെ വെച്ചാണ് പഠിച്ചത്?”
“ജയിലിൽ വെച്ച്!” അവൾ നിസ്സാരമായി പറഞ്ഞു, “നിങ്ങൾക്കറിയാമല്ലോ ജയിലിൽ വെച്ച് നമുക്ക് കുറെയേറെ സമയം വെറുതെ കിട്ടുമെന്ന് “.
“അപ്പോൾ ബൈബിൾ ജയിലധികൃതർ പിടിച്ചെടുക്കില്ലേ?”
“ഉവ്വ്. ആളുകൾ ചെറിയ പേപ്പറുകളിൽ എഴുതി കൊണ്ടുവരുന്ന അധ്യായങ്ങൾ ആണ് നമ്മൾ ഹൃദിസ്ഥമാക്കുന്നത്”.
‘അപ്പോൾ അവർ പേപ്പറുകളും പിടിച്ചെടുക്കില്ലേ?”
“ഉവ്വ്, അതുകൊണ്ട് നമ്മൾ കഴിയാവുന്നത്ര വേഗത്തിൽ അതെല്ലാം പഠിച്ചെടുക്കും. അവർക്ക് പേപ്പർ അല്ലേ നമ്മളിൽ നിന്ന് എടുക്കാൻ പറ്റൂ. നമ്മുടെ ഹൃദയത്തിലെഴുതിയ ബൈബിൾ വചനങ്ങൾ എടുത്തുകൊണ്ടു പോവാൻ കഴിയില്ലല്ലോ”.
മിഷനറി പറഞ്ഞു, ‘wow!’
അങ്ങനെ മൂന്ന് ദിവസങ്ങൾ കഴിയുമ്പോഴേക്ക് മിഷനറിക്ക് അവരെയൊക്കെ വല്ലാതെ അങ്ങ് ഇഷ്ടമായി. അയാൾ അവരോട് പറഞ്ഞു, “എനിക്ക് തിരിച്ചുപോവാനുള്ള സമയമായി. നിങ്ങൾ വളരെ നല്ല ആളുകളാണ്. ഞാൻ നിങ്ങൾക്ക് വേണ്ടി എന്ത് പ്രാർത്ഥിക്കണമെന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നത്?”
അവർ പറഞ്ഞു, “നിങ്ങൾക്ക് അമേരിക്കയിൽ ഒരു തടസ്സവുമില്ലാതെ പ്രാർത്ഥനായോഗങ്ങളും കൂട്ടായ്മകളുമൊക്കെ നടത്താൻ കഴിയുമല്ലോ” ഞങ്ങളുടെ അവസ്ഥയും നിങ്ങളുടേത് പോലെ ആവാൻ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കാമോ? “
ആൾ പറഞ്ഞു, ” ഇല്ല, ഞാൻ പ്രാർത്ഥിക്കില്ല”.
“അയ്യോ, അതെന്താ?” കുറേ കണ്ണുകൾ ആശങ്കയോടെ മിഷനറിയുടെ നേർക്ക് നീണ്ടു.
അദ്ദേഹം പറഞ്ഞു, “പറയാം. നിങ്ങൾ പതിമൂന്ന് മണിക്കൂർ ട്രെയിൻയാത്ര കഴിഞ്ഞാണ് ഇവിടേക്ക് എത്തിയത്. എന്റെ നാട്ടിൽ, പള്ളിയിലേക്ക് ഒരു മണിക്കൂർ ഡ്രൈവ് ചെയ്യാനുണ്ടെങ്കിൽ പോലും അവർ വരാറില്ല! നിങ്ങൾ മൂന്ന് ദിവസം, തടി കൊണ്ടുള്ള ഈ തറയിൽ വെറും നിലത്തിരുന്ന് വചനം കേട്ടു. എന്റെ നാട്ടിൽ, വചനസന്ദേശം 40 മിനിറ്റിൽ കൂടുതൽ ആയാൽ അവർ എപ്പോ എണീറ്റു പോയെന്ന് ചോദിച്ചാൽ മതി! ഈ പരുക്കൻ തറയിൽ, A/C ഇല്ലാതെ മൂന്ന് ദിവസം നിങ്ങൾ ചമ്രം പടിഞ്ഞിരുന്നു. എന്റെ നാട്ടിൽ, കുഷ്യനുള്ള ഇരിപ്പിടങ്ങളും A/C യുമില്ലെങ്കിൽ ആളുകൾ തിരിച്ച് പിന്നെ അവിടേക്ക് വന്നെന്ന് വരില്ല! എന്റെ നാട്ടിലെ വീടുകളിൽ മിനിമം രണ്ട് ബൈബിളുകൾ വെച്ച് ഒരു വീട്ടിൽ കാണും. പക്ഷേ അവർ അത് വായിക്കാൻ താല്പര്യം കാണിക്കാറില്ല.നിങ്ങളാണെങ്കിലോ, ഒരു ബൈബിൾ പോലുമില്ലാതെ പേപ്പർ കഷണങ്ങളിൽ നിന്ന് ബൈബിൾ മനപാഠമാക്കുന്നു…
അതുകൊണ്ട് ഞാൻ പ്രാർത്ഥിക്കില്ല നിങ്ങൾ ഞങ്ങളെപ്പോലെയാകാൻ. പക്ഷേ ഞങ്ങൾ നിങ്ങളെപ്പോലെയാകാൻ വേണ്ടി ഞാൻ പ്രാർത്ഥിക്കും!!”
എന്ത് തോന്നുന്നു കൂട്ടുകാരെ, സൗകര്യങ്ങളും അനുകൂലസാഹചര്യങ്ങളും കൂടിപ്പോയതുകൊണ്ടല്ലേ നമ്മുടെ ഇപ്പോഴത്തെ പ്രശ്നങ്ങൾ എല്ലാം?
ജിൽസ ജോയ് ![]()



Leave a comment