തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം നമുക്കുണ്ട് ; സ്നേഹിക്കണമോ, വെറുക്കണമോ അതോ നിസ്സംഗരായിരിക്കണമോ എന്നതിൽ. പക്ഷേ നമ്മുടെ തിരഞ്ഞെടുപ്പിനുള്ള മറുപടി ഒരിക്കൽ വിധിയാളന് കൊടുക്കേണ്ടിയും അതിന്റെ ഫലം അനുഭവിക്കേണ്ടി വരികയും ചെയ്യും എന്ന് മാത്രം.
പാലസ്തീനിലെ അണ്ടർഗ്രൗണ്ട് ക്രിസ്ത്യൻ മിനിസ്ട്രിയിൽ നിന്നുള്ള ഒരു വാർത്ത കണ്ടിരുന്നു. മക്കളിൽ ചിലരെയടക്കം തങ്ങൾക്കുള്ളതെല്ലാം നഷ്ടപ്പെട്ട നൂറുകണക്കിന് അപ്പന്മാരെ അവർ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി, അവർക്ക് ഭക്ഷണം കൊടുത്തു, അവരുടെ വസ്ത്രങ്ങൾ കഴുകി, സമാധാനരാജാവിനെ പ്രഘോഷിക്കുന്ന ബൈബിൾ അവരുടെ മുൻപിൽ വായിച്ചു. പിന്നീട് സംഭവിച്ചത് അത്ഭുതമായിരുന്നു. അവരിൽ 200ൽ അധികം പേർ പിന്നീടുള്ള ദിവസങ്ങളിൽ വന്ന് പറഞ്ഞു അവർക്ക് ഈശോയെ പറ്റി കൂടുതൽ അറിയണമെന്ന്.. അവർക്ക് ക്രിസ്ത്യാനിയാകണമെന്ന്.
ക്രിസ്തുരാജന്റെ തിരുന്നാളിൽ നമ്മൾ കേൾക്കുന്ന സുവിശേഷത്തിൽ, മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം, വെള്ളം, വസ്ത്രം, ഭവനം, സ്വാതന്ത്ര്യം, ഇതിനെപ്പറ്റിയൊക്കെയാണ് ഈശോ പറയുന്നതും,
“എന്തെന്നാല്‍ എനിക്കു വിശന്നു; നിങ്ങള്‍ ഭക്‌ഷിക്കാന്‍ തന്നു. എനിക്കു ദാഹിച്ചു; നിങ്ങള്‍ കുടിക്കാന്‍ തന്നു. ഞാന്‍ പരദേശിയായിരുന്നു; നിങ്ങള്‍ എന്നെ സ്വീകരിച്ചു. ഞാന്‍ നഗ്‌നനായിരുന്നു; നിങ്ങള്‍ എന്നെ ഉടുപ്പിച്ചു. ഞാന്‍ രോഗിയായിരുന്നു; നിങ്ങള്‍ എന്നെ സന്‌ദര്‍ശിച്ചു. ഞാന്‍ കാരാഗൃഹത്തിലായിരുന്നു; നിങ്ങള്‍ എന്റെ യടുത്തു വന്നു…. “
യേശു വാഗ്ദാനം ചെയ്ത, നമ്മുടെ രാജാവ് അവന്റെ ജീവൻ നൽകി നേടിത്തന്ന, രക്ഷ തുറന്നുകിട്ടാൻ നമുക്കുള്ള താക്കോൽ സ്നേഹമാണ്. മറ്റ് മതത്തിലോ, രാജ്യത്തിലോ ഉള്ളവർ ആയിക്കോട്ടെ, ആരെയും ഒഴിവാക്കാതെ സ്നേഹം പങ്കുവെച്ച്, അവന്റെ സത്യം പ്രഘോഷിക്കാൻ മടി കാണിക്കാതിരിക്കാനുള്ള ധൈര്യം, നിസ്സംഗത വെടിയാനുള്ള ആഹ്വാനം, ക്രിസ്ത്യാനിക്ക് പകർന്നു കിട്ടുന്നത് സ്നേഹം തിരഞ്ഞു വരുന്നവനിൽ നിന്നാണ്. പ്രവൃത്തിയിലെത്താത്ത വാക്കുകൾ പൊള്ളയായി മറ്റുള്ളവർക്ക് തോന്നാം. വാക്കുകൾ ഇല്ലാതെയുള്ള പ്രവൃത്തികൾ ഒരുപക്ഷേ തെറ്റിദ്ധരിക്കപ്പെടാം. ചിലപ്പോൾ മറ്റുള്ളവർ ഈശോയെ ആദ്യമായി അറിയുന്നത് നമ്മുടെ സ്നേഹത്തിലൂടെ ആയിരിക്കാം. നമ്മൾ ജീവിക്കുന്ന ഈ ഭൂമിയിലെ മനുഷ്യർക്കിടയിലാണ് നമ്മുടെ തന്നെ രക്ഷ നമ്മൾ കണ്ടെത്തുകയോ തള്ളിക്കളയുകയോ ചെയ്യുന്നത്.
പട്ടിണി മാറ്റിക്കളയാനുള്ള വലിയ പ്രോജക്റ്റുകൾ ഒന്നുമല്ല ഈശോ നമ്മളോട് ആവശ്യപ്പെടുന്നത്, തൊട്ടപ്പുറത്തെ മനുഷ്യജീവിയെ കരുണയോടെ കാണാനുള്ള ഒരു മനസ്സ്. പക്ഷേ കരുണാർദ്രമായ നമ്മുടെ പ്രവൃത്തികൾ അവരെ ചൂണ്ടിക്കാണിക്കുന്നത് യേശുവിലേക്കായിരിക്കണം, കാരണം അവനാണ് യഥാർത്ഥ ഭക്ഷണം, യഥാർത്ഥ പാനീയം, അവനാണ് മനുഷ്യരെ യഥാർത്ഥത്തിൽ സ്വതന്ത്രരാക്കുന്നത്.
“ലോകം അവന്റെ പിന്നാലെ പോയിക്കഴിഞ്ഞു “ ( യോഹ. 12:19) എന്നുള്ളത് ഈ ലോകത്തിന്റെ അധികാരികളെ സംബന്ധിച്ച് വലിയ പ്രശ്നമായിരുന്നു. ഒന്നുകിൽ ഈശോ അല്ലെങ്കിൽ അവർ (ലോകം ). എപ്പോഴും അത് അങ്ങനെയാണ്. തങ്ങളുടെ അന്ധകാരങ്ങളിൽ നിന്ന് സ്വതന്ത്രനാക്കാൻ അവന് കഴിയുമെന്നറിഞ്ഞിട്ടും തങ്ങളിൽ നിന്ന് അകന്നു പോകാൻ പറഞ്ഞ പന്നിയെ നോക്കുന്നവരെപ്പോലെ, എന്താണ് സത്യം എന്ന് ഈശോയോട് ചോദിച്ചിട്ടും അതിന്റെ ഉത്തരം കേൾക്കാൻ മെനക്കെടാതിരുന്ന, നിരപരാധി ആണെന്നറിഞ്ഞിട്ടും ചാട്ടവാറിനടിക്കാൻ ഏൽപ്പിച്ചുകൊടുത്ത പീലാത്തോസിനെപ്പോലെ, ലോകത്തിന്റെ സാധ്യതകളെ കൈവിടാൻ മടിക്കുന്നവർ, അവനിലേക്ക് അടുക്കാനും സത്യത്തെയും കുരിശിനെയും പുൽകാനും മടിക്കുന്നവർ കൂടിയാണ്. ഐഹികമല്ലാത്ത അവന്റെ രാജ്യത്തിലേക്ക് പ്രവേശിക്കണമെങ്കിൽ നമ്മുടെ തിരഞ്ഞെടുപ്പുകളെ വിലയിരുത്തിയെ പറ്റൂ.
‘വിജാതീയരുടെ ഭരണകർത്താക്കൾ അവരുടെ മേൽ യജമാനത്വം പുലർത്തുന്നുവെന്നും അവരുടെ പ്രമാണികൾ അവരുടെ മേൽ അധികാരം പ്രയോഗിക്കുന്നുവെന്നും നിങ്ങൾക്കറിയാമല്ലോ? എന്നാൽ നിങ്ങളുടെയിടയിൽ അങ്ങനെയാകരുത്’
‘ഞാൻ ലോകത്തിന്റേതല്ലാത്തതുപോലെ അവരും ലോകത്തിന്റേതല്ല’
‘ ഞാൻ നല്ല ഇടയനാണ്. നല്ല ഇടയൻ ആടുകൾക്കുവേണ്ടി ജീവൻ അർപ്പിക്കുന്നു’
‘ മനുഷ്യപുത്രൻ വന്നിരിക്കുന്നത് ശുശ്രൂഷിക്കപ്പെടാനല്ല. ശുശ്രൂഷിക്കാനും സ്വന്തം ജീവൻ അനേകർക്കുവേണ്ടി മോചനദ്രവ്യമായി നൽകാനുമത്രേ’
‘ എന്റെ രാജ്യം ഐഹികമല്ല ‘
******
‘നീ മിശിഹായല്ലേ? നിന്നെയും ഞങ്ങളെയും രക്ഷിക്കുക’
‘ഇവൻ ഇസ്രായേലിന്റെ രാജാവാണല്ലോ. കുരിശിൽ നിന്നിറങ്ങി വരട്ടെ. ഞങ്ങൾ ഇവനിൽ വിശ്വസിക്കാം ‘
‘ നീ യഹൂദരുടെ രാജാവാണെങ്കിൽ നിന്നെത്തന്നെ രക്ഷിക്കുക ‘
********
രാജാവ്, അധികാരം എന്ന പദങ്ങൾക്ക് ലോകം കൊടുക്കുന്ന നിർവ്വചനങ്ങളും പ്രതീക്ഷകളും എത്ര വ്യത്യസ്തം.
ഈശോ വന്നത് പിതാവിന്റെ ഇഷ്ടം നിറവേറ്റാനായിരുന്നു. അവന് കൊടുത്തിരിക്കുന്ന ഒരാൾ പോലും നഷ്ടപ്പെടരുതെന്നതാണ് പിതാവിന്റെ ഇഷ്ടം. അവന്റെ യജമാനത്വം ഒരാളുടെ മേലും അടിച്ചേല്പിക്കുന്നില്ല. ‘എന്റെ അടുക്കൽ വരുവിൻ, ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം ‘ എന്ന് പറഞ്ഞാണവൻ വിളിക്കുന്നത്. എന്റെ നുകം വഹിക്കൂ.. അത് വഹിക്കാനെളുപ്പമാണ്..ചുമടോ? ഭാരം കുറഞ്ഞതും. നിത്യമായ രാജ്യത്തിൽ പ്രവേശിക്കാൻ അവനാകുന്ന വഴിയിലൂടെ പോകാൻ അവൻ വിളിക്കുന്നു, അവനിൽ വസിക്കാൻ .. അങ്ങനെ അവന്റെ പിതാവിന്റെ രാജ്യം നമുക്കും അവകാശമാക്കാമെന്ന് പറഞ്ഞ് ക്ഷണിക്കുന്ന സ്നേഹവും കാരുണ്യവുമുള്ള ഒരു രാജാവ്. ആ വഴിയിലൂടെ പോകാം. അവനിൽ വസിക്കാം.
Hail Christ the King… സകല ജനപദങ്ങളുടെയും രാജാവായ ക്രിസ്തുവിന്റെ രാജത്വതിരുന്നാൾ ആശംസകൾ.
ജിൽസ ജോയ് ![]()



Leave a comment