February 2 | പരിശുദ്ധ മറിയത്തിന്റെ ശുദ്ധീകരണം

യേശുവിന്റെ ജനനത്തിന്റെ 40താം നാൾ ആണ് ഈ തിരുന്നാൾ ആചരിക്കുന്നത്. വി. ലൂക്കായുടെ സുവിശേഷം രണ്ടാം അദ്ധ്യായത്തിൽ ഈ സംഭവം രേഖപ്പെടുത്തിയിരിക്കുന്നു. മോശയുടെ നിയമമനുസരിച്ച് ശുദ്ധീകരണത്തിനുള്ള ദിവസങ്ങൾ പൂർത്തിയായപ്പോൾ അവർ അവനെ കർത്താവിന് സമർപ്പിക്കാൻ ജറുസലേമിലേക്ക് കൊണ്ടുപോയി. കടിഞ്ഞൂൽ പുത്രന്മാരൊക്കെയും ‘കർത്താവിന്റെ പരിശുദ്ധൻ’ എന്നു വിളിക്കപ്പെടണമെന്നും, ഒരു ജോടി പെങ്ങാലികളെയോ രണ്ടു പ്രാവിൻകുഞ്ഞുങ്ങളെയോ ബലിയർപ്പിക്കണമെന്നും കർത്താവിന്റെ നിയമത്തിൽ പറഞ്ഞിരിക്കുന്നതനുസരിച്ചാണ് അവർ ഇങ്ങനെ ചെയ്തത്. പരിശുദ്ധ അമ്മ തന്റെ മകനെ കൈകളിലേന്തി, ദേവാലയത്തിൽ പ്രവേശിച്ചപ്പോൾ പരിശുദ്ധാത്മാവിനാൽ പ്രേരിതരായി ശിമയോനും അന്നായും അവിടേയ്ക്ക് കടന്നു വരുന്നു. അവരിലൂടെ യേശുവിനെക്കുറിച്ചുള്ള പ്രവചനം പൂർണമാകുന്നതായി വെളിപ്പെടുത്തുന്നു. ശിമയോൻ പറയുന്നു: “സകല ജനത്തിനും വേണ്ടി ഒരുക്കിയിരിക്കുന്ന രക്ഷ എന്റെ കണ്ണുകൾ കണ്ടു കഴിഞ്ഞു” (ലൂക്ക 2/32).

യേശു ശിമയോനെയും അതിന്റെ തുടർച്ചയായി അവിടത്തെ ജനത്തെയും കണ്ടുമുട്ടുന്നതിനെയും, എല്ലാ ആരാധനയ്ക്കും അർഹനായ യേശു, തന്നെ ആരാധിക്കാനായി പണി കഴിപ്പിച്ച ജെറുസലേം ദേവാലയത്തിലേയ്ക്ക് ആദ്യമായി പ്രവേശിക്കുന്നതിനെയും ഈ തിരുനാൾ സൂചിപ്പിക്കുന്നു. ഇത് വലിയൊരു മണികൂർ, അനുഗ്രഹിക്കപ്പെട്ട സമയം, പരിപൂർണതയുടെ സമയം ആണ്. ഇത്രയും തീവ്രതയിലും പൂർണതയിലും ദൈവത്തിന്റെ സാന്നിദ്ധ്യം ഈ ദേവാലയത്തിൽ ഇതിനുമുമ്പ് ഉണ്ടായിട്ടില്ല. അവിടത്തെ പാടി സ്തുതിക്കാൻ എല്ലാ മാലാഖമാരും അവിടെ സന്നിഹിതരായിരുന്നിരിക്കണം!.

“യേശു വിജാതീയർക്ക് വെളിപാടിന്റെ പ്രകാശമായതുകൊണ്ട് ഈ തിരുനാളിൽ തിരി പ്രദക്ഷിണവും കൂടി ഉൾപ്പെടുത്തുന്നു. അതിനാൽ ഈ തിരുനാൾ candle mass എന്നും അറിയപ്പെടുന്നു. വിശുദ്ധ സൊഫ്രോണിയൂസ് പറയുന്നു: “എല്ലാവരും ഈ പ്രദക്ഷിണത്തിൽ വളരെ ആവേശത്തോടെ പങ്കുചേരണം കത്തിച്ച നമ്മുടെ തിരികൾ തിന്മയുടെ അന്ധകാരം നീക്കി തന്റെ സ്വർഗീയപ്രകാശത്താൽ ലോകത്തെ പ്രകാശമാനമാക്കാൻ വന്നവന്റെ പ്രകാശമാണ്. നമ്മുടെ ആത്മാക്കളും ക്രിസ്തുവിനെ കണ്ടുമുട്ടുമ്പോൾ അതുപോലെ പ്രകാശമാനമായിരിക്കണം. അങ്ങനെ നിത്യപ്രകാശമായ ക്രിസ്തുവിനെ കണ്ടുമുട്ടാൻ നമുക്ക് ഒരുങ്ങാം.” ഈ തിരുനാൾ ഈശോയുടെ പ്രത്യക്ഷീകരണത്തേയും കൂടി നമ്മെ അനുസ്മരിപ്പിക്കുന്നുണ്ട്.

ഈ തിരുനാളിൽ പരിശുദ്ധ അമ്മ അനുസരണത്തിന്റെ വലിയൊരു മാതൃക നമുക്ക് നല്കുന്നു. വിശുദ്ധ ഇരണേവൂസ് പ്രസ്താവിക്കുന്നു: “സ്വന്തം അനുസരണം മൂലം മറിയം തനിക്കും മാനവവംശം മുഴുവനും രക്ഷാഹേതുവായി തീർന്നു. ലൂസിഫർ അഹങ്കാരത്താൽ നഷ്ടപ്പെടുത്തിയത് മറിയം എളിമ കൊണ്ട്
കരസ്ഥമാക്കി. ഹവ്വ അനുസരണക്കേടിനാൽ കളഞ്ഞു കുളിച്ചത് മറിയം വിധേയത്വംവഴി വീണ്ടെടുത്തു. ഹവ്വ അവിശ്വാസംകൊണ്ടു തീർത്ത ബന്ധനത്തെ കന്യകയായ മറിയം തന്റെ വിശ്വാസം കൊണ്ട് അഴിച്ചു
കളഞ്ഞു. ഇന്നും പരിശുദ്ധ അമ്മയുടെ ശുദ്ധീകരണത്തെ അനുസ്മരിച്ച് നമ്മുടെ അമ്മമാർ പ്രസവാനന്തരം നാല്
പതാം ദിവസം പള്ളിയിൽ ആഘോഷമായി പ്രവേശിക്കുന്ന പതിവുണ്ട്.

നമുക്കു പ്രാർഥിക്കാം

പരിശുദ്ധ കന്യകാമറിയമേ, യാതൊരു നിയമവും അനുസരിക്കാൻ കടമയില്ലാതിരിക്കെ, രാജ്യത്തിന്റെ നിയമവും പാരമ്പര്യവും അനുസരിച്ചുകൊണ്ട് ഞങ്ങൾക്ക് മാതൃക നല്കിയ അമ്മേ, അനുദിന ജീവിതത്തിലെ ഞങ്ങളുടെ കടമകളും നിയമങ്ങളും ദൈവഹിതത്തിന് കീഴ് വഴങ്ങി നിറവേറ്റുവാൻ ശക്തിപ്പെടുത്തണമെ. “കർത്താവിനെ മഹത്വപ്പെടുത്തുവാൻ മറിയത്തിന്റെ ആത്മാവ് എല്ലാവരിലും ഉണ്ടായിരിക്കട്ടെ. ദൈവത്തിൽ ആനന്ദിക്കുവാൻ മറിയത്തിന്റെ ചൈതന്യം എല്ലാവരിലും നിറയട്ടെ” എന്ന് ആശംസിച്ച വി. അംബ്രോസിനോട് ചേർന്ന് അമ്മ
യുടെ ആത്മാവും ചൈതന്യവും ലഭിക്കുവാൻ ഞങ്ങളും ആഗ്രഹിക്കുന്നു. പരിശുദ്ധയായ മാതാവേ, നിർമലമായ ഒരു ബലിയായി ഞങ്ങളെത്തന്നെ സമർപ്പിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമെ.

ആമ്മേൻ.

സുകൃതജപം

പരിശുദ്ധ അമ്മേ, എപ്പോഴും എല്ലായിടത്തും ദൈവേഷ്ടത്തിന് വിധേയരാകുവാൻ ഞങ്ങളെ പഠിപ്പിക്കണമേ.

Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment