അങ്ങയുടെ രക്ഷയുടെ സന്തോഷം വീണ്ടും തരണമേ…

‘രാജാധിരാജൻ കാലിത്തൊഴുത്തിൽ മനുജനായ് തീർന്നതിൻ രഹസ്യമെന്തേ ?

പാപി ഈ ദാസിക്ക്‌ പാഥേയമാകാൻ തിരുവോസ്തിയായതിൻ രഹസ്യമെന്തേ ?

അറിയില്ല നാഥാ… ഒന്നെനിക്കറിയാം, സ്നേഹം സ്നേഹം സ്നേഹമെന്ന്…’

നമുക്കെല്ലാം വളരെ ഇഷ്ടപ്പെട്ട പാട്ടിലെ വരികളാണ്. ഈ രഹസ്യം ആർക്കെങ്കിലും പൂർണ്ണമായി ഉൾക്കൊള്ളാൻ കഴിയുമോ? മനുഷ്യർ എന്തിലെയും ലോജിക് ആലോചിക്കുന്നവരാണ്. യുക്തിക്ക് നിരക്കാത്തതിനെ അവർ കളിയാക്കും. ഒട്ടും ക്ഷമയും വിനയവും ഇല്ലാത്ത മനുഷ്യർ ഹല്ലേലൂയ വിളികൾ ഉയർത്തുമ്പോഴും എന്നും അടി കൂടുന്ന അമ്മായിയമ്മയും മരുമകളും കൊന്ത എത്തിക്കുമ്പോഴും അത് ശ്രവിക്കാനും അനുഗ്രഹിക്കാനും മാത്രം ബുദ്ധിയില്ലാത്തവർ ആണോ ഈശോയും മാതാവും ഒക്കെ എന്ന ഒരു ചോദ്യം ഈയിടെ കേട്ടു. പക്ഷെ പാപികളായ, അവിശ്വസ്തരായ, തന്റെ വെറും സൃഷ്ടികൾ മാത്രമായ മനുഷ്യർക്ക് വേണ്ടി, സർവ്വശക്തദൈവം വന്നു പിറക്കുന്നതും തന്നെത്തന്നെ ഇത്രത്തോളം ശൂന്യനാക്കിയതും ഒരു കഴിവുമില്ലാത്തവനെപ്പോലെ കുരിശിൽ തൂങ്ങി മരിച്ചതുമൊക്കെ യുക്തിക്ക് നിരക്കുന്നതാണോ? ദൈവഹിതം അനുസരിച്ച്, ചങ്കുപൊളിയുന്ന വേദനയോടെ മനുഷ്യരുടെ പരാക്രമങ്ങൾക്ക് മകനെ വിട്ടുകൊടുത്ത് ഒരു കാഴ്ചക്കാരിയെപ്പോലെ പ്രിയമകനെ അവർ പീഡിപ്പിച്ചു കൊല്ലുന്നത് കണ്ടുനിന്ന അമ്മയുടെ ത്യാഗം യുക്തിക്ക് നിരക്കുന്നതാണോ? അതിനുപോലും സമ്മതമായിരുന്നവർക്കാണോ പാപികളായ നമ്മൾ മനുഷ്യർ വിളിച്ചപേക്ഷിക്കുമ്പോൾ വരാൻ മടി? അവർ നമ്മുടെ വിളി കേൾക്കും.. ഇനിയും അവനെ നമ്മൾ പ്രവൃത്തി കൊണ്ട് തള്ളിപ്പറയുമെന്ന് ഈശോക്ക് അറിയാമെങ്കിലും.. തന്റെ മകനെ ഇനിയും നമ്മൾ പീഡിപ്പിക്കുമെന്ന് ആ അമ്മക്ക് അറിയാമെങ്കിലും അവർ വരും… കാരണം താൻ സൃഷ്‌ടിച്ച മനുഷ്യരുടെ ആട്ടും തുപ്പും തിരസ്കരണവും മതിയാവോളം ഏറ്റ്, അവന്റെ ചുടുരക്തം ചിന്തി, നേടിതന്ന രക്ഷയുടെ ഫലം ലഭിക്കാതെ ഒരു ആത്മാവ് പോലും നഷ്ടപ്പെടുന്നത് അവന് അത്രക്കും വേദനയാണ്. അത്രക്കും അവൻ നമ്മെ സ്നേഹിക്കുന്നു. നമുക്ക് ഒരിക്കലും മനസ്സിലാക്കാൻ പറ്റാത്ത വിധം.

പാസ്സിയിലെ വിശുദ്ധ മേരി ക്രൂശിതരൂപത്തെ മുറുക്കിപ്പിടിച്ച് ആർത്തുവിളിച്ചുപറഞ്ഞു ” ഓ ഈശോയെ, അങ്ങ് സ്നേഹത്താൽ വിഡ്ഢിയായി പോയി. ഞാനിത് പറയും. ഇക്കാര്യം എത്ര തവണ ആവർത്തിച്ചാലും എനിക്ക് മടുക്കില്ല. എന്റെ യേശുവേ, സ്നേഹം അങ്ങയെ വിഡ്ഢിയാക്കി മാറ്റി”… തൻറെ വെറുമൊരു സൃഷ്ടിയുടെ ആത്മാവിനെ നിത്യനാശത്തിൽ നിന്ന് രക്ഷിക്കാൻ സൃഷ്ടാവ് സൃഷ്ടിയുടെ രൂപം സ്വീകരിച്ച് ഭൂമിയിലേക്ക് വന്ന്, അത്രത്തോളം എളിമപ്പെട്ട് ജീവിച്ച്, ക്രൂരമായ മരണത്തിലൂടെ തൻറെ ദൗത്യം പൂർത്തിയാക്കി പിതാവിലേക്ക് എടുക്കപ്പെട്ടത്‌ മാനുഷികബുദ്ധിയിലൂടെ നോക്കിയാൽ വിഡ്ഢിത്തമല്ലാതെ വേറെ എന്താണ്.

മഴയുടെ ലാഞ്ചന പോലുമില്ലാത്തപ്പോൾ, മരുഭൂമി പോലൊരു സ്ഥലത്ത് വെച്ച് നോഹ ഇത്ര വലിയ പെട്ടകം ഉണ്ടാക്കുന്നത് കണ്ട് ബുദ്ധിമാൻമാർ കളിയാക്കി. ഉള്ള നേരം കൊണ്ട് നല്ലൊരു ജീവിതത്തിനായി എന്തെങ്കിലും ഉണ്ടാക്കാനും ജീവിതം ആസ്വദിക്കാനും നോക്കാതെ ഒരു കാര്യവുമില്ലാത്ത കാര്യത്തിന് സമയം കളയുന്ന മണ്ടൻ എന്നും പറഞ്ഞ്. പക്ഷേ പിന്നീട് എന്തുണ്ടായി? ദൈവത്തിന്റെ വാക്ക് / വചനം വിശ്വസിച്ച് അതനുസരിച്ചു പ്രവർത്തിച്ചവർ, പ്രവർത്തിക്കുന്നവർ ഭാഗ്യവാന്മാർ. കള്ളന്മാർ സാധാരണ മുന്നറിയിപ്പ് തരാറില്ല. പക്ഷേ ഈശോ നമുക്ക് ആവശ്യത്തിന് മുന്നറിയിപ്പ് തന്നിട്ടുണ്ട്. ആ ദിവസം കള്ളനെപ്പോലെ നമ്മളെ സമീപിക്കുമ്പോൾ നമ്മൾ ഉണർന്നിരിക്കുന്നവരായി കാണപ്പെടാൻ വേണ്ടിയാണ് അത്.

Advent ഒരു wake-up കോൾ ആണ്. നോഹയുടെ കാലത്തെ ആൾക്കാരെപ്പോലെ ഉറങ്ങികഴിയുന്നവർ ആകാതെ മണവാളനെ പ്രതീക്ഷിക്കുന്നവർ ആയിരിക്കാൻ. നമുക്ക് ഒട്ടും അറിയാത്ത മണവാളൻ അല്ല. അവൻ ഒരിക്കൽ വന്ന് ദൈവസ്നേഹം നമ്മെ കാണിച്ചുതന്നതാണ്. അവന്റെ സൗഹൃദം ആഗ്രഹിക്കുന്നവർക്കെല്ലാം മടി കൂടാതെ അവനെതന്നെ തരുന്ന ഉണ്ണീശോയെ വരവേൽക്കാൻ ഈ ഒരുക്കകാലത്ത് നമുക്ക്‌ പ്രാർത്ഥനയോടെ ആയിരിക്കാം. അവന്റെ ആത്മാർത്ഥസുഹൃത്തുക്കൾ ആണെങ്കിൽ മഹിമയോടെയുള്ള അവന്റെ രണ്ടാം വരവിനെ അല്ലെങ്കിൽ നമ്മുടെ ഈലോകജീവിതം അവസാനിക്കുന്നതിനെ നമ്മൾ ഭയക്കേണ്ട കാര്യമില്ല. നമ്മുടെ പ്രിയപ്പെട്ടവന്റെ കയ്യിലേക്ക് നമ്മൾ വീഴുന്ന സന്തോഷകരമായ ഒന്നാകും മരണം.

ഈശോയുമായി സൗഹൃദത്തിൽ ആണെങ്കിൽ നമുക്ക് ചുറ്റുമുള്ളവരും നമ്മുടെ സൗഹൃദവും സാമീപ്യവും ആഗ്രഹിക്കും. ചുറ്റിനും നമ്മൾ സമാധാനം പരത്തും. അവന്റെ സൗഹൃദം നമ്മളെ മാറ്റിയെടുക്കും. എത്ര കൂടുതൽ അവൻ നമ്മളിൽ നിറയുന്നോ അത്രക്കും സ്നേഹവും സമാധാനവും ക്ഷമയും സന്തോഷവും കാരുണ്യവും നമ്മൾ പ്രസരിപ്പിക്കും.

ഈ ഒരുക്കകാലത്ത്, ഈശോയെ ശരിയായി കണ്ടെത്തുന്നതും ഇനിയങ്ങോട്ടുള്ള അവന്റെ ഉറ്റസൗഹൃദവും ആവട്ടെ നമ്മുടെ ലക്ഷ്യം (ഇതുവരേക്കും അത് സംഭവിച്ചിട്ടില്ലെങ്കിൽ). അവന്റെ സ്നേഹവും സൗഹൃദവും ആവോളം അനുഭവിച്ചിട്ടും പിന്നെയും അകന്നുപോയ എന്നെപോലെയുള്ളവർ ഉണ്ടെങ്കിൽ അവന്റെ അടുത്തേക്ക് പത്തിരട്ടി തീക്ഷ്‌ണതയോടെ തിരിച്ചുവരാം.

നമ്മുടെ രക്ഷക്കായി സ്വപുത്രനെ തന്ന പിതാവിന്, ഭൂമിയിൽ വന്നുപിറന്ന പുത്രന്, രക്ഷാകരദൗത്യത്തിന് എന്നും കട്ടക്ക് കൂടെ നിൽക്കുന്ന പരിശുദ്ധാത്മാവിന്, പ്രതിനന്ദിയായി അവരെ സ്നേഹിക്കാം. ക്രൂരമായ തിരസ്കരണങ്ങളുടെയും പരിഹാസത്തിന്റെയും ഇടമായ ഭൂമിയിൽ വന്നുപിറക്കാൻ തിരുമനസ്സായ ഈശോ, നമ്മുടെ ഹൃദയമാകുന്ന കാലിത്തൊഴുത്തുകളിൽ എഴുന്നെള്ളി വരുമ്പോൾ നമ്മുടെ പാപത്തിന്റെ ദുർഗന്ധത്താൽ ബുദ്ധിമുട്ടിക്കാതെ, തണുത്തിരിക്കുന്ന ഹൃദയത്താൽ വിഷമിപ്പിക്കാതെ സ്നേഹത്താൽ അവന് പൊന്നും കുന്തിരിക്കവും ഊഷ്മളതയും ഒരുക്കാം.

ഈശോയെ, അങ്ങയുടെ രക്ഷയുടെ സന്തോഷം വീണ്ടും ഞങ്ങൾക്ക് തരണമേ. ഒരുക്കമുള്ള ഹൃദയം തന്ന് ഞങ്ങളെ താങ്ങണമേ 🙏

ജിൽസ ജോയ് ✍️

Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment