ദൈവം നമ്മുടെ ശക്തികേന്ദ്രമാണെന്ന് സങ്കീർത്തനങ്ങൾ 46:1-3 പോലുള്ള തിരുവചനങ്ങൾ ആവർത്തിച്ചു പറയുന്നു.
ഒരു നൈറ്റ് വിജിൽ പ്രഭാഷണത്തിൽ ബെന്നി പുന്നത്തറ സർ ഇങ്ങനെ പറയുന്നത് ശ്രദ്ധിച്ചിരുന്നു… നമ്മൾ എപ്പോഴും കേൾക്കുന്ന ഏശയ്യാ വചനമാണ് ‘കർത്താവ് നിന്നെ നിരന്തരം നയിക്കും; മരുഭൂമിയിലും നിനക്ക് സമൃദ്ധി നൽകും’ എന്നത്. പക്ഷേ ഓർക്കേണ്ട കാര്യം നമ്മൾ കടന്നുപോകേണ്ട മരുഭൂമി അനുഭവങ്ങൾക്ക് മാറ്റമില്ല എന്നതാണ്. മരുഭൂമി അനുഭവങ്ങൾ ഉണ്ടായിക്കൊണ്ടേ ഇരിക്കും… അതെ.
ദൈവം തരുന്ന ശക്തി നമ്മുടെ ദൈനംദിനജീവിതത്തിൽ കാണപ്പെടുന്നത് എങ്ങനെയാണ് ? വേദനിപ്പിക്കുന്ന, ഞെരുക്കുന്ന ദിവസങ്ങൾ നമ്മുടെ മുന്നിലിങ്ങനെ നീണ്ടുകിടക്കുമ്പോൾ എങ്ങനെയാണ് ആ സാന്ത്വനം നമ്മിലേക്ക് വരുന്നത്? നമ്മുടെ പദ്ധതിയിലുള്ള കാര്യങ്ങളൊക്കെ ഫിനിഷിങ് പോയിന്റിൽ എത്തിക്കാൻ, അത്ഭുതങ്ങൾ പ്രവർത്തിക്കാൻ മാത്രമാണോ ആ ഊർജ്ജസ്രോതസ്സ്?
ചിലപ്പോഴൊക്കെ, നമുക്ക് വേണ്ട ശക്തി അതൊന്നുമല്ല.
പുതപ്പ് കൊണ്ട് തല മൂടി കുറേ നേരം അനങ്ങാതെ കിടക്കണമെന്ന് വിചാരിക്കുമ്പോഴും കിടക്ക വിട്ടേഴുന്നേൽക്കാനുള്ള ഊർജ്ജമാണ് ചിലപ്പോൾ ആ ശക്തി.
ഹൃദയം തകരുമ്പോഴും തല ഉയർത്തിപിടിച്ചു ചിരിക്കാനുള്ള മനസാന്നിധ്യമാണ് ചിലപ്പോൾ അത്.
ജീവിതത്തിലേറ്റ അടികളിൽ, അപമാനങ്ങളിൽ തകർന്ന് കരയാൻ മനസ്സ് വെമ്പുമ്പോഴും, പ്രതികാരം ചെയ്യാൻ മനസ്സ് തുടിക്കുമ്പോഴും കയ്യുയർത്തി സ്തുതിക്കാൻ സഹായിക്കുന്നതാണ് ആ ശക്തി.
നൂറുവട്ടം പ്രാർത്ഥിച്ചിട്ടും ഒരു വെളിച്ചമോ ഉത്തരമോ കാണാത്തപ്പോഴും വീണ്ടും പ്രാർത്ഥിക്കാൻ മുട്ട് മടക്കാൻ സഹായിക്കുന്ന ശക്തി
ശ്രമങ്ങൾ എല്ലാം പാഴെന്ന് തോന്നി എല്ലാം നിർത്തിപ്പോവാൻ തോന്നുമ്പോഴും ഒരു വട്ടം കൂടെ വീണ്ടും ശ്രമിക്കാൻ തോന്നിപ്പിക്കുന്ന ശക്തി
അതേ ശക്തിയാണ് സിക്ലാഗിൽ വെച്ച് ദൈവം പോലും കൈവിട്ടെന്ന് തോന്നിയിടത്തുനിന്ന് ദാവീദിന് പ്രചോദനം നൽകിയത് ( 1 സാമു.30). എല്ലാം തനിക്ക് എതിരായപ്പോഴും, നഗരം അഗ്നിക്കിരയായിട്ടും, എല്ലാവരുടെയും ഭാര്യമാരേയും പുത്രീപുത്രന്മാരേയും അമലേക്യർ പിടിച്ചുകൊണ്ടുപോയിട്ടും, ജനം തന്നെ കല്ലെറിയാൻ തുനിഞ്ഞിട്ടും ദാവീദ് നഷ്ടപ്പെട്ടതെല്ലാം വീണ്ടെടുക്കാൻ ദൈവമായ കർത്താവിൽ ശരണം വെച്ചു. എല്ലാം നഷ്ടപ്പെട്ട നിലയിൽ നിന്ന്, വീണ്ടും തന്റെ ജനത്തിന്റെയും സുഹൃത്തുക്കളുടെയും മുന്നിൽ തല ഉയർത്തി നിൽക്കാൻ സാധിച്ചു.
സുപ്രധാന നിമിഷങ്ങളിൽ, വേണ്ട സമയത്ത് നമ്മെ പ്രവർത്തനസന്നദ്ധരാക്കുക മാത്രമല്ല, ആ ശക്തി പതിയെ നമ്മൾ പോലുമറിയാതെ ശാന്തമായി നമ്മിലേക്ക് കയറി നമ്മുടെ നിർജ്ജീവ ഇടങ്ങളിൽ പുതിയ ഊർജ്ജം സന്നിവേശിപ്പിക്കുന്നു.
നമുക്ക് വിശ്വാസമാകുന്ന വരെ അത് നമ്മുടെ ഹൃദയത്തോട് മന്ത്രിക്കുന്നു , ‘നിനക്കിത് പറ്റും ‘. ഒരടി പോലും വെക്കാൻ സാധിക്കുമെന്ന് നമുക്ക് തോന്നാത്തപ്പോഴും നടക്കാനും ഓടാനും പറ്റുമെന്ന് നമ്മളെ ബോധ്യപെടുത്തുന്നു.
അവൻ നമുക്കായി ഒരുക്കിയിരിക്കുന്ന നല്ല കാര്യങ്ങൾ കാണും വരേയ്ക്ക്, നീളുന്ന കഷ്ടകാലത്തും പിടിച്ചുനിൽക്കാൻ അവന്റെ ശക്തി നമ്മെ സഹായിക്കുന്നു .
നിങ്ങൾ ദുർബ്ബലരാവുമ്പോഴും കൊടുങ്കാറ്റിലൂടെ, തീരാനഷ്ടങ്ങളിലൂടെ കടന്നുപോകുമ്പോഴും അവൻ നിങ്ങളുടെ ശക്തിയായി മാറട്ടെ…
ജിൽസ ജോയ് ![]()


Leave a comment