മാലാഖമാരോട് പ്രത്യേകാവശ്യങ്ങളിൽ സഹായ പ്രാർത്ഥന
A. മരണ സമയം നമ്മെ സ്വർഗ്ഗത്തിലേയ്ക്ക് കുട്ടിക്കൊണ്ടു പോകുവാൻ മാലാഖാമാരോടുളള പ്രാർത്ഥന
സ്വർഗ്ഗീയ ദൂതഗണങ്ങളേ, ഞങ്ങളുടെ മരണസമയം സാത്താൻ ഞങ്ങളെ പരീക്ഷിക്കാനും, ഞങ്ങൾക്കുവേണ്ടി വിലപേശാനും, ഭയപ്പെടുത്താനും വരുന്ന സമയം ദൈവസമക്ഷം ഞങ്ങളെ പൊതിഞ്ഞ് കാത്തുസൂക്ഷിക്കണമേ. ഞങ്ങളുടെ മരണ സമയം ഞങ്ങളെ ആശ്വസിപ്പിക്കുകയും ഞങ്ങളുടെ ആത്മാക്കളെ സ്വർഗ്ഗത്തിലേക്കാനയിക്കുകയും ചെയ്യണമേ. ഞങ്ങളിലാരെങ്കിലും പാപത്തിനും പിശാചിനും അടിമപ്പെട്ടുപോയാൽ ഞങ്ങളോടു കരുണ തോന്നി നിത്യ നരകാഗ്നിയുടെ ഭീകരത മനസ്സിലാക്കിത്തന്ന് അതിൽ നിന്നും പിന്തിരിപ്പിച്ച് സാത്താന്റെ ഉപദ്രവത്തിൽ നിന്നും ഞങ്ങളെ രക്ഷിക്കണമെന്നും ഞങ്ങൾ പ്രാർത്ഥിക്കുന്നു.
ആമ്മേൻ.
B. ക്ഷുദ്രവിദ്യ, മന്ത്രവാദം, ശാപങ്ങൾ നമ്മെ സ്പർശിക്കാതിരിക്കാൻ ദൈവദൂതന്മാരോടുളള പ്രാർത്ഥന
ഇസ്രായേൽ ജനതയെ ശപിച്ച് നശിപ്പിക്കാനായി പോയ ബാലാമിന്റെ മുന്നിൽ വാളുമേന്തി വഴിയിൽ കാത്തുനിന്ന്, അവനെ ഭീഷണിപ്പെടുത്തി അതിൽ നിന്നും പിന്തിരിപ്പിച്ച ദൈവദൂതാ, ക്ഷുദ്രവിദ്യ, മന്ത്രവാദം, കൂടോത്രം, അന്ധവിശ്വാസത്തിലേയ്ക്ക് നയിക്കുന്ന പ്രബോധനങ്ങൾ, എന്നിവയാൽ മനുഷ്യമക്കളെ ദുർബ്ബലപ്പെടുത്തുകയും നശിപ്പിക്കുകയും ചെയ്യുന്നവരെ അതിൽ നിന്നുംരക്ഷപ്പെടുത്തി നന്മ ചെയ്യാൻ ദിവ്യപ്രേരണ ലഭിക്കാനായി അവരെ സഹായിക്കണമേ.
ആമ്മേൻ.
C. ദൈവവചനം ഗ്രഹിക്കുവാൻ മാലാഖമാരോടുള്ള പ്രാർത്ഥന
എത്യോപ്യാക്കാരനായ ഷൺഡന് ദൈവവചനത്തിന്റെ ഉൾപൊരുൾ ഗ്രഹിക്കാതെ വന്നപ്പോൾ പീലിപ്പോസിനെ അവന്റെ അടുക്കൽ എത്തിച്ച് വചനം വ്യാഖ്യാനിപ്പിച്ചു കൊടുപ്പിച്ച ദൈവദൂത ഞങ്ങൾ ദൈവ വചനം വായിക്കുമ്പോൾ അവയുടെ ഉൾപ്പൊരുൾ ഗ്രഹിക്കുവാൻ ഞങ്ങളെ സഹായിക്കണമേ. കൂടാതെ വചനപ്രഘോഷണത്തിന് ദൈവം നിയോഗിച്ചവരുടെ തടസ്സങ്ങൾ മാറ്റി അനേകർക്ക് അനുതാപവും മാനസാന്തരവും നൽകി ദൈവത്തിലേക്ക് തിരിക്കുവാൻ അവരെ സഹായിക്കണമേ.
ആമ്മേൻ.
D. ദൈവീകർശനങ്ങൾ ലഭിക്കുവാൻ മാലാഖമാരോടുളള പ്രാർത്ഥന
വിശുദ്ധ ജോസഫിന് നിദ്രയിൽ ദൈവത്തിന്റെ പദ്ധതികൾ തിരിച്ചറിയാനും തന്റെ ജീവിതത്തിൽ നേരിടാനിരുന്ന അപകടങ്ങളിൽനിന്നും രക്ഷപെടാനും ദർശനം നൽകിയ ദൈവദൂതാ, ഞങ്ങളുടെ അനുദിന ജീവിതത്തിലും ദൈവത്തിന്റെ പദ്ധതികൾ അറിഞ്ഞ് പ്രവർത്തിക്കാനും സാത്താൻ ഒരുക്കുന്ന കണികളിൽ നിന്നു രക്ഷപ്പെടാനും ഞങ്ങളുടെ നിദ്രാവേളയിൽ നല്ല ദർശനങ്ങളും സ്വപ്നങ്ങളും തന്ന് ഞങ്ങളെ അപകടങ്ങളിൽ നിന്ന് കാത്തു രക്ഷിക്കുകയും ദൈവീകമായ പ്രബോധനങ്ങൾ നൽകി ഞങ്ങളെ വളർത്തുകയും ചെയ്യണമെന്ന് പ്രാർത്ഥിക്കുന്നു.
ആമ്മേൻ.
E. പരദൂഷണം, കളളസത്യം ഇവയിൽ നിന്നു രക്ഷപെടുത്തുവാൻ മാലാഖമാരോടുളള പ്രാർത്ഥന
ദാനിയേലിനെ സിംഹക്കുഴിയിലെറിഞ്ഞപ്പോൾ സിംഹം കടിച്ചു കീറാതിരിക്കാൻ സിംഹത്തിന്റെ വായ് അടപ്പിച്ച് ദൈവദൂതാ, അവിടുത്ത നീതിമാന്മാർക്ക് എതിരെ അശുദ്ധ ഭാഷണം, പരദൂഷണം, ഏഷണി, ചതി, കുറ്റം പറച്ചിൽ, കളളസത്യം എന്നിവ നടത്തുന്നവരുടെ അധരങ്ങളെ ബന്ധിക്കുകയും അവരുടെ സംസാരം എപ്പോഴും സത്യസന്ധവും, കരുണാമസൃണവും, സ്നേഹാത്മകവും ആകുന്നതിന് അവരെ സഹായിക്കുകയും ചെയ്യണമേ.
ആമ്മേൻ.
F. ജയിലിൽ നിന്നു മോചനം ലഭിക്കുവാൻ മാലാഖമാരോടുളള പ്രാർത്ഥന
വി. പത്രോസിനെയും വി. പൗലോസിനെയും കാരാഗൃഹത്തിൽ നിന്നും രക്ഷിച്ച് ദൈവദൂതന്മാരേ, ഇന്ന് ജയിലറകളിൽ കിടക്കുന്ന മനുഷ്യമക്കളെ ആ ബന്ധനത്തിൽ നിന്നും രക്ഷിക്കാനും പ്രത്യേകിച്ച് തെറ്റു ചെയ്യാതെ പീഡിപ്പിക്കപ്പെടുന്നവരെ എത്രയും വേഗം മോചിപ്പിക്കുവാനും വിവിധ തരത്തിൽ അടിച്ചമർത്തപ്പെട്ടവർക്ക് സ്വാതന്ത്ര്യം നൽകാനും കടന്നു ചെല്ലണമേ.
ആമ്മേൻ.
G. അഗ്നിപരീക്ഷകളിൽ നിന്ന് രക്ഷപ്പെടുവാൻ മാലാഖാമാരോടുള്ള പ്രർത്ഥന
ആളിക്കത്തുന്ന തീച്ചുളയിലേക്ക് എറിയപ്പെട്ട യുവാക്കള രക്ഷിക്കുവാൻ അവരുടെ കൂടെയായിരിക്കുകയും തീജ്വാലകൾ അകറ്റി തണുത്ത കാറ്റുവീശിക്കൊടുക്കുകയും ചെയ്ത ദൈവദൂതാ, സഹനത്തിന്റെ തീച്ചൂളയിൽ എരിഞ്ഞു നീറുന്ന ഞങ്ങളെല്ലാവരേയും ആശ്വസിപ്പിച്ച് ദൈവിക സാന്നിദ്ധ്യം അനുഭവമാക്കിത്തരണമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു.
ആമ്മേൻ
H. യുദ്ധം, അക്രമങ്ങൾ, കൊലപാതകങ്ങൾ എന്നിവയിൽ നിന്നും രക്ഷപ്പെടാൻ മാലാഖമാരോട് പ്രാർത്ഥന
മക്കബായരെയും, ജോഷായെയും യുദ്ധത്തിനു സഹായിക്കാൻ അശ്വാരൂഢരായി വന്ന മാലാഖമാരേ, ഇന്ന് നടമാടുന്ന യുദ്ധം, വഴക്ക്, കലാപം, കൊലപാതകം ഇവയിൽനിന്നും മനുഷ്യമക്കളെ രക്ഷിയ്ക്കുവാൻ വരണമെ. അതിനുവേണ്ടി നിർമ്മിച്ചു വച്ചിരിക്കുന്ന നശീകരണ പദാർത്ഥങ്ങളെ യേശുവിന്റെ രക്തം തളിച്ച് നിർവ്വീര്യമാക്കണമേ. അങ്ങനെ രാജ്യങ്ങളിൽ ശാന്തിയും സമാധാനവും കൈവരിക്കുവാൻ ഇടയാക്കണമേ.
ആമ്മേൻ.
I. ദൈവീക ശക്തിയാൽ ബലപ്പെടുത്തുവാൻ മാലാഖമാരോടുള്ള പ്രാർത്ഥന
ഏറ്റവും നിസ്സാരനും ദുർബ്ബലനും സാധാരണക്കാരനുമായി സ്വയം കണ്ടിരുന്ന ഗിദെയോനെ കൃഷിസ്ഥലത്ത് ചെന്ന് വിളിച്ച് ശക്തനും ധീരനുമാക്കി, ഇസ്രായേലിനെ രക്ഷിക്കാൻ ഏർപ്പെടുത്തിയ ദൈവദൂതാ, ദൈവം തന്നിരിക്കുന്ന അനവധി അമൂല്യനിധികളെ കണ്ടെത്താതെയും ദൈവഹിതം നിറവേറ്റാതെയും ജീവിതത്തെ നിസ്സാരമാക്കി തള്ളിക്കളഞ്ഞ് ജീവിക്കുന്നവരെ, ദൈവം തങ്ങളിൽ നിക്ഷേപിച്ചിരിക്കുന്ന നന്മകളെ കണ്ടെത്തി ധീരരാക്കി അവരെക്കൊണ്ട് നന്മ ചെയ്യിപ്പിക്കുകയും അനേകരെ രക്ഷിക്കാൻ അവരെ സഹായിക്കുകയും ചെയ്യണമേ.
ആമ്മേൻ.
J. വിശക്കുന്നവർക്കു ആഹാരം എത്തിച്ചു കൊടുക്കുവാൻ മാലാഖമാരോടുളള പ്രാർത്ഥന
ഏലിയപ്രവാചകൻ വനത്തിൽ ഒളിച്ച് താമസിക്കേണ്ടിവന്നപ്പോൾ വിശന്നു തളർന്ന് ഏകാകിയായിരിക്കുമ്പോൾ, ദൈവദൂതൻ വഴി അപ്പം എത്തിച്ചു കൊടുത്ത് ശക്തിപ്പെടുത്തിയ ദൈവദൂതാ, ഭക്ഷണമില്ലാതെ വിഷമിക്കുന്നവർക്ക് ആവശ്യമായ ഭക്ഷണം എത്തിച്ചു കൊടുത്ത് അവരെ സഹായിക്കണമെന്ന് പ്രാർത്ഥിക്കുന്നു.
ആമ്മേൻ.
K. സഹനശക്തി ലഭിക്കാൻ മാലാഖമാരോടുള്ള പ്രാർത്ഥന
ഗത്സെമെൻ തോട്ടത്തിൽ വച്ച് മനുഷ്യമക്കളുടെ പാപത്തിന്റെ കഠിനത മനുഷ്യരക്ഷക്കുവേണ്ടി അനുഭവിക്കാൻ പോകുന്ന പീഡാനുഭവത്തെയും ഓർത്ത് രക്തം വിയർത്തപ്പോഴും, കുരിശിൽ കിടന്നു മരിക്കുമ്പോഴും ഈശോയെ ആശ്വസിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്ത മാലാഖമാരേ, ഞങ്ങളുടെ അനുദിന ജീവതത്തിൽ അനുഭവിക്കേണ്ടിവരുന്ന ക്ലേശങ്ങളിൽ ഞങ്ങളെ ആശ്വസിപ്പിക്കുവാനും ശക്തിപ്പെടുത്തുവാനും വരണമേ.
ഞങ്ങളുടെ സഹനങ്ങൾ അനേകം ആത്മാക്കളുടെ രക്ഷക്കുവേണ്ടി ദൈവസമക്ഷം സമർപ്പിക്കണമേ.
ആമ്മേൻ.
L. പഠനം, പരീക്ഷയ്ക്ക് – നല്ല വിജയം ലഭിക്കുവാൻ
എന്റെ കാവൽ മാലാഖയേ, എന്നെ പഠിപ്പിക്കുന്ന എല്ലാ അദ്ധ്യാപകരുടെയും കാവൽ മാലാഖമാരെ വണങ്ങണമേ . അവരുടെ കാവൽ മാലാഖമാരെക്കൊണ്ട് ഞങ്ങൾക്ക് മനസ്സിലാകുന്ന രീതിയിൽ ക്ലാസ്സുകൾ തരുവിപ്പിക്കണമേ . അവ നന്നായി പഠിക്കുവാൻ ഞങ്ങളെ സഹായിക്കണമേ. പരീക്ഷകളിൽ എല്ലാ ചോദ്യത്തിനും ഉത്തരം എന്നെഓർമ്മിപ്പിച്ചു തരണമേ, കൂടാതെ എന്റെ പരീക്ഷാ പേപ്പർ നോക്കുന്ന അധ്യാപകന്റെ കാവൽ മാലാഖയെ വണങ്ങി, അവരെക്കൊണ്ട് നല്ല മാർക്ക് തന്ന് വിജയിപ്പിക്കുവാൻ പ്രേരിപ്പിക്കുകയും ചെയ്യണമേ.
ആമ്മേൻ.
M. നല്ല മരണം ലഭിക്കാൻ മാലാഖമാരോടുള്ള പ്രാർത്ഥന
ദാതാവായ ദൈവം ഞങ്ങൾക്കു കടമായി തന്ന ആത്മാവിനെ മരണസമയം കൂട്ടിക്കൊണ്ടു പോകുവാനായി ഏല്പ്പിക്കപ്പെട്ട ദൈവദൂതന്മാരേ, ഞങ്ങളുടെ മരണസമയം ഞങ്ങളുടെ അടുത്തുവന്ന് ഞങ്ങളെ ഭയപ്പെടുത്താനും പരീക്ഷിക്കാനും വരുന്ന പിശാചിന്റെ പിടിയിൽനിന്ന് ഞങ്ങളെ രക്ഷിക്കണമേ. ഞങ്ങളെ സ്വർഗ്ഗത്തിലേക്കു നയിക്കുവാൻ പ്രത്യേകം നിയോഗിക്കപ്പെട്ട മാലാഖമാരേ, ഞങ്ങൾക്കു വന്നു പോയ വീഴ്ചകളെയും, പാപങ്ങളെയും ഓർത്ത് അനുതപിച്ച് നല്ലമരണത്തിനൊരുക്കി സ്വർഗ്ഗത്തിലേക്ക് ഞങ്ങളെ കുട്ടിക്കൊണ്ടുപോകണമേ. ഈ ഭൂമിയിലെ വാസം താല്ക്കാലികമാണെന്നു മനസ്സിലാക്കി വരുവാനിരിക്കുന്ന സ്വർഗ്ഗീയ സൗഭാഗ്യത്തിന്റെ മഹത്വത്തെക്കുറിച്ച് ധ്യാനിച്ച് ഓരോ നിമിഷവും ദൈവകല്പനകൾ പാലിച്ച് തിരുവചനത്തിലൂടെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ അനുസരിച്ചു കൊണ്ട് സ്വർഗ്ഗീയ സൗഭാഗ്യത്തിലെത്തിച്ചേരുവാൻ ഞങ്ങളെ സഹായിക്കണമേ. സ്വർഗ്ഗം മുഴുവനും ഞങ്ങളെ എതിരേൽക്കാൻ വരുമ്പോൾ സന്തോഷത്തോടെ സ്വർഗ്ഗരാജ്യം സ്വീകരിക്കാൻ ഞങ്ങൾക്കിടയാകട്ടെ. ഞങ്ങളെ സൂക്ഷിക്കാനേല്പ്പിച്ച കാവൽ മാലാഖയേ, ഞങ്ങളെ എപ്പോഴും അങ്ങയുടെ ചിറകിൻകീഴിൽ സംരക്ഷിക്കണമേ,
ആമ്മേൻ.
1 സ്വ. 1 നന്മ. 1ത്രീത്വ



Leave a reply to Sobin Francis Cancel reply