ചെറിയ വേദോപദേശം | Cheriya Vedopadesham | Namaskarangal | Little Catechism | Cheriya Vedapdam | ചെറിയ വേദപാഠം

  1. കുരിശടയാളം (ചെറുത്)

പിതാവിന്റെയും പുത്രന്റെയും + പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ആമ്മേൻ

കുരിശടയാളം (വലുത്)

വിശുദ്ധ കുരിശിന്റെ + അടയാളത്താൽ ഞങ്ങളുടെ + ശത്രുക്കളിൽ നിന്നു ഞങ്ങളെ രക്ഷിക്കണമേ + ഞങ്ങളുടെ തമ്പുരാനേ! പിതാവിന്റെയും പുത്രന്റെയും + പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ആമ്മേൻ.

  1. സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ

സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പൂജിതമാകണമേ; അങ്ങയുടെ രാജ്യം വരണമേ; അങ്ങയുടെ തിരുമനസ്സ് സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ.

അന്നന്നുവേണ്ട ആഹാരം ഇന്നു ഞങ്ങൾക്കു തരണമേ; ഞങ്ങളോടു തെറ്റുചെയ്യുന്നവരോട് ഞങ്ങൾ ക്ഷമിച്ചതുപോലെ ഞങ്ങളുടെ തെറ്റുകൾ ഞങ്ങളോടും ക്ഷമിക്കണമേ. ഞങ്ങൾ പ്രലോഭനത്തിൽ വീഴാൻ ഇടയാകരുതേ. തിന്മയിൽ നിന്നു ഞങ്ങളെ രക്ഷിക്കണമേ. ആമ്മേൻ.

  1. നന്മ നിറഞ്ഞ മറിയം

നന്മ നിറഞ്ഞ മറിയമേ സ്വസ്തി! കർത്താവ് അങ്ങയോടുകൂടെ; സ്ത്രീകളിൽ അങ്ങ് അനുഗ്രഹിക്കപ്പെട്ടവളാകുന്നു. അങ്ങയുടെ ഉദരത്തിന്റെ ഫലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവനാകുന്നു.

പരിശുദ്ധ മറിയമേ, തമ്പുരാന്റെ അമ്മേ, പാപികളായ ഞങ്ങൾക്കുവേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിക്കണമേ. ആമ്മേൻ.

  1. ത്രിത്വസ്തുതി

പിതാവിനും പുത്രനും + പരിശുദ്ധാത്മാവിനും സ്തുതി. ആദിയിലെപ്പോലെ ഇപ്പോഴും എപ്പോഴും എന്നേയ്ക്കും. ആമ്മേൻ.

  1. നിഖ്യാ വിശ്വാസ പ്രമാണം

സർവ്വശക്തനും പിതാവുമായ ഏക ദൈവത്തിൽ ഞങ്ങൾ വിശ്വസിക്കുന്നു.

ദൃശ്യവും അദൃശ്യവുമായ സകലത്തിന്റെയും സ്രഷ്ടാവിൽ ഞങ്ങൾ വിശ്വസിക്കുന്നു. ദൈവത്തിന്റെ ഏക പുത്രനും സകല സൃഷ്ടികൾക്കും മുമ്പുള്ള ആദ്യജാതനും / യുഗങ്ങൾക്കെല്ലാം മുമ്പ് പിതാവിൽ നിന്നും ജനിച്ചവനും എന്നാൽ സൃഷ്ടിക്കപ്പെടാത്തവനും / ഏക കർത്താവുമായ ഈശോമിശിഹായിൽ ഞങ്ങൾ വിശ്വസിക്കുന്നു. / അവിടുന്ന് സത്യദൈവത്തിൽ നിന്നുള്ള സത്യദൈവവും / പിതാവിനോടുകൂടെ ഏക സത്തയുമാകുന്നു. അവിടുന്നു വഴി പ്രപഞ്ചം സംവിധാനം ചെയ്യപ്പെടുകയും / എല്ലാം സൃഷ്ടിക്കപ്പെടുകയും ചെയ്തു. മനുഷ്യരായ നമുക്കു വേണ്ടിയും നമ്മുടെ രക്ഷയ്ക്കു വേണ്ടിയും / അവിടുന്ന് സ്വർഗ്ഗത്തിൽ നിന്നിറങ്ങി പരിശുദ്ധാത്മാവിനാൽ കന്യകാമറിയത്തിൽ നിന്ന് ശരീരം സ്വീകരിച്ച് / മനുഷ്യനായി പിറന്നു പന്തിയോസ് പീലാത്തോസിന്റെ കാലത്തു / പീഢകൾ സഹിക്കുകയും / സ്ലീവായിൽ തറയ്ക്കപ്പെട്ട് മരിക്കുകയും / സംസ്ക്കരിക്കപ്പെടുകയും എഴുതപ്പെട്ടിരിക്കുന്നതു പോലെ മൂന്നാം ദിവസം ഉയിർത്തെഴുന്നേല്ക്കുകയും ചെയ്തു. അവിടുന്ന് സ്വർഗ്ഗത്തിലേയ്ക്ക് എഴുന്നള്ളി, / പിതാവിന്റെ വലതുഭാഗത്തിരിക്കുന്നു. മരിച്ചവരെയും ജീവിക്കുന്നവരെയും വിധിക്കുവാൻ അവിടുന്ന് വീണ്ടും വരുവാനിരിക്കുന്നു. പിതാവിൽ നിന്നും പുത്രനിൽ നിന്നും – പുറപ്പെടുന്ന സത്യാത്മാവും ജീവദാതാവുമായ ഏക പരിശുദ്ധാത്മാവിലും ഞങ്ങൾ വിശ്വസിക്കുന്നു. / ഏകവും പരിശുദ്ധവും / ശ്ലൈഹികവും / സാർവ്വത്രികവുമായ സഭയിലും / ഞങ്ങൾ വിശ്വസിക്കുന്നു. / പാപമോചനത്തിനുള്ള ഏക മാമ്മോദീസായും ശരീരത്തിന്റെ ഉയിർപ്പും / നിത്യായുസ്സും ഞങ്ങൾ ഏറ്റുപറയുകയും ചെയ്യുന്നു. ആമ്മേൻ.

  1. ശ്ലീഹന്മാരുടെ വിശ്വാസ പ്രമാണം

സർവ്വശക്തനായ പിതാവും ആകാശത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവുമായ ദൈവത്തിൽ ഞാൻ വിശ്വസിക്കുന്നു. അവിടുത്തെ ഏകപുത്രനും ഞങ്ങളുടെ കർത്താവുമായ ഈശോമിശിഹായിലും ഞാൻ വിശ്വസിക്കുന്നു. ഈ പുത്രൻ പരിശുദ്ധാത്മാവാൽ ഗർഭസ്ഥനായി കന്യകാമറിയത്തിൽ നിന്നു പിറന്ന് പന്തിയോസ് പീലാത്തോസിന്റെ കാലത്ത് പീഢകൾ സഹിച്ച് കുരിശിൽ തറയ്ക്കപ്പെട്ട് മരിച്ച് അടക്കപ്പെട്ടു; പാതാളങ്ങളിൽ ഇറങ്ങി, മരിച്ചവരുടെ ഇടയിൽ നിന്ന് മൂന്നാം നാൾ ഉയിർത്തു; സ്വർഗ്ഗത്തിലേയ്ക്കെഴുന്നള്ളി സർവ്വശക്തിയുള്ള പിതാവായ ദൈവത്തിന്റെ വലതു ഭാഗത്ത് ഇരിക്കുന്നു. അവിടെ നിന്ന് ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കാൻ വരുമെന്നും ഞാൻ വിശ്വസിക്കുന്നു. പരിശുദ്ധാത്മാവിലും ഞാൻ വിശ്വസിക്കുന്നു. വിശുദ്ധ കത്തോലിക്കാ സഭയിലും, പുണ്യവാന്മാരുടെ ഐക്യത്തിലും, പാപങ്ങളുടെ മോചനത്തിലും, ശരീരത്തിന്റെ ഉയിർപ്പിലും, നിത്യമായ ജീവിതത്തിലും, ഞാൻ വിശ്വസിക്കുന്നു. ആമ്മേൻ.

  1. ത്രികാല ജപങ്ങൾ

a. സാധാരണ ത്രികാല ജപം

കർത്താവിന്റെ മാലാഖ പരിശുദ്ധ മറിയത്തോടു വചിച്ചു. പരിശുദ്ധാത്മാവാൽ മറിയം ഗർഭം ധരിച്ചു. 1 നന്മ.

ഇതാ, കർത്താവിന്റെ ദാസി നിന്റെ വചനം പോലെ എന്നിലാകട്ടെ. 1 നന്മ.

വചനം മാംസമായി നമ്മുടെ ഇടയിൽ വസിച്ചു. 1 നന്മ.

ഈശോമിശിഹായുടെ വാഗ്ദാനങ്ങൾക്ക് ഞങ്ങൾ യോഗ്യരാകുവാൻ

സർവ്വേശ്വരന്റെ പരിശുദ്ധ മാതാവേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമെ.

പ്രാർത്ഥിക്കാം

സർവ്വേശ്വരാ, മാലാഖയുടെ സന്ദേശത്താൽ അങ്ങയുടെ പുത്രനായ ഈശോമിശിഹായുടെ മനുഷ്യാവതാര വാർത്ത അറിഞ്ഞിരിക്കുന്ന ഞങ്ങൾ അവിടുത്തെ പീഢാനുഭവവും കുരിശു മരണവും മുഖേന ഉയിർപ്പിന്റെ മഹിമ പ്രാപിക്കാൻ അനുഗ്രഹിക്കണമേ എന്നു ഞങ്ങളുടെ കർത്താവായ ഈശോമിശിഹാവഴി അങ്ങയോടു ഞങ്ങൾ അപേക്ഷിക്കുന്നു. ആമ്മേൻ.

3 ത്രിത്വസ്തുതി.

b. വിശുദ്ധവാര ത്രികാല ജപം

(വലിയ ബുധനാഴ്ച സായാഹ്നം മുതൽ ദുഃഖശനിയാഴ്ച വരെ ചൊല്ലേണ്ടത്)

മിശിഹാ നമുക്കു വേണ്ടി മരണത്തോളം കീഴ്വഴങ്ങി. അതെ, അവിടുന്നു കുരിശു മരണത്തോളം കീഴ് വഴങ്ങി. അതിനാൽ സർവ്വേശ്വരൻ അവിടുത്തെ ഉയർത്തി. എല്ലാ നാമത്തെയുംകാൾ ഉന്നതമായ നാമം അവിടുത്തേയ്ക്കു നല്കി.

1 സ്വർഗ്ഗ.

പ്രാർത്ഥിക്കാം

സർവ്വേശ്വരാ, ഞങ്ങളുടെ കർത്താവായ ഈശോമിശിഹാ മർദ്ദകരുടെ കരങ്ങളിൽ ഏല്പിക്കപ്പെട്ട് കുരിശിലെ പീഢകൾ സഹിച്ചു രക്ഷിച്ച ഈ കുടുംബത്തെ തൃക്കൺ പാർക്കണമേ എന്ന് അങ്ങയോടുകൂടി എന്നേയ്ക്കും ജീവിച്ചു വാഴുന്ന ഞങ്ങളുടെ കർത്താവ് ഈശോമിശിഹാവഴി അങ്ങയോടു ഞങ്ങൾ അപേക്ഷിക്കുന്നു. ആമ്മേൻ.

c. പെസഹാക്കാല ത്രികാല ജപം

(ഉയിർപ്പു ഞായറാഴ്ച മുതൽ പരിശുദ്ധ ത്രിത്വത്തിന്റെ ഞായറാഴ്ച വരെ ചൊല്ലേണ്ടത്)

സ്വർല്ലോക രാജ്ഞീ ആനന്ദിച്ചാലും!

ഹല്ലേലുയ്യ

എന്തെന്നാൽ ഭാഗ്യവതിയായ അങ്ങയുടെ തിരുവുദരത്തിൽ അവതരിച്ചയാൾ.

ഹല്ലേലുയ്യ

അരുളിച്ചെയ്തതുപോലെ ഉയിർത്തെഴുന്നേറ്റു.

ഹല്ലേലുയ്യ

ഞങ്ങൾക്കുവേണ്ടി സർവ്വേശ്വരനോടു പ്രാർത്ഥിക്കണമേ.

ഹല്ലേലുയ്യ

കന്യകാമറിയമേ ആമോദിച്ചാനന്ദിച്ചാലും.

ഹല്ലേലൂയ്യ

എന്തെന്നാൽ കർത്താവു സത്യമായി ഉയിത്തെഴുന്നേറ്റു.

ഹല്ലേലൂയ്യ

പ്രാർത്ഥിക്കാം

സർവ്വേശ്വരാ, അങ്ങയുടെ പുത്രനും ഞങ്ങളുടെ കർത്താവുമായ ഈശോമിശിഹായുടെ ഉത്ഥാനത്താൽ ലോകത്തെ ആനന്ദിപ്പിക്കുവാൻ അങ്ങു തിരുമനസ്സായല്ലോ. അവിടുത്തെ മാതാവായ കന്യകാമറിയം മുഖേന ഞങ്ങൾ നിത്യാനന്ദം പ്രാപിക്കുവാൻ അനുഗ്രഹം നല്കണമേ എന്ന്, അങ്ങയോടു ഞങ്ങളപേക്ഷിക്കുന്നു. ആമ്മേൻ.

  1. എത്രയും ദയയുള്ള മാതാവേ

എത്രയും ദയയുള്ള മാതാവേ! നിന്റെ സങ്കേതത്തിൽ ഓടി വന്നു നിന്റെ സഹായം തേടി നിന്റെ മാദ്ധ്യസ്ഥം അപേക്ഷിച്ചവരിൽ ഒരുവനെയെങ്കിലും നീ ഉപേക്ഷിച്ചതായി കേട്ടിട്ടില്ല എന്നു നീ ഓർക്കണമേ.കന്യകകളുടെ രാജ്ഞിയായ കന്യകേ, ദയയുള്ള മാതാവേ, ഈ വിശ്വാസത്താൽ ധൈര്യപ്പെട്ടു നിന്റെ തൃപ്പാദത്തിങ്കൽ ഞാൻ അണയുന്നു. നെടുവീർപ്പിട്ടു കണ്ണുനീർ ചിന്തി പാപിയായ ഞാൻ നിന്റെ ദയാധിക്യത്തെ കാത്തുകൊണ്ട് നിന്റെ സന്നിധിയിൽ നില്ക്കുന്നു. അവതരിച്ച വചനത്തിന്റെ മാതാവേ, എന്റെ അപേക്ഷ ഉപേക്ഷിക്കാതെ ദയാപൂർവ്വം
കേട്ടരുളണമേ. ആമ്മേൻ.

  1. പരിശുദ്ധ രാജ്ഞി (രാജകന്യകേ)

പരിശുദ്ധ രാജ്ഞീ, കരുണയുടെ മാതാവേ, സ്വസ്തി. ഞങ്ങളുടെ ജീവനും മാധുര്യവും ശരണവുമേ, സ്വസ്തി. ഹവ്വായുടെ പുറന്തള്ളപ്പെട്ട മക്കളായ ഞങ്ങൾ അങ്ങേ പക്കൽ നിലവിളിക്കുന്നു. കണ്ണുനീരിന്റെ ഈ താഴ് വരയിൽ നിന്ന് വിങ്ങിക്കരഞ്ഞ് അങ്ങേ പക്കൽ ഞങ്ങൾ നെടുവീർപ്പിടുന്നു. ആകയാൽ ഞങ്ങളുടെ മദ്ധ്യസ്ഥേ അങ്ങയുടെ കരുണയുള്ള കണ്ണുകൾ ഞങ്ങളുടെ നേരേ തിരിക്കണമേ. ഞങ്ങളുടെ ഈ പ്രവാസത്തിനുശേഷം അങ്ങയുടെ ഉദരത്തിന്റെ അനുഗൃഹീത ഫലമായ ഈശോയെ ഞങ്ങൾക്ക് കാണിച്ചു തരണമേ. കരുണയും വാത്സല്യവും മാധുര്യവും നിറഞ്ഞ കന്യകാമറിയമേ, ആമ്മേൻ.

10. ദൈവ കല്പനകൾ: പത്ത്

1) നിന്റെ കർത്താവായ ദൈവം ഞാനാകുന്നു. ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത്.
2) ദൈവത്തിന്റെ തിരുനാമം വൃഥാ പ്രയോഗിക്കരുത്.
3) കർത്താവിന്റെ ദിവസം പരിശുദ്ധമായി ആചരിക്കണം.
4) മാതാപിതാക്കൻമാരെ ബഹുമാനിക്കണം.
5) കൊല്ലരുത്.
6) വ്യഭിചാരം ചെയ്യരുത്.
7) മോഷ്ടിക്കരുത്.
8) കള്ളസാക്ഷി പറയരുത്.
9) അന്യന്റെ ഭാര്യയെ മോഹിക്കരുത്.
10) അന്യന്റെ വസ്തുക്കൾ മോഹിക്കരുത്.

ഈ പത്തു കല്പനകൾ രണ്ടു കല്പനകളിൽ സംഗ്രഹിക്കാം.

1) എല്ലാറ്റിലും ഉപരിയായി ദൈവത്തെ സ്നേഹിക്കണം.
2) തന്നെപ്പോലെ മറ്റുള്ളവരെയും സ്നേഹിക്കണം.

  1. തിരുസഭയുടെ കല്പനകൾ: അഞ്ച്

1) ഞായറാഴ്ചകളിലും കടപ്പെട്ട തിരുനാളുകളിലും മുഴുവൻ കുർബ്ബാനയിൽ പങ്കുകൊള്ളണം. ആ ദിവസങ്ങളിൽ വിലക്കപ്പെട്ട വേലകൾ ചെയ്യുകയുമരുത്.
2) ആണ്ടിലൊരിക്കലെങ്കിലും കുമ്പസാരിക്കുകയും പെസഹാക്കാലത്ത് പരിശുദ്ധ കുർബ്ബാന ഉൾക്കൊള്ളുകയും ചെയ്യണം.
3) നിശ്ചയിക്കപ്പെട്ട ദിവസങ്ങളിൽ ഉപവസിക്കുകയും വിലക്കപ്പെട്ട ഭക്ഷണ സാധനങ്ങൾ വർജ്ജിക്കുകയും ചെയ്യണം.
4) വിലക്കപ്പെട്ട കാലത്ത് വിവാഹം ആഘോഷിക്കുകയോ തിരുസഭ വിലക്കിയിരിക്കുന്ന ആളുകളുമായി വിവാഹം നടത്തുകയോ ചെയ്യരുത്.
5) ദൈവാലയത്തിനും ദൈവശുശ്രൂഷകർക്കും വൈദികാദ്ധ്യക്ഷൻ നിശ്ചയിച്ചിട്ടുള്ള പതവാരവും മറ്റ് ഓഹരികളും കൊടുക്കണം.

  1. കൂദാശകൾ : ഏഴ്

1) മാമ്മോദീസ (ജ്ഞാനസ്നാനം)
2) തൈലാഭിഷേകം (സൈര്യലേപനം) } പ്രവേശക കൂദാശകൾ
3) കുർബാന (ദിവ്യകാരുണ്യം)
4) കുമ്പസാരം (അനുരഞ്ജനം)
5) രോഗീലേപനം
6) തിരുപ്പട്ടം (പൗരോഹിത്യം)
7) വിവാഹം

  1. അനുരഞ്ജന കൂദാശയ്ക്ക് (കുമ്പസാരത്തിന്) ആവശ്യമായ കാര്യങ്ങൾ : അഞ്ച്

1) പാപങ്ങളെല്ലാം ക്രമമായി ഓർക്കുന്നത്.
2) പാപങ്ങളെക്കുറിച്ച് പശ്ചാത്തപിക്കുന്നത്.
3) മേലിൽ പാപം ചെയ്യുകയില്ലെന്ന് പ്രതിജ്ഞ ചെയ്യുന്നത്.
4) ചെയ്തു പോയ മാരക പാപങ്ങളെങ്കിലും വൈദികനെ അറിയിക്കുന്നത്.
5) വൈദികൻ കല്പിക്കുന്ന പ്രായശ്ചിത്തം നിറവേറ്റുന്നത്.

14. കുമ്പസാരത്തിനുള്ള (അനുരഞ്ജന കുദാശ) ജപം

സർവ്വശക്തനായ ദൈവത്തോടും നിത്യകന്യകയായ പരിശുദ്ധ മറിയത്തോടും പ്രധാന മാലാഖയായ വിശുദ്ധ മിഖായേലിനോടും വിശുദ്ധ സ്നാപക യോഹന്നാനോടും ശ്ലീഹന്മാരായ വിശുദ്ധ പത്രോസിനോടും വിശുദ്ധ പൗലോസിനോടും വിശുദ്ധ തോമായോടും സകല വിശുദ്ധരോടും പിതാവേ, അങ്ങയോടും ഞാൻ ഏറ്റുപറയുന്നു. വിചാരത്താലും വാക്കാലും പ്രവൃത്തിയാലും ഞാൻ വളരെ പാപം ചെയ്തു പോയി. എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ.

ആകയാൽ നിത്യകന്യകയായ പരിശുദ്ധ മറിയത്തോടും പ്രധാനമാലാഖയായ വിശുദ്ധ മിഖായേലിനോടും വിശുദ്ധ സ്നാപക യോഹന്നാനോടും ശ്ലീഹന്മാരായ വിശുദ്ധ പത്രോസിനോടും വിശുദ്ധ പൗലോസിനോടും വിശുദ്ധ തോമായോടും, സകല വിശുദ്ധരോടും പിതാവേ, അങ്ങയോടും നമ്മുടെ കർത്താവായ ദൈവത്തോട് എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ എന്നു ഞാനപേക്ഷിക്കുന്നു. ആമ്മേൻ.

  1. മനസ്താപ പ്രകരണം

എന്റെ ദൈവമേ, ഏറ്റം നല്ലവനും എല്ലാറ്റിനും ഉപരിയായി സ്നേഹിക്കപ്പെടുവാൻ യോഗ്യനുമായ അങ്ങേയ്ക്കെതിരായി പാപം ചെയ്തതിനാൽ പൂർണ്ണ ഹൃദയത്തോടെ ഞാൻ മനസ്തപിക്കുകയും പാപങ്ങളെ വെറുക്കുകയും ചെയ്യുന്നു. അങ്ങയെ ഞാൻ സ്നേഹിക്കുന്നു. എന്റെ പാപങ്ങളാൽ എന്റെ ആത്മാവിനെ അശുദ്ധമാക്കിയതിനാലും സ്വർഗ്ഗത്തെ നഷ്ടപ്പെടുത്തി നരകത്തിന് അർഹനായി (അർഹയായി) തീർന്നതി
നാലും ഞാൻ ഖേദിക്കുന്നു. അങ്ങയുടെ പ്രസാദവര സഹായത്താൽ പാപ സാഹചര്യങ്ങളെ ഉപേക്ഷിക്കുമെന്നും മേലിൽ പാപം ചെയ്യുകയില്ലെന്നും ദൃഢമായി ഞാൻ പ്രതിജ്ഞ ചെയ്യുന്നു. ഏതെങ്കിലും ഒരു പാപം ചെയ്യുക എന്നതിനേക്കാൾ മരിക്കാനും ഞാൻ സന്നദ്ധനാ (സന്നദ്ധയാ) യിരിക്കുന്നു. ആമ്മേൻ.

  1. പരിശുദ്ധ കുർബ്ബാന യോഗ്യതയോടെ ഉൾക്കൊള്ളുവാൻ വേണ്ട കാര്യങ്ങൾ: മൂന്ന്

1) പ്രസാദവരം ഉണ്ടായിരിക്കുന്നത്.
2) ദിവ്യകാരുണ്യ സ്വീകരണത്തിനു മുമ്പ് ഒരു മണിക്കൂർ നേരത്തേയ്ക്ക് ഉപവസിക്കുന്നത്.
3) വേണ്ടത്ര ഭക്തിയും ഒരുക്കവും ഉണ്ടായിരിക്കുന്നത്

  1. വിശ്വാസത്തിന്റെ തലപ്പെട്ട രഹസ്യങ്ങൾ: രണ്ട്

1) ദൈവത്തിന്റെ ഏകത്വവും ത്രിത്വവും.
2) ഈശോമിശിഹായുടെ മനുഷ്യാവതാരവും പീഢാനുഭവവും കുരിശു മരണവും ഉയിർപ്പും മനുഷ്യവർഗ്ഗത്തിന്റെ വീണ്ടെടുപ്പും.

  1. സത്യസഭയുടെ ലക്ഷണങ്ങൾ: നാല്

1) തിരുസഭ ഏകമാകുന്നു.
2) തിരുസഭ വിശുദ്ധമാകുന്നു.
3) തിരുസഭ കാതോലികമാകുന്നു.
4) തിരുസഭ ശ്ലൈഹികമാകുന്നു.

  1. മൂലപാപങ്ങളും അവയ്ക്കെതിരായ പുണ്യങ്ങളും: ഏഴ്

1) നിഗളം – എളിമ
2) ദ്രവ്യാഗ്രഹം – ഔദാര്യം
3) മോഹം – അടക്കം
4) കോപം – ക്ഷമ
5) കൊതി – മിതഭോജനം
6) അസൂയ – ഉപവി
7) മടി – ഉത്സാഹം

  1. മൗലിക സുകൃതങ്ങൾ: നാല്

1) വിവേകം
2) നീതി
3) ആത്മശക്തി
4) മിതത്വം

  1. ദൈവിക പുണ്യങ്ങൾ: മൂന്ന്

1) വിശ്വാസം
2) ശരണം
3) സ്നേഹം (ഉപവി)

  1. വിശ്വാസ പ്രകരണം

എന്റെ ദൈവമേ, കത്തോലിക്കാ തിരുസ്സഭ വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന സത്യങ്ങളെല്ലാം ഞാൻ ദൃഢമായി വിശ്വസിക്കുന്നു. എന്തെന്നാൽ വഞ്ചിക്കുവാനും വഞ്ചിക്കപ്പെടുവാനും കഴിയാത്തവനായ അങ്ങു തന്നെയാണ് അവ വെളിപ്പെടുത്തിയിരിക്കുന്നത്.

സംക്ഷിപ്ത വിശ്വാസ പ്രകരണം

എന്റെ ദൈവമേ, അങ്ങു പരമ സത്യമായിരിക്കയാൽ അങ്ങിൽ ഞാൻ വിശ്വസിക്കുന്നു. എന്റെ വിശ്വാസത്തെ വർദ്ധിപ്പിക്കണമെ.

  1. പ്രത്യാശാ പ്രകരണം (ശരണ പ്രകരണം)

എന്റെ ദൈവമേ, അങ്ങു സർവ്വശക്തനും അനന്ത ദയാലുവും വാഗ്ദാനങ്ങളിൽ വിശ്വസ്തനുമാണ്. ആകയാൽ ഞങ്ങളുടെ കർത്താവും രക്ഷകനുമായ ഈശോമിശിഹായുടെ യോഗ്യതകളാൽ പാപമോചനവും അങ്ങയുടെ കൃപാവര സഹായവും നിത്യജീവിതവും എനിക്കു ലഭിക്കുമെന്നു ഞാൻ പ്രത്യാശിക്കുന്നു.

സംക്ഷിപ്ത പ്രത്യാശാ (ശരണ പ്രകരണം)

എന്റെ ദൈവമേ, അങ്ങു സർവ്വശക്തനും കാരുണ്യവാനും വിശ്വസ്തനും ആയിരിക്കയാൽ അങ്ങിൽ ഞാൻ പ്രത്യാശിക്കുന്നു. എന്റെ പ്രത്യാശയെ വർദ്ധിപ്പിക്കണമേ.

  1. സ്നേഹ പ്രകരണം

എന്റെ ദൈവമേ, അങ്ങ് അനന്ത നന്മസ്വരൂപനും പരമ സ്നേഹയോഗ്യനുമാണ്. ആകയാൽ പൂർണ്ണ ഹൃദയത്തോടെ എല്ലാറ്റിലും ഉപരിയായി അങ്ങയെ ഞാൻ സ്നേഹിക്കുന്നു. അങ്ങയോടുള്ള സ്നേഹത്തെക്കുറിച്ച് മറ്റുള്ളവരെയും എന്നെപ്പോലെ ഞാൻ സ്നേഹിക്കുന്നു. എന്നെ ഉപദ്രവിച്ചിട്ടുള്ള എല്ലാവരോടും ഞാൻ ക്ഷമിക്കുന്നു. ഞാൻ ഉപ്രദവിച്ചിട്ടുളള എല്ലാവരോടും ഞാൻ മാപ്പപേക്ഷിക്കുകയും ചെയ്യുന്നു.

സംക്ഷിപ്ത സ്നേഹ പ്രകരണം

എന്റെ ദൈവമേ, അങ്ങ് അനന്ത നന്മയായിരിക്കയാൽ അങ്ങയെ ഞാൻ സ്നേഹിക്കുന്നു. എന്റെ സ്നേഹത്തെ വർദ്ധിപ്പിക്കണമെ

  1. മനുഷ്യന്റെ അന്ത്വങ്ങൾ: മൂന്ന്

1) മരണം
2) വിധി
3) സ്വർഗ്ഗമോ നരകമോ

  1. പ്രധാന പുണ്യ പ്രവൃത്തികൾ: മൂന്ന്

1) നോമ്പ്
2) പ്രാർത്ഥന
3) ദാനധർമ്മം

  1. പരിശുദ്ധാത്മാവിന്റെ ദാനങ്ങൾ ഏഴ്

1) ജ്ഞാനം
2) ബുദ്ധി
3) ആലോചന
4) ആത്മശക്തി
5) അറിവ്
6) ഭക്തി
7) ദൈവഭയം.

  1. പരിശുദ്ധാത്മാവിന്റെ ഫലങ്ങൾ പന്ത്രണ്ട്

1) സ്നേഹം
2) സന്തോഷം
3) സമാധാനം
4) ക്ഷമ
5) സഹന ശക്തി
6) നന്മ
7) കനിവ്
8) സൗമ്യത
9) വിശ്വസ്തത
10) അടക്കം
11) ആത്മസംയമനം
12) ബ്രഹ്മചര്യം

  1. പരിശുദ്ധാത്മാവിനെതിരായ പാപങ്ങൾ ആറ്

1) മോക്ഷം കിട്ടുകയില്ലെന്നുള്ള വിചാരം (നിരാശ)
2) സത്പ്രവൃത്തി കൂടാതെ മോക്ഷം പ്രാപിക്കാമെന്നുള്ള മിഥ്യാ പ്രതീക്ഷ.
3) ഒരു കാര്യം സത്യമാണെന്നറിഞ്ഞാലും അതിനെ നിഷേധിക്കുന്നത്.
4) അന്യരുടെ നന്മയിലുള്ള അസൂയ.
5) പാപം ചെയ്തതിനു ശേഷം അനുതപിക്കാതെ പാപത്തിൽ തന്നെ ജീവിക്കുന്നത്.
6) അന്ത്യ സമയത്തുപോലും അനുതപിക്കാതെ പാപത്തോടുകൂടി മരിക്കുന്നത്.

  1. ദൈവത്തിന്റെ ലക്ഷണങ്ങൾ: ആറ്

1) തന്നാൽ താനായിരിക്കുന്നു.
2) അനാദിയായിരിക്കുന്നു.
3) അശരീരിയായിരിക്കുന്നു.
4) സർവ്വ നന്മസ്വരൂപിയായിരിക്കുന്നു.
5) സർവ്വ വ്യാപിയായിരിക്കുന്നു.
6) സകലത്തിനും ആദി കാരണമായിരിക്കുന്നു

  1. സുവിശേഷ ഭാഗ്യങ്ങൾ: എട്ട്

1) ആത്മാവിൽ ദരിദ്രർ ഭാഗ്യവാൻമാർ; എന്തുകൊണ്ടെന്നാൽ സ്വർഗ്ഗരാജ്യം അവരുടേതാകുന്നു.
2) എളിമയുള്ളവർ ഭാഗ്യവാന്മാർ; എന്തുകൊണ്ടെന്നാൽ അവർ ഭൂമിയെ അവകാശമായി അനുഭവിക്കും.
3) ദുഃഖിതർ ഭാഗ്യവാന്മാർ; എന്തുകൊണ്ടെന്നാൽ അവർ ആശ്വസിപ്പിക്കപ്പെടും.
4) നീതിയെക്കുറിച്ചു വിശപ്പും ദാഹവും സഹിക്കുന്നവർ ഭാഗ്യവാന്മാർ; എന്തെന്നാൽ അവർ തൃപ്തരാകും.
5) കരുണയുള്ളവർ ഭാഗ്യവാന്മാർ; എന്തുകൊണ്ടെന്നാൽ അവരുടെമേൽ കരുണയുണ്ടാകും.
6) ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ; എന്തുകൊണ്ടെന്നാൽ അവർ ദൈവത്തെ കാണും.
7) സമാധാനമുണ്ടാക്കുന്നവർ ഭാഗ്യവാന്മാർ; എന്തുകൊണ്ടെന്നാൽ അവർ ദൈവത്തിന്റെ പുത്രരെന്നു വിളിക്കപ്പെടും.
8) നീതി നിമിത്തം പീഢിപ്പിക്കപ്പെടുന്നവർ ഭാഗ്യവാന്മാർ; എന്തുകൊണ്ടെന്നാൽ സ്വർഗ്ഗരാജ്യം അവരുടേതാകുന്നു.

  1. കാരുണ്യ പ്രവൃത്തികൾ: പതിന്നാല്

ശാരീരികങ്ങൾ : ഏഴ്

1) വിശക്കുന്നവർക്കു ഭക്ഷണം കൊടുക്കുന്നത്.
2) ദാഹിക്കുന്നവർക്കു കുടിക്കാൻ കൊടുക്കുന്നത്.
3) വസ്ത്രമില്ലാത്തവർക്കു വസ്ത്രം കൊടുക്കുന്നത്.
4) പാർപ്പിടമില്ലാത്തവർക്കു പാർപ്പിടം കൊടുക്കുന്നത്
5) രോഗികളെയും തടവുകാരെയും സന്ദർശിക്കുന്നത്.
6) അവശരെ സഹായിക്കുന്നത്.
7) മരിച്ചവരെ അടക്കുന്നത്.

ആദ്ധ്യാത്മികങ്ങൾ: ഏഴ്

1) അറിവില്ലാത്തവരെ പഠിപ്പിക്കുന്നത്.
2) സംശയമുള്ളവരുടെ സംശയം തീർക്കുന്നത്.
3) ദുഃഖിതരെ ആശ്വസിപ്പിക്കുന്നത്.
4) തെറ്റു ചെയ്യുന്നവരെ തിരുത്തുന്നത്.
5) ഉപദ്രവങ്ങൾ ക്ഷമിക്കുന്നത്.
6) അന്യരുടെ കുറവുകൾ ക്ഷമയോടെ സഹിക്കുന്നത്.
7) ജീവിച്ചിരിക്കുന്നവർക്കും മരിച്ചവർക്കും വേണ്ടി പ്രാർത്ഥിക്കുന്നത്.

  1. ദൈവ സന്നിധിയിൽ നീതിക്കായി നിലവിളിക്കുന്നപാപങ്ങൾ: നാല്

1) മനഃപൂർവ്വം കൊലപാതകം ചെയ്യുന്നത്.
2) പ്രകൃതിവിരുദ്ധമായ മോഹപാപം ചെയ്യുന്നത്.
3) ദരിദ്രരെയും, വിധവകളെയും മാതാപിതാക്കന്മാരില്ലാത്ത പൈതങ്ങളെയും പീഢിപ്പിക്കുന്നത്.
4) വേലക്കാർക്കു ശരിയായ കൂലി കൊടുക്കാതിരിക്കുന്നത്


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

One response to “ചെറിയ വേദോപദേശം | Cheriya Vedopadesham | Namaskarangal | Little Catechism | Cheriya Vedapdam | ചെറിയ വേദപാഠം”

Leave a reply to Nelson MCBS Cancel reply