ചെറിയ വേദോപദേശം: ചോദ്യോത്തരങ്ങൾ

ചോദ്യം: ആരാണു നിന്നെ സൃഷ്ടിച്ചത് ?
ഉത്തരം: ദൈവമാണ് ഇല്ലായ്മയിൽ നിന്നും എന്നെ സൃഷ്ടിച്ചത്

ചോ: ആരുടെ ഛായയിലും സാദൃശ്യത്തിലുമാണ് ദൈവം നിന്നെ
സൃഷ്ടിച്ചത് ?
ഉ: ദൈവം സ്വന്തം ഛായയിലും സാദൃശ്യത്തിലുമാണ് എന്നെ സൃഷ്ടിച്ചത്

ചോ:പ്രസ്തുത ഛായയും സാദൃശ്യവും എവിടെയാണ് ?
ഉ: ദൈവത്തിന്റെ ഛായയും സാദൃശ്യവും പ്രധാനമായും എന്റെ ആത്മാവിലാണ്.

ചോ: ദൈവം നിന്നെ സൃഷ്ടിക്കാൻ കാരണം എന്ത് ?
ഉ: ദൈവം എന്നെ അനന്തമായി സ്നേഹിക്കുന്നതുകൊണ്ടാണ് എന്നെ സൃഷ്ടിച്ചത്.

ചോ: അനന്തമായി സ്നേഹിക്കുന്ന ദൈവത്തോട് നിനക്ക് എന്തെങ്കിലും കടപ്പാട് ഉണ്ടോ?
ഉ: എന്നെ അനന്തമായി സ്നേഹിക്കുന്ന ദൈവത്തെ ഞാൻ പൂർണ്ണ ഹൃദയത്തോടും പൂർണ്ണ മനസ്സോടും സർവ്വശക്തിയോടും കൂടി സ്നേഹിക്കണം

ചോ: എങ്ങനെയാണ് ദൈവത്തെ സ്നേഹിക്കുക?
ഉ: ദൈവത്തിന്റെ തിരുവിഷ്ടം അഥവാ ദൈവകല്പനകൾ സ്വീകരിക്കുകയും പാലിക്കുകയും ചെയ്യുമ്പോൾ നമ്മൾ ദൈവത്തെ സ്നേഹിക്കുകയാണ്.

ചോ: സഹോദരങ്ങളെ സ്നേഹിക്കാതെ ദൈവത്തെ സ്നേഹിക്കുവാൻ കഴിയുമോ?
ഉ: കാണപ്പെടുന്ന സഹോദരങ്ങളെ സ്നേഹിക്കാതെ കാണപ്പെടാത്ത ദൈവത്തെ സ്നേഹിക്കാൻ കഴിയുകയില്ല. ദൈവത്തെ സ്നേഹിക്കുന്നവൻ സഹോദരങ്ങളെയും സ്നേഹിക്കണം.

ചോ: ദൈവത്തെ സ്നേഹിക്കുകയും അനുസരിക്കുകയും ചെയ്യുനവർക്ക് എന്താണു ലഭിക്കുക?
ഉ : ദൈവത്തെ സ്നേഹിക്കുകയും അനുസരിക്കുകയും ചെയ്യുന്നവർക്ക് നിത്യരക്ഷ ലഭിക്കും.

ചോ: നിത്യരക്ഷ എന്നാൽ എന്ത് ?
ഉ: സ്വർഗ്ഗത്തിൽ ദൈവത്തോടൊത്തുള്ള നവമായ ജീവിതവും നിത്യമായ ആനന്ദവുമാണ് നിത്യരക്ഷ.

ചോ: ദൈവത്തെ സ്നേഹിക്കാത്തവർക്കും അനുസരിക്കാത്തവർക്കും എന്തു സംഭവിക്കും ?
ഉ: ദൈവത്തെ സ്നേഹിക്കാതെയും അനുസരിക്കാതെയും ജീവിക്കുന്നവർ നിത്യമായി നരകത്തിന് അർഹരായിത്തീരും.

ചോ: നരകം എന്നു പറഞ്ഞാൽ എന്താണു മനസ്സിലാക്കേണ്ടത് ?
ഉ: നല്ലവനായ ദൈവത്തെ ദർശിക്കാൻ കഴിയാത്ത, അവിടുത്തെ അവർണ്ണനീയമായ സ്നേഹം അനുഭവിക്കാൻ കഴിയാത്ത നിത്യശിക്ഷയുടെ അവസ്ഥയാണു നരകം.

ചോ: ദൈവം ആരാണ് ?
ഉ: ദൈവം നല്ലവനും സർവ്വശക്തനും എല്ലാത്തിന്റെയും സ്രഷ്ടാവും പരിപാലകനുമാണ്. അവിടുന്ന് സ്നേഹമുള്ള പിതാവാണ്.

ചോ: ഈ ലോകത്തിൽ വച്ച് ദൈവത്തെ കാണാൻ കഴിയുമോ ?
ഉ: ഈ ലോകത്തിൽ വച്ച് ദൈവത്തെ കാണാൻ കഴിയില്ല. ദൈവത്തിന് നമ്മുടേതുപോലെ ശരീരം ഇല്ല. അവിടുന്ന് അശരീരിയാണ്. അരൂപിയാണ്.

ചോ: ദൈവം എവിടെയുണ്ട് ?
ഉ: ദൈവം എല്ലായിടത്തും ഉണ്ട്. അവിടുന്ന് സർവ്വവ്യാപിയാകുന്നു.

ചോ: ദൈവം എല്ലാം അറിയുന്നുണ്ടോ ?
ഉ : മുമ്പു കഴിഞ്ഞതും ഇപ്പോൾ നടക്കുന്നതും ഇനി വരാനിരിക്കുന്നതുമായ എല്ലാറ്റിനേയും എന്നു മാത്രമല്ല, നമ്മുടെ വിചാരങ്ങളെപ്പോലും ദൈവം അറിയുന്നുണ്ട്

ചോ: ദൈവം ആകാശവും ഭൂമിയും അവയിലുള്ള സകലതും സൃഷ്ടിച്ചത് എന്തെങ്കിലും സാധനം കൊണ്ടാണോ?
ഉ: യാതൊരു സാധനവും കൊണ്ടല്ല, ഇല്ലായ്മയിൽ നിന്ന് അവിടുത്തെ സർവ്വ ശക്തിയിലാണ് ദൈവം ആകാശവും ഭൂമിയും അവയിലുള്ള സകലതും സൃഷ്ടിച്ചത്.

Advertisements

ചോ: വിശ്വാസ പ്രമാണം

ശ്ലീഹന്മാരുടെ വിശ്വാസ പ്രമാണം

സർവ്വശക്തനായ പിതാവും ആകാശത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവുമായ ദൈവത്തിൽ ഞാൻ വിശ്വസിക്കുന്നു. അവിടുത്തെ ഏക പുത്രനും ഞങ്ങളുടെ കർത്താവുമായ ഈശോമിശിഹായിലും ഞാൻ വിശ്വസിക്കുന്നു. ഈ പുത്രൻ പരിശുദ്ധാത്മാവാൽ ഗർഭസ്ഥനായി കന്യകാമറിയത്തിൽ നിന്നു പിറന്ന് പന്തിയോസ് പീലാത്തോസിന്റെ കാലത്ത് പീഢകൾ സഹിച്ച് കുരിശിൽ തറയ്ക്കപ്പെട്ട് മരിച്ച് അടക്കപ്പെട്ടു; പാതാളങ്ങളിൽ ഇറങ്ങി, മരിച്ചവരുടെ ഇടയിൽ നിന്ന് മൂന്നാം നാൾ ഉയിർത്തു; സ്വർഗ്ഗത്തിലേയ്ക്കെഴുന്നള്ളി സർവ്വശക്തിയുള്ള പിതാവായ ദൈവത്തിന്റെ വലതു ഭാഗത്ത് ഇരിക്കുന്നു. അവിടെ നിന്ന് ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കാൻ വരുമെന്നും ഞാൻ വിശ്വസിക്കുന്നു. പരിശുദ്ധാത്മാവിലും ഞാൻ വിശ്വസിക്കുന്നു. വിശുദ്ധ കത്തോലിക്കാ സഭയിലും, പുണ്യവാന്മാരുടെ ഐക്യത്തിലും, പാപങ്ങളുടെ മോചനത്തിലും, ശരീരത്തിന്റെ ഉയിർപ്പിലും, നിത്യമായ ജീവിതത്തിലും, ഞാൻ വിശ്വസിക്കുന്നു. ആമ്മേൻ.

ചോ : വിശ്വാസ പ്രമാണത്തിൽ എന്താണ് അടങ്ങിയിരിക്കുന്നത്?
ഉ: നമ്മൾ സത്യം എന്നു വിശ്വസിക്കേണ്ട പ്രധാന രഹസ്യങ്ങളാണ് വിശ്വാസ പ്രമാണത്തിൽ അടങ്ങിയിരിക്കുന്നത്.

ചോ: സത്യമെന്നു വിശ്വസിക്കേണ്ട പ്രധാന രഹസ്യങ്ങൾ ഏതെല്ലാം?
ഉ: 1) ദൈവത്തിന്റെ ഏകത്വവും ത്രിത്വവും
2) നമ്മുടെ ദിവ്യരക്ഷകന്റെ മനുഷ്യാവതാരവും മരണവും ഉയിർപ്പും മനുഷ്യവർഗ്ഗത്തിന്റെ വീണ്ടെടുപ്പും. – ഇവയാണ് സത്യമെന്നു വിശ്വസിക്കേണ്ട പ്രധാന രഹസ്യങ്ങൾ

ചോ: ഈ രഹസ്യങ്ങൾ പ്രധാനങ്ങൾ എന്നു പറയുന്നത് എന്തുകൊണ്ട്?
ഉ: ഇവയെ പ്രത്യേകം അറിഞ്ഞ് വിശ്വസിക്കേണ്ടത് ഏറ്റവും ആവശ്യമായിരിക്കുന്നതുകൊണ്ടും ഇവ മറ്റുള്ളവയ്ക്ക് അടിസ്ഥാനം ആയിരിക്കുന്നതുകൊണ്ടുമാണ് ഈ രഹസ്യങ്ങളെ പ്രധാനമെന്നു പറയുന്നത്.

ചോ: ഇവയിൽ ഒന്നാമത്തെ പ്രധാന രഹസ്യമെന്താണ്?
ഉ: ഒന്നാമത്തേത് ദൈവത്തിന്റെ ഏകത്വവും ത്രിത്വവും എന്ന രഹസ്യമാണ്.

ചോ: തിത്വം എന്ന രഹസ്യം നമ്മെ എന്താണു പഠിപ്പിക്കുന്നത്?
ഉ: സ്വഭാവത്തിൽ ദൈവം ഏകനാണെന്നും എന്നാൽ ഈ ഏകദൈവത്തിൽ മൂന്ന് ആളുകളുമുണ്ടെന്നുമാണ് തിത്വം എന്ന രഹസ്യം നമ്മെ പഠിപ്പിക്കുന്നത്.

ചോ: ത്രിത്വത്തിലെ മൂന്നാളുകൾ ആരെല്ലാം?
ഉ: പിതാവും പുത്രനും പരിശുദ്ധാത്മാവുമാണ് തിത്വത്തിലെ മൂന്നാളുകൾ.

ചോ: പിതാവ് ദൈവമാകുന്നുവോ?
ഉ: അതെ; പിതാവ് ദൈവമാകുന്നു.

ചോ: പുത്രൻ ദൈവമാകുന്നുവോ?
ഉ: അതെ; പുത്രൻ ദൈവമാകുന്നു.

ചോ: പരിശുദ്ധാത്മാവ് ദൈവമാകുന്നുവോ?
ഉ: അതെ; പരിശുദ്ധാത്മാവ് ദൈവമാകുന്നു.

ചോ: അങ്ങനെയെങ്കിൽ ഈ മൂന്നാളുകളും മൂന്നു ദൈവങ്ങളാണോ ?
ഉ: അല്ല; പിതാവും പുത്രനും പരിശുദ്ധാത്മാവും ഒരു ദൈവം മാത്രമേ ആകുന്നുള്ളു.

ചോ: ഈ മൂന്നാളുകൾ ഒരു ദൈവം മാത്രമാകുന്നതെന്തുകൊണ്ട്?
ഉ: ഈ മൂവർക്കും ഒരേ ദൈവ സ്വഭാവം തന്നെ ഉണ്ടായിരിക്കുന്നതു
കൊണ്ട് ഒരു ദൈവം മാത്രമേയുള്ളൂ.

ചോ: ദൈവത്തിന്റെ പ്രധാന ലക്ഷണങ്ങൾ എത്ര? ഏതെല്ലാം?
ഉ: ദൈവത്തിന്റെ പ്രധാന ലക്ഷണങ്ങൾ ആറ്

  1. തന്നാൽ താനായിരിക്കുന്നു.
  2. അനാദിയായിരിക്കുന്നു.
  3. അശരീരിയായിരിക്കുന്നു.
  4. സർവ്വ നന്മസ്വരൂപിയായിരിക്കുന്നു.
  5. സർവ്വ വ്യാപിയായിരിക്കുന്നു.
  6. സകലത്തിനും ആദി കാരണമായിരിക്കുന്നു

ചോ: വിശ്വാസത്തിന്റെ പ്രധാന രഹസ്യങ്ങളിൽ രണ്ടാമത്തെ രഹസ്യമേതാണ്?
ഉ: പരിശുദ്ധ ത്രിത്വത്തിലെ രണ്ടാമത്തെ ആളായ ദൈവപുത്രന്റെ മനുഷ്യാവതാരമാണ് വിശ്വാസത്തിന്റെ രണ്ടാമത്തെ പ്രധാന രഹസ്യം.

ചോ: ദൈവപുത്രന്റെ മനുഷ്യാവതാരം എന്നാൽ എന്താണ്?
ഉ: പരിശുദ്ധ ത്രിത്വത്തിലെ രണ്ടാമത്തെ ആളായ ദൈവപുത്രൻ പരിശുദ്ധാത്മാവിന്റെ പ്രവൃത്തിയാൽ പരിശുദ്ധ കന്യകാമറിയത്തിന്റെ ഉദരത്തിൽ നമ്മുടേതുപോലെ ഒരു ശരീരത്തെ ആത്മാവോടുകൂടി സ്വീകരിച്ച് മനുഷ്യനായി ജനിച്ചു എന്നതാണ് മനുഷ്യാവതാര രഹസ്യം.

ചോ: ദൈവപുത്രൻ മനുഷ്യനായി അവതരിച്ചപ്പോൾ അവിടുന്ന് ദൈവം അല്ലാതായോ?
ഉ: ഇല്ല. ദൈവപുത്രൻ മനുഷ്യാവതാരം ചെയ്തപ്പോഴും അവിടുന്ന് ദൈവം തന്നെയായിരുന്നു.

ചോ: മനുഷ്യാവതാരം ചെയ്ത ദൈവപുത്രനിൽ ദൈവവും മനുഷ്യനും രണ്ടാളുകളാണോ?
ഉ: അല്ല. മനുഷ്യാവതാരം ചെയ്ത ദൈവപുത്രൻ ദൈവസ്വഭാവവും മനുഷ്യ സ്വഭാവവുമുള്ള ഏക ആളാണ്. ആ ആൾ പരി. ത്രിത്വത്തിലെ രണ്ടാമത്തെ ആളാണ്‌.

ചോ: എന്തിനായിട്ടാണ് ദൈവപുത്രൻ മനുഷ്യാവതാരം ചെയ്തത്?
ഉ: മനുഷ്യ വർഗ്ഗത്തെ മുഴുവൻ വീണ്ടെടുത്ത് രക്ഷിക്കാനാണ് ദൈവപുത്രൻ മനുഷ്യാവതാരം ചെയ്തത്.

ചോ: ഈശോമിശിഹാ എങ്ങനെയാണ് മനുഷ്യവർഗ്ഗത്തെ വീണ്ടെടുത്തു രക്ഷിച്ചത്?
ഉ: തന്റെ മനുഷ്യാവതാരവും കുരിശുമരണവും ഉത്ഥാനവും വഴിയായിട്ടാണ് ഈശോമിശിഹാ മനുഷ്യവർഗ്ഗത്തെ വീണ്ടെടുത്തു രക്ഷിച്ചത്.

ചോ: വീണ്ടെടുത്തു രക്ഷിക്കുക എന്നാലെന്ത്?
ഉ: ദൈവ നീതിക്കൊത്തവിധം നമ്മുടെ പാപങ്ങൾക്കു പരിഹാരം ചെയ്ത് നമ്മെ നരകത്തിൽ നിന്നും പിശാചിന്റെ അടിമത്തത്തിൽ നിന്നും മോചിപ്പിച്ച് നമുക്കു ദൈവിക ജീവൻ നല്കുകയെന്നതാണ് വീണ്ടെടുത്തു രക്ഷിക്കുക എന്നതിന്റെ അർത്ഥം.

ചോ: ഈശോയുടെ ജീവിതം കുരിശു മരണം കൊണ്ട് അവസാനിച്ചോ?
ഉ: ഇല്ല. ഈശോ മരിച്ചിട്ട് മൂന്നാം ദിവസം എന്നന്നേയ്ക്കും ജീവിക്കുന്നതിനായി ഉത്ഥാനം ചെയ്തു.

ചോ: ഉത്ഥാനം ചെയ്ത ഈശോയെ ആരെങ്കിലും കണ്ടോ?
ഉ: ഉവ്വ്. ഉത്ഥിതനായ ഈശോ പല പ്രാവശ്യം ശിഷ്യൻമാർക്കും മറ്റുള്ളവർക്കും പ്രത്യക്ഷനായി.

ചോ: ഈശോ ഉയിർത്തെഴുന്നേറ്റു എന്ന സത്യം ശിഷ്യന്മാർക്ക് ബോധ്യമായോ ?
ഉ: ഉവ്വ്. ഈശോ സത്യമായും ഉയിർത്തെഴുന്നേറ്റു എന്ന സത്യം ശിഷ്യൻമാർക്കു ബോധ്യമായി. അവർ അവിടുത്തെ കാണുകയും കേൾക്കുകയും സൂക്ഷിച്ചു വീക്ഷിക്കുകയും കൈ കൊണ്ട് സ്പർശിച്ചറിയുകയും ചെയ്തു. ഉത്ഥിതനായ ഈശോയെയാണ് അവർ എല്ലായിടത്തും പ്രസംഗിച്ചത്.

ചോ: ഉത്ഥിതനായ ഈശോ സ്വർഗ്ഗാരോഹണം ചെയ്തോ?
ഉ: ഉവ്വ്. പുനരുത്ഥാനത്തിനു ശേഷം നാല്പതാം നാൾ ഈശോ സ്വർഗ്ഗത്തിലേയ്ക്ക് ആരോഹണം ചെയ്ത്, അവിടെ തന്റെ പിതാവിന്റെ വലതുഭാഗത്ത് എഴുന്നള്ളിയിരിക്കുന്നു.

ചോ: ഈശോ വീണ്ടും ഈ ലോകത്തിലേയ്ക്ക് വരുമോ?
ഉ: വരും. ലോകാവസാനത്തിൽ നല്ലവരെയും ദുഷ്ടരെയും വിധിക്കാനായി മഹാ പ്രതാപത്തോടും അധികാരത്തോടും കൂടി ഈശോ വീണ്ടും ഈ ലോകത്തിൽ വരും.

Advertisements

ചോ: പരിശുദ്ധാത്മാവ് ആരാണ്?
ഉ: പരിശുദ്ധ ത്രിത്വത്തിലെ മൂന്നാമത്തെ ആളും പിതാവിനോടും പുത്രനോടും സമനായ ദൈവവുമാണ്.

ചോ: പരിശുദ്ധാത്മാവ് തിരുസഭയുടെ മേൽ അയയ്ക്കപ്പെട്ടത് എന്തിനാണ്?
ഉ: തിരുസഭയെ നിരന്തരം പഠിപ്പിക്കാനും നേർവഴിക്കു നയിക്കാനും വിശുദ്ധീകരിക്കുവാനും വേണ്ടിയാണ്.

ചോ: പരിശുദ്ധാത്മാവിനെ സ്വീകരിച്ച ശേഷം ശ്ലീഹന്മാർ എന്തു ചെയ്തു?
ഉ: പരിശുദ്ധാത്മാവിനെ സ്വീകരിച്ച ശേഷം ശ്ലീഹന്മാർ ലോകമെങ്ങും പോയി സുവിശേഷം പ്രസംഗിച്ചു. വിശ്വസിച്ചവരെ ശിഷ്യപ്പെടുത്തി തിരുസഭയ്ക്ക് രൂപം കൊടുത്തു.

ചോ: തിരുസഭയെന്നാൽ എന്താണ്?
മാമ്മോദീസ സ്വീകരിച്ച് സത്യവിശ്വാസം അനുസരിച്ച് ഈശോ സ്ഥാപിച്ച അധികാരത്തിനു കീഴ്പ്പെട്ട് പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്നവരുടെ സമൂഹമാണ് തിരുസഭ.

ചോ: ഈശോ സ്ഥാപിച്ചതും ശ്ലീഹന്മാർ പ്രചരിപ്പിച്ചതുമായ തിരുസഭ കൂടാതെ സത്യസഭ വേറെയുണ്ടോ?
ഉ: ഇല്ല. ഒരു കർത്താവും ഒരു വിശ്വാസവും ഒരു മാമ്മോദീസായും എല്ലാവർക്കും പിതാവായി ഒരു ദൈവവും മാത്രമുള്ളതുപോലെ സത്യ സഭയും ഒന്നേയുള്ളൂ.

ചോ: തിരുസഭയുടെ തലവൻ ആരാണ്?
ഉ: തിരുസഭയുടെ യഥാർത്ഥ തലവൻ ഈശോമിശിഹാ തന്നെയാണ്. എന്നാൽ കാണപ്പെടുന്ന തലവൻ ഭൂമിയിൽ മിശിഹായുടെ പ്രതിനിധിയും സാർവതിക സഭയുടെ തലവനും റോമാ മെത്രാനുമായ പരിശുദ്ധ മാർപാപ്പയാണ്.

ചോ: തിരുസഭയുടെ പ്രധാന ലക്ഷണങ്ങൾ ഏവ?
1) തിരുസഭ ഏകമാകുന്നു.
2) തിരുസഭ വിശുദ്ധമാകുന്നു.
3) തിരുസഭ സാർവത്രികമാകുന്നു (കാതോലികമാകുന്നു)
4) തിരുസഭ അപ്പസ്തോലികമാകുന്നു.

ചോ: തിരുസഭ ഏകമായിരിക്കുന്നതെങ്ങനെ?
ഉ: തിരുസഭയുടെ അംഗങ്ങളായ വിശ്വാസികൾ ഒരേ വിശ്വാസം അനുസരിക്കുന്നതുകൊണ്ടും അവർക്കെല്ലാം ഒരേ കൂദാശകളും ഒരേ ബലിയുംഉള്ളതുകൊണ്ടും എല്ലാവരും ഏക തലവന് കീഴ്പ്പെട്ടിരിക്കുന്നതുകൊണ്ടും അത് ഏകമാകുന്നു.

ചോ: തിരുസഭ വിശുദ്ധമായിരിക്കുന്നതെങ്ങനെ?
ഉ: തിരുസഭയുടെ ശിരസ്സായ ഈശോ വിശുദ്ധിയുടെ നാഥനാകക്കൊണ്ടും വിശുദ്ധമായ ഉപദേശങ്ങൾ അത് പഠിപ്പിക്കുന്നതു കൊണ്ടും പുണ്യപൂർണ്ണതയ്ക്കുള്ള മാർഗ്ഗങ്ങളെ അത് എല്ലാവർക്കും നിർദ്ദേശിക്കുകയും നല്കുകയും ചെയ്യുന്നതുകൊണ്ടും അതിന്റെ അംഗങ്ങളിൽഅനേകായിരം പേർ ഉന്നതമായ പുണ്യപദവി പ്രാപിച്ചവരായതുകൊണ്ടും തിരുസഭ വിശുദ്ധമാകുന്നു.

ചോ: തിരുസഭ സാർവ്വത്രികമായിരിക്കുന്നതെങ്ങനെ?
ഉ: സുവിശേഷത്തിൽ വിശ്വസിക്കുന്ന എല്ലാവരെയും തിരുസഭ തന്റെ അംഗങ്ങളായി സ്വീകരിക്കുന്നു. ഏതെങ്കിലും പ്രത്യേക അതിർത്തികളിലോ, കാലഘട്ടത്തിലോ, ഒരു പ്രത്യേക ജാതിയിലോ, വർഗ്ഗത്തിലോ ഒതുങ്ങി നില്ക്കുന്നില്ല. അതിനാൽ സഭ സാർവ്വത്രികമാകുന്നു.

ചോ: തിരുസഭ അപ്പസ്തോലികമായിരിക്കുന്നതെങ്ങനെ?
ഉ: അപ്പസ്തോലന്മാരുടെ ക്രിസ്ത്വാനുഭവത്തിലും അധികാരത്തിലും അടിസ്ഥാനം ഉറപ്പിച്ചിരിക്കുക കൊണ്ടും അപ്പസ്തോലന്മാരുടെ പിൻഗാമികളായ മാർപ്പാപ്പാമാരും മെത്രാൻമാരും അതിന്റെ ഇടയന്മാരാകകൊണ്ടും ലോകത്തിൽ ക്രിസ്തുവിന് സാക്ഷ്യം വഹിക്കുക, ജനതകളെ ക്രിസ്തുവിൽ വളർത്തുക തുടങ്ങിയ അപ്പസ്തോലിക ദൗത്യം ഏറ്റെടുത്ത് നിർവ്വഹിക്കുന്നതുകൊണ്ടും തിരുസഭ അപ്പസ്തോലികമാകുന്നു.

ചോ: വിശ്വാസ സത്യങ്ങളും സന്മാർഗ്ഗ വിഷയങ്ങളും സംബന്ധിച്ച് നമ്മെ എന്തെങ്കിലും പഠിപ്പിക്കുമ്പോൾ തിരുസഭയ്ക്ക് തെറ്റു വരാൻ പാടുണ്ടോ?
ഉ: പാടില്ല. വിശ്വാസ സത്യങ്ങളും സന്മാർഗ്ഗ വിഷയങ്ങളും സംബന്ധിച്ച് എന്തെങ്കിലും ഔദ്യോഗികമായി പഠിപ്പിക്കുന്നതിൽ തിരുസഭയ്ക്ക് തെറ്റാവരം ഉണ്ട്. എന്തെന്നാൽ പരിശുദ്ധാത്മാവ് തിരുസഭയെ നിരന്തരം സഹായിച്ചുകൊണ്ടിരിക്കുന്നു.

ചോ: പരിശുദ്ധ മാർപാപ്പയ്ക്ക് തെറ്റാവരം ഉണ്ടോ?
ഉ: ഉണ്ട്. സാർവ്വത്രിക സഭയുടെ തലവനും മെത്രാൻ സംഘത്തിന്റെ നേതാവുമെന്ന നിലയിൽ വിശ്വാസത്തെയും സന്മാർഗ്ഗത്തെയും സംബന്ധിക്കുന്ന കാര്യങ്ങളിൽ ഔദ്യോഗികമായി സാർവ്വത്രിക സഭയെ പഠിപ്പിക്കുമ്പോൾ മാർപാപ്പയ്ക്ക് തെറ്റു പറ്റുകയില്ല.

ചോ: സാർവ്വത്രിക സൂനഹദോസ് എന്നാൽ എന്ത്?
ഉ: സാർവ്വത്രിക സഭയെ സംബന്ധിക്കുന്ന കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനു വേണ്ടി ലോകമെങ്ങുമുള്ള മെത്രാന്മാർ മാർപാപ്പയുടെ നേതൃത്വത്തിൽ ഒന്നിച്ചു കൂടുന്നതാണ് സാർവ്വത്രിക സൂനഹദോസ്. ഇത്തരം സൂനഹദോസുകളുടെ തീരുമാനങ്ങൾ സഭയെ മുഴുവൻ ബാധിക്കുന്നവയാണ്. അവ അനുസരിക്കാൻ സഭാംഗങ്ങൾക്കെല്ലാവർക്കും കടമയുണ്ട്. സഭ തന്റെ പ്രബോധനാധികാരം അതിന്റെ പൂർണ്ണതയിൽ പ്രയോഗിക്കുന്നത് സാർവ്വത്രിക സൂനഹദോസുകൾ വഴിയാണ്. അവയ്ക്ക് തെറ്റാവരം ഉണ്ട്.

ചോ: ചാക്രിക ലേഖനങ്ങൾ എന്നാൽ എന്ത്?
ഉ: ആദ്യത്തെ മാർപാപ്പയായ വി. പത്രോസ് ആദിമ ക്രൈസ്തവർക്കെഴുതിയ കത്തുകൾ ലേഖനങ്ങൾ എന്ന പേരിൽ വിശുദ്ധ ഗ്രന്ഥത്തിൽ നമുക്ക് ലഭിച്ചിരിക്കുന്നു. അതുപോലെ ആനുകാലിക പ്രശ്നങ്ങൾ വിശ്വാസത്തിന്റെ വെളിച്ചത്തിൽ വിലയിരുത്തിക്കൊണ്ടും സഭയ്ക്കു മുഴുവൻ നിർദ്ദേശങ്ങൾ നല്കിക്കൊണ്ടും മാർപാപ്പമാർ പുറപ്പെടുവിക്കുന്ന വിശ്വലേഖനങ്ങളാണ് ചാക്രിക ലേഖനങ്ങൾ. ഇവയും സഭയുടെ ആധികാരിക പ്രബോധനങ്ങളാണ്

Advertisements

ചോ: സ്വർഗ്ഗം പ്രാപിക്കാൻ മത തത്വങ്ങൾ വിശ്വസിച്ചാൽ മാത്രം മതിയോ?
ഉ: സ്വർഗ്ഗം പ്രാപിക്കാൻ മത തത്വങ്ങൾ വിശ്വസിച്ചാൽ മാത്രം പോരാ; അവയ്ക്കനുസൃതമായി പ്രവർത്തിക്കുകയും വേണം. നിത്യജീവിതത്തിലേക്ക് പ്രവേശിക്കാൻ നീ ആഗ്രഹിക്കുന്നെങ്കിൽ പ്രമാണങ്ങൾ അനുസരിക്കുക എന്നാണ് ഈശോ മിശിഹാ അരുളിച്ചെയ്തിരിക്കുന്നത്. മത്തായി 19:17)

ചോ: ദൈവകല്പനകൾ എത്ര? ഏതെല്ലാം?

ഉ: ദൈവകല്പനകൾ പത്ത്

1) നിന്റെ കർത്താവായ ദൈവം ഞാനാകുന്നു. ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത്.
2) ദൈവത്തിന്റെ തിരുനാമം വൃഥാ പ്രയോഗിക്കരുത്.
3) കർത്താവിന്റെ ദിവസം പരിശുദ്ധമായി ആചരിക്കണം.
4) മാതാപിതാക്കൻമാരെ ബഹുമാനിക്കണം.
5) കൊല്ലരുത്.
6) വ്യഭിചാരം ചെയ്യരുത്.
7) മോഷ്ടിക്കരുത്.
8) കള്ളസാക്ഷി പറയരുത്.
9) അന്യന്റെ ഭാര്യയെ മോഹിക്കരുത്.
10) അന്യന്റെ വസ്തുക്കൾ മോഹിക്കരുത്.

ഈ പത്തു കല്പനകൾ രണ്ടു കല്പനകളിൽ സംഗ്രഹിക്കാം.

1) എല്ലാറ്റിലും ഉപരിയായി ദൈവത്തെ സ്നേഹിക്കണം.
2) തന്നെപ്പോലെ മറ്റുള്ളവരെയും സ്നേഹിക്കണം.

ചോ: നിത്യരക്ഷ പ്രാപിക്കുവാൻ ഈ കല്പനകൾ അനുസരിക്കേണ്ട ആവശ്യമുണ്ടോ?
ഉ: നിത്യരക്ഷ പ്രാപിക്കാൻ ദൈവകല്പനകൾ എല്ലാം അനുസരിക്കണം. എന്തുകൊണ്ടെന്നാൽ അവയിലെല്ലാം ദൈവ തിരുമനസ്സ് ഒന്നു പോലെയാകുന്നു. അതിനാലാണ് ഒന്നു ലംഘിച്ചാൽ എല്ലാം ലംഘിക്കുന്നതുപോലെയാകുമെന്ന് വിശുദ്ധ യാക്കോബ് ശ്ലീഹാ പറഞ്ഞിരിക്കുന്നു. (യാക്കോബ് 2:10) എല്ലാം അനുസരിക്കാതിരുന്നാൽ രക്ഷ പ്രാപിക്കയില്ല.

ചോ: ഒന്നാം പ്രമാണത്തിൽ എന്താണു കല്പിച്ചിരിക്കുന്നത്?
ഉ: ദൈവത്തെ മാത്രം ആരാധിക്കണം എന്നാണ് കല്പിച്ചിരിക്കുന്നത്

ചോ : ദൈവത്തെ എങ്ങനെയാണു ആരാധിക്കേണ്ടത്?
ഉ: ആന്തരികവും ബാഹ്യവുമായ പ്രവൃത്തികളാലും വിശ്വാസം, ശരണം, സ്നേഹം എന്നീ ദൈവിക പുണ്യങ്ങളാലും മതാചാരത്താലുമാണ് ദൈവത്തെ ആരാധിക്കേണ്ടത്.

ചോ: ഒന്നാം പ്രമാണത്തിൽ എന്താണ് വിലക്കിയിരിക്കുന്നത്?
ഉ: നിരീശ്വരത്വം, നിർമ്മതത്വം, സൃഷ്ട വസ്തുക്കളെ ആരാധിക്കൽ, അന്ധവിശ്വാസം മുതലായവ ഒന്നാം പ്രമാണത്തിൽ വിലക്കിയിരിക്കുന്നു.

ചോ: പരിശുദ്ധ കന്യകാ മറിയത്തെയും വിശുദ്ധരെയും വന്ദിക്കുന്നത്. ഈ പ്രമാണത്തിൽ വിലക്കിയിട്ടുണ്ടോ?
ഉ: പരിശുദ്ധ കന്യകാ മറിയത്തെയും വിശുദ്ധരെയും വന്ദിക്കുന്നത് വിലക്കിയിട്ടില്ല. എന്തുകൊണ്ടെന്നാൽ നാം അവരെ ദൈവമായിട്ട് ആരാധിക്കുന്നില്ല. ദൈവത്തിന്റെ മാതാവ് അല്ലെങ്കിൽ സ്നേഹിതർ എന്ന നിലയിലും അവിടുത്തെ തിരുസന്നിധിയിൽ നമുക്കുള്ള ശക്തിയേറിയ മദ്ധ്യസ്ഥർ എന്ന നിലയിലും അവരെ നാം വന്ദിക്കുക മാത്രമെ ചെയ്യുന്നുള്ളു.

ചോ: രണ്ടാം പ്രമാണത്തിൽ ദൈവം എന്തു കല്പിക്കുന്നു?
ഉ: ദൈവത്തെയും വിശുദ്ധരെയും തിരുക്കർമ്മാദികളെയും തിരുവസ്തുക്കളെയും കുറിച്ച് ബഹുമാനപൂർവ്വം സംസാരിക്കണമെന്നും ശരിയായി ചെയ്ത നേർച്ചകളെയും സത്യപ്രതിജ്ഞകളെയും പാലിക്കണമെന്നും രണ്ടാം പ്രമാണത്തിൽ കല്പിക്കപ്പെട്ടിരിക്കുന്നു.

ചോ: ഈ പ്രമാണത്താൽ എന്താണു വിലക്കിയിരിക്കുന്നത്?
ഉ: കള്ളമായിട്ടും തിന്മയായിട്ടും നീതികേടായിട്ടും ആവശ്യം കൂടാതെ യുമുള്ള സത്യം ചെയ്യലും, ആണ, പ്രാക്ക്, ദൈവദൂഷണം മുതലായ നിന്ദവചനങ്ങളും രണ്ടാം പ്രമാണത്താൽ വിലക്കിയിരിക്കുന്നു.

ചോ: തിരുവസ്തു നിന്ദ അഥവാ ദൈവദോഷം (Sacrilege)എന്നാൽ എന്ത്?
ഉ: ദൈവാരാധനയ്ക്കു പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന വസ്തുക്കളെയും സ്ഥലങ്ങളെയും അവഹേളിക്കുകയോ കൈയേറ്റം ചെയ്യുകയോ ചെയ്യുന്നതും കൂദാശകളെ അയോഗ്യമായി കൈക്കൊള്ളുന്നതുമാണ് തിരുവസ്തു നിന്ദ (ദൈവദോഷം)

ചോ: മൂന്നാം പ്രമാണത്താൽ എന്താണു കല്പിക്കപ്പെട്ടിരിക്കുന്നത്?
ഉ: ഞായറാഴ്ചകളിലും കടമുള്ള തിരുനാളുകളിലും ദിവ്യബലിയിൽ സംബന്ധിച്ചുകൊണ്ട് വിശുദ്ധമായി വ്യാപരിക്കണമെന്ന് മൂന്നാം പ്രമാണത്താൽ കല്പിക്കപ്പെട്ടിരിക്കുന്നു. മതപഠനത്തിനുള്ള പ്രത്യേക ദിവസവുമാണ് ഞായറാഴ്ച.

ചോ: ഈ പ്രമാണത്താൽ എന്താണു വിലക്കിയിരിക്കുന്നത്?
ഉ: വിശുദ്ധ ദിവസത്തിന്റെ ആചരണത്തിന് വിഘ്നം വരുത്തുന്ന എല്ലാവിധ ജോലികൾ ചെയ്യുന്നതും ചെയ്യിപ്പിക്കുന്നതും മൂന്നാം പ്രമാണത്താൽ വിലക്കിയിരിക്കുന്നു.

ചോ: നാലാം പ്രമാണത്താൽ എന്താണു കല്പിക്കപ്പെട്ടിരിക്കുന്നത്?
ഉ: മാതാപിതാക്കളെയും അധികാരികളെയും അദ്ധ്യാപകരെയും മറ്റും സ്നേഹിക്കുകയും ബഹുമാനിക്കുകയും അനുസരിക്കുകയും സഹായിക്കുകയും ചെയ്യണമെന്ന് നാലാം പ്രമാണത്താൽ കല്പിക്കപ്പെട്ടിരിക്കുന്നു.

ചോ: മാതാപിതാക്കൻമാരെയും അധികാരികളെയും മറ്റും സ്നേഹിക്കുകയും അനുസരിക്കുകയും ചെയ്യണമെന്ന് കല്പിച്ചിരിക്കുന്നത് എന്തുകൊണ്ട്?
ഉ: മാതാപിതാക്കൻമാരെയും അധികാരികളെയും മറ്റും സ്നേഹിക്കുകയും അനുസരിക്കുകയും ചെയ്യണമെന്ന് കല്പിച്ചിരിക്കുന്നത് അവർ ദൈവത്തിന്റെ പ്രതിനിധികളായിരിക്കുന്നതുകൊണ്ടാണ്. ദൈവം കഴിഞ്ഞാൽ പിന്നെ നമുക്കുള്ള ഏറ്റം വലിയ ഉപകാരികളും നമ്മെ ദൈവത്തിനും നിത്യജീവിതത്തിനുമായി വളർത്താൻ അതിയായി യത്നിക്കുന്നവരുമാണ് മാതാപിതാക്കൾ.

ചോ: നാലാം പ്രമാണത്താൽ എന്താണു വിലക്കിയിരിക്കുന്നത്?
ഉ: മാതാപിതാക്കൻമാരുടെയും അധികാരികളുടെയും അദ്ധ്യാപകരുടെയും മറ്റും നേർക്കുള്ള എല്ലാ വക നിന്ദയും അനുസരണക്കേടും സ്നേഹമില്ലായ്മയും ഇതുപോലുള്ള മറ്റു കുറ്റങ്ങളും നാലാം പ്രമാണത്താൽ വിലക്കിയിരിക്കുന്നു.

ചോ: മാതാപിതാക്കന്മാരുടെ പ്രധാന കടമകൾ എന്തെല്ലാം?
ഉ: മക്കളെയും തങ്ങളുടെ കീഴിലുള്ള മറ്റ് ആളുകളെയും മതകാര്യങ്ങൾ പഠിപ്പിക്കുകയും അവരെ വൈത്തിന്റെ മക്കളായിട്ടു വളർത്തുന്ന എല്ലാ മാർഗ്ഗങ്ങളും ഉപയോഗിക്കുകയുമാണ് മാതാപിതാക്കന്മാരുടെ പ്രധാന കടമകൾ.

ചോ : അഞ്ചാം പ്രമാണത്താൽ എന്താണു കല്പിച്ചിരിക്കുന്നത്?
ഉ: ജീവനെ അവനവനിലും അന്യരിലും കഴിവുപോലെസംരക്ഷിക്കണമെന്നാണ്
അഞ്ചാം പ്രമാണത്താൽ കല്പിച്ചിരിക്കുന്നത്. കൂടാതെ മറ്റുള്ളവരുടെ സൽപേര് കാത്തു സൂക്ഷിക്കാനും അവരുടെ
ആദ്ധ്യാത്മിക ജീവൻ പരിരക്ഷിക്കുവാനും ഈ പ്രമാണം നമ്മെ കടപ്പെടുത്തുന്നുണ്ട്.

ചോ: അഞ്ചാം പ്രമാണത്താൽ എന്താണു വിലക്കിയിരിക്കുന്നത്?
ഉ: ആത്മഹത്യ, ഭ്രൂണഹത്യ, കൊലപാതകം തുടങ്ങിയവയും, അസൂയ, അരിശം, പ്രതികാര ബുദ്ധി, കയ്യേറ്റങ്ങൾ മുതലായവയും മയക്കുമരുന്നുകളുടെ ഉപയോഗവും ദുർമ്മാതൃകയും, മറ്റുള്ളവർക്ക് ഉപദ്രവകരമായതൊക്കെയും അഞ്ചാം പ്രമാണത്താൽ വിലക്കിയിരിക്കുന്നു.

ചോ: ആറാം പ്രമാണത്താൽ എന്താണു കല്പിച്ചിരിക്കുന്നത്?
ഉ: ആത്മ ശരീര പരിശുദ്ധി പാലിക്കണമെന്നും ലൈംഗിക ശക്തിയെ ദൈവേഷ്ടം അനുസരിച്ചു മാത്രം ഉപയോഗിക്കണം എന്നുമാണ് ആറാം പ്രമാണത്താൽ കല്പിച്ചിരിക്കുന്നത്.

ചോ: ആറാം പ്രമാണത്താൽ എന്താണു വിലക്കിയിരിക്കുന്നത്?
ഉ: വ്യഭിചാരം, സ്വയംഭോഗം, സ്വവർഗ്ഗഭോഗം മുതലായ അശുദ്ധ പ്രവൃത്തികളും അവയ്ക്കു പ്രേരിപ്പിക്കുന്ന നോട്ടം, വിചാരം, സംസാരം, സ്പർശം, പ്രകടനം, വായന, വിനോദം മുതലായവയും ആറാം പ്രമാണത്താൽ വിലക്കിയിരിക്കുന്നു.

ചോ: ഏഴാം പ്രമാണത്താൽ എന്താണു വിലക്കിയിരിക്കുന്നത്?
ഉ: മറ്റു വ്യക്തികളുടേയോ സമൂഹത്തിന്റേയോ വസ്തു വകകൾ അന്യായമായി കൈവശപ്പെടുത്തരുതെന്നും അവയ്ക്ക് നാശം വരുത്തരുതെന്നും മാനഹാനി വരുത്തരുതെന്നും ഉടമ്പടികളിൽ ചതിവ് ചെയ്യരുതെന്നും ഏഴാം പ്രമാണത്താൽ വിലക്കിയിരിക്കുന്നു.

ചോ: ഈ പ്രമാണത്താൽ എന്താണു ദൈവം ആജ്ഞാപിക്കുന്നത്?
ഉ : നമ്മുടെ കടങ്ങൾ വീട്ടണമെന്നും മറ്റുള്ളവരുടെ വസ്തുക്കൾ നമ്മുടെ കൈവശമുള്ളത് അവയുടെ ഉടമസ്ഥൻമാർക്ക് തിരികെ കൊടുക്കണമെന്നും, മറ്റുള്ളവർക്കു നാം വരുത്തിയിട്ടുള്ള മാനഹാനിയും വസ്തു നാശവും മറ്റും പരിഹരിക്കണമെന്നും ഏഴാം പ്രമാണത്താൽ ദൈവം കല്പിക്കുന്നു.

ചോ: ഏഴാം പ്രമാണത്തിനെതിരായി പാപം ചെയ്ത ആൾ ആ പാപം കുമ്പസാരത്തിൽ പറഞ്ഞാൽ മാത്രം മതിയോ?
ഉ: ഏഴാം പ്രമാണത്തിനെതിരായി പാപം ചെയ്ത ആൾ ആ പാപം കുമ്പസാരത്തിൽ പറഞ്ഞാൽ മാത്രം പോരാ, അതുവഴി മറ്റുള്ളവർക്ക് വരുത്തിയ നഷ്ടം പരിഹരിക്കാൻ തന്നാൽ കഴിയുന്നതൊക്കെ ചെയ്യുകയും വേണം.

ചോ: എട്ടാം പ്രമാണത്താൽ എന്താണു ദൈവം ആജ്ഞാപിച്ചിരിക്കുന്നത്?
ഉ: ചിന്തയിലും വാക്കിലും പ്രവൃത്തിയിലും നാം സത്യസന്ധരായിരിക്കണമെന്നും അന്യന്റെ പ്രവൃത്തികളെ നന്നായി വ്യാഖ്യാനിക്കണമെന്നുമാണ് എട്ടാം പ്രമാണത്താൽ ദൈവം ആജ്ഞാപിച്ചിരിക്കുന്നത്.

ചോ: എട്ടാം പ്രമാണത്താൽ എന്താണു വിലക്കിയിരിക്കുന്നത്?
ഉ: കള്ളസാക്ഷി, നുണ, പരദൂഷണം, തുടങ്ങി മറ്റുള്ളവരുടെ മാനത്തിനും കീർത്തിക്കും വിരോധമായ സകല വാക്കുകളും പ്രവൃത്തികളും രഹസ്യ ഭജ്ഞനങ്ങളും മറ്റും എട്ടാം പ്രമാണത്താൽ വിലക്കിയിരിക്കുന്നു.

ചോ: നുണ എന്താകുന്നു?
ഉ: മറ്റൊരുത്തനെ ചതിക്കണമെന്ന ഉദ്ദേശ്യത്തോടുകൂടി അറിഞ്ഞിരിക്കുന്നതിനു വിപരീതമായി പറയുന്ന വാക്കുകളോ, കാണിക്കുന്ന അടയാളങ്ങളോ ആകുന്നു നുണ.

ചോ: കള്ളസാക്ഷ്യം എന്നാൽ എന്ത്?
ഉ: സത്യമേ പറയൂ എന്ന് പ്രതിജ്ഞ ചെയ്ത ശേഷം അസത്യം പറയുന്നതാണ് കള്ളസാക്ഷ്യം.

ചോ: കള്ളസാക്ഷി പറഞ്ഞവരും അപകീർത്തി വരുത്തിയവരും എന്തു ചെയ്യണം?
ഉ: കള്ളസാക്ഷി പറഞ്ഞവരും അപകീർത്തി വരുത്തിയവരും തങ്ങൾ വരുത്തിയ മുതൽ നാശമോ, മാനനഷ്ടമോ, കഴിയുന്ന വിധത്തിലും വേഗത്തിലും തീർക്കണം. അതിനവർക്ക് കടമയുള്ളതുകൊണ്ട് അപ്രകാരം ചെയ്യാതിരുന്നാൽ അവരുടെ പാപത്തിന് പൊറുതി ലഭിക്കുകയില്ല.

ചോ: ഒമ്പതാം പ്രമാണത്താൽ എന്താണു ദൈവം കല്പിച്ചിരിക്കുന്നത്?
ഉ: വിവാഹജീവിതത്തിന്റെ വിശുദ്ധിയും വിശ്വസ്തതയും അഭേദ്യതയും എല്ലാവരും ആദരിക്കണമെന്നാണ് ഒമ്പതാം പ്രമാണത്താൽ കല്പിച്ചിരിക്കുന്നത്.

ചോ: ഒമ്പതാം പ്രമാണത്താൽ എന്താണു വിലക്കിയിരിക്കുന്നത്?
ഉ: അടക്കത്തിനും വിവാഹ ജീവിതത്തിന്റെ വിശ്വസ്തതയ്ക്കും, വിശുദ്ധിക്കും വിരുദ്ധമായ പ്രവൃത്തികളും വിചാരങ്ങളും, ആഗ്രഹങ്ങളും അവയിലുള്ള മനഃപൂർവ്വമായ സന്തോഷങ്ങളും ഒമ്പതാം പ്രമാണത്താൽ വിലക്കിയിരിക്കുന്നു.

ചോ: ഇവ കൂടാതെ ഈ പ്രമാണം മറ്റു വല്ലതും വിലക്കിയിട്ടുണ്ടോ?
ഉ: ഉണ്ട്. പാപത്തിനും ദുർവിചാരങ്ങൾക്കും ദുരാശകൾക്കും കാരണമാക്കുന്ന സാഹചര്യങ്ങളും വിലക്കിയിട്ടുണ്ട്.

ചോ: ഈ സാഹചര്യങ്ങൾ ഏതെല്ലാം?
ഉ: ചീത്ത വ്യക്തികൾ, അശുദ്ധ വാക്കുകൾ, ചീത്ത സംസാരങ്ങൾ, അശ്ലീല ഗാനങ്ങൾ, ചീത്ത പുസ്തകങ്ങൾ, ചീത്ത പടങ്ങൾ മുതലായവയും സന്മാർഗ്ഗത്തിനു ചേരാത്ത നാടകങ്ങൾ, സിനിമകൾ, തുടങ്ങി ശുദ്ധത എന്ന പുണ്യത്തിന് ഹാനികരമാകത്തക്ക സകലതും, ദുർവിചാരങ്ങൾ ദുരാശകൾക്കും കാരണം നൽകുന്ന സാഹചര്യങ്ങളാണ്.

ചോ: ശുദ്ധതയ്ക്കെതിരായ പ്രലോഭനങ്ങൾ പാപമാണോ?
ഉ: ശുദ്ധതയ്ക്കെതിരായ പ്രലോഭനങ്ങൾ അവയിൽ തന്നെ പാപമാകുന്നില്ല. എന്നാൽ നാം അവയ്ക്ക് സമ്മതം കൊടുക്കുകയോ, അവ ഉണ്ടാകുവാൻ മനഃപൂർവ്വം കാരണം നൽകുകയോ ചെയ്താൽ അവ പാപമാകും.

ചോ: ശുദ്ധതയ്ക്കെതിരായ പ്രലോഭനം ഉണ്ടായാൽ എന്തുചെയ്യണം?
ഉ: ശുദ്ധതയ്ക്കെതിരായ പ്രലോഭനം ഉണ്ടായാൽ ഉടനെ അതിൽ നിന്നും നമ്മുടെ ശ്രദ്ധയും വിചാരവും അകറ്റി നല്ല വിഷയങ്ങളിലേയ്ക്കു തിരിയുകയും പ്രാർത്ഥനയിലൂടെ ദൈവസഹായം തേടുകയും വേണം.

ചോ: പത്താം പ്രമാണത്താൽ എന്താണു കല്പിച്ചിരിക്കുന്നത്?
ഉ: ഭൗതിക വസ്തുക്കളോടുള്ള താത്പര്യത്തെ ദൈവഹിതത്തിനു യോജിച്ചവിധം ക്രമീകരിക്കണമെന്നും മനുഷ്യൻ അദ്ധ്വാനിച്ചു ജീവിക്കണമെന്നുമാണ് പത്താം പ്രമാണത്താൽ കല്പിച്ചിരിക്കുന്നത്.

ചോ: പത്താം പ്രമാണത്താൽ എന്താണു വിലക്കിയിരിക്കുന്നത്?
ഉ: അന്യരുടെ വസ്തുക്കളെക്കുറിച്ചുള്ള നീതി വിരുദ്ധമായ ആഗ്രഹങ്ങളും ലൗകിക വസ്തുക്കളിലുള്ള അതിരറ്റ താത്പര്യങ്ങളും പത്താം പ്രമാണത്താൽ വിലക്കിയിരിക്കുന്നു. പൂഴ്ത്തി വയ്പ്, കരിഞ്ചന്ത, കള്ളക്കടത്ത്, നികുതിവെട്ടിപ്പ്, അന്യായ പലിശ, മായം ചേർക്കൽ തുടങ്ങിയവയും പത്താം പ്രമാണത്തിനു വിരുദ്ധമാണ്.

ചോ: വേദപ്രമാണങ്ങൾ പത്തും എങ്ങിനെ സംക്ഷേപിക്കാം?
ഉ: വേദപ്രമാണങ്ങൾ പത്തും രണ്ടു പ്രമാണങ്ങളിൽ സംക്ഷേപിക്കാം:

  1. എല്ലാം വസ്തുക്കളേയും കാൾ ദൈവത്തെ സ്നേഹിക്കുന്നത്
  2. തന്നത്താൻ സ്നേഹിക്കുന്നതുപോലെ മറ്റുള്ളവരെയും സ്നേഹിക്കുന്നത്.
Advertisements

ചോ: തിരുസഭയുടെ കല്പനകൾ എത്ര? ഏതെല്ലാം?
ഉ: തിരുസഭയുടെ കല്പനകൾ അഞ്ച്

1) ഞായറാഴ്ചകളിലും കടപ്പെട്ട തിരുനാളുകളിലും മുഴുവൻ കുർബ്ബാനയിൽ പങ്കുകൊള്ളണം. ആ ദിവസങ്ങളിൽ വിലക്കപ്പെട്ട വേലകൾ ചെയ്യുകയുമരുത്.

2) ആണ്ടിലൊരിക്കലെങ്കിലും കുമ്പസാരിക്കുകയും പെസഹാക്കാലത്ത് പരിശുദ്ധ കുർബ്ബാന ഉൾക്കൊള്ളുകയും ചെയ്യണം.

3) നിശ്ചയിക്കപ്പെട്ട ദിവസങ്ങളിൽ ഉപവസിക്കുകയും വിലക്കപ്പെട്ട ഭക്ഷണ സാധനങ്ങൾ വർജ്ജിക്കുകയും ചെയ്യണം.

4) വിലക്കപ്പെട്ട കാലത്ത് വിവാഹം ആഘോഷിക്കുകയോ തിരുസഭ
വിലക്കിയിരിക്കുന്ന ആളുകളുമായി വിവാഹം നടത്തുകയോ ചെയ്യരുത്.

5) ദൈവാലയത്തിനും ദൈവശുശ്രൂഷകർക്കും വൈദികാദ്ധ്യക്ഷൻ
നിശ്ചയിച്ചിട്ടുള്ള പതവാരവും മറ്റ് ഓഹരികളും കൊടുക്കണം.

ചോ: ദൈവകല്പനകളും തിരുസഭയുടെ കല്പനകളും തമ്മിലുള്ള വ്യത്യാസം എന്ത്?
ഉ: ദൈവം മനുഷ്യർക്ക് നൽകിയ പത്തു കല്പനകൾ മാറ്റപ്പെടാൻ പാടില്ലാത്തവയാണ്. അവ അനുസരിക്കാൻ എല്ലാവരും കടപ്പെട്ടവരുമാണ്. തിരുസഭയുടെ കല്പനകളാകട്ടെ സഭാംഗങ്ങളുടെ മാത്രം ജീവിതത്തിന് മാർഗ്ഗനിർദ്ദേശം നൽകുന്നു. ഇവയ്ക്ക് മാറ്റങ്ങളുണ്ടാകാം. കാലത്തിനും ദേശത്തിനും സംസ്ക്കാരത്തിനുമനുസരിച്ച് ഈ കല്പനകൾക്ക് വ്യത്യാസം അനുവദിക്കാറുണ്ട്. പഠിപ്പിക്കാനും നയിക്കാനുമുള്ള തന്റെ അധികാരം ഉപയോഗിച്ചാണ് തിരുസഭ ഇപ്രകാരം ചെയ്യുന്നത്.

1-ാം കല്പന

ചോ: തിരുസഭയുടെ ഒന്നാമത്തെ കല്പന എന്താവശ്യപ്പെടുന്നു?
ഉ: ഞായറാഴ്ചകളിലും കടമുള്ള ദിവസങ്ങളിലും ദിവ്യബലിയിൽ സമ്പൂർണ്ണമായും സജീവമായും പങ്കുകൊള്ളുകയും സ്വന്തം ലാഭത്തിനുവേണ്ടി ചെയ്യുന്ന കഠിന ജോലികളിൽ നിന്ന് വിട്ടു മാറി വിശ്രമിക്കുകയും മതപഠനം, വിശുദ്ധഗ്രന്ഥ പാരായണം, പ്രാർത്ഥനാ സമ്മേളനങ്ങൾ, പരസ്നേഹപ്രവൃത്തികൾ തുടങ്ങിയവകൊണ്ട് ആ ദിവസങ്ങൾ സമ്പന്നമാക്കുകയും ചെയ്യണമെന്നാണ് തിരുസഭയുടെ ഒന്നാമത്തെ കല്പ്പന നമ്മോടാവശ്യപ്പെടുന്നത്

ചോ: ഞായറാഴ്ചകളിലും കടമുള്ള ദിവസങ്ങളിലും ദിവ്യബലിയിൽ പങ്കുകൊള്ളുന്നത് എവിടെയായിരിക്കണം എന്നാണ് തിരുസഭ ആഗ്രഹിക്കുന്നത്?
ഉ : കഴിവുള്ളിടത്തോളം സ്വന്തം ഇടവകപ്പള്ളിയിൽ തന്നെ വേണമെന്നാണ്.

ചോ : എന്തുകൊണ്ട്?
ഉ : സഭാംഗങ്ങളായ നാമെല്ലാവരും ഓരോ ഇടവകയിലെ അംഗങ്ങളാണ്. സഭയുടെ തന്നെ ഒരു ചെറിയ പതിപ്പാണ് ഇടവക. മെത്രാന്റെ പ്രതിനിധിയായ വൈദികന്റെ നേതൃത്വത്തിൽ ഓരോ ഇടവകയിലേയും വിശ്വാസികൾ ഒരു കുടുംബം എന്ന നിലയിൽ സമ്മേളിച്ച് ഏക മനസ്സോടെ ദൈവത്തെ ആരാധിക്കുന്ന അവസരമാണിത്. ഇടവക സമൂഹത്തിന്റെ വിശ്വാസം ഉറപ്പിക്കുവാനും പരസ്പര സ്നേഹവും ഐക്യവും പ്രകാശിപ്പിക്കുവാനും ഇത് സഹായിക്കുന്നു. അതുകൊണ്ട് കഴിവുള്ളിടത്തോളം സ്വന്തം ഇടവകപ്പള്ളിയിൽ
തന്നെ വേണം ഞായറാഴ്ചകളിലും കടമുള്ള ദിവസങ്ങളിലും ദിവ്യബലിയിൽ പങ്കുകൊള്ളാൻ.

ചോ: ഞായറാഴ്ചകളിലും കടമുള്ള ദിവസങ്ങളിലും ദിവ്യബലിയിൽ പൂർണ്ണമായി സംബന്ധിക്കാതിരിക്കുന്നത് രവമായ കുറ്റമാണോ?
ഉ: അലസതയാലോ, മറ്റു കുറ്റത്താലോ ദിവ്യബലിയിൽ പൂർണ്ണമായി സംബന്ധിക്കാതിരിക്കുന്നത് ഗൗരവമായ കുറ്റമാണ്.

ചോ: മാതാപിതാക്കൾ, രക്ഷകർത്താക്കൾ തുടങ്ങിയവർ തങ്ങളുടെ സംരക്ഷണയിലുള്ളവർക്ക് മേൽ പറഞ്ഞ ദിവസങ്ങളിൽ ദിവ്യബലിയിൽ സംബന്ധിക്കുന്നതിന് തടസ്സം വരുത്തുന്നത് ഗൗരവമായ കുറ്റമാകുമോ?
ഉ: തക്ക കാരണം കൂടാതെ തടസ്സം വരുത്തുന്നത് ഗൗരവമായ കുറ്റമാകും.

2-ാം കല്പന

ചോ: ആണ്ടിലൊരിക്കലെങ്കിലും കുമ്പസാരിക്കണം എന്ന കല്പനയുടെ അർത്ഥം എന്ത്?
ഉ: ആണ്ടിലൊരിക്കൽ മാത്രം കുമ്പസാരിച്ചാൽ മതിയെന്നല്ല, മാരകപാപത്തിൽ വീഴാനിടയായാൽ കഴിയുന്നത്ര വേഗം കുമ്പസാരിച്ച് പാപമോചനം നേടണമെന്നാണ് സഭയുടെ ഉദ്ദേശ്യം. എങ്കിലും പല കാരണങ്ങളാൽ ദീർഘകാലം പാപാവസ്ഥയിൽ കഴിയാനിടവരുന്ന ആളുകളെ മുന്നിൽ കണ്ടുകൊണ്ട് ആണ്ടിൽ ഒരിക്കലെങ്കിലും കുമ്പസാരിക്കണമെന്ന് സഭ നിർദ്ദേശിക്കുന്നത്. ആണ്ടിലൊരിക്കൽ മാത്രം കുമ്പസാരിച്ചാൽ മതിയെന്ന് കരുതുന്നവർ സഭയുടെ ഉദ്ദേശ്യത്തെ പരാജയപ്പെടുത്തുകയും സഭാ നിയമ ചൈതന്യത്തിന് വിരുദ്ധമായ നിലപാടു സ്വീകരിക്കുകയുമാണ് ചെയ്യുന്നത്.

ചോ: പെസഹാക്കാലത്ത് പരിശുദ്ധ കുർബാന സ്വീകരിക്കണമെന്നു പറയുന്നതെന്തുകൊണ്ട്?
ഉ: നമ്മുടെ കർത്താവിന്റെ പീഢാസഹനവും കുരിശു മരണവും ഉത്ഥാനവും പ്രത്യേകമാം വിധം അനുസ്മരിക്കുന്ന അവസരമാണല്ലോ പെസഹാക്കാലം. പരിശുദ്ധ കുർബാന സ്വീകരണം വഴി സഭാംഗങ്ങളെല്ലാവരും ക്രിസ്തുവിനോട് പ്രത്യേക വിധത്തിൽ ഐക്യപ്പെടണമെന്നാണ് സഭ അഭിലഷിക്കുന്നത്.

ചോ: പെസഹാക്കാല പരിശുദ്ധ കുർബാന സ്വീകരണം നടത്തുന്നത് എപ്പോൾ?
ഉ: അമ്പതു നോമ്പാരംഭം മുതൽ പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളിനു തലേദിവസം വരെയുള്ള കാലത്തിനിടയ്ക്ക് എന്നെങ്കിലും നടത്തിയാൽ മതി.

ചോ: പെസഹാക്കാല പരിശുദ്ധ കുർബാന സ്വീകരണം എവിടെയാണു നടത്തേണ്ടത്?
ഉ: കല്പനയനുസരിച്ചുള്ള പെസഹാക്കാല പരിശുദ്ധ കുർബാന സ്വീകരണം സാധാരണയായി സ്വന്തം ഇടവകയിലാണു നടത്തേണ്ടത്.

3-ാം കല്പന

ചോ: നോമ്പിന്റെയും ഉപവാസത്തിന്റെയും പ്രധാന ലക്ഷ്യം എന്ത്?
ഉ: ഈശോയുടെ ത്യാഗപൂർണ്ണമായ ജീവിതത്തോട് നമ്മെ കൂടുതൽ അടുപ്പിക്കുക എന്നതാണ് നോമ്പിന്റെയും ഉപവാസത്തിന്റെയും പ്രധാന ലക്ഷ്യം.

ചോ: നോമ്പിന്റെയും ഉപവാസത്തിന്റെയും ഫലങ്ങൾ ഏവ?
ഉ: പാപപങ്കിലമായ മനുഷ്യ പ്രകൃതിയിൽ നന്മയുടെ സ്വാധീനം വളർത്താനും ആത്മീയമായി കൂടുതൽ ശക്തി പ്രാപിക്കാനും പാപങ്ങൾക്കു പരിഹാരം ചെയ്യാനും പ്രാർത്ഥനയിൽ അഭിവൃദ്ധി പ്രാപിക്കാനും നോമ്പും ഉപവാസവും വഴി ഒരുവനു കഴിയുന്നു.

ചോ: നോമ്പാചരണത്തിൽ പ്രധാനമായി ശ്രദ്ധിക്കേണ്ടത് എന്താണ്?
ഉ: പ്രാർത്ഥന, പ്രായശ്ചിത്തം, ധർമ്മദാനം, മറ്റു പരസ്നേഹപ്രവൃത്തികൾ, ചില ഭക്ഷണ സാധനങ്ങൾ വർജ്ജിക്കുക എന്നിവ നോമ്പാചരണത്തിൽ പ്രാധാന്യം അർഹിക്കുന്നവയാണ്. എന്നാൽ ഇവയുടെ എല്ലാം അനുഷ്ഠാനത്തിൽ ആന്തരികമായ ചൈതന്യം പാലിക്കുവാൻ പ്രധാനമായും ശ്രദ്ധിക്കേണ്ടതാണ്. ബാഹ്യമായ ആചാരങ്ങൾ ആന്തരികമായ ചൈതന്യത്തിന്റെ പ്രകാശനമായിരിക്കണം.

ചോ: നമ്മുടെ സഭയിൽ നിശ്ചയിക്കപ്പെട്ട ഉപവാസ ദിനങ്ങൾ ഏവ? ആ ദിനങ്ങളിൽ എന്താണു ചെയ്യേണ്ടത്?
ഉ: വിഭൂതി തിരുനാൾ, ദുഃഖ വെള്ളി എന്നിവയാണ് ഉപവാസ ദിനങ്ങൾ.

ഈ ദിവസങ്ങളിൽ നമ്മൾ ചെയ്യേണ്ടത്.

1) ദിവസത്തിൽ ഒരിക്കൽ മാത്രം പൂർണ്ണ ഭക്ഷണം കഴിക്കുക.

2) മാംസവും മാംസത്തിൽ നിന്നുണ്ടാക്കുന്ന ഭക്ഷണസാധനങ്ങളും വർജ്ജിക്കുക.

3) പ്രാർത്ഥന, പ്രായശ്ചിത്തം, ധർമ്മദാനം, മറ്റു രസ്നേഹപ്രവൃത്തികൾ എന്നിവയുടെ തീവ്രമായ അനുഷ്ഠാനം വഴി നമ്മെത്തന്നെ കൂടുതൽ വിശുദ്ധീകരിക്കുക എന്നിവയാണ്.

4-ാം കല്പന

ചോ: നാലാമത്തെ കല്പന വഴി തിരുസഭ ഉദ്ദേശിക്കുന്നത് എന്ത്?
ഉ: നോമ്പുകാലത്തിന്റെ ചൈതന്യവും വിവാഹ ജീവിതത്തിന്റെ ഭദ്രതയും കാത്തുസൂക്ഷിക്കുക എന്നതാണ്.

ചോ: വിവാഹാഘോഷങ്ങൾ മുടക്കപ്പെട്ടിരിക്കുന്ന കാലങ്ങൾ ഏതെല്ലാം?
ഉ: മംഗളവാർത്തക്കാലം, നോമ്പുകാലം. അതായത് മംഗളവാർത്താ ഒന്നാം ഞായർ മുതൽ പിറവി വരെയും അമ്പതു നോമ്പാരംഭം മുതൽ ഉയിർപ്പുവരെയുമാണ് വിവാഹാഘോഷങ്ങൾ മുടക്കപ്പെട്ടിരിക്കുന്നത്.

ചോ : നോമ്പുകാലങ്ങളിൽ വിവാഹാഘോഷങ്ങൾ മുടക്കാൻ കാരണം എന്ത്?
ഉ : നോമ്പുകാലങ്ങൾ പ്രാർത്ഥനയ്ക്കും പ്രായശ്ചിത്തത്തിനുമായി പ്രത്യേകം നീക്കി വയ്ക്കപ്പെട്ടിട്ടുള്ളവയാണ്. അവയുടെ ചൈതന്യത്തിന് വിവാഹാഘോഷങ്ങൾ തടസ്സമാകുന്നതുകൊണ്ടാണ് തിരുസഭ ഈ കാലങ്ങളിൽ അതു മുടക്കിയിരിക്കുന്നത്.

5-ാം കല്പന

ചോ: കല്പിക്കപ്പെട്ട ഓഹരികൾ പള്ളിക്കു കൊടുക്കാൻ കടമയുണ്ടോ?
ഉ: ദൈവാലയത്തിന്റെയും ദൈവാലയ ശുശ്രൂഷകരുടേയും സംരക്ഷ ണത്തിന് കല്പിക്കപ്പെട്ട ഓഹരികൾ നൽകുവാൻ വിശ്വാസികൾക്കു കടമയുണ്ട്. ഇടവക തലത്തിലും രൂപതാ തലത്തിലും ആത്മീയ കാര്യങ്ങൾക്കു പുറമേ, വിദ്യാഭ്യാസപരവും, സംസ്കാരപരവും, ജീവകാരുണ്യപരവുമായ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ഇടവക ജനങ്ങളുടെ സഹകരണവും സാമ്പത്തിക സഹായവും കൊണ്ടാണ് ഇത്തരം പ്രവർത്തനങ്ങൾ വിജയിക്കുന്നത്. മിഷൻ പ്രവർത്തനങ്ങൾക്കും ഓരോരോ കാലങ്ങളിൽ സഭ ഏറ്റെടുക്കുന്ന പൊതുവായ പരിപാടികൾക്കും സഭാംഗങ്ങളെല്ലാവരും വേണ്ടത്ര സഹകരണം നൽകേണ്ടതാണ്.

ചോ: തിരുസഭയുടെ കല്പനകൾ അനുസരിക്കാതിരിക്കുന്നത് കുറ്റകരമാണോ?
ഉ: തിരുസഭയുടെ കല്പനകൾ അനുസരിക്കാതിരിക്കുന്നത് കുറ്റകരമാണ്. എന്തുകൊണ്ടെന്നാൽ സഭയെ കേൾക്കാത്തവൻ നിനക്ക് ചുങ്കക്കാ രനെപ്പോലെയും പുറം ജാതിക്കാരനെപ്പോലെയും ആയിരിക്കട്ടെ (മത്തായി 18:17) എന്ന് ഈശോ അരുളിച്ചെയ്തിരിക്കുന്നു.

Advertisements

ചോ: നാം ഭയപ്പെടേണ്ട ഏറ്റവും വലിയ തിന്മ ഏത്?
ഉ: പാപമാണു നാം ഭയപ്പെടേണ്ട ഏറ്റവും വലിയ തിന്മ

ചോ: എന്താണു പാപം?
ഉ: പാപം ദൈവപ്രമാണങ്ങളുടെ ലംഘനമാണ് അഥവാ വിചാരത്താലോ വാക്കാലോ പ്രവൃത്തിയാലോ ഉപേക്ഷയാലോ ദൈവഹിതം എതിർക്കുന്നതാണു പാപം.

ചോ: പാപം എത്ര തരമുണ്ട്? ഏതെല്ലാം?
ഉ: പാപം രണ്ടു തരമുണ്ട്. ഉത്ഭവപാപവും (ജന്മപാപം), കർമ്മപാപവും.

ചോ: ഉത്ഭവപാപം എന്നാൽ എന്ത്?
ഉ: ആദിമാതാപിതാക്കളുടെ പാപം മൂലം ഉണ്ടായ മനുഷ്യ വംശത്തിന്റെ പൊതുവായ പാപാവസ്ഥയിലുള്ള പങ്കാളിത്തമാണ് ഉത്ഭവപാപം.

ചോ: ഉത്ഭവപാപം എല്ലാവരിലും എങ്ങനെ ഉണ്ടാകുന്നു?
ഉ: ആദിമാതാപിതാക്കൾ മൂലമുണ്ടായ പാപാവസ്ഥയിൽ മനുഷ്യപ്രകൃതി പങ്കുചേരുന്നതിലൂടെ അതു മനുഷ്യവംശം മുഴുവൻ വ്യാപിക്കുന്നു. ഒരു പുതിയ മനുഷ്യ ഭ്രൂണം മനുഷ്യ പ്രകൃതിയുടെ ഉടമയാകുന്ന നിമിഷം മുതൽ ആ പുതിയ ആളിൽ ഉത്ഭവപാപം ഉണ്ട്.

ചോ: ഉത്ഭവപാപം കർമ്മപാപത്തിൽ നിന്ന് വ്യത്യസ്ഥമായിരിക്കുന്നതെങ്ങനെ?
ഉ: ഒരു മനുഷ്യൻ സ്വതന്ത്രമായ തീരുമാനം അനുസരിച്ച് ചെയ്യുന്ന പാപത്തിനു തുല്യമല്ല ഉത്ഭവപാപം. ഉത്ഭവപാപത്തിന്റെ തിന്മ ഒരുവന്റെ വ്യക്തിപരമായ പാപം മൂലം ഉണ്ടാവുന്നതല്ല. അത് മനുഷ്യൻ വ്യക്തിപരമായി പാപം ചെയ്യുന്നതിനു മുമ്പ് തന്നെ ജനനം മുതലേ അവനിലുള്ള ഒരു ദുരവസ്ഥയാണ്. ആ അവസ്ഥയിൽ ഒരു മനുഷ്യന് ദൈവിക ജീവൻ അഥവാ കൃപാവരം ഉണ്ടായിരിക്കുകയില്ല. ദൈവികജീവന്റെ അഭാവം കാരണമാണ് അതിനെ പാപാവസ്ഥ എന്നു വിളിക്കുന്നത്.

ചോ: ഉത്ഭവപാപത്തിൽ നിന്നു മോചനം കിട്ടുന്നത് എപ്പോൾ?
ഉ: ക്രിസ്തുവിൽ വിശ്വസിച്ച് ജ്ഞാനസ്നാനം സ്വീകരിക്കുമ്പോൾ ഉത്ഭവപാപത്തിൽ നിന്നു നാം മോചിതരാവുകയും ദൈവിക ജീവൻ പ്രാപിക്കുകയും ചെയ്യുന്നു.കാരണം ഉത്ഭവപാപത്തിന്റെ ദുരവസ്ഥയിൽ നിന്നു ക്രിസ്തു നേടിത്തന്ന രക്ഷയിൽ ആദ്യമായി നാം പങ്കാളികളാവുന്നത് ജ്ഞാനസ്നാനം വഴിയാണ്.

ചോ: കർമ്മപാപം എന്നാൽ എന്ത്?
ഉ: നന്മയും തിന്മയും തിരിച്ചറിയാൻ പ്രായമായതിന് ശേഷം ഓരോ
മനുഷ്യനും ചെയ്യുന്ന പ്രമാണ ലംഘനമാണ് കർമ്മപാപം.

ചോ: കർമ്മപാപം ഏതെല്ലാം വിധത്തിൽ ഉണ്ടാകാം?
ഉ: നാലു വിധത്തിൽ
1) വിചാരത്താൽ
2) വാക്കാൽ
3) പ്രവൃത്തിയാൽ
4) ഉപേക്ഷയാൽ.

ചോ: ഉപേക്ഷയാലുള്ള പാപം എന്താണ്?
ഉ: ചെയ്യേണ്ട നന്മ ഏതാണെന്നറിഞ്ഞിട്ടും അത് ചെയ്യാതിരിക്കുന്നതാണ് ഉപേക്ഷയാലുള്ള പാപം. (യാക്കോ 4:17)

ചോ: കർമ്മപാപം എത്ര തരം ഉണ്ട്?
ഉ: രണ്ടു തരമുണ്ട്. മാരകപാപവും, ലഘുപാപവും

ചോ: മാരകപാപം എന്നാൽ എന്ത്?
ഉ: പാപമാണെന്ന് പൂർണ്ണ ബോധ്യത്തോടും സ്വന്തം തീരുമാനം അനുസരിച്ചും ഏതെങ്കിലും ഗുരുതരമായ കാര്യത്തിൽ ദൈവ പ്രമാണം ലംഘിച്ച് അവിടുത്തെ സ്നേഹം നിരസിക്കുന്നതിന് മാരകപാപം എന്നു പറയുന്നു.

ചോ: ഇതിനെ മാരകപാപം എന്നു വിളിക്കുന്നത് എന്തുകൊണ്ട്?
ഉ: ദൈവ പ്രമാണങ്ങളുടെ ഗൗരവമായ ലംഘനം നമ്മുടെ ആത്മാവിന്റെ ജീവനാകുന്ന കൃപാവരം അഥവാ ദൈവിക ജീവനെ നശിപ്പിക്കുന്നതിനാലാണ് ഇതിനെ മാരകപാപം എന്നുവിളിക്കുന്നത്. മാരക പാപത്തോടുകൂടി മരിക്കുന്നവർക്ക് നിത്യമായ നരകശിക്ഷ ലഭിക്കും.

ചോ: ലഘുപാപം എന്നാൽ എന്ത്?
ഉ: ദൈവ പ്രമാണങ്ങളുടെ ലഘുവായ ലംഘനമാണ് ലഘുപാപം.

ചോ: പ്രമാണ ലംഘനം ലഘുവാകുന്നത് എപ്പോൾ?
ഉ: പ്രമാണ ലംഘന വിഷയത്തിന് ഗൗരവമില്ലാത്തപ്പോഴും, ഗൗരവമുണ്ടായിരുന്നാൽ തന്നെയും അതിന്റെ ലംഘനത്തിൽ പൂർണ്ണമായ അറിവും സമ്മതവും ഇല്ലാത്തപ്പോഴുമാണ് പ്രമാണ ലംഘനം ലഘുവാകുന്നത്.

ചോ: മാരകപാപങ്ങൾ ചെയ്യാതിരിക്കാൻ വളരെ സൂക്ഷിക്കണം എന്നല്ലാതെ ലഘുപാപങ്ങൾ ചെയ്യാതിരിക്കാനും സൂക്ഷിക്കണമെന്നുണ്ടോ?
ഉ: മാരകപാപങ്ങൾ ചെയ്യാതിരിക്കാൻ മാത്രമല്ല, ലഘുപാപങ്ങൾ ചെയ്യാതിരിക്കാനും വളരെ സൂക്ഷിക്കണം. എന്തെന്നാൽ ലഘുപാപവും തിന്മയാണ്. ദൈവത്തോടുള്ള ദ്രോഹമാണ്. അത് മാരക പാപത്തിലേയ്ക്കു വഴിതെളിക്കും.

ചോ: ലഘുപാപത്തോടുകൂടി മരിക്കുന്നവർക്ക് എന്തു സംഭവിക്കും?
ഉ: ലഘുപാപത്തോടുകൂടി മരിക്കുന്നവർ ശുദ്ധീകരണത്തിന് വിധേയരാക്കപ്പെടും. ശുദ്ധീകരണത്തിനു ശേഷം അവർ സ്വർഗ്ഗത്തിൽ പ്രവേശിക്കും.

ചോ: ശുദ്ധീകരിക്കപ്പെടുന്ന ആത്മാക്കളെ സഹായിക്കാൻ ആർക്കെങ്കിലും സാധിക്കുമോ?
ഉ: തിരുസഭയ്ക്ക് അവരെ സഹായിക്കാം. പ്രാർത്ഥന, ധർമ്മദാനം, ഉപവാസം, ത്യാഗം മുതലായ പുണ്യ പ്രവൃത്തികൾ കൊണ്ടും ദണ്ഡവിമോചനങ്ങൾ കൊണ്ടും. പ്രത്യേകിച്ച് ദിവ്യബലി കൊണ്ടും ശുദ്ധീകരണത്തിന് വിധേയരാക്കപ്പെടുന്ന ആത്മാക്കളെ നമുക്കും സഹായിക്കാൻ സാധിക്കും.

ചോ: ഒരു പ്രവൃത്തി പാപമാണോയെന്ന് എങ്ങനെയാണ് മനസ്സിലാക്കുന്നത്?
ഉ: പാപം തിരിച്ചറിയാനുള്ള ശക്തി ദൈവം നമ്മുടെ ആത്മാവിനു നൽകിയിട്ടുണ്ട്. തെറ്റും ശരിയും വിവേചിച്ചറിയാനുള്ള ഈ അനുഗ്രഹം ദൈവത്തിന്റെ ദാനമാണ്. അരുത്, അത് പാപമാണ് എന്ന് വിലപിക്കുന്ന ഒരു സ്വരം നമ്മുടെ ഉള്ളിൽ തന്നെ നാം കേൾക്കും. ആ സ്വരം അനുസരിച്ചാൽ പാപത്തിൽ വീഴുകയില്ല.അതിനെതിരായി നാം പ്രവർത്തിക്കുമ്പോൾ ആ സ്വരം നമ്മെ കുറ്റപ്പെടുത്തും, ചെയ്തത് തെറ്റാണെന്നു മനസ്സിലാക്കുകയും നമുക്ക് കുറ്റബോധം ഉണ്ടാവുകയും ചെയ്യും.എന്നാൽ ദൈവ പ്രമാണങ്ങൾ, തിരുസഭയുടെ കല്പനകൾ, ജീവിതാന്തസ്സിന്റെ കടമകൾ ഇവയെക്കുറിച്ചുള്ള അറിവ് തെറ്റും ശരിയും മനസ്സിലാക്കുവാൻ നമ്മെ വ്യക്തമായും സഹായിക്കും.

ചോ: മൂലപാപം (Capital Vice) എന്നാൽ എന്ത്?
ഉ: നന്മയെ ത്യജിച്ചുകൊണ്ട് തിന്മ ചെയ്യാൻ നമ്മെ പ്രേരിപ്പിക്കുന്ന മനസ്റ്റിന്റെ ഒരു ചാച്ചിലാണ് മൂലപാപം.

ചോ: പ്രധാന മൂലപാപങ്ങൾ എത്ര? ഏവ?
ഉ: മൂലപാപങ്ങൾ ഏഴ്

1) നിഗളം – എളിമ
2) ദ്രവ്യാഗ്രഹം – ഔദാര്യം
3) മോഹം – അടക്കം
4) കോപം – ക്ഷമ
5) കൊതി – മിതഭോജനം
6) അസൂയ – ഉപവി
7) മടി – ഉത്സാഹം

ചോ: ഇവയെ മൂലപാപങ്ങൾ എന്നു പറയുന്നത് എന്തുകൊണ്ട്?
ഉ: മറ്റനേകം ദുശ്ശീലങ്ങളുടെയും പാപങ്ങളുടെയും ഉത്ഭവവും കാരണവും ആയിരിക്കുന്നതുകൊണ്ടാണ് ഇവയെ മൂലപാപങ്ങൾ എന്നു പറയുന്നത്.

ചോ: മൂലപാപങ്ങളെ എങ്ങനെ ജയിക്കാം?
ഉ: മൂലപാപങ്ങൾക്ക് വിപരീതമായ പുണ്യങ്ങളുടെ പരിശീലനത്താൽ അവയെ ജയിക്കാം.

ചോ: മൂലപാപങ്ങൾക്കെതിരായ പുണ്യങ്ങൾ ഏവ?
ഉ: മൂലപാപങ്ങൾക്ക് എതിരായ പുണ്യങ്ങൾ ഏഴ്.
1) നിഗളം – എളിമ
2) ദ്രവ്യാഗ്രഹം – ഔദാര്യം
3) മോഹം – അടക്കം
4) കോപം – ക്ഷമ
5) കൊതി – മിതഭോജനം
6) അസൂയ – ഉപവി
7) മടി      – ഉത്സാഹം

Advertisements

ചോ: പുണ്യം എന്നാൽ എന്ത് ?
ഉ: നന്മ ആഗ്രഹിക്കുന്നതിനും ചെയ്യുന്നതിനുമുള്ള മനസ്സിന്റെ ആഗ്രഹവും തഴക്കവുമാണ് പുണ്യം.

ചോ: ക്രിസ്തീയ പുണ്യം എന്നാൽ എന്താണ്?
ഉ: ക്രിസ്തുനാഥന്റെ ഉപദേശങ്ങളനുസരിച്ച് ജീവിക്കുന്നതിനുള്ള മനസ്സിന്റെ സ്ഥിരമായ നിശ്ചയവും നിരന്തരമായ പരിശ്രമവുമാണ് പുണ്യം.

ചോ: പുണ്യം എത്ര വിധമുണ്ട്?
ഉ: പുണ്യം രണ്ടു വിധമുണ്ട്. ദൈവിക പുണ്യങ്ങളും സാന്മാർഗ്ഗിക പുണ്യങ്ങളും.

ചോ: ദൈവിക പുണ്യങ്ങൾ എന്നാലെന്ത്?
ഉ: ദൈവത്തെ നേരിട്ടു സംബന്ധിക്കുന്നവയും ദൈവസമക്ഷം നമ്മെ എത്തിക്കുന്നവയും ദൈവം തന്നെ നേരിട്ടു നമ്മുടെ ആത്മാവിൽ വർഷിക്കുന്നവയുമായ പുണ്യങ്ങളെയാണു ദൈവിക പുണ്യങ്ങൾ എന്നു പറയുന്നത്.

ചോ: എന്താണു വിശ്വാസം?
ഉ: ദൈവം എല്ലാവരുടെയും പിതാവും ഈശോ രക്ഷകനുമാണെന്നുള്ള സത്യം ദൃഢമായി സ്വീകരിച്ചുകൊണ്ട് തന്നെത്തന്നെ പൂർണ്ണമായി ദൈവത്തിന് സമർപ്പിക്കുവാൻ ഒരുവനെ പ്രേരിപ്പിക്കുന്ന ദൈവിക പുണ്യമാണ്
വിശ്വാസം.

ചോ: എന്താണു ശരണം?
ഉ: ദൈവത്തെ നമ്മുടെ സർവ്വ നന്മയായി ആഗ്രഹിക്കുവാനും അവിടുത്തോടൊന്നിച്ചുള്ള നിത്യജീവിതവും അതു പ്രാപിക്കാനുള്ള സഹായവും ലഭിക്കുമെന്ന് പ്രത്യാശിക്കാനും നമ്മെ പ്രേരിപ്പിക്കുന്ന ദൈവിക പുണ്യമാണ് വിശ്വാസം.

ചോ: എന്താണു ഉപവി?
ഉ : ദൈവത്തെയും സഹോദരരെയും സ്നേഹിക്കുവാൻ നമ്മെ കഴിവുള്ളവരാക്കുന്ന ദൈവിക പുണ്യമാണ് ഉപവി.

ചോ: സാന്മാർഗ്ഗിക പുണ്യങ്ങൾ എന്നാൽ എന്ത്?
ഉ: നന്മ പ്രവർത്തിക്കുന്നതിന് നമ്മുടെ ആത്മീയ ശക്തികളെ സഹായിക്കുന്ന പുണ്യങ്ങളാണ് സാന്മാർഗ്ഗിക പുണ്യങ്ങൾ.

ചോ: സാന്മാർഗ്ഗിക പുണ്യങ്ങൾ എത്ര? ഏതെല്ലാം?
ഉ: സാന്മാർഗ്ഗിക പുണ്യങ്ങൾ അനേകമുണ്ട്. എന്നാൽ അവയെല്ലാം നാലു പ്രധാന പുണ്യങ്ങളിൽ (മൗലിക സുകൃതങ്ങളിൽ) അടങ്ങിയിരിക്കുന്നു. വിവേകം, നീതി, ആത്മശക്തി, മിതത്വം എന്നിവയാണ് നാലു പ്രധാന പുണ്യങ്ങൾ.

ചോ: ഇവയെ പ്രധാന പുണ്യങ്ങൾ അല്ലെങ്കിൽ മൗലിക സുകൃതങ്ങൾ എന്നു പറയുന്നതെന്തുകൊണ്ട്?
ഉ: ഈ നാലു സുകൃതങ്ങളും സാന്മാർഗ്ഗിക ജീവിതത്തിന് അടിസ്ഥാനമായിരിക്കുന്നതു കൊണ്ടും ഇവയനുസരിച്ച് നമ്മുടെ പ്രവൃത്തികളെല്ലാം നാം ക്രമപ്പെടുത്തിയിരിക്കുന്നതു കൊണ്ടുമാണ് ഇവയെ മൗലിക സുകൃതങ്ങൾ എന്നു വിളിക്കുന്നത്.

ചോ: വിവേകമെന്നാൽ എന്ത്?
ഉ: നമ്മുടെ പരമാന്ത്യ പ്രാപ്തിക്കു പറ്റുന്ന വിധം എല്ലാറ്റിലും ഏറ്റം ഉത്തമമായ സ്വീകരിക്കുന്നതിനു നമ്മുടെ ബുദ്ധിയെ പ്രേരിപ്പിക്കുന്ന ഒരു അതിസ്വാഭാവിക സാന്മാർഗ്ഗിക പുണ്യമാണു വിവേകം.

ചോ: നീതിയെന്നാൽ എന്ത്?
ഉ: അന്യർക്കു ന്യായമായി അവകാശമുള്ളതെല്ലാം എപ്പോഴും നല്കുവാൻ നമ്മുടെ മനസ്സിനെ പ്രേരിപ്പിക്കുന്ന ഒരു അതിസ്വഭാവിക പുണ്യമാണു നീതി.

ചോ: ആത്മശക്തിയെന്നാൽ എന്ത്?
ഉ: ക്ലേശകരമായ ധാർമ്മിക നന്മയെ പ്രാപിക്കാൻ വേണ്ടി വിഷമതകളെയും അപകടങ്ങളെയും മരണത്തെത്തന്നെയും ഭയപ്പെടാതെ പ്രയത് നിക്കുവാൻ നമ്മെ ശക്തിപ്പെടുത്തുന്ന ഒരു അതിസ്വാഭാവിക സാന്മാർഗ്ഗിക പുണ്യമാണ് ആത്മശക്തി (സ്ഥൈര്യം)

ചോ: മിതത്വമെന്നാൽ എന്ത്?
ഉ: ഇന്ദ്രിയപരമായ സുഖേച്ഛയെ, പ്രത്യേകിച്ച് ഭക്ഷണാസക്തിയെയും ജഢികാസക്തിയെയും നിയന്ത്രിക്കുകയും ക്രമാതീതമാകാതെ സൂക്ഷിക്കുകയും ചെയ്യാൻ നമ്മെ സഹായിക്കുന്ന ഒരു അതിസ്വാഭാവിക സാന്മാർഗ്ഗിക പുണ്യമാണു മിതത്വം.

ചോ: പ്രധാന പുണ്യ പ്രവൃത്തികൾ ഏവ?
ഉ: പ്രധാന പുണ്യ പ്രവൃത്തികൾ മൂന്ന്
1) നോമ്പ്
2) പ്രാർത്ഥന 
3) ദാനധർമ്മം.

Advertisements

ചോ: പാപത്തിൽ നിന്നൊഴിഞ്ഞ് സ്വർഗ്ഗം പ്രാപിക്കാൻ സ്വന്തം ശക്തി കൊണ്ട് നമുക്കു കഴിയുമോ?
ഉ: പാപത്തിൽ നിന്നൊഴിഞ്ഞ് സ്വർഗ്ഗം പ്രാപിക്കാൻ സ്വന്തം ശക്തി കൊണ്ട് നമുക്കു കഴിയുകയില്ല. അതിനു നമുക്കു കൃപാവരം ആവശ്യമാണ്.

ചോ: കൃപാവരം എന്നാലെന്താണ്?
ഉ: നമ്മുടെ നിത്യരക്ഷയ്ക്ക് വേണ്ടി ഈശോമിശിഹായുടെ സുകൃതഫലങ്ങൾ മുഖാന്തിരം ദൈവം നല്കുന്ന പ്രകൃത്യാതീതമായ ഒരു ദൈവിക ദാനമാണ് കൃപാവരം.

ചോ: കൃപാവരം എത്ര വിധമുണ്ട്?
ഉ: രണ്ടുവിധമുണ്ട്. ശുദ്ധീകര കൃപാവരവും, പ്രവർത്തക കൃപാവരവും

ചോ: ശുദ്ധീകര കൃപാവരം എന്താണ്?
ഉ: മനുഷ്യനെ ദൈവിക ജീവനിൽ പങ്കാളിയാക്കുന്ന സ്വഭാവാതീതമായ ഒരു ദൈവിക ദാനമാണ് ശുദ്ധീകര കൃപാവരം (Habitual grace) ഇതു നമുക്ക് ആദ്യമായി ലഭിക്കുന്നതു മാമ്മോദീസാ സ്വീകരിക്കുമ്പോഴാണ്.

ചോ: പ്രവർത്തക കൃപാവരം എന്താണ്?
ഉ: തിന്മ ഉപേക്ഷിക്കുവാനും നന്മ ചെയ്യുവാനും വേണ്ടി അതാതു സമയം ദൈവം നമ്മുടെ ബുദ്ധിക്കു നല്കുന്ന പ്രകാശവും മനസ്സിനു നല്കുന്ന പ്രേരണയുമാണ് പ്രവർത്തക കൃപാവരം (Actual grace).

ചോ: കൃപാവരം നമുക്ക് എങ്ങനെ പ്രാപിക്കാം?
ഉ: കൂദാശകളുടെ യോഗ്യതാപൂർവ്വമായ സ്വീകരണം, പ്രാർത്ഥന, സൽകൃത്യങ്ങൾ, ദാനധർമ്മങ്ങൾ എന്നിവ വഴി നമുക്ക് കൃപാവരം പ്രാപിക്കാം.

ചോ: പ്രാർത്ഥന എന്നാൽ എന്ത്?
ഉ: ദൈവത്തെ ആരാധിക്കുകയോ അവിടുത്തേയ്ക്ക് നന്ദി പ്രകാശിപ്പിക്കുകയോ പാപങ്ങൾക്കു മാപ്പപേക്ഷിക്കുകയോ നമുക്കാവശ്യമുള്ള അനുഗ്രഹങ്ങൾ യാചിക്കുകയോ ചെയ്യുന്നതിലൂടെ നമ്മുടെ മനസ്സിനെ
ദൈവത്തിങ്കലേയ്ക്കുയർത്തുന്നതാണു പ്രാർത്ഥന.

ചോ: നാം പ്രാർത്ഥിക്കേണ്ടത് എപ്പോഴാണ്?
ഉ: നാം എപ്പോഴും പ്രാർത്ഥിക്കണമെന്നാണ് ഈശോ അരുളിച്ചെയ്തിരിക്കുന്നത് (ലൂക്കാ 18:1) ഈശോയുടെ ജീവിത മാതൃകയും അതു തന്നെയാണു പഠിപ്പിക്കുന്നത്.

ചോ: നാം പ്രധാനമായും ചൊല്ലേണ്ട പ്രാർത്ഥന ഏതാണ്?
ഉ: സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന പ്രാർത്ഥനയാണു നാം പ്രധാനമായി ചൊല്ലേണ്ട ഏറ്റവും വിശിഷ്ടമായ പ്രാർത്ഥന

ചോ: ഈ പ്രാർത്ഥന ഏറ്റവും വിശിഷ്ടമെന്നു പറയുന്നതെന്തുകൊണ്ട്?
ഉ: സ്വർഗ്ഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥന ഈശോ തന്നെ പഠിപ്പിച്ചതുകൊണ്ടും അതിൽ പ്രാർത്ഥനയുടെ എല്ലാ ഘടകങ്ങളും അടങ്ങിയിരിക്കുന്നതു കൊണ്ടും അതു മറ്റെല്ലാ ർത്ഥനകൾക്കും മാതൃകയായിരിക്കുന്നതു കൊണ്ടുമാണ് ഏറ്റവും വിശിഷ്ടമെന്നു പറയുന്നത്.

ചോ: പ്രാർത്ഥനയിൽ നമുക്കുണ്ടായിരിക്കേണ്ട മനോഭാവങ്ങൾ ഏതെല്ലാം?
ഉ: 1) ദൈവത്തെ പിതാവായി അംഗീകരിക്കുകയും, മക്കൾക്കടുത്ത വിനയത്തോടും ആത്മവിശ്വാസത്തോടും സ്നേഹത്തോടും സ്വാതന്ത്ര്യത്തോടും കൂടി അവിടുത്തെ സമീപിക്കുകയും ചെയ്യുക.
2) സ്വന്തം ജീവിതത്തിലും മനുഷ്യ സമൂഹങ്ങളിലും ദൈവഹിതം നിറവേറിക്കാണാൻ ആഗ്രഹിക്കുക.
3) നമ്മിൽ വസിക്കുന്ന ദൈവാത്മാവിനോട് തുറന്ന മനോഭാവം പുലർത്തുക.

ചോ: നാം പ്രാർത്ഥിക്കുന്നതെല്ലാം ദൈവം സാധിച്ചു തരുമോ?
ഉ: ഈ നാം പ്രാർത്ഥിക്കുന്നതെല്ലാം അതേപടി ദൈവം സാധിച്ചു തരുമെന്നു കരുതരുത്. നമ്മെ പൂർണ്ണമായി അറിയുന്ന ദൈവം നമ്മുടെ ആവശ്യത്തിനും നന്മയ്ക്കും ഉപകരിക്കുന്ന സംഗതികളാണ് സാധിച്ചു തരുന്നത്.

ചോ: നമുക്കാവശ്യമുള്ളതെന്തെന്ന് ദൈവത്തിന് അറിയാമെങ്കിൽ പിന്നെ നാം പ്രാർത്ഥിക്കുന്നെന്തിന്?
ഉ: നമുക്കാവശ്യമുള്ളതെന്തെന്ന് നാം ചോദിക്കുന്നതിനു മുമ്പു തന്നെ ദൈവം അറിയുന്നുണ്ട് (മത്തായി 6:8). എങ്കിലും നാം നിരന്തരം പ്രാർത്ഥിക്കണമെന്നാണ് ഈശോ അരുളിച്ചെയ്തിരിക്കുന്നത് (ലൂക്കാ. 18: 1, മത്തായി 7:7-11). നമ്മെ സംബന്ധിച്ചും നാം അപേക്ഷിക്കുന്ന കാര്യങ്ങളെ സംബന്ധിച്ചും ദൈവതിരുമനസ്സ് എന്തെന്നറിയുന്നതിനും ദൈവത്തോടുള്ള നമ്മുടെ സ്നേഹവും ആശ്രയത്വവും സുദൃഢമാക്കുന്നതിനും പ്രാർത്ഥന ആവശ്യമാണ്.

Advertisements

ചോ: കൂദാശ എന്നാൽ എന്ത്?
ഉ: അദൃശ്യമായ പ്രസവരത്തെ സൂചിപ്പിക്കുകയും നൽകുകയും ചെയ്യുന്ന ഈശോമിശിഹാ സമാപിച്ച ദൃശ്യമായ അടയാളമാണു കൂദാശ.

ചോ: കൂദാശകൾ സ്വീകരിക്കുമ്പോൾ നമുക്കു കൃപാവരം ലഭിക്കുന്നതെന്തുകൊണ്ട്?
ഉ: ക്രിസ്തുവിന്റെ സാന്നിദ്ധ്യവും പ്രവർത്തനവും പരിശുദ്ധാത്മാവ് വഴി കൂദാശകളിലൂടെ തുടരുന്നതിനാലാണ് അവ സ്വീകരിക്കുമ്പോൾ നമുക്കു കൃപാവരം (ദൈവിക ജീവനിൽ പങ്കാളിത്തം) ലഭിക്കുന്നത്.

ചോ: കൂദാശകളിലൂടെ ക്രിസ്തു നമ്മിൽ എങ്ങനെ സന്നിഹിതനാകുന്നു?
ഉ: ക്രിസ്തുവിന്റെ രക്ഷാകര പ്രവർത്തനത്തിന് ദൈവികമായ ആദ്യ തലവും മാനുഷികമായ കൃത്യതയും ഉണ്ടായിരുന്നു. അവിടുത്തെ രക്ഷാകര പ്രവർത്തനങ്ങളുടെ തുടർച്ചയായ കൂദാശകൾക്കും ഇതുപോലെ ദൈവികമായ ഒരു അദൃശ്യ തലവും മാനുഷികമായ ഒരു ദൃശ്യ തലവുമുണ്ട്. കൂദാശകളിലെ ദൈവികമായ അദൃശ്യ തലം പ്രസാദവരത്തിന്റെ തലമാണ്. മാനുഷികമായ ദൃശ്യ തലം ബാഹ്യമായ അടയാളങ്ങളും അനുഷ്ഠാനങ്ങളും അദൃശ്യമായ ദൈവിക പ്രവർത്തനത്തെ സൂചിപ്പിക്കുകയും അതോടൊപ്പം ആ ദൈവിക പ്രവർത്തനത്തെ യാഥാർത്ഥ്യമാക്കി തീർക്കുകയും ചെയ്യുന്നു. അങ്ങനെ കൂദാശകളിലൂടെ പരിശുദ്ധാത്മാവിനാൽ ക്രിസ്തു നമുക്കു സന്നിഹിതനാവുകയും നമ്മിൽ പ്രവർത്തിക്കുകയും ചെയ്യുന്നു.

ചോ: കൂദാശകൾ എന്നത് ഏതെല്ലാം?
ഉ: കൂദാശകൾ ഏഴ്
1) മാമ്മോദീസ (ജ്ഞാനസ്നാനം)
2) തൈലാഭിഷേകം (സൈര്യലേപനം) } പ്രവേശക കൂദാശകൾ )
3) കുർബാന (ദിവ്യകാരുണ്യം)
4) കുമ്പസാരം (അനുരഞ്ജനം)
5) രോഗീലേപനം
6) തിരുപ്പട്ടം (പൗരോഹിത്യം)
7) വിവാഹം

ചോ: ഈ കുദാശകളുടെയെല്ലാം ലക്ഷ്യം എന്ത്?
ഉ: മനുഷ്യരെ വിശുദ്ധീകരിക്കുക, ക്രിസ്തുവിന്റെ മൗതിക ശരീരത്തെ വളർത്തുക, സർവ്വോപരി ദൈവത്തിനു ആരാധന സമർപ്പിക്കുക എന്നിവയാണ് കൂദാശകളുടെ ലക്ഷ്യം (S.C. 59). കൂടാതെ അവ വിശ്വാസത്ത പരിപോഷിപ്പിക്കുകയും ശക്തിപ്പെടുത്തുകയും പ്രകടിപ്പിക്കുകയും ചെയ്യുന്നു.

ചോ: കൂദാശകളെ എങ്ങനെ തരം തിരിക്കാം?
ഉ: കൂദാശകളെ രണ്ടായി തരം തിരിക്കാം.
1) മരിച്ചവരുടെ കൂദാശകൾ, ഉയിരവരുടെ കൂദാശകൾ.
2) ഒരിക്കൽ മാത്രം സ്വീകരിക്കാവുന്ന ഒന്നിലധികം പ്രാവശ്യം സ്വീകരിക്കാവുന്നവ.

ചോ: മരിച്ചവരുടെ കൂദാശകൾ ഏതെല്ലാമാണ്?
ഉ: മാമ്മോദീസായും കുമ്പസാരവുമാണ് മരിച്ചവരുടെ കൂദാശകൾ.

ചോ: ഇവയെ മരിച്ചവരുടെ കൂദാശകൾ എന്നു പറയുന്നതെന്തുകൊണ്ട്?
ഉ : പ്രസാദവരമില്ലായ്കയാൽ ആത്മാവ് മൃതമായിരിക്കുന്നവർക്ക് ഈ കൂദാശകൾ സ്വീകരിക്കാവുന്നതുകൊണ്ട് ഇവയെ മരിച്ചവരുടെ കൂദാശകൾ എന്നു പറയുന്നു. ചില പ്രത്യേക സാഹചര്യങ്ങളിൽ രോഗിലേപനവും ഈ ഗണത്തിൽപ്പെടും.

ചോ: ഉയിരവരുടെ കൂദാശകൾ ഏതെല്ലാം?
ഉ: തൈലാഭിഷേകം, കുർബാന, രോഗിലേപനം, തിരുപ്പട്ടം, വിവാഹം എന്നിവയാണ് ഉയിരവരുടെ കൂദാശകൾ.

ചോ: ഇവയെ ഉയിരവരുടെ കൂദാശകൾ എന്നു പറയുന്നതെന്തുകൊണ്ട്?
ഉ: ആത്മാവിന്റെ ജീവനായ പ്രസാദവരം ഉള്ളവർക്കു മാത്രം ഈ കൂദാശകളെ സ്വീകരിക്കാവുന്നതുകൊണ്ട് ഇവയെ ഉയിരവരുടെ കൂദാശകൾ എന്നു പറയുന്നു. ഈ കൂദാശകൾ ദൈവിക ജീവനിൽ നമ്മെ വളർത്തുന്നവയാണ്.

ചോ: ഒരിക്കൽ മാത്രം സ്വീകരിക്കാവുന്ന കൂദാശകൾ ഏതെല്ലാം?
ഉ: മാമ്മോദീസ, സൈര്യലേപനം, തിരുപ്പട്ടം എന്നിവയാണ് ഒരിക്കൽ മാത്രം സ്വീകരിക്കാവുന്ന കൂദാശകൾ.

ചോ: ഈ കൂദാശകൾ ഒരിക്കൽ മാത്രം സ്വീകരിക്കാവുന്നവ ആയിരിക്കുന്നത് എന്തുകൊണ്ട്?
ഉ: ഈ കൂദാശകൾ ഒരിക്കലും മാഞ്ഞു പോകാത്ത മുദ്ര ആത്മാവിൽ പതിപ്പിക്കുന്നതുകൊണ്ടാണ് ഇവ ഒരിക്കൽ മാത്രം സ്വീകരിക്കാവുന്നവ ആയിരിക്കുന്നത്.

ചോ : കൂദാശാനുകരണങ്ങൾ എന്നാൽ എന്ത്?
ഉ: കൂദാശകളോട് സാധർമ്യം ഉള്ളവയും സഭയുടെ മാധ്യസ്ഥം വഴി ലഭിക്കുന്ന ആത്മീയ ഫലങ്ങളെ സൂചിപ്പിക്കുന്നവയുമായ സംപൂജ്യങ്ങളായ പ്രതീകങ്ങളാണ് കൂദാശാനുകരണങ്ങൾ. കൂദാശകളുടെ പ്രധാന ഫലമായ കൃപാവരം സ്വീകരിക്കുവാൻ ഈ അടയാളങ്ങൾ നമ്മെ തയ്യാറാക്കുന്നു. നമ്മുടെ ജീവിതത്തിലെ വിവിധ സന്ദർഭങ്ങളെ പവിത്രീകരിക്കുവാൻ കൂദാശാനുകരണങ്ങൾ ഉപകരിക്കും. ഇവയെ സ്ഥാപിച്ചത് തിരുസ്സഭയാണ്. വെഞ്ചിരിപ്പ്, ദൈവാലയ കൂദാശ, മനസമ്മതം, അടിമവെയ്ക്കൽ, ഒപ്പീസ് മുതലായവ ഉദാഹരണങ്ങളാണ്.

മാമ്മോദീസ (ജ്ഞാന സ്നാനം)

ചോ: മാമ്മോദീസ എന്നാൽ എന്താണ്?
ഉ: ജന്മ പാപത്തിൽ നിന്നും കർമ്മ പാപം ഉണ്ടെങ്കിൽ അതിൽ നിന്നും മോചിച്ച് നമ്മെ ദൈവത്തിന്റെ മക്കളും സ്വർഗ്ഗത്തിന്റെ അവകാശികളും തിരുസഭയിലെ അംഗങ്ങളുമാക്കുന്ന കൂദാശയാണ് മാമ്മോദീസ

ചോ: മാമ്മോദീസ നിത്യരക്ഷയ്ക്ക് ആവശ്യമാണോ?
ഉ: മാമോദിസ നിത്യ രക്ഷയ്ക്ക് ആവശ്യമാണ്. “ജലത്താലും ആത്മാവിനാലും ജനിക്കാത്തവന് ദൈവ രാജ്യത്തിൽ പ്രവേശിക്കുക സാധ്യമല്ലെന്നും (യോഹ 3:5)” വിശ്വസിച്ചു മാമോദിസ സ്വീകരിക്കുന്നവൻ രക്ഷിക്കപ്പെടും, വിശ്വസിക്കാത്തവൻ ശിക്ഷിക്കപ്പെടുമെന്നും ( മർക്കോ 16:16)” ഈശോ അരുളി ചെയ്തിട്ടുണ്ട്.

ചോ: മാമോദിസ സ്വീകരിക്കുവാൻ ഭാഗ്യം ലഭിക്കാത്തവരെല്ലാം നശിച്ചു പോകുമോ?
ഉ: ഇല്ല. സ്വന്തം കുറ്റം കൂടാതെ ക്രിസ്തുവിന്റെ സുവിശേഷത്തെയും അവിടുത്തെ സഭയെയും അറിയാതിരിക്കുകയും അതേസമയം പരമാർത്ഥ ഹൃദയത്തോടെ ദൈവത്തെ അന്വേഷിക്കുകയും മനസ്സാക്ഷിയുടെ സ്വരത്തിലൂടെ പ്രകടമാകുന്ന ദൈവ തിരുമനസ്സ് കൃപാവരത്തിന്റെ പ്രചോദനങ്ങൾക്ക് അനുസൃതമായി നിറവേറ്റാൻ പരിശ്രമിക്കുകയും ചെയ്യുന്നവർക്ക് നിത്യരക്ഷ പ്രാപിക്കാം. (L. G 16)

ചോ: സഭയ്ക്ക് പുറമേ രക്ഷയില്ലെന്ന് പറഞ്ഞാൽ എന്താണ് മനസ്സിലാക്കേണ്ടത്?
ഉ: തിരുസഭയെ രക്ഷയ്ക്കുള്ള ആവശ്യഘടകമായി ക്രിസ്തു വഴി ദൈവം സ്ഥാപിച്ചിരിക്കുന്നു എന്ന പരമാർത്ഥം മനസ്സിലാക്കിയിട്ടും അതിൽ പ്രവേശിക്കുകയോ അതിൽ നിലനിൽക്കുകയോ ചെയ്യാത്ത മനുഷ്യർ രക്ഷ പ്രാപിക്കുകയില്ല (L. G 14) എന്നാണ് മനസ്സിലാക്കേണ്ടത്.

ചോ: വീട്ടു മാമോദീസ എന്നാൽ എന്ത്?
ഉ: ക്രിസ്തുവിന്റെ സ്ഥാനത്ത് നിന്നുകൊണ്ട് സാധാരണയായി മാമോദിസ നൽകേണ്ടത് മെത്രാനോ വൈദികനോ ആണ്. എന്നാൽ അത്യാവശ്യഘട്ടങ്ങളിൽ അൽമായർക്കും ഈ കൂദാശ നൽകാം. ഇങ്ങനെ അത്യാവശ്യഘട്ടങ്ങളിൽ അല്മായർ നൽകുന്ന മാമോദിസയ്ക്ക് വീട്ടുമാമോദീസ എന്നു പറയുന്നു.

ചോ: വീട്ടു മാമോദിസ നൽകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം?
ഉ: 1) മാമോദിസ കൊണ്ട് തിരുസഭ എന്തു ഉദ്ദേശിക്കുന്നുവോ അതേ നിയോഗത്തിൽ കർമ്മങ്ങൾ അനുഷ്ഠിക്കുക.
2) മാമോദിസ സ്വീകരിക്കുന്ന ആളിനെ പേര് വിളിച്ച് “പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ മാമോദിസ മുക്കപ്പെടുന്നു”എന്നു ചൊല്ലിക്കൊണ്ട് തലയിൽ ശുദ്ധജലം കുരിശാകൃതിയിൽ ഒഴിക്കുക.
3) മാമോദിസ സ്വീകരിക്കുന്ന വ്യക്തി പ്രായപൂർത്തിയായ ആളാണെങ്കിൽ അയാളുടെ സമ്മതം ഉണ്ടായിരിക്കണം.
4) മാമോദിസ നൽകിയ വിവരം രേഖപ്പെടുത്തി വയ്ക്കുകയും പിന്നീട് പള്ളിയിൽ കൊണ്ടുപോയി കർമ്മങ്ങൾ പൂർത്തിയാക്കുകയും വേണം.

Advertisements

ചോ: കുമ്പസാരം എന്ന കൂദാശ എന്താകുന്നു?
ഉ: മാമോദിസ സ്വീകരിച്ച ശേഷം ചെയ്തിട്ടുള്ള പാപങ്ങളിൽ നിന്ന് മോചിച്ച് നമ്മെ ദൈവത്തോടും ദൈവ ജനത്തോടും രമ്യപ്പെടുത്തുകയും വീണ്ടും പാപം ചെയ്യാതിരിക്കാൻ വേണ്ട അനുഗ്രഹം നൽകുകയും ചെയ്യുന്ന കൂദാശയാണ് കുമ്പസാരം.

ചോ: കുമ്പസാരം എന്ന കൂദാശ ഫലപ്രദമായി സ്വീകരിക്കുവാൻ ആവശ്യമായിരിക്കുന്ന കാര്യങ്ങൾ എത്ര? ഏവ?
ഉ: അഞ്ച് .
1) പാപങ്ങളെല്ലാം ക്രമമായി ഓർക്കുന്നത്.
2) പാപങ്ങളെ കുറിച്ച് പശ്ചാത്തപിക്കുന്നത്
3) മേലിൽ പാപം ചെയ്യുകയില്ലെന്ന് പ്രതിജ്ഞ ചെയ്യുന്നത്.
4) ചെയ്തുപോയ മാരക പാപങ്ങളെങ്കിലും വൈദികനെ അറിയിക്കുന്നത്
5) വൈദികൻ കൽപ്പിക്കുന്ന പ്രായശ്ചിത്തം നിറവേറ്റുന്നത്

ചോ: പാപങ്ങൾ ക്രമമായി ഓർക്കണമെന്ന് പറയുന്നതിന്റെ അർത്ഥമെന്ത്?
ഉ: ദൈവസഹായം അപേക്ഷിച്ചുകൊണ്ട് ശരിയായ ആത്മശോധന നടത്തുക എന്നാണർത്ഥം. ആത്മശോധന വഴി വിചാരത്താലും വാക്കാലും പ്രവർത്തിയാലും ചെയ്തുപോയ എല്ലാ പാപങ്ങളും അവയുടെ സാഹചര്യങ്ങളും ദോഷഫലങ്ങളും മനസ്സിലാക്കണം. മാത്രമല്ല,നാം ചെയ്യാൻ കടപ്പെട്ടിരുന്ന നല്ല കാര്യങ്ങൾ ചെയ്യാതിരുന്നിട്ടുണ്ടെങ്കിൽ അവയും കണ്ടുപിടിക്കണം.

ചോ: മന:സ്താപം (പശ്ചാത്താപം) എന്നാൽ എന്താണ് ?
ഉ: അളവറ്റവിധം എന്നെ സ്നേഹിക്കുന്ന ദൈവത്തെ പാപം മൂലം ദ്രോഹിച്ചതിൽ ഉള്ള ദുഃഖവും പാപത്തോടുള്ള വെറുപ്പും ദൈവത്തിന്റെ കരുണയിലും ക്ഷമയിലും ഉള്ള വിശ്വാസവും ദൈവത്തോടും ദൈവ ജനത്തോടും രമ്യപ്പെടുവാനുള്ള ആഗ്രഹവുമാണ് മനസ്താപം.

ചോ: മേലിൽ പാപം ചെയ്യുകയില്ലെന്ന് പ്രതിജ്ഞ ചെയ്യുക എന്നതിന്റെ അർത്ഥം എന്ത്?
ഉ: ഇത്, മേലിൽ പാപം ചെയ്തു ദൈവത്തെ ദ്രോഹിക്കുകയില്ലെന്നും പാപകാരണങ്ങളെയും സാഹചര്യങ്ങളെയും ഉപേക്ഷിച്ചു കൊള്ളാമെന്നും ദൈവസ്നേഹത്തിൽ വളരുവാൻ കഴിവതും പരിശ്രമിച്ചു കൊള്ളാമെന്നും ആത്മാർത്ഥമായി നിശ്ചയിക്കുന്നതാണ്.

ചോ: പാപങ്ങൾ എങ്ങനെയാണ് വൈദികനെ അറിയിക്കേണ്ടത്?
ഉ: നമ്മുടെ ആത്മാവിന്റെ യഥാർത്ഥ സ്ഥിതി വൈദികന് മനസ്സിലാകത്തക്ക വിധം വേണം പാപങ്ങൾ ഏറ്റു പറയുവാൻ. പാപങ്ങളുടെ തരവും ആവർത്തനവും ഗുരുതര സാഹചര്യങ്ങളും വ്യക്തമാക്കണം. ജീവിതത്തിന് ആവശ്യമായ മാർഗനിർദ്ദേശങ്ങൾ വൈദികനിൽ നിന്ന് സ്വീകരിക്കാൻ ഉതകുന്ന തുറന്ന മനോഭാവം ഇക്കാര്യത്തിൽ നാം പ്രദർശിപ്പിക്കണം.

ചോ: കുമ്പസാരത്തിൽ ഗൗരവമായ പാപങ്ങളല്ലാതെ ലഘുപാപങ്ങൾ ഏറ്റു പറയേണ്ടതുണ്ടോ?
ഉ: ഗൗരവമായ പാപങ്ങൾ ആത്മാവിന്റെ ജീവനെ കെടുത്തുന്നു. മന:പൂർവ്വമുള്ള ലഘുപാപങ്ങൾ ആത്മാവിന്റെ ജീവന് മുറിവേൽപ്പിക്കുന്നു. കുമ്പസാരം ഇത്തരം പാപങ്ങളിൽ നിന്നുള്ള മുറിവിനെ സുഖപ്പെടുത്തി ആത്മാവിന് കൃപാവരത്തിന്റെ സഹായവും ശക്തിയും ലഭ്യമാക്കി തീർക്കുന്നു.

ചോ: കുമ്പസാരത്തിൽ ഏതെങ്കിലും ഗൗരവമായ പാപം മന:പ്പൂർവ്വം പറയാതിരുന്നാൽ ആ കുമ്പസാരം വാസ്തവം ആകുമോ ?
ഉ: ഏതെങ്കിലും ഗൗരവമായ പാപം മനപ്പൂർവം പറയാതിരുന്നാൽ കുമ്പസാരം വാസ്തവമാകില്ല. ആ കുമ്പസാരത്തിൽ പറഞ്ഞ മറ്റു പാപങ്ങൾ പോലും പൊറുക്കപ്പെടുന്നില്ലെന്ന് മാത്രമല്ല അങ്ങനെ കുമ്പസാരിക്കുന്നത് ദൈവദോഷവും ആണ്.

ചോ: ഗൗരവമായ പാപം മന:പ്പൂർവം പറയാതെ പോയ വ്യക്തി എന്താണ് ചെയ്യേണ്ടത്?
ഉ: ഗൗരവമായ പാവം മറച്ചുവെച്ച് കുമ്പസാരിച്ചയാൾ ആ കുമ്പസാരത്തിൽ പറഞ്ഞതും മറച്ചുവച്ചതുമായ എല്ലാ പാപങ്ങളും മന:പ്പൂർവ്വം പറയാതിരുന്ന വിവരവും അടുത്ത കുമ്പസാരത്തിൽ പറയണം.

ചോ: ഓർമ്മക്കുറവ് കൊണ്ട് മാത്രം ഏതെങ്കിലും ഗൗരവമായ പാപം കുമ്പസാരത്തിൽ പറയുവാൻ വിട്ടുപോയാൽ എന്തു ചെയ്യണം?
ഉ: ഓർമ്മക്കുറവ് കൊണ്ടുമാത്രം ഏതെങ്കിലും ഗൗരവമായ പാപം കുമ്പസാരത്തിൽ ഏറ്റുപറയാൻ മറന്നുപോയാൽ സാരമില്ല. ആ പാപം അടുത്ത കുമ്പസാരത്തിൽ പറഞ്ഞാൽ മതി.

ചോ: വൈദികൻ കൽപ്പിക്കുന്ന പ്രായശ്ചിത്തം എന്നാൽ എന്താണ്?
ഉ: കുമ്പസാരം എന്ന കൂദാശയിൽ നമ്മുടെ പാപങ്ങൾ ക്ഷമിക്കപ്പെടുമെങ്കിലും ആ പാപങ്ങൾ വരുത്തിയ തിന്മയ്ക്ക് നാം പരിഹാരം ചെയ്യേണ്ടതുണ്ട്. നാം അനുഷ്ഠിക്കേണ്ട പരിഹാര പ്രവർത്തികളുടെ ഒരു പ്രതിരൂപം മാത്രമാണ് വൈദികൻ കൽപ്പിക്കുന്ന പ്രായശ്ചിത്തം.

ചോ: വൈദികൻ കൽപ്പിക്കുന്ന പ്രായശ്ചിത്തത്തിന് പുറമേ മറ്റു പരിഹാര പ്രവർത്തികളും നാം ചെയ്യണണോ?
ഉ: വൈദികൻ കൽപ്പിക്കുന്ന പ്രായശ്ചിത്തത്തിന് പുറമേ മറ്റു പരിഹാര പ്രവർത്തികളും നാം ചെയ്യണം. നാമാണു പാപം ചെയ്തത്. അതിന്റെ ഗൗരവത്തെക്കുറിച്ച് നമുക്ക് ബോധ്യമുണ്ട്. ആ ബോധ്യത്തിനനുസരിച്ച് പ്രാർത്ഥന, ഉപവി പ്രവത്തികൾ, പരിത്യാഗ പ്രവർത്തികൾ എന്നിവ വഴി നമ്മുടെ പാപങ്ങൾക്ക് പരിഹാരം ചെയ്യാൻ കടപ്പെട്ടവരാണ്. സുവിശേഷത്തിലെ പോലെ (ലൂക്ക 19: 10) നമ്മുടെ പാപങ്ങൾക്കു ഉദാരമായ പരിഹാരം നാം ചെയ്യണം.

ചോ: പാപം മോചിക്കാനുള്ള അധികാരം വൈദികർക്ക് എങ്ങനെയാണ് ലഭിക്കുന്നത്?
ഉ: ഈശോ അപ്പസ്തോലന്മാരുടെ മേൽ നിശ്വസിച്ചുകൊണ്ട് അവരോട് അരുളി ചെയ്തു: “നിങ്ങൾ പരിശുദ്ധാത്മാവിനെ സ്വീകരിക്കുവിൻ. നിങ്ങൾ ആരുടെ പാപങ്ങൾ ക്ഷമിക്കുന്നുവോ അവ അവരോട് ക്ഷമിക്കപ്പെട്ടിരിക്കും നിങ്ങൾ ആരുടെ പാപങ്ങൾ ബന്ധിക്കുന്നുവോ ബന്ധിക്കപ്പെട്ടിരിക്കും” (യോഹ: 20 :22 -23). അപ്പോസ്തലന്മാർക്ക് ലഭിച്ച ഈ അധികാരമാണ് അവരുടെ പിൻഗാമികളായ മെത്രാന്മാരും വൈദികരും വഴി ഇന്ന് സഭയിൽ തുടരുന്നത്.

ചോ: വൈദികനോട് പാപങ്ങൾ ഏറ്റു പറയണമെന്ന് തിരുസഭ ആവശ്യപ്പെടുന്നത് എന്തുകൊണ്ട്?
ഉ: ദൈവത്തിനും സമൂഹത്തിനും എതിരായ തിന്മയാണല്ലോ പാപം. ദൈവ ജനത്തിന്റെ അംഗമായ വിശ്വാസി പാപം മൂലം ദൈവ ജനത്തിന് ദ്രോഹം ചെയ്യുന്നു. ആർക്കെല്ലാം എതിരായി തെറ്റ് ചെയ്തുവോ അവരോടെല്ലാം തെറ്റു സമ്മതിച്ച് രമ്യതയിലാവുകയാണ് കുമ്പസാരത്തിലെ ഏറ്റുപറച്ചിലിന്റെ ലക്ഷ്യം. വൈദികൻ ക്രിസ്തുവിന്റെ പ്രതിനിധിയായിരിക്കുന്നത് പോലെ സഭാ സമൂഹത്തിന്റെയും പ്രതിനിധിയാണ്. ക്രിസ്തുവിന്റെയും സഭയുടെയും നാമത്തിൽ വൈദികൻ പാപമോചനം നൽകുമ്പോൾ പാപ സങ്കീർത്തനം നടത്തുന്ന വ്യക്തി ക്രിസ്തുവിനോടും സഭയോടും അനുരഞ്ജനപ്പെടുകയാണ്. അതുകൊണ്ടാണ് വൈദികനോട് പാപങ്ങൾ ഏറ്റു പറയണമെന്ന് തിരുസഭ ആവശ്യപ്പെടുന്നത്.

ചോ: കുമ്പസാരം എന്ന കൂദാശയിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഘടകം ഏതാണ്?
ഉ: പാപങ്ങളെ കുറിച്ചുള്ള ആത്മാർത്ഥമായ പശ്ചാത്താപമാണ് കുമ്പസാരം എന്ന കൂദാശയിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഘടകം. പശ്ചാത്താപം ഇല്ലാതെ ഒരുവന് ഈ കൂദാശയിലൂടെ പാപമോചനം ലഭിക്കുകയില്ല

ചോ: കുമ്പസാരം എന്ന കൂദാശയുടെ ഫലങ്ങൾ ഏതെല്ലാം?
ഉ: കുമ്പസാരം എന്ന കൂദാശയുടെ ഫലങ്ങൾ അവർണനീയമാണ്
1) പാവങ്ങൾ എത്ര ഗുരുതരമായിരുന്നു ആരും എത്രയധികം ആയിരുന്നാലും അവയിൽ നിന്നെല്ലാം മോചിതരായി നഷ്ടപ്പെട്ട ദൈവീക ജീവൻ (കൃപാവരം) വീണ്ടും ലഭിക്കുന്നു.
2) നിത്യശിക്ഷ (നരകം) യിൽ നിന്ന് രക്ഷിക്കപ്പെടുന്നു.
3) പാപികളെ തേടി വന്ന ഈശോയുടെ കാരുണ്യവും സ്നേഹവും അനുഭവവേദ്യമാകുന്നു.
4) പ്രലോഭനങ്ങളെ അതിജീവിക്കാനുള്ള ശക്തി ലഭിക്കുന്നു.
5) അനിർവ്വചനീയമായ ആന്തരികാനന്ദവും സമാധാനവും കരഗതമാകുന്നു.
6) ഭീതി ഇല്ലാതാകുന്നു.
7) പ്രതിസന്ധികളെയും പ്രയാസങ്ങളെയും നേരിടുന്നതിനുള്ള ശക്തി ലഭിക്കുന്നു.
8) ജീവിതത്തിൽ ശുഭപ്രതീക്ഷയും ജോലി ചെയ്യാനുള്ള ഉത്സാഹവും ഉണ്ടാകുന്നു.
9) സമൂഹവുമായി കൂടുതൽ കൂടുതൽ സ്നേഹത്തിലും ഐക്യത്തിലും വളർത്തുന്നു.

Advertisements

ചോ: എന്താണ് പരിശുദ്ധ കുർബാന?
ഉ: പരിശുദ്ധ കുർബാന ബലിയും വിരുന്നും ഉൾക്കൊള്ളുന്ന അത്ഭുത രഹസ്യമാണ്.

ചോ: എന്താണ് ബലി?
ഉ: ദൈവത്തോടുള്ള ബന്ധത്തിന്റെയും ഐക്യത്തിന്റെയും അടയാളമായി ഒരാളോ സമൂഹമോ അവിടുത്തേക്ക് നടത്തുന്ന അർപ്പണമാണ് ബലി. എന്തെങ്കിലും ദൃശ്യവസ്തു ഉപയോഗിച്ചായിരിക്കും അർപ്പണം നടത്തുക.

ചോ: ബലിയർപ്പണത്തിന്റെ ഉദ്ദേശ്യം എന്ത്?
ഉ: ദൈവത്തിന് ആരാധനയും കൃതജ്ഞതയും അർപ്പിക്കുക, പാപങ്ങൾക്ക് പരിഹാരം നേടുക ആവശ്യമായ അനുഗ്രഹങ്ങൾ അപേക്ഷിക്കുക തുടങ്ങിയവയാണ് ബലിയർപ്പണത്തിന്റെ ഉദ്ദേശ്യം.

ചോ: ഈശോയുടെ കുരിശിലെ ബലയിൽ എന്ത് സംഭവിച്ചു?
ഉ : പഴയനിയമ ബലികളുടെയെല്ലാം പൂർത്തീകരണം കുരിശിലെ ബലിയിൽ സംഭവിച്ചു. മനുഷ്യന്റെ പാപങ്ങൾക്ക് പൂർണമായ പരിഹാരം ഉണ്ടായി. മനുഷ്യനും ദൈവവുമായി സ്നേഹത്തിന്റെ പുതിയ ഉടമ്പടി മുദ്ര വയ്ക്കപ്പെട്ടു. ഈശോയിലൂടെ മനുഷ്യവംശം മുഴുവൻ പാപത്തിൽ നിന്ന് ദൈവിക ജീവനിലേക്ക് കടന്നു. പിതാവായ ദൈവത്തിന് ഏറ്റവും യോഗ്യവും സ്വീകാര്യവുമായ ആരാധനയായി തീർന്നു കുരിശിലെ ബലി.

ചോ : ഈശോ പരിശുദ്ധ കുർബാന സ്ഥാപിച്ചത് എപ്പോൾ?
ഉ: അന്ത്യ താഴത്തിലെ പെസഹാവിനിൽ വച്ചാണ് ഈശോ പരിശുദ്ധ കുർബാന സ്ഥാപിച്ചത്.

ചോ: പരിശുദ്ധ കുർബാന എന്ന ബലി എന്താണ്?
ഉ: ക്രിസ്തുവിന്റെ പീഡാനുഭവത്തിലും കുരിശു മരണത്തിലും ഉത്ഥാനത്തിലും പൂർത്തിയായ ബലിയുടെ അടയാളങ്ങളിലൂടെയുള്ള അനുസ്മരണവും അനുഷ്ഠാനവുമാണ് പരിശുദ്ധ കുർബാന എന്ന ബലി.

ചോ: തിരുവത്താഴ ബലി എന്തായിരുന്നു?
ഉ: ഈശോ കുരിശിൽ അർപ്പിച്ച ബലിയുടെ മുൻകൂട്ടിയുള്ള അനുഷ്ഠാനമാണ് തിരുവത്താഴത്തിലെ ബലിയർപ്പണം. കാൽവരിയിൽ ബലിയർപ്പിക്കാനിരുന്ന തന്റെ ശരീരവും രക്തവുമാണ് അപ്പത്തിന്റെയും വീഞ്ഞിന്റെയും തിരുവത്താഴത്തിൽ ഈശോ ശിഷ്യർക്ക് നൽകിയത് .

ചോ: കാൽവരിയിലെ ബലിയും അൾത്താരയിൽ നാം അർപ്പിക്കുന്ന ബലിയും തമ്മിലുള്ള സാമ്യഭേദം എന്ത്?
ഉ: കാൽവരിയിലെ ബലിയിലും അൾത്താരയിലെ ബലിയിലും ബലിയപ്പനും ബലിവസ്തുവും ക്രിസ്തു തന്നെയാണ്. കാൽവരിയിലെ ബലി രക്തം ചിന്തയുള്ളതായിരുന്നു അൾത്താരയിലെ ബലി രക്ത രഹിതമാണ്. സാരാംശത്തിലെ ഫലത്തിലും രണ്ടും ഒന്നുതന്നെ. അർപ്പണ രീതിയിലാണ് വ്യത്യാസം. അടയാളങ്ങളിലൂടെയുള്ള അർപ്പണം എന്ന നിലയിൽ മാത്രം നമ്മുടെ ബലിയർപ്പണം കാൽവരി ബലിയിൽ നിന്നും വ്യത്യാസപ്പെട്ടിരിക്കുന്നു. അടയാളങ്ങളിലൂടെയുള്ള അർപ്പണമാകിയാൽ നമ്മുടെ ബലി ഒരു കൂദാശയാണ്.

ചോ: അൾത്താരയിൽ അർപ്പിക്കപ്പെടുന്ന ദിവ്യബലിയിൽ ഈശോ ഓരോ പ്രാവശ്യവും മരിക്കുകയും ഉയർത്തുകയും ചെയ്യുന്നുണ്ടോ?
ഉ: ഇല്ല. ദിവ്യബലി അർപ്പിക്കപ്പെടുന്ന ഓരോ പ്രാവശ്യവും അവിടുത്തെ ഏക ബലി സകല മനുഷ്യർക്കും വേണ്ടി സഭ മുഴുവനും അനുവർത്തമാക്കപ്പെടുകയാണ് ചെയ്യുന്നത്.

ചോ: പരിശുദ്ധ കുർബാന എന്ന കൂദാശ (വിരുന്ന് ) എന്താണ്?
ഉ: നമ്മുടെ ആത്മാവിന്റെ പോഷണത്തിനായി അപ്പത്തിന്റെയും വീഞ്ഞിനെയും സാദൃശ്യങ്ങളിൽ നമ്മുടെ കർത്താവായ ഈശോ മിശിഹായുടെ തിരു ശരീരവും തിരുരക്തവും ആത്മാവും ദൈവസ്വഭാവവും ഉൾക്കൊള്ളുന്ന കൂദാശ (വിരുന്ന് ) യാണു പരിശുദ്ധ കുർബാന.

ചോ: പരിശുദ്ധ കുർബാന ഒരു വിരുന്നാണ്. എന്തുകൊണ്ട്?
ഉ: പഴയ നിയമത്തിലെ ബലിയർപ്പാണങ്ങളിൽ ജനം ബലിവസ്തുവിൽ നിന്ന് ഭക്ഷിക്കുമായിരുന്നു. ദൈവം താങ്കളുടെ വിലയിൽ സംവൃതനായി എന്നതിന്റെ ബാഹ്യമായ അടയാളമായിട്ടാണ് ബലിവസ്തുവിൽ നിന്ന് ഭക്ഷിച്ചിരുന്നത്. അതുകൊണ്ട് ഈ ബലികൾ അവർക്ക് സ്നേഹത്തിന്റെയും ഐക്യത്തിന്റെയും ഒരു വിരുന്നു കൂടിയായിരുന്നു. തിരുവത്താഴത്തിനും ക്രിസ്തു തന്റെ ശരീര രക്തങ്ങൾ പിതാവിന് സമർപ്പിച്ച ശേഷം അവ ഭക്ഷണപാനീയങ്ങളായി ശിഷ്യന്മാർക്ക് നൽകി. ക്രിസ്തുവിന്റെ ബലിയാർപ്പണത്തിന്റെ തുടർച്ചയായ കുർബാനയിലും ഇതുതന്നെ സംഭവിക്കുന്നു. പിതാവായ ദൈവം പുത്രന്റെ ശരീരങ്ങൾ സ്വീകരിച്ച ശേഷം അതുതന്നെ നമുക്ക് ഭക്ഷണപാനീയങ്ങളായി നൽകുന്നു. അതുകൊണ്ട് പരിശുദ്ധ കുർബാന ഒരു വിരുന്നാണ്.

ചോ: നമ്മുടെ രക്ഷയ്ക്ക് വേണ്ടി യേശു അർപ്പിച്ച ബലി നമ്മുടേതായിത്തീരുന്നത് എപ്പോഴാണ്?
ഉ: നമ്മുടെ രക്ഷയ്ക്കായി യേശു അർപ്പിച്ച ബലി നമ്മുടെതായി തീരുന്നത് നാം അതിൽ സജീവമായി പങ്കെടുക്കുമ്പോഴാണ്.

ചോ: ദിവ്യബലിയിലെ സജീവ ഭാഗത്തിനായി ഉണ്ടായിരിക്കേണ്ട സവിശേഷതകളെ കുറിച്ച് രണ്ടാം വത്തിക്കാൻ കൗൺസിൽ പഠിപ്പിക്കുന്നത് എന്ത്?
ഉ: ആരാധനാക്രമങ്ങളിൽ പൂർണ്ണവും ബോധപൂർവ്വകവും കർമ്മോത്സവവും ആയ രീതിയിൽ ഭാഗഭാക്കുകളാകണമെന്നും (S.C14) തിരുകർമ്മങ്ങളുടെയും പ്രാർത്ഥനകളുടെയും അർത്ഥം ഗ്രഹിച്ച് തങ്ങൾ ചെയ്യുന്നതെന്താണെന്ന് ബോധത്തോടും ഭക്തിയോടും സഹകരണത്തോടും കൂടി അതിൽ പങ്കെടുക്കണ (S. C 48) മെന്നുമാണ് കൗൺസിൽ നമ്മെ പഠിപ്പിക്കുന്നത്.

ചോ: ദിവ്യബലിയിൽ സജീവമായി പങ്കെടുക്കാൻ നാം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഏവ?
ഉ: 1) ദിവ്യബലി ക്രൈസ്തവ സമൂഹത്തിന്റെ പരസ്യ ആരാധനയാണ്. ദൈവജനത്തിന്റെ നേതാവായ പുരോഹിതൻ അവരുടെ തലവനായി നിന്ന് അവരുടെ നാമത്തിലും അവർക്ക് വേണ്ടിയും ബലിയർപ്പിക്കുന്നു. ഒറ്റ തിരിഞ്ഞോ ഓരോരുത്തരുടെയും ഇഷ്ടാനിഷ്ടങ്ങൾ അനുസരിച്ചോ അർപ്പിക്കാവുന്നതല്ല ദിവ്യബലി.
2) ഈശോയോടും സഹോദരങ്ങളോടും ഉള്ള സ്നേഹബന്ധം ബലിയിൽ പങ്കെടുക്കാൻ ആവശ്യമാണ്.
3) ദിവ്യബലി അത്യുൽകൃഷ്ടമായ ആരാധനയാണ്. വിശ്വാസികൾക്ക് ക്രിസ്തീയ ചൈതന്യം സമാർജിക്കാനുള്ള പ്രഥമവും അനുപേക്ഷിണീയവുമായ ഉറവിടമാണത് (S. C.14)
4) ക്രിസ്തുവിന്റെ മൗതികശരീരം നിർവഹിക്കുന്ന അർപ്പണമാണ് കുർബാന. ബലവസ്തു മാത്രമല്ല ക്രിസ്തുവിന്റെ മൗതിക ശരീരത്തിലെ അംഗങ്ങളായ നാമേവരും ശിരസ്സായ ക്രിസ്തുവിനോടൊപ്പം ബലിവസ്തുക്കളാണ്.
5) ദിവിബലിയിൽ സംബന്ധിക്കുന്ന എല്ലാവരും ക്രിസ്തുവിനോടൊപ്പം സഹാർപ്പക്കാരണ്. മാമ്മോദിസയിലൂടെ വിശ്വാസികൾ ഏവരും ക്രിസ്തുവിന്റെ പൗരോഹിത്യത്തിൽ പങ്കുകാരാണ്.
6) പരിശുദ്ധ കുർബാന പെസഹാവിരുന്നാണ്; വിരുന്ന് അനുഭവിച്ചാൽ മാത്രമേ ബലിയർപ്പണം പൂർണ്ണമാവുകയുള്ളൂ. (S C 55) മനുഷ്യപുത്രന്റെ ശരീരം ഭക്ഷിക്കുകയും രക്തം പാനം ചെയ്യുകയും ചെയ്യുന്നില്ലെങ്കിൽ നിങ്ങൾക്ക് ജീവൻ ഉണ്ടായിരിക്കുകയില്ല. (യോഹ 6:53)
7) യുഗാന്ത്യത്തിലെ സ്വർഗീയ വിരുന്നിന്റെ മുന്നാസ്വാദനം ആണിത്.

ചോ: ദിവ്യകാരുണ്യ സ്വീകരണം രണ്ടു സാദൃശ്യങ്ങളിലും വേണമെന്ന് നിർബന്ധമുണ്ടോ ?
ഉ: നിർബന്ധമില്ല. തിരു ശരീരത്തിലും തിരു രക്തത്തിലും ഈശോ മുഴുവനായിട്ടും കുറവ് കൂടാതെയും സന്നിഹിതനാണ്. എങ്കിലും വിരുന്ന് എന്ന പ്രതീകത്തിന്റെ പൂർണ്ണതയ്ക്ക് ഇരു സാദൃശ്യങ്ങളിലും പരിശുദ്ധ കുർബാന കൊടുക്കുന്നതും സ്വീകരിക്കുന്നതും കൂടുതൽ യോജിച്ചതാണ്. ഒരേ കുർബാനയിൽ പങ്കെടുക്കുന്നവർക്ക് ആ ദിവ്യബലിയിൽ അർപ്പിച്ച ബലിവസ്തുക്കൾ കൊടുക്കുന്നതും വിരുന്ന് എന്ന പ്രതീകത്തിന്റെ അർത്ഥ സൂചനക്ക് ആവശ്യമാണ്.

ചോ: ഈശോ പരിശുദ്ധ കുർബാനയിൽ സന്നിഹിതനാകുമ്പോൾ സ്വർഗ്ഗത്തിൽ ഇല്ലാതെ വരുന്നുണ്ടോ?
ഉ: ഈശോ പരിശുദ്ധ കുർബാനയിൽ സന്നിഹിതനാകുന്നത് മൂലം സ്വർഗത്തിൽ ഇല്ലാതെ വരുന്നില്ല. എന്തെന്നാൽ സർവ്വശക്തനും സർവ്വവ്യാപിയുമായ അവിടുത്തേക്ക് ഒരേ സമയത്ത് സ്വർഗ്ഗത്തിലും പരിശുദ്ധ കുർബാനയിലും സന്നിഹിതനായിരിക്കാൻ കഴിയും.

ചോ: തിരുവോസ്തി ചെറുതായി മുറിക്കുമ്പോൾ ചെറിയ അംശത്തിലും ഈശോ സന്നിഹിതനാണോ?
ഉ: തിരുവോസ്തി എത്ര അംശങ്ങളായ മുറിക്കുന്നുവോ ആംശങ്ങളിൽ എല്ലാം ഈശോ മുഴുവനായിട്ടും കുറവ് കൂടാതെയും സന്നിഹിതനാണ് അതുപോലെ തന്നെയാണ് തിരു രക്തത്തിലും.

ചോ: ദിവ്യബലിക്ക് ശേഷവും തിരുവോസ്തിയിൽ ഈശോ സന്നിഹിതനാണോ?
ഉ: ദിവ്യബലിക്കു ശേഷവും ഈശോ തിരുവോസ്തിയിൽ സന്നിഹിതനാണ്.

ചോ: ദിവ്യബലിയ്ക്ക് പുറമേ പരിശുദ്ധ കുർബാന സ്വീകരിക്കാമോ?
ഉ: ദിവ്യബലിക്ക് പുറമെയും വിശുദ്ധ കുർബാന സ്വീകരിക്കാം. രോഗികൾ, ബന്ധിതർ തുടങ്ങിയവർക്കാണ് ഇങ്ങനെ പരിശുദ്ധ കുർബാന കൊടുക്കുന്നത്.

ചോ: പരിശുദ്ധ കുർബാന സ്വീകരണത്തിന്റെ (ദിവ്യകാരുണ്യ സ്വീകരണം) ഫലങ്ങൾ എന്തെല്ലാം?
ഉ: 1) സ്വാഭാവിക ഭക്ഷണപാനീയങ്ങൾ നമ്മുടെ ശരീരത്തിന് ആരോഗ്യവും പോഷണവും വളർച്ചയും നൽകുന്നതുപോലെ ദിവ്യകാരുണ്യ സ്വീകരണം നമ്മുടെ ആത്മാവിന്റെ ജീവനായ കൃപാവരം നിലനിർത്തുകയും പോഷിപ്പിക്കുകയും വളർത്തുകയും ചെയ്യുന്നു.
2) പാപങ്ങളുടെ പരിഹാരത്തിനായി അർപ്പിക്കപ്പെടുന്ന ക്രിസ്തുവിന്റെ ശരീരവും രക്തവും സ്വീകരിക്കുമ്പോൾ പാപങ്ങളിൽ നിന്ന് മോചനം നേടി നാം വിശുദ്ധീകരിക്കപ്പെട്ടവരായി തീരുന്നു.
3) പരിശുദ്ധ കുർബാന സ്വീകരണം വഴി ക്രിസ്തുവും നാമും തമ്മിൽ പരസ്പരമുള്ള ഐക്യം സംജാതമാകുന്നു. അവിടുന്ന് പറയുന്നു” എന്റെ ശരീരം പക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവൻ എന്നിലും ഞാൻ അവനിലും വസിക്കുന്നു”. ( യോഹ. 6:56).

ചോ: പരിശുദ്ധ കുർബാന യോഗ്യതയോടെ സ്വീകരിക്കാൻ വേണ്ട കാര്യങ്ങൾ എത്ര?ഏവ?
ഉ: മൂന്ന്
1) പ്രസാദവരം ഉണ്ടായിരിക്കുന്നത്.
2) ദിവ്യകാരുണ്യ സ്വീകരണത്തിനു മുമ്പ് ഒരു മണിക്കൂർ നേരത്തേയ്ക്ക് ഉപവസിക്കുന്നത്.
3) വേണ്ടത്ര ഭക്തിയും ഒരുക്കവും ഉണ്ടായിരിക്കുന്നത്

ചോ: പരിശുദ്ധ കുർബാന സ്വീകരിക്കുന്നതിന് ഏറ്റവും അടുത്ത ഒരുക്കം എന്താണ്?
ഉ: പരിശുദ്ധ ബലിയിലുള്ള സജീവമായ ഭാഗ ഭാഗിത്വമാണ് വിശുദ്ധ കുർബാന സ്വീകരിക്കുന്നതിനുള്ള ഏറ്റവും അടുത്ത ഒരുക്കം. കൂടാതെ ആരെയാണ് നാം സ്വീകരിക്കാൻ പോകുന്നതെന്നും അവിടുത്തെ സ്വീകരിക്കാൻ പോകുന്ന നാം ആരെന്നും ചിന്തിച്ച് വിശ്വാസം, ശരണം,ഉപവി,മനസ്താപം, എളിമ,ആരാധന, ആഗ്രഹം എന്നിവ നമ്മിൽ ജനിപ്പിക്കുകയും ചെയ്യണം.

ചോ: പരിശുദ്ധ കുർബാന സ്വീകരണത്തിനു ശേഷം നാം എന്തു ചെയ്യണം?
ഉ: പരിശുദ്ധ കുർബാന സ്വീകരണത്തിനു ശേഷം ഉപകാരസ്മരണ നടത്തുകയും ബലിക്ക് ചേർന്ന ജീവിതം നയിക്കുകയും ചെയ്യണം.

ചോ: ഉപകാരസ്മരണ നടത്തുക എന്നാൽ എന്താണ്?
ഉ: നമ്മിലേക്ക് എഴുന്നള്ളി വന്ന ഈശോയെ ആരാധിക്കുകയും സ്തുതിക്കുകയും അവിടുത്തേക്ക് നന്ദി പറയുകയും ചെയ്യുക. വിശ്വാസത്തിന്റെയും ശരണത്തിന്റെയും സ്നേഹത്തിന്റെയും പ്രകരണങ്ങൾ ചൊല്ലുക. അവിടുത്തെ സ്നേഹവും കാരുണ്യവും അനുഭവിച്ചറിയുക നമ്മെയും നമുക്കുള്ളതൊക്കെയും അവിടുത്തേക്ക് സമർപ്പിക്കുക,അവിടുന്ന് നമ്മുടെ ഹൃദയത്തിൽ സംസാരിക്കുന്നത് ശ്രദ്ധാപൂർവ്വം കേൾക്കുക,തെറ്റുകൾക്ക് മാപ്പ് അപേക്ഷിക്കുക, കുമ്പസാരത്തിലെ പ്രതിജ്ഞങ്ങൾ അവിടുത്തേക്ക് സമർപ്പിക്കുകയും അവ പാലിക്കുവാനുള്ള വരത്തിനായി പ്രാർത്ഥിക്കുകയും ചെയ്യുക, നമ്മുടെയും മറ്റുള്ളവരുടെയും ആവശ്യങ്ങൾ അവിടുത്തെ അറിയിക്കുക, അവിടുത്തോടുള്ള സ്നേഹത്തിൽ എന്നും നിലനിൽക്കുവാനും വളരുവാനുമുള്ള കൃപയ്ക്കായി പ്രാർത്ഥിക്കുക തുടങ്ങിയവയാണ് ഉപകാരസ്മരണ കൊണ്ട് ഉദ്ദേശിക്കുന്നത്.

ചോ: ബലിക്ക് ചേർന്ന ജീവിതം നയിക്കുക എന്നാൽ എന്താണ്?
ഉ: ദിവ്യബലിയിൽ നമുക്ക് ലഭിക്കുന്ന ക്രിസ്താനുഭവം ബലിയോടുകൂടി തീരേണ്ടതല്ല, നമ്മുടെ ജീവിത രംഗങ്ങളിൽ പ്രതിഫലിക്കേണ്ടതാണ്. ബലിയിലെ പങ്കാളിത്ത മനോഭാവം ജീവിതത്തിൽ നമ്മുടെ പ്രയത്നഫലങ്ങൾ പങ്കിട്ടനുഭവിക്കുന്നതിന് നമ്മെ പ്രേരിപ്പിക്കണം. ശുദ്ധമായ മനസാക്ഷിയോടും നിർമ്മല ഹൃദയത്തോടും കൂടി ജീവിക്കണം. തിന്മയിൽ നിന്ന് വിരമിച്ച് നന്മ അഭ്യസിക്കുകയും നീതി അന്വേഷിക്കുകയും സത്യം പ്രവർത്തിക്കുകയും ചെയ്യണം. പിതാവിനോടുള്ള അനുസരണവും സ്നേഹവുമാണ് യേശുവിന്റെ ബലിക്ക് മൂല്യം നൽകിയതെങ്കിൽ അവിടുത്തെ ബലിയിൽ ഭാഗഭാക്കാകുന്ന നമ്മുടെ ജീവിതവും അനുസരണത്തിന്റെയും സ്നേഹത്തിന്റെയും ബലി ആകണം. ഇതൊക്കെയാണ് ബലിക്കു ചേർന്ന ജീവിതം കൊണ്ട് ഉദ്ദേശിക്കുന്നത്.

Advertisements

ചോ: വിവാഹ ജീവിതം ഒരു ദൈവവിളിയാണ്. എന്തുകൊണ്ട്?
ഉ: പൗരോഹിത്യവും സന്യാസവും പോലെ തന്നെ വിവാഹ ജീവിതവും ദൈവത്തിന്റെ ഒരു പ്രത്യേക വിളിയാണ്. വിവാഹിതരാകുന്ന ഓരോ പുരുഷനെയും സ്ത്രീയെയും ദൈവം തന്റെ സ്നേഹത്തിലും സൃഷ്ടികർമ്മത്തിലും പങ്കാളികളാകാൻ വിളിക്കുന്നു.അത് ലോക സ്ഥാപനത്തിന് മുൻപേ തന്നെ നിശ്ചയിക്കപ്പെട്ട ദൈവിക പദ്ധതിയുടെ സാക്ഷാത്കാരമാണ്. ദൈവത്തെ പ്രാപിക്കുക അല്ലെങ്കിൽ വിശുദ്ധി നേടുക എന്നതാണ് ഈ ജീവിതാന്തസിന്റെ ലക്ഷ്യം.

ചോ: വിവാഹത്തിന്റെ മഹിമ എന്തിലടങ്ങിയിരിക്കുന്നു ?
ഉ: പറുദീസയിൽ വെച്ച് ദൈവത്താൽ സ്ഥാപിക്കപ്പെടുകയും പുതിയ നിയമത്തിൽ ഒരു കൂദാശയായി ക്രിസ്തുവിനാൽ ഉയർത്തപ്പെടുകയും ചെയ്തതിലാണ് വിവാഹത്തിന്റെ മഹിമ അടങ്ങിയിരിക്കുന്നത്.

ചോ: വിവാഹം എന്ന കൂദാശ എന്താണ് ?
ഉ: പരിശുദ്ധമായ സൃഷ്ടി കർമ്മത്തിൽ ദൈവത്തോടു സഹകരിക്കുവാനും പരസ്പര സ്നേഹത്തിലും ഐക്യത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും ജീവിക്കുവാനും വിവാഹജീവിതത്തിൽ ഉണ്ടാകുന്ന സന്താനങ്ങളെ ദൈവത്തിന് പ്രീതികരമായ വിധം വളർത്തുവാനും ആവശ്യമായ കൃപാവരം നൽകുന്ന കൂദാശയാണ് വിവാഹം. ക്രിസ്തീയ വിവാഹം സ്ത്രീയും പുരുഷനും തമ്മിലുള്ള വിശദമായ ഒരു ഉടമ്പടിയാണ് വിവാഹം എന്ന കൂദാശ. ഇതുവഴി മരണംവരെ വിശ്വസ്തതയോടെ സ്നേഹത്തോടും കൂടെ ജീവിക്കുന്നതിനും വിവാഹബന്ധത്തിൽ ഉണ്ടാകുന്ന മക്കളെ ദൈവത്തോടും സഭയോടും വിശ്വസ്തരായി വളർത്തുന്നതിനും ആവശ്യമായ കൃപാവരം ദമ്പതികൾക്ക് ലഭിക്കുന്നു. (മത്തായി 19:3-6, എഫേ 5 : 22-23)

ചോ: വിവാഹബന്ധം അവിഭാജ്യം ആയിരിക്കുന്നത് എന്തുകൊണ്ടാണ്?
ഉ: വിവാഹബന്ധം ദൈവിക പദ്ധതിയുടെ സാക്ഷാത്കാരമാണ്. സ്ത്രീയും പുരുഷനും തമ്മിൽ സ്ഥാപിക്കുന്ന സ്നേഹത്തിന്റെ ഉടമ്പടിയെ ക്രിസ്തു ആശിർവദിച്ചു മുദ്ര വയ്ക്കുകയും അതൊരു കൂദാശയായി ഉയർത്തുകയും ചെയ്യുന്നു. അതോടെ അവർ രണ്ടല്ല ഒറ്റശരീരമാണ് ദൈവം യോജിപ്പിച്ചത് മനുഷ്യന് വേർപെടുത്താൻ അധികാരമില്ല (മത്തായി 19:6) അതുകൊണ്ട് വിവാഹബന്ധം അവിഭാജ്യമാണ്.

ചോ: എന്തിന്റെ പ്രതിരൂപം ആയിട്ടാണ് പൗലോസ് ശ്ലീഹാ വിവാഹ ബന്ധത്തെ കാണുന്നത്?
ഉ: ക്രിസ്തുവും സഭയും തമ്മിലുള്ള ബന്ധത്തിന്റെ പ്രതിരൂപം ആയിട്ടാണ്.

ചോ: വിവാഹമെന്ന കൂദാശയുടെ ഏറ്റവും കാതലായ ഭാഗം ഏതാണ്?
ഉ: ദൈവത്തിന്റെ കൃപാവരത്തിൽ ദമ്പതികളുടെ പരസ്പര സ്വീകരണവും പരസ്പര സമർപ്പണവും ആണ് വിവാഹം എന്ന കൂദാശയുടെ ഏറ്റവും കാതലായ ഭാഗം.

ചോ: വിവാഹമെന്ന കൂദാശ ദേവാലയത്തിലെ കർമ്മ അനുഷ്ഠാനങ്ങളോടുകൂടി അവസാനിക്കുന്നുണ്ടോ ?
ഉ: ഇല്ല. വിവാഹമെന്ന കൂദാശയുടെ പരികർമ്മവും ഫലങ്ങളും ദാമ്പത്യ ജീവിതത്തിലുടനീളം തുടരുന്നവയാണ്. ദാമ്പത്യാനുഷ്ഠാനം ഒരു കൗദാശിക കർമ്മമാണ്. ദൈവത്തിന്റെ സൃഷ്ടി കർമ്മത്തിൽ പങ്കാളികളാകുന്നു എന്ന ബോധത്തോടെയാണ് ആ കർമ്മാനുഷ്ഠാനം നടത്തേണ്ടത്. സ്നേഹത്തിലും ഐക്യത്തിലും ദാമ്പത്യ വിശ്വസ്തതയിലും പുരോഗമിക്കുന്നതിന് അനുസൃതമായി ദമ്പതികൾ കൃപാവരത്തിൽ കൂടുതൽ സമ്പന്നരായി തീരുന്നു.

ചോ: വിവാഹജീവിതം ആജീവനാന്തമുള്ള ഒരു ബലിയർപ്പണമാണ്. എന്തുകൊണ്ട്?
ഉ: ബലിയർപ്പണം അതിൽ തന്നെ ഒരു ഹോമിക്കലാണ്, ത്യാഗമാണ്. വിവാഹത്തിൽ ദമ്പതികൾ സ്വാർത്ഥതയെ ഹോമിച്ച് നിരുപാധികം ജീവിതപങ്കാളിക്ക് സ്വയം ദാനം ചെയ്യുന്നു. ശരീരവും ആത്മാവും സ്വാതന്ത്ര്യവും താല്പര്യങ്ങളും സമയവും സൗകര്യവും ജീവിതം തന്നെയും അവർ മരണം വരെ പരസ്പരം സമർപ്പിക്കുന്നു. അതുകൊണ്ട് വിവാഹജീവിതം ആ ജീവനാന്തമുള്ള ഒരു ബലിയർപ്പണമാണെന്ന് പറയാം.

ചോ: ലൈംഗികത അല്ലെങ്കിൽ സെക്സ് എന്നാൽ എന്ത്?
ഉ: സ്നേഹം ചൊരിയുക, ജീവൻ പകരുക എന്നീ ഉന്നത ലക്ഷ്യത്തിനുവേണ്ടി ദൈവം മനുഷ്യനിൽ നിക്ഷേപിച്ച വാസനകളുടെയും, വികാരങ്ങളുടെയും കഴിവുകളുടെയും അനുഭൂതികളുടെയും അകെ ത്തുകയാണ് ലൈംഗികത അല്ലെങ്കിൽ സെക്സ്.

ചോ: ചാരിത്ര്യ ശുദ്ധി എന്നാൽ എന്ത്?
ഉ: ലൈംഗിക കഴിവുകളെ ദൈവം ഉദ്ദേശിച്ചിരിക്കുന്ന ലക്ഷ്യത്തിനുവേണ്ടി മാത്രം വിനിയോഗിക്കുന്ന മനോഭാവത്തിനാണ് ചാരിത്ര്യശുദ്ധി എന്നു പറയുന്നത്. വിവാഹ ജീവിതത്തിന്റെ പരസ്പര സ്നേഹവും വിശ്വസ്തതയുമാണ് ചാരിത്ര്യത്തിന്റെ അടിസ്ഥാനം.

ചോ: വിവാഹാന്തസിൽ പ്രവേശിക്കുന്നവർക്ക് ഉണ്ടായിരിക്കേണ്ട ഗുണവിശേഷങ്ങൾ ഏവ ?
ഉ: വിവാഹാന്തസ്സിൽ പ്രവേശിക്കുന്നവർക്ക് ചില ഗുണ വിശേഷങ്ങൾ ഉണ്ടായിരിക്കണം

1) നിയോഗ ശുദ്ധി – പരസ്പരം സ്നേഹത്തിൽ വളരുക സന്താനങ്ങളെ ജനിപ്പിക്കുക, അവരെയും മാനുഷികവും ക്രൈസ്തവോചിതവുമായ പക്വതയിലേക്ക് വളർത്തിക്കൊണ്ടു വരിക എന്നീ ലക്ഷ്യങ്ങൾ ആയിരിക്കണം വിവാഹ അന്തസ്സിൽ പ്രവേശിക്കുന്നവർക്ക് ഉണ്ടായിരിക്കേണ്ടത്. പണമോ സൗന്ദര്യമോ പ്രതാപമോ മോഹിച്ച് വിവാഹത്തിൽ ഏർപ്പെടുന്നത് തെറ്റാണ് .

2) പര്യാപ്തത – വിവാഹ ജീവിതത്തിന്റെ കടമകൾ നിർവഹിക്കാൻ പോരുന്ന ശാരീരികവും മാനസികവുമായ പര്യാപ്തത വിവാഹാർത്ഥികൾക്കും കൂടിയേ തീരൂ. വിവാഹത്തെ അസാധുവാക്കുന്ന തടസ്സങ്ങൾ ഇല്ലാതിരിക്കണം.

3) സന്മാർഗ്ഗ നിഷ്ഠ – സ്നേഹത്തിലും ഐക്യത്തിലും വിശുദ്ധിയിലും ജീവിക്കുവാനും കുടുംബത്തിനും മറ്റുള്ളവർക്കും വേണ്ടി സേവനമനുഷ്ഠിക്കുവാനും വൈവാഹിക ചാരിത്ര്യശുദ്ധി പാലിക്കുവാനും, വിനയം, അനുസരണം, അനുകമ്പ, ആത്മസമയമനം, ക്ഷമ തുടങ്ങിയ സൽഗുണങ്ങളിൽ വളരുവാനുമുള്ള സന്നദ്ധതയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.

വിവാഹ ജീവിതത്തിന്റെ മഹത്വത്തെക്കുറിച്ചും അതിന്റെ ഉത്തരവാദിത്വങ്ങളെ കുറിച്ചും ശരിയായി പഠിക്കുകയും ചിന്തിക്കുകയും ചെയ്ത്, പ്രാർത്ഥിച്ച് ഒരുങ്ങി പവിത്രമായ ആത്മാവോടും ശരീരത്തോടും കൂടി വേണം യുവതി യുവാക്കൾ വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുവാൻ.

വിവാഹ തടസ്സങ്ങൾ

1) പ്രായം:- വരന് 16 വയസ്സും വധുവിന് 14 വയസ്സും പൂർത്തിയായിരിക്കണം (Can.800). ഇന്ത്യൻ നിയമപ്രകാരം 21 വയസ്സ് തികയാത്ത പുരുഷനും 18 വയസ്സാകാത്ത സ്ത്രീയും വിവാഹിതരാകുവാൻ പാടില്ല.

2) പുരുഷന്റെയോ സ്ത്രീയുടെയോ ഭാഗത്തു നിന്ന് വൈവാഹിക കർമ്മത്തിനുള്ള കഴിവില്ലായ്മ (Can 801).

3) മുൻവിവാഹം (Can 802).

4) ഒരു കക്ഷി മാമോദീസ സ്വീകരിച്ചിട്ടില്ലെങ്കിൽ (Can 803).

5) ഹെവ്പ്പദ് യാക്ക്നാ മുതലുള്ള പട്ട സ്വീകരണം (Can 804).

6) സന്യാസവ്രതം (Can.805)

7) വിവാഹത്തിനുള്ള ഉദ്ദേശത്തോടുകൂടി പുരുഷനെ /സ്ത്രീയെ ബലംപ്രയോഗിച്ചു തട്ടിക്കൊണ്ടു പോവുകയോ തടഞ്ഞു വയ്ക്കുകയോ ചെയ്തിരിക്കുമ്പോൾ (Can.806).

8) ഒരു വിവാഹബന്ധം നിലനിൽക്കവെ വ്യഭിചാരം ചെയ്യുകയും വ്യഭിചാരത്തിന് പങ്കാളിയായ ആളുമായി വിവാഹത്തിന് വാക്ക് കൊടുക്കുകയോ ചെയ്താലോ,അപ്രകാരം വ്യഭിചാര കുറ്റത്തിൽ നിപതിക്കുകയും കൂടെ പാപം ചെയ്തയാളിന്റെ വിവാഹ പങ്കാളിയെ കൊലപ്പെടുത്തുകയും ചെയ്താലോ,വ്യഭിചാര കുറ്റം കൂടാതെ ആണെങ്കിൽ പോലും പരസ്പര സഹകരണത്തോടെ വിവാഹ പങ്കാളിയുടെ മരണത്തിനിടയാക്കിയാലും ആ കക്ഷികൾ തമ്മിൽ സാധുവായി വിവാഹം നടത്തുവാൻ പാടില്ല. (Can 807)

9) രക്തബന്ധം:- പൊതുകാരണവരിൽ നിന്നും രണ്ടു ഭാഗത്തേക്കും കരിന്തലകൾ കൂടുമ്പോൾ നാലു കഴിഞ്ഞിരിക്കണം. (Can.808)

10) ബന്ധുത്വം:- ഒരാളുടെ ഭാര്യയുടെയോ ഭർത്താവിന്റെയോ ബന്ധുക്കളുമായി രണ്ടു ഭാഗത്തെയും കരിന്തലകൾ കൂടുമ്പോൾ രണ്ടു കഴിഞ്ഞിരിക്കണം. (Can.809.)

11) ക്രമപ്രകാരം സാധുവായ വിവാഹബന്ധത്തിൽ അല്ലാതെ പരസ്യമായി ജീവിച്ചിരുന്നവരിൽ ഒരു കക്ഷിക്ക് അപരകക്ഷിയുടെ ലൈനിൽ ആദ്യത്തെയോ,രണ്ടാമത്തെയോ കരിന്തലയിൽ രക്തബന്ധമുള്ളവരുമായി വിവാഹ ബന്ധത്തിൽ ഏർപ്പെടുവാൻ പാടില്ല.(Can.810)

12) ആത്മീയ ബന്ധം:- മാമോദിസ സ്വീകരിച്ച ആളിനും അയാളുടെ മാതാപിതാക്കന്മാർക്കും ആ മാമോദിസയിൽ തല തൊട്ടയാളുമായി വിവാഹബന്ധത്തിൽ ഏർപ്പെടുവാൻ പാടില്ലാത്തത് ആകുന്നു. (Can.811.)

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

One response to “ചെറിയ വേദോപദേശം: ചോദ്യോത്തരങ്ങൾ”

Leave a reply to Nelson MCBS Cancel reply