💐 തനിയെ 💐
“ചില തനിച്ചാകലുകൾ തന്ന ഓർമപ്പെടുത്തൽ ഉണ്ട്… തനിയെ എന്നാൽ കൂടെ എന്നും ആണെന്ന്…”
ഒറ്റപെട്ടിരിക്കാൻ ഇഷ്ടപ്പെടുന്നവർ വളരെ കുറവാണ് ഇന്നിന്റെ ഈ ലോകത്തിൽ. കാരണം സൗഹൃദങ്ങളുടെ വലിയ ഒരു വലയം തന്നെ കാത്തുസൂക്ഷിക്കുന്നവർ ആണ് നാം എല്ലാവരും… എന്നാൽ ഇടക്ക് എപ്പോൾ എങ്കിലും തനിച്ചാക്കലിന്റെ വേദന അനുഭവിച്ചവരും… അതിന്റെ പേരിൽ മുറിവേറ്റ ഹൃദയവും ആയി ജീവിക്കുന്നവരും ആകാം നമ്മിൽ പലരും…
അങ്ങനെ ഉള്ള നമ്മുടെ ഇടയിലേക്ക് തനിച്ചാകലിനും സുഖമുണ്ടെന്ന് പഠിപ്പിക്കുവാണ് ഈശോ… പകലന്തിയോളം വചനം പ്രഘോഷിച്ചും രോഗസൗഖ്യം നൽകിയും ആൾക്കൂട്ടത്തിൽ ജീവിച്ച ആ തച്ചൻ എന്നും വൈകുന്നേരങ്ങളിൽ മലമുകളിലേക്ക് പിൻവാങ്ങിയിരുന്നു എന്നു വായിക്കുമ്പോൾ ഓർക്കുക, തനിച്ചിരിക്കാൻ വേണ്ടി തന്റെ പിതാവിന്റെ കൂടെ ആയിരിക്കാൻ വേണ്ടി ഒറ്റപ്പെടലും ജനക്കൂട്ടത്തിൽ നിന്നും പിൻവാങ്ങലും ആഗ്രഹിച്ച ഈശോ…
ആ ഈശോ പഠിപ്പിച്ചു തന്ന ഒന്നുണ്ട്; തനിയെ പ്രാർത്ഥനയുടെ മലമുകളിൽ അവനോടു കൂടെ ആയിരിക്കുക…. അവനിൽ നിന്നും ശക്തി സ്വീകരിക്കുക… ലോകമാകുന്ന ഈ സമതലത്തിലേക്ക് ഇറങ്ങുമ്പോൾ അത് നിനക്കൊരു അനുഗ്രഹം ആകും…
സഹന പാതയിൽ നീങ്ങുമ്പോളും തനിച്ചിരിക്കാൻ ഒരിടം കണ്ടെത്തുക അവിടെ നിനക്ക് സംസാരിക്കാൻ കഴിയും നിന്റെ ഹൃദയം അറിയുന്നവനെ…
നിന്റെ വേദനകൾ പോലും ആനന്ദമാക്കാൻ കഴിവുള്ളവൻ…. നിന്റെ കണ്ണുനീർപോലും പുഞ്ചിരിയാക്കാൻ കഴിയുന്നവൻ…. നിന്റെ തലമുടിയിഴപോലും എണ്ണിയവൻ… ഉള്ളം കയ്യിൽ പേര് രേഖപെടുത്തിയവൻ… മലകൾ അകന്നുപോയാലും കുന്നുകൾ മാറ്റപ്പെട്ടാലും തന്റെ സ്നേഹം ഒരിക്കലും മാറ്റത്തവൻ… പെറ്റമ്മ മറന്നാലും ഞാൻ നിന്നെ മറകുകയില്ല എന്ന് പറഞ്ഞവൻ… ഒടുവിൽ കാൽവരിയിൽ പോലും തന്റെ സ്നേഹം പകർന്നുതന്നവൻ…
ഈ ക്രിസ്തുവിനെ നിന്റ ജീവിതത്തിൽ നേടി എങ്കിൽ, അവൻ കൂടെ ഉണ്ട് എങ്കിൽ, ഒരു തനിച്ചാകലും നിന്റെ ജീവിതത്തെ തളർത്തുകയില്ല; കാരണം ജീവൻ പോലും തന്നു സ്നേഹിച്ചവൻ നിന്റെ ഒറ്റപെടലിൽ കൂടെ ഉണ്ട്. 🌹🥹
നന്ദി ഈശോയെ, തനിച്ചാകലുകളിലും കൂടെ ഉണ്ടെന്നുള്ള നിന്റെ ഓർമപ്പെടുത്തലിന് 🥰
✍🏻 Jismaria George ✍🏻�







Leave a comment