ദിവ്യബലിക്കു ശേഷമുള്ള പ്രാർത്ഥന
(വി. തോമസ് അക്വീനാസിന്റെ കൃതജ്ഞതാപ്രാർത്ഥന)
കർത്താവേ, സർവശക്തനും നിത്യനുമായ ദൈവമേ, ഞാൻ പാപിയും അയോഗ്യനുമായ ദാസനായിരുന്നിട്ടും എന്റെ യോഗ്യതകൊണ്ടല്ല, പിന്നെയോ, അവിടുത്തെ ദയാ കാരുണ്യവാഴ്‌വൊന്നുകൊണ്ടു മാത്രം, അങ്ങേ തിരുക്കുമാരനായ ഞങ്ങളുടെ കർത്താവീശോമിശിഹായുടെ അമൂല്യമായ തിരുശരീരരക്തങ്ങൾ കൊണ്ട് എന്നെ അങ്ങ് പോഷിപ്പിച്ചു. ഈ ദിവ്യകാരുണ്യസ്വീകരണം എന്നെ നിത്യവിധിക്കും ശിക്ഷയ്ക്കും പാത്രമാകാതെ, പാപപൊറുതിയും, നിത്യരക്ഷയും എനിക്ക് ലഭിക്കാനിടയാകട്ടെ എന്നു ഞാൻ പ്രാർത്ഥിക്കുന്നു. ഈ ദിവ്യകാരുണ്യ സ്വീകരണം വിശ്വാസത്തിന്റെ രക്ഷാകവചവും സന്മനസ്സിന്റെ പരിചയും ആയിരിക്കട്ടെ. അത് എന്നെ അധർമ്മമാർഗ്ഗങ്ങളിൽ നിന്നു വിശുദ്ധീകരിക്കുകയും തിന്മ നിറഞ്ഞ എന്റെ ആസക്തികൾക്ക് അറുതിവരുത്തുകയും ചെയ്യുമാറാകട്ടെ. അത് ദൈവസ്നേഹവും ക്ഷമയും വിനയവും വിധേയത്വവും പ്രാപിച്ചു തരികയും സൽപ്രവൃത്തികൾ ചെയ്യുന്നതിനുള്ള കഴിവിൽ എന്നെ വളർത്തുകയും ചെയ്യുമാറാകട്ടെ. ദൃശ്യവും അദൃശ്യവുമായി എന്റെ എല്ലാവിധ ശത്രുക്കൾക്കും എതിരേ നില്ക്കുന്ന ഉറപ്പേറിയ പ്രതിരോധമായി വർത്തിക്കുകയും ശാരീരികവും ആദ്ധ്യാത്മികവുമായ തിന്മനിറഞ്ഞ എല്ലാവിധ വികാരവിചാരങ്ങളെയും പരിപൂർണ്ണമായി ശമിപ്പിക്കുകയും ചെയ്യുമാറാകട്ടെ. ഈ സ്വീകരണം ഏകസത്യദൈവമായ അങ്ങയോട് എന്നെ കൂടുതൽ ദൃഢമായി ഐക്യപ്പെടുത്തുകയും മൃത്യുവിൽക്കൂടി അങ്ങയോടുകൂടെയുള്ള നിത്യഭാഗ്യത്തിലേക്ക് സുരക്ഷിതമായി നയിക്കുകയും ചെയ്യുമാറാകട്ടെ. അങ്ങയുടെ പുത്രനോടും പരിശുദ്ധാത്മാവിനോടും കൂടെ സത്യവും പൂർണ്ണവുമായ പ്രകാശവും മുഴുവൻ പൂർത്തീകരണവും നിത്യാനന്ദവുമായ അങ്ങു വാഴുന്ന സ്വർഗ്ഗീയ വിരുന്നിലേക്ക് ഈ പാപിയെക്കൂടെ നയിക്കണമേ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. അന്ത്യമില്ലാത്ത ആനന്ദമേ! അങ്ങേ വിശുദ്ധർക്ക് പരിപൂർണ്ണ സന്തോഷമായുള്ള ദൈവമേ, കർത്താവായ ക്രിസ്തു വഴി ഞാൻ സമർപ്പിക്കുന്ന പ്രാർത്ഥന കേട്ടരുളണമേ.
ആമ്മേൻ



Leave a comment