എവിടെയാണ് നിന്റെ ദൈവം?

താലന്തും ദനാറയും തമ്മിൽ എത്ര വ്യത്യാസം ഉണ്ടെന്നറിയുമോ? ഒരു താലന്തിന്റെ മൂല്യം 6,000 ദനാറയോളം ആണെന്നാണ് പറയുന്നത്. ഒരു ദിവസം മുഴുവൻ പണി എടുത്താൽ കിട്ടുന്നത് ഒരു ദനാറ ആയിരുന്നു. അങ്ങനെയാണെങ്കിൽ ആഴ്ചയിൽ 6 ദിവസം പണിയുണ്ടെങ്കിൽ ഇരുപത് കൊല്ലത്തോളം പണി എടുത്താലാണ് ഒരു താലന്ത് ആകുന്നത്. അപ്പോൾ 10,000 താലന്ത് എത്ര വലിയ തുക ആണെന്ന് ആലോചിച്ചു നോക്കു. 165,000 കൊല്ലങ്ങൾക്കടുത്ത് പണി ചെയ്‌താൽ വീട്ടാൻ കഴിയുന്ന തുക! ചിന്തിക്കാൻ പോലും കഴിയാത്തത്ര വലിയ ആ തുകയാണ് ആ രാജാവ് തന്റെ കടക്കാരനായിരുന്ന സേവകന് ഇളവ് ചെയ്ത് കൊടുത്തത്.

അത്രയും വലിയൊരു തുക waive ചെയ്തതിലൂടെ സ്വർഗ്ഗസ്ഥനായ പിതാവിന്റെ അനന്തകാരുണ്യമാണ് ഈശോ വരച്ചു കാട്ടിയത്. എന്നിട്ട് ആ സേവകൻ പുറത്തിറങ്ങിയിട്ട് ചെയ്തതോ, കഷ്ടി മൂന്ന് മാസത്തെ പണിക്കൂലിയായ 100 ദനാറ കൊടുക്കാനുണ്ടായിരുന്ന തന്റെ പണിക്കാരനെ, അത് കൊടുക്കാനുള്ള വഴിയില്ലാതിരുന്നതിനാൽ ജയിലിലടച്ചു. നമ്മുടെ വലിയ വലിയ തെറ്റുകൾ ദൈവം ക്ഷമിക്കുമ്പോഴും നമ്മുടെ സഹജീവികളുടെ ചെറിയ തെറ്റുകൾ, അശ്രദ്ധകൾ, മനപൂർവ്വമല്ലാതെ നമുക്ക് വന്നുചേരുന്ന ബുദ്ധിമുട്ടുകൾ ഒന്ന് tolerate ചെയ്യാൻ നമുക്ക് പറ്റുന്നില്ല. സ്വന്തം കൂടപ്പിറപ്പിനോട് പോലും വർഷങ്ങളായി മിണ്ടാൻ സാധിക്കാത്ത എത്രയോ പേർ. നമ്മുടെ ആത്മാവ് നഷ്ടപ്പെട്ടിട്ടില്ലെങ്കിൽ ബാക്കി ഒരു നഷ്ടവും അത്ര വലിയ നഷ്ടമല്ല, I mean പണം, അഭിമാനം മുതലായവ. എന്തായാലും ഒരിക്കൽ ഇതൊക്കെ ഇവിടെ ഭൂമിയിൽ വിട്ട് പോവാനുള്ളതല്ലേ? ആത്മാവാണ് ഒരിക്കലും നഷ്ടപ്പെട്ടുകൂടാത്തത്. ക്ഷമിക്കാൻ സാധിക്കാത്ത കഠിനഹൃദയത്തിലൂടെ ഒരുപക്ഷെ നമ്മൾ നഷ്ടപ്പെടുത്തുന്നതും അതായിരിക്കാം.

ചിലരുടെ മുൻകോപം എത്രയോ വീടുകളെ നരകമാക്കുന്നു. മുൻകോപം അടക്കാൻ തനിക്ക് സാധിക്കില്ലെന്നൊക്കെ സ്വയം ന്യായീകരിക്കുന്നത് വെറുതെയാണ് ഭാര്യയോടും മക്കളോടും ചൂടാവുന്ന പോലെ അവരുടെ ജോലിസ്ഥലത്തെ മേലധികാരികളോട് ചൂടാവുമോ? അതുപോലെ, ചില പിടിവാശികളുടെ പേരിൽ വീട്ടിലെ സമാധാനം കളയുന്ന സ്ത്രീകളുമുണ്ട്. ഒന്ന് കണ്ണടച്ചാൽ, ‘പോട്ടെ, സാരമില്ല ‘ എന്ന് വെച്ചാൽ വീട്ടിലെ സമാധാനം പോവാതിരിക്കില്ലേ?

‘ശാന്തശീലർ ഭാഗ്യവാന്മാർ ; അവർ ഭൂമി അവകാശമാക്കും…’ കരുണയുള്ളവർ ഭാഗ്യവാന്മാർ; അവർക്ക് കരുണ ലഭിക്കും’… ‘സമാധാനം സ്ഥാപിക്കുന്നവർ ഭാഗ്യവാന്മാർ; അവർ ദൈവപുത്രന്മാരെന്ന് വിളിക്കപ്പെടും’. ക്ഷമാശീലം, കരുണ, സമാധാനപ്രിയം (ഇതെല്ലാം തോളോട് തോൾ ചേർന്ന് നിൽക്കുന്നതാണല്ലോ) ഇതെല്ലാം നിർദ്ദയനായ ഭൃത്യന്‍റെ ഉപമയുടെ extension പോലെയാണ്. പക്ഷേ ചുമ്മാ ഇതെല്ലാം അങ്ങ് വരുമോ? ദൈവം ഉള്ളിൽ നിറയുമ്പോഴേ ദൈവത്തിന്റെ ചെയ്തികൾ പ്രകടമാവൂ. കരുണ നമ്മുടെ ഉള്ളിലുണ്ട് എന്ന് പറയണമെങ്കിൽ, ദൈവം അവരോട് എങ്ങനെ പെരുമാറുമോ, ദൈവം അവരെക്കുറിച്ച് എങ്ങനെ ചിന്തിക്കുമോ, അതെല്ലാം നമുക്കും പറ്റണം. ഈശോ പഠിപ്പിച്ച പ്രാർത്ഥനയിലെ കണ്ടീഷൻ പോലെ മറ്റുള്ളവരുടെ തെറ്റുകൾ ക്ഷമിക്കാത്തവർക്ക് ദൈവത്തിന്റെ കാരുണ്യം പ്രതീക്ഷിക്കാമോ?

നമ്മളും അവനെപ്പോലെ ഹൃദയത്തിൽ നിന്ന് ക്ഷമിക്കണമെന്ന് അവൻ ആഗ്രഹിക്കുന്നു. അത് അസാധ്യമാണെന്ന് നമ്മൾ പറയുമെന്ന് അവന് അറിയാവുന്നതുകൊണ്ട് അത് എന്തുകൊണ്ട് സാധ്യമാവണം എന്ന് കാണിക്കാനാണ് ഈ ഉപമ പറഞ്ഞത്. ക്ഷമിക്കാൻ നമുക്ക് സാധിക്കാത്തപ്പോൾ അതിന് വേണ്ട അനുഗ്രഹം ചോദിച്ചാൽ ഒരു പിശുക്കും ഇല്ലാതെ ചൊരിയുന്നവനാണ് അവൻ.ക്ഷമിക്കാൻ കഴിയുമ്പോഴാണ് വെറുപ്പിന്റെ ചട്ടക്കൂടിനാൽ നമ്മൾ തന്നെ ഉണ്ടാക്കിയ കൂട്ടിൽ നിന്ന് നമ്മൾ സ്വതന്ത്രമാവുന്നത്. സ്വർഗ്ഗസ്ഥനായ പിതാവിന്റെ മക്കൾ ആകുന്നത്.

സഹാനുഭൂതിയിൽ മക്കൾക്ക് മാതൃക ആയിരിക്കാം. അവർ മറ്റുള്ളവരെ സഹായിച്ചെന്ന് പറയുമ്പോൾ, ‘നിന്റെ പഠിക്കുന്ന സമയം അത്രയും നഷ്ടപ്പെട്ടില്ലേ?’ എന്ന് ചീത്ത പറയുന്ന മാതാപിതാക്കൾ ആകാതെ അവരെ അഭിനന്ദിക്കാം, പ്രോത്സാഹിപ്പിക്കാം. മറ്റുള്ളവരുടെ വേദനയിൽ വിങ്ങുന്ന, മറ്റുള്ളവരോട് ദയയില്ലാതെ പെരുമാറുമ്പോൾ അവരുടെ ഹൃദയം എത്ര വിങ്ങും എന്ന് അറിയാവുന്ന ഒരു ഹൃദയത്തിന്റെ ഉടമ ആകുന്നത് എത്ര നല്ല കാര്യമാണ്.

റഷ്യൻ തടങ്കൽ പാളയത്തിൽ ഒരു ക്രിസ്തീയവിശ്വാസിയുടെ തലക്ക് അടിച്ചുകൊണ്ട് ഒരാൾ ചോദിച്ചത്രേ, “പറയൂ, ഇപ്പോൾ എവിടെയാണ് നിന്റെ ദൈവം?”

അയാൾ പറഞ്ഞു, ” സ്നേഹിതാ, നിന്റെയും എന്റെയും ഹൃദയത്തിൽ അവിടുന്ന് വസിക്കുന്നു “. വീണ്ടും തലക്കടിച്ചു കൊണ്ട് മർദ്ദകൻ ചോദിച്ചു, ” അതിനെന്താണ് തെളിവ്?” ആ വിശ്വാസി പറഞ്ഞു, സ്നേഹിതാ, നിങ്ങൾ എന്റെ തലക്കടിക്കുന്ന സമയത്തും നിങ്ങളെ സ്നേഹിക്കാൻ എനിക്ക് ലഭിക്കുന്ന ശക്തി തന്നെ തെളിവ് “. മർദ്ദിച്ചിരുന്ന ആൾ മാനസാന്തരപ്പെട്ട് ഒരു സുവിശേഷപ്രഘോഷകൻ ആയത്രേ. വേദനിപ്പിക്കുന്നവരോട് ക്ഷമിക്കണമേ എന്ന് യേശുവിനെപ്പോലെ ആത്മാർത്ഥമായി പറയുന്നിടത്തെല്ലാം മാനസാന്തരമുണ്ടാകും.

വിശുദ്ധ ഫ്രാൻസിസ് സാലസ് പറഞ്ഞ പോലെ, ‘We catch flies with honey and not with vinegar’

ജിൽസ ജോയ് ✍️

Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment