🐑 ഇതാ ലോകത്തിന്റെ പാപം നീക്കുന്ന കുഞ്ഞാട് 🐑
✝ “കീറി മുറിയപ്പെട്ടിട്ടും… പരിഹാസിതൻ ആയിട്ടും… ഒറ്റപ്പെട്ടിട്ടും… പതറാതെ ആ കുഞ്ഞാടുമാത്രം ഇന്നും നമുക്കായി കൽവരിയിൽ” ✝
കുഞ്ഞാടുകളെ കാണാനും അവയുടെ ആ ഓമനത്തം ആസ്വദിക്കാനും ഇഷ്ടപെടുന്നവർ ആണ് നാം എല്ലാവരും. കാരണം, അവ നിഷ്കളങ്കരാണ് എന്നതാണ്. അവ എല്ലാവരെയും സ്നേഹിക്കുന്നു…
അത്തരത്തിൽ സ്വർഗ്ഗത്തിലെ പിതാവ് ഭൂമിയിൽ സമ്മാനിച്ച തന്റെ ഏറ്റവും സ്നേഹമുള്ള കുഞ്ഞാടായിരുന്നു ക്രിസ്തു ✝. പാപമില്ലാത്തവൻ വലിയപാപി ആയി എല്ലാവരുടെയും മുൻപിൽ മാറിയത് അവൻ നിഷ്കളങ്കനായ കുഞ്ഞാടായിരുന്ന കൊണ്ടാണ്. അറവുശാലയിലെ കുഞ്ഞാടാവാൻ അവൻ വിധിക്കപ്പെട്ടത് അതുകൊണ്ടാണ്… മുറിയപ്പെട്ടപ്പോളും… പിച്ചി ചീന്തപെട്ടപ്പോളും മറുത്തൊന്നും പറയാതിരുന്നത് ആ കുഞ്ഞാട് നമ്മളെ ഒക്കെ ഒരുപാടു സ്നേഹിച്ചിരുന്നത്കൊണ്ടാണ്.
നഷ്ടപെട്ട തന്റെ പ്രിയപ്പെട്ട കുഞ്ഞടിനെ കണ്ടുകിട്ടിയ ഇടയന്റെ സന്തോഷത്തെ കുറിച്ച് ധ്യാനിച്ചപ്പോൾ കിട്ടിയ ഒരു ഉൾകാഴ്ച ആയിരുന്നു… നമ്മിലൊരാൾ പോലും നഷ്ടപ്പെട്ടു പോകാതിരിക്കാൻ സ്വർഗ്ഗത്തിലെ പിതാവ് തന്റെ പ്രിയപുത്രനെ നമുക്കായി നഷ്ടപ്പെടുത്തിയ സ്നേഹത്തിന്റെ പേരാണ് ക്രിസ്തു എന്ന്…
അറിയാൻ വൈകിയ സ്നേഹം ഒടുവിൽ അരികിൽ അണഞ്ഞപ്പോൾ അവൻ ഒരു തിരിവോസ്തിയോളം ചെറുതായി മാറിയിരുന്നു…
സ്നാപക യോഹന്നാൻ പറഞ്ഞ ലോകത്തിന്റെ പാപം നീക്കുന്ന കുഞ്ഞാടിതാ ഒരു ദിവകാരുണ്യത്തോളം ചെറുതായി സ്നേഹമായി കാത്തിരിക്കുന്നു നിന്നെയും കാത്തുകൊണ്ട്… അവനെ ഓർത്തുകൊണ്ട് മുറിയപ്പെടാൻ ഇറങ്ങിയവർക്കെല്ലാം അവന്റെ മുഖമായിരുന്നു… അവനെ അനുഭവിച്ചവർക്ക് പിന്നീട് എന്തൊക്കെ കുറവുകൾ ഉണ്ടായെങ്കിലും അവൻ മാത്രം കുറഞ്ഞില്ല… കാരണം ക്രിസ്തു ആകുന്ന കുഞ്ഞാടിനെ പ്രണയിച്ചവർ എല്ലാം അവന്റെ സ്നേഹിതർ ആയി മാറി…
ഈ ലോകം നിന്നെ വെറുക്കാം… നിന്റെ വഴികളിൽ നിന്നെ പരാജയപ്പെടുത്താം… എങ്കിലും ഒന്നോർക്കുക… നീ നിന്റെ ഹൃദയത്തിൽ വഹിക്കുന്ന ക്രിസ്തുവും മുറിവേറ്റവൻ ആണ്… അവൻ തന്റെ ശിഷ്യരെ തിരഞ്ഞെടുക്കും മുൻപ് രാത്രി മുഴുവൻ പിതാവിനോട് പ്രാർത്ഥിച്ചു എങ്കിൽ ഒന്നോർക്കുക… നിന്നെ തിരഞ്ഞെടുക്കും മുൻപ് നിനക്കുവേണ്ടിയും ക്രിസ്തു പ്രാർത്ഥിച്ചിരുന്നു… 😊 ആ പ്രാർത്ഥനയുടെ ഫലം ആണ് നിന്റെ ജീവിതം… ആ കുഞ്ഞാടിനെ സ്നേഹിക്കാനുള്ള ജീവിതം… മുറിയപ്പെട്ടപ്പോളും ചോര ചിന്തിയപ്പോളും സ്നേഹിക്കാൻ മാത്രം പഠിപ്പിച്ചവൻ…
എന്നെയും നിന്നെയും നോക്കി ഇന്നവൻ ചോദിക്കുന്ന ഒരു ചോദ്യം ഉണ്ട്… അവനോടു കൂടെ മരിക്കാനും അവനോടു കൂടെ ജീവിക്കാനും… കുഞ്ഞടിന്റെ രക്തത്തിൽ വസ്ത്രം കഴുകുന്നവരുടെ നിരയിൽ ചേരാൻ നീയും ആഗ്രഹിക്കുന്നുണ്ടോ..? ഉണ്ടേൽ ഒന്നുമാത്രം… അവനെ ഓർത്തുകൊണ്ട് എല്ലാം ഉപേക്ഷിക്കുക. അവൻ കൂടെ ഉണ്ടാകും. 🥰
എന്റെ ഈശോയെ, നിനക്കായി മരിക്കാനും നിനക്കായി ജീവിക്കാനും ഞാൻ ഇനിയും എന്നെ എത്രമാത്രം നിന്നിലേക്ക് അനുരൂപപ്പെടുത്തേണ്ടിയിരിക്കുന്നു?
നന്ദി ഈശോയെ, ലോകത്തിന്റെ പാപം നീക്കുന്ന കുഞ്ഞാടായും നീ കൂടെ ഉണ്ടെന്നുള്ള ഓർമപ്പെടുത്തലിന് 🥰
നിന്റെ സ്വന്തം
ജിസ്മരിയ ജോർജ്



Leave a comment