അത്ഭുതം തന്നെ… മാർനസ് ലബുഷെയിൻ

2023 ഐസിസി ഫൈനൽ മാച്ചിൽ ട്രാവിസ് ഹെഡിനൊപ്പം ചേർന്ന് 58 റൺസ് (not out) എടുത്ത് ഇന്ത്യക്കാരുടെ ചങ്കിടിപ്പ് കൂട്ടിയ ഓസ്ട്രേലിയൻ കളിക്കാരൻ മാർനസ് ലബുഷെയിനെ നമുക്കറിയാം. ലബുഷെയിന്റെ ബാറ്റിൽ ഒരു കഴുകന്റെ സ്റ്റിക്കർ ഒട്ടിച്ചുവെച്ചിട്ടുണ്ട് . അതെന്താണെന്നറിയാമോ?

ഉറച്ച ക്രൈസ്തവവിശ്വാസിയായ മാർനസ് ലബുഷെയിൻ, ദൈവപരിപാലനയെ വിളംബരം ചെയ്യാൻ വേണ്ടി തനിക്കേറ്റവും ഇഷ്ടപ്പെട്ട ബൈബിൾ വാക്യത്തിന്റെ ചെറുപതിപ്പായാണ് അത് അവിടെ വരച്ചു വെപ്പിച്ചത്. ആ ബൈബിൾ വാക്യം ഇതാണ്. എശയ്യ 40, 31

“എന്നാൽ, ദൈവത്തിൽ ആശ്രയിക്കുന്നവർ വീണ്ടും ശക്തി പ്രാപിക്കും. അവർ കഴുകന്മാരെപ്പോലെ ചിറകടിച്ചുയരും. അവർ ഓടിയാലും ക്ഷീണിക്കുകയില്ല. നടന്നാൽ തളരുകയുമില്ല “.

“I’m a man of faith. I believe in God…” എന്ന് ഉറക്കെ പ്രഖ്യാപിക്കാൻ ഒരു മടിയുമില്ലാത്ത മാർനസ് ലബുഷെയിൻ ICC വേൾഡ് കപ്പ് ടൂർണ്ണമെന്റിൽ തനിക്കായി നടന്ന കാര്യങ്ങളും അതിന്റെ പര്യവസാനവും അവിശ്വസനീയമായ വഴികളിലൂടെ ആയിരുന്നെന്ന് പറഞ്ഞു. തന്റെ കരിയറിലെ ഏറ്റവും മികച്ച നേട്ടമായി ഫൈനലിലെ വിജയത്തെ കാണുന്ന അദ്ദേഹം ആ ‘അത്ഭുതത്തിന്റെ’ ക്രെഡിറ്റ്‌ കൊടുക്കുന്നത് ദൈവത്തിനാണ്. അത്ഭുതങ്ങളിലും എല്ലാം ഒന്നിച്ചു ചേർക്കുന്ന ആ മുകളിലെ ആളിലും വിശ്വസിക്കാതിരിക്കാൻ തനിക്ക് കഴിയില്ലെന്ന് ലബുഷെയിൻ പ്രസ്താവിച്ചു.

മൂന്ന് മാസങ്ങൾക്കു മുൻപ് സൗത്ത് ആഫ്രിക്കക്കെതിരെയുള്ള സ്ക്വാഡിൽ ഇടം കിട്ടാതിരുന്ന താൻ 19 മത്സരങ്ങൾ തുടർച്ചയായി ഇപ്പോൾ കളിച്ചത് അത്ഭുതമല്ലാതെ മറ്റെന്താണെന്നും തനിക്ക് പറയാൻ വാക്കുകൾ കിട്ടുന്നില്ലെന്നും പറഞ്ഞ അദ്ദേഹത്തിന് ഫൈനൽ മാച്ചിന്റെ തലേ ദിവസം രാത്രി പത്തുമണി വരെ ഒരു ഉറപ്പും ഉണ്ടായിരുന്നില്ല താൻ ഫൈനൽ കളിക്കുമോ എന്നതിൽ. എല്ലാം അവസാനിച്ചു എന്ന് വിചാരിച്ചിട്ടുള്ള അനേകം സന്ദർഭങ്ങളിൽ നിന്ന് ദൈവം അത്ഭുതങ്ങളിലൂടെ തന്നെ നടത്തിയ സന്ദർഭങ്ങൾ ലബുഷെയിന്റെ ഓർമ്മയിലുണ്ട്. അതുപോലെ തന്നെ, രാത്രി പത്തേകാൽ ആയപ്പോൾ ഉറപ്പായി ടീമിൽ മാറ്റമില്ലെന്നും താൻ ഫൈനൽ കളിക്കുന്നുണ്ടെന്നും.

വളരെ consistent (സ്ഥിരതയുള്ള) ആയ കളിക്കാരനായി കുറച്ചു കൊല്ലങ്ങളായി അറിയപ്പെടുന്ന ആളാണ്‌ ഓസീസിന്റെ മധ്യനിര ബാറ്റ്‌സ്മാൻ ആയ മാർനസ് ലബുഷെയിൻ. എന്നാൽ 2019 ലെ ഏഷസ് പരമ്പര വരെ ഏറെക്കുറെ അവൻ അജ്ഞാതനായിരുന്നു. വല്ലപ്പോഴും ടീമിൽ ഇടം നേടും. എങ്കിൽ തന്നെ ടീമിലുള്ള മറ്റ് കളിക്കാർക്ക് പാനീയങ്ങളും മറ്റും കൊടുക്കാൻ വേണ്ടി അയക്കപ്പെടുകയായിരുന്നു പതിവ്. പക്ഷേ 2019ലെ ആഷസ് പരമ്പരയോടെ അവന്റെ ജീവിതം മാറിമറിഞ്ഞു. ചരിത്രം കുറിച്ച ആ സംഭവം 142 കൊല്ലത്തെ ടെസ്റ്റ്‌ ക്രിക്കറ്റ് ചരിത്രത്തിൽതന്നെ ആദ്യത്തേത് ആയിരുന്നു.

ആ പരമ്പരയിൽ രണ്ടാം ഇന്നിങ്സ്നിടെ പരിക്കേറ്റ മുൻ നായകൻ സ്റ്റീവ് സ്മിത്തിന് പകരക്കാരനായി മാർനസ് ലബുഷെയിന് കളത്തിൽ ഇറങ്ങാൻ സാധിച്ചു. അങ്ങനെയൊരു സബ്സ്റ്റിട്യൂഷൻ ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യത്തേതായിരുന്നു. ലബുഷെയിന്റെ ഭാഷയിൽ പറഞ്ഞാൽ അത്ഭുതം തന്നെ. ടെസ്റ്റ്‌ ക്രിക്കറ്റിലെ പരിഷ്കരിച്ച നിയമം, അതായത് ഒരാൾക്ക് പരിക്കേറ്റാൽ മറ്റൊരാളെ അയക്കാം എന്നുള്ള നിയമം, ഗ്രൗണ്ടിൽ പ്രയോഗത്തിൽ വന്ന ആദ്യ സംഭവം കൂടി ആയിരുന്നു അത്. ടെസ്റ്റിന്റെ അഞ്ചാം ദിവസം, കളിക്കാരിൽ ഉൾപ്പെടാതെ മാറിയിരിക്കുകയാരുന്ന, പിച്ചിന്റെ അവസ്ഥ എന്താണെന്ന് പോലും അറിയാത്ത ലബുഷെയിൻ പകരക്കാരനായി ബാറ്റ് ചെയ്യാൻ അയക്കപ്പെടുന്നു.

പരിഭ്രമമൊന്നും ഇല്ലാതെ ആത്മവിശ്വാസത്തോടെ ക്രീസിൽ നിന്ന മാർനസ് ലബുഷെയിൻ നേരിട്ട ആദ്യപന്ത് തന്നെ പക്ഷേ, ഹെൽമറ്റ് തകർത്ത് മുഖത്തു പരിക്കേൽപ്പിച്ച ബൗൺസർ ആയിരുന്നു. ടീം ഡോക്ടറോട് ബാറ്റിംഗ് തുടരാനാണ് തന്റെ തീരുമാനം എന്ന് പറഞ്ഞ ലബുഷെയിൻ അന്ന് അടിച്ചെടുത്ത 59 റൺസ് ഓസീസിന് വളരെ നിർണ്ണായകമായി. പിന്നീട് ഇന്നുവരെയും ലബുഷെയിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. കഷ്ടിച്ചു 30 ൽ താഴെ ശരാശരി റൺറേറ്റ് ഉണ്ടായിരുന്ന കളിക്കാരനായിരുന്നു ഒരിക്കൽ ഇദ്ദേഹം എന്ന് ഓർക്കുമ്പോഴാണ് ആ ഫോമിന്റെ വലിപ്പം നമുക്ക് മനസ്സിലാകുക.

തനിക്ക് വേണ്ടി ഇരുമ്പോടാമ്പലുകളും പിച്ചളവാതിലുകളും തകർത്ത് മുന്നിലേക്ക് നയിക്കുന്ന, കഴുകനെപ്പോലെ തോളിൽ സംവഹിക്കുന്ന ദൈവപരിപാലന തന്റെ ബാറ്റിലെ കഴുകന്റെ ചിത്രത്തെപ്പറ്റി ചോദിക്കുന്നവരോടെല്ലാം മാർനസ് ലബുഷെയിൻ അഭിമാനത്തോടെ പറഞ്ഞുകൊണ്ടിരിക്കുന്നു.

ജിൽസ ജോയ് ✍️

Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment