ആർക്കു സഹിക്കാൻ പറ്റും നിന്നെപ്പോലെ?

“നമുക്ക് വെളിപ്പെടാനിരിക്കുന്ന മഹത്വത്തോട് തുലനം ചെയ്യുമ്പോൾ ഇന്നത്തെ കഷ്ടതകൾ നിസാരമാണെന്നു ഞാൻ കരുതുന്നു” (റോമാ 8:18)

ഇഷ്ടപ്പെട്ട ഒരു വചനമാണ്. പക്ഷെ നീ അനുഭവിച്ച, കടന്നുപോയ സഹനങ്ങള്‍ ഒട്ടും നിസ്സാരമായിരുന്നില്ലല്ലോ അജ്ന. ആർക്കു സഹിക്കാൻ പറ്റും നിന്നെപ്പോലെ ? അതും ആരോടും പരാതിയില്ലാതെ.

“എന്‍റെ രക്ഷകനായ ദൈവം ജീവിക്കുന്നുവെന്നു ഞാന്‍ അറിയുന്നു,

ഞാന്‍ അവിടുന്നില്‍ വിശ്വസിക്കുന്നു.

എന്‍റെ ചര്‍മ്മം അഴുകി ഇല്ലാതായാലും

എന്‍റെ മാംസത്തില്‍നിന്നു ഞാനെന്‍റെ ദൈവത്തെ കാണും,

ഞാന്‍ അവിടുത്തെ ദര്‍ശിക്കും…”

ജോബിനെപ്പോലെ, തൻറെ മുഖത്തുനിന്ന് ഒലിച്ചിറങ്ങുന്ന പഴുപ്പ് തുടച്ചുമാറ്റിക്കൊണ്ട് അജ്നയും ഇങ്ങനെ പറഞ്ഞിരിക്കണം. വിശ്വാസത്തിന്റെ ഏറ്റവും തീവ്രതയേറിയ പരീക്ഷണങ്ങളിലൂടെ കടന്നുപോയിട്ടും വിജയശ്രീലാളിതനായ അബ്രാഹത്തെ, സാത്താന്റെ മുൻപിൽ ദൈവത്തിന് അഭിമാനിക്കാനുള്ള വക ഉണ്ടാക്കികൊടുത്ത ജോബിനെ ,എന്തൊക്കെ സംഭവിച്ചാലും ഞാൻ കർത്താവിൽ ആനന്ദിക്കും എന്നുപറഞ്ഞ ഹബക്കുക്കിനെ ഒക്കെയാണ് ഈ വാനമ്പാടിയെപറ്റി വായിച്ചപ്പോൾ എനിക്ക് അവളെച്ചേർത്തു പറയാൻ തോന്നുന്നത്.

അജ്ന ഈ ലോകം വിട്ടുപോയതിനു ശേഷം അവളെപറ്റി അറിഞ്ഞുതുടങ്ങിയ നാളുകളിലൊന്നും ഇത്രക്കും കഠിനമായ സഹനത്തിന്റെ വഴികളാണ് അവൾ താണ്ടിയതെന്ന് ഞാൻ അറിഞ്ഞില്ല. അത്രയ്ക്ക് മുഖം വിരൂപമായ ഫോട്ടോകളൊന്നും ആദ്യം ആരും ഷെയർ ചെയ്തിരുന്നില്ല. ഒരു ചെറുപ്പക്കാരി കാൻസർന്റെ കഠിനയാതനകൾക്കിടയിലും ഈശോയെയും ദിവ്യകാരുണ്യത്തെയും സ്നേഹിച്ചു കടന്നുപോയെന്നു മാത്രമറിഞ്ഞു. പക്ഷെ അവളെപ്പറ്റി ഞാനറിഞ്ഞത് ഒരു മഞ്ഞുമലയുടെ അറ്റം മാത്രമായിരുന്നു.

കണ്ണുനിറയുന്ന പല സന്ദർഭങ്ങളും ഉണ്ടെങ്കിലും തൊണ്ടയിൽ ഒരു തേങ്ങൽ തങ്ങിനിന്നത് “നാഥാ നിനക്കായ് പാടി പാടിയെൻ നാവു തളർന്നാൽ തളർന്നിടട്ടെ” എന്ന പാട്ടിൻറെ വരികൾ അജ്ന പാടിയിരുന്നെന്നു പറഞ്ഞപ്പോഴാണ്. മനോഹരമായി പാടാൻ കഴിവുണ്ടായിരുന്ന, ജീസസ് യൂത്ത് ഗാദറിങ്ങുകളിൽ പ്രയ്‌സ് ആൻഡ് വർഷിപ്പ് മനോഹരമായി നയിച്ചിരുന്ന അജ്നയുടെ നാവിന്റെ പകുതിയും ചേർത്താണ് രണ്ടാമത്തെ സർജറിയിൽ സ്റ്റിച്ച് ചെയ്തത്. ആക്രമണസ്വഭാവം വളരെ കൂടിയ ഇനത്തിൽ പെട്ട കാൻസർ അവളുടെ കണ്ണിന്റെ കാഴ്ച, കേൾവി, നാവ്, കയ്യിന്റെ വഴക്കം അവസാനം ബോധം ഇങ്ങനെ അവളിലുണ്ടായിരുന്ന എല്ലാ നല്ലതുകളും കവർന്നെന്നു വായിക്കുമ്പോൾ ആ ഗാനത്തിന്റെ ബാക്കി ഈരടികളും ഞാൻ ഓർമ്മിക്കുകയായിരുന്നു.

താടിയെല്ലിലെ കാൻസർ മുഖം മുഴുവൻ വ്യാപിച്ചതിന്റെ കഷ്ടപ്പാട് മാത്രമല്ല താടിയെല്ല് മാറ്റിവെച്ച നാലു മേജർ സർജറികളിലേക്കായി കാലുകളിൽ നിന്നും പിന്നെ ശരീരത്തിൽ പറ്റാവുന്നിടത്തെല്ലാം എല്ലും മാംസവും മുറിച്ചെടുത്തതിന്റെ തീവ്രവേദന. ഇതൊക്കെ ഏറ്റെടുത്താണ് വേച്ചു വെച്ചും ഛർദിച്ചും ഒക്കെ പള്ളിയിലേക്ക് നടന്നു പോയി അജ്ന കുർബ്ബാനയ്ക്ക് കൂടിയിരുന്നത്.എന്നിട്ടും പ്രയാസങ്ങൾ മാക്സിമം പുറത്തുകാണിക്കാതെ മറ്റുള്ളവരെ അവൾ ആശ്വസിപ്പിച്ചു.

അവൾ നോട്ടുബുക്കിൽ കോറിയിട്ട വരികൾ വായിക്കുമ്പോൾ, എന്തുമാത്രം നന്ദികേട് ഇത്രയധികം അനുഗ്രഹങ്ങൾ നമുക്കുണ്ടായിട്ടും നമ്മൾ ദൈവത്തോട് കാണിക്കുന്നു എന്ന് മനസ്സിലാവും .

“ജീവിതത്തിലെ ചെറിയ ചെറിയ സന്തോഷങ്ങളെക്കുറിച്ച് അവബോധമുണ്ടാകുക. അവയോർത്തു തമ്പുരാനോട് നന്ദി പറയുക. കാഴ്ച, കേൾവി, ചിരി, ഭക്ഷണം കഴിക്കാനുള്ള കഴിവ്, ചവക്കാനുള്ള കഴിവ്, സ്ഫുടമായി സംസാരിക്കാനുള്ള കഴിവ്, മുടി, വരക്കാൻ, കേക്ക് ഉണ്ടാക്കാൻ, പാചകം ചെയ്യാൻ…” ഇങ്ങനെ തുടങ്ങി ഓരോന്നും എണ്ണിപ്പറഞ്ഞത് അവൾക്ക് ഒന്നൊന്നായി ഇല്ലാതായ സന്തോഷങ്ങൾ ആയിരുന്നു.

അവസാന 7 മാസങ്ങളിൽ ഈശോയെ സ്വീകരിച്ചത് വെള്ളത്തിലലിയിച്ച് വയറിലെ ട്യൂബിലൂടെ. എത്ര സഹനങ്ങളുണ്ടായിട്ടും, സ്ട്രിക്ട് കൊറോണ ലോക്ക്‌ ഡൗൺ ടൈമിൽ പോലും, കുർബ്ബാന മുടക്കാത്ത, എല്ലുകളെടുത്ത് ശോഷിച്ച വേദനിക്കുന്ന കാലുകൾ കൊണ്ട് കുർബ്ബാനയ്ക്ക് പോയ അവളെ അറിയുമ്പോൾ നിസ്സാരകാര്യങ്ങൾ പറഞ്ഞ് കുർബ്ബാനയും ദിവ്യകാരുണ്യസ്വീകരണവും മുടക്കുന്നവർക്ക് മാനസാന്തരമുണ്ടാകുന്നു. ഒരു മുഖക്കുരു വരുന്നതിന് ടെന്ഷനടിക്കുന്ന സ്ത്രീകൾ, വിരൂപമായ തൻറെ മുഖവും തിരിയാത്ത ശബ്ദവും വകവെക്കാതെ തന്നാലാവും വിധം ആളുകളിലേക്കിറങ്ങിചെന്ന് അവൾ ദൈവത്തെ മഹത്വപ്പെടുത്തിയത് വായിക്കണം.

നന്ദി അജ്ന .. എളിമയുള്ള നിന്റെ മാതൃകക്ക് .. വിശുദ്ധിക്കായും ഈശോയോടുള്ള സ്നേഹത്തിനും സഹിക്കാനും നീ തരുന്ന പ്രചോദനങ്ങൾക്ക് .. എങ്ങനെ മക്കൾക്ക് വിശുദ്ധി പകരണം എന്ന് കാണിച്ചുതന്ന നിന്റെ മാതാപിതാക്കൾക്കും നന്ദി.. എത്രയും വേഗം നിന്നെ അൾത്താരവണക്കത്തിലേക്കുയർത്താൻ ഈശോ കനിയട്ടെ.

ജിൽസ ജോയ് ✍️

Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment