‘സ്നാപകയോഹന്നാന്‍റെ നാളുകള്‍ മുതല്‍ ഇന്നുവരെ സ്വര്‍ഗരാജ്യം ബലപ്രയോഗത്തിനു വിഷയമായിരിക്കുന്നു. ബലവാന്‍മാര്‍ അതു പിടിച്ചടക്കുന്നു’ (മത്തായി 11 : 12)
ബൈബിളിലെ ഏറ്റവും നിഗൂഡാത്മകവും ചിന്തോദ്ദീപകവുമായ വാക്യങ്ങളിലൊന്നാണ് ഇത്. ഇംഗ്ലീഷ് ബൈബിളിൽ വയലൻസ് എന്നാണ് എഴുതിയിരിക്കുന്നത്. എന്താണ് ഇവിടെ ഉദ്ദേശിച്ചിരിക്കുന്ന വയലൻസ്? ഇതിനുള്ള ഗ്രീക്ക് വാക്ക് biazo എന്നാണ്. ബലം പ്രയോഗിച്ചു പിടിച്ചടക്കുക എന്ന അർത്ഥത്തിൽ.
ദൈവരാജ്യത്തിന്റെ പശ്ചാത്തലത്തിൽ പറയുമ്പോൾ, അതിനുള്ള ഭാഗഭാഗിത്വത്തിനായി നമുക്ക് വേണ്ട തീക്ഷ്‌ണമായ അഭിവാഞ്ജയും സർവ്വാത്മനാ വേണ്ട പ്രയത്നത്തെയും ആണ് സൂചിപ്പിക്കുന്നത്. ചരിത്രപരമായി ആണെങ്കിൽ തിരഞ്ഞെടുക്കപ്പെട്ട ജനം രാജ്യത്തെ നിരാകരിച്ചപ്പോൾ വിജാതീയർക്ക് അതിലേക്കുള്ള പ്രവേശനം പിടിച്ചുവാങ്ങിയതിനെയും. നമ്മൾ ജീവിക്കുന്ന ഈ സമയത്തെ ബന്ധപ്പെടുത്തി പറയുമ്പോൾ ബലപ്രയോഗം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്,സഹനത്തെയും കഷ്ടപ്പാടുകളെയും വെറുപ്പിനെയുമൊക്കെ അഭിമുഖീകരിച്ചും സ്വീകരിച്ചും സ്വർഗ്ഗരാജ്യത്തിലേക്ക് യോഗ്യത നേടുന്നതിനെയാണ്.
അതുകൊണ്ടാണ് ഈശോ മലയിലെ പ്രസംഗത്തിൽ പറയുന്നത്, ‘നീതിക്ക് വേണ്ടി പീഡനം ഏൽക്കുന്നവർ ഭാഗ്യവാൻമാർ. എന്നെപ്രതി മനുഷ്യര്‍ നിങ്ങളെ അവഹേളിക്കുകയും പീഡിപ്പിക്കുകയും എല്ലാവിധ തിന്‍മകളും നിങ്ങള്‍ക്കെതിരേ വ്യാജമായി പറയുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ ഭാഗ്യവാന്‍മാര്‍; നിങ്ങള്‍ ആനന്ദിച്ചാഹ്‌ളാദിക്കുവിന്‍; സ്വര്‍ഗത്തില്‍ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും. നിങ്ങള്‍ക്കു മുമ്പുണ്ടായിരുന്ന പ്രവാചകന്‍മാരെയും അവര്‍ ഇപ്രകാരം പീഡിപ്പിച്ചിട്ടുണ്ട്’… (മത്താ.5:10-12)
വിശുദ്ധ അംബ്രോസ് മനോഹരമായി ഈ ബലപ്രയോഗത്തെ വിശദീകരിക്കുന്നു…
“നമ്മൾ കർത്താവിനോട് ബലം പ്രയോഗിക്കുന്നു..
അവനെ നിർബന്ധിച്ചുകൊണ്ടല്ല, വിങ്ങികരഞ്ഞു കൊണ്ട്…
മുറിപ്പെടുത്തിക്കൊണ്ടല്ല,
കണ്ണീരോടെ അപേക്ഷിച്ചുകൊണ്ട്…
ഗർവ്വിനാൽ ദുഷിച്ചുകൊണ്ടല്ല,
എളിമയാൽ പ്രലപിച്ചുകൊണ്ട്…
നമ്മൾ അവനെ ആക്രമിക്കുന്നു,
വാളുകൊണ്ടോ പലക കൊണ്ടോ കല്ലുകൊണ്ടോ അല്ല,
എളിമയും നല്ല പ്രവൃത്തികളും പവിത്രതയും കൊണ്ട്..
ഇതാണ് നമ്മുടെ ആയുധങ്ങൾ..
ഇവകൊണ്ടാണ് മത്സരത്തിൽ മുന്നേറേണ്ടത്.
പക്ഷേ ആക്രമണത്തിൽ ഇതെല്ലാം പ്രയോഗിക്കും മുൻപ്,
നമുക്ക് നമ്മുടെ ശരീരത്തോട് തന്നെ
ഒന്ന് ബലം പ്രയോഗിക്കാം..
നമ്മുടെ ദുഷ്പ്രവണതകൾ കാറ്റിൽ പറത്താം,
നമ്മുടെ ശൗര്യത്തിന് പ്രതിഫലം വേണമെങ്കിൽ.
കാരണമെന്തെന്നോ?
രക്ഷകന്റെ രാജ്യം പിടിച്ചടക്കും മുൻപ്
നമ്മുടെ ശരീരത്തിൽ നമ്മൾ ഭരണം നടത്തണ്ടേ?”
അതുകൊണ്ട് ഈ തീക്ഷ്‌ണതയും ആഗ്രഹവും തീയുമാണ് നമ്മൾ ഹൃദയത്തിൽ കൊണ്ടുനടക്കേണ്ടത്.
ദൈവരാജ്യത്തിന്റെ കാര്യത്തിൽ, ഒരു നീക്കുപോക്കിനും വഴങ്ങാത്ത,
കർത്താവിനായി എന്ത് കഷ്ടപ്പാടും ബുദ്ധിമുട്ടും സഹിക്കാനുള്ള തീക്ഷ്‌ണത.
രാജ്യത്തിനും നമുക്കും ഇടയിൽ തടസ്സമായി നിൽക്കുന്ന പാപകരമായ ആസക്തികളും അടുപ്പങ്ങളും വിട്ടുപേക്ഷിക്കാനുള്ള അടങ്ങാത്ത ആഗ്രഹം ..
ദുഷിച്ചതും ചീത്തയുമായ കാര്യങ്ങളെ, കത്തിച്ചു ചാമ്പലാക്കി, ജീവിതവിശുദ്ധിയും നിർമ്മലതയും തിരികെകൊണ്ടുവരാനുള്ള തീ ..
അതെ, ക്രിസ്തീയജീവിതം ഒരു പോരാട്ടമാണ്
തിന്മയുടെ ശക്തികൾക്കെതിരായി..
നമ്മുടെ തന്നെ ലോകമോഹങ്ങൾക്കെതിരായി..
നമ്മുടെ ക്ഷീണിച്ച, മങ്ങിയ, തളർന്ന ജീവിതങ്ങളെ നമ്മുടെ ദിവ്യനാഥൻ ജ്വലിക്കുന്ന അഭിനിവേശത്താലും ഉജ്ജ്വലമായ ആവേശത്താലും തീ പിടിപ്പിക്കട്ടെ..
അങ്ങനെ നമുക്ക് അവന്റെ വരവിനായി ഉത്സാഹത്തോടെ ഒരുങ്ങി കാത്തിരിക്കാം….
Whatsapp post – translated by Jilsa Joy



Leave a comment