🥰 നിനക്കായി 🥰
“നിന്നോടുള്ള അഗാധമായ സ്നേഹത്താൽ മുറിവേറ്റവന്റെ പേരാണ് ക്രിസ്തു…❤🔥”
ചില ജീവിതങ്ങൾ ഉണ്ട്; മുറിവേറ്റതെങ്കിലും ഒരുപാടു മറ്റുള്ളവരെ സ്നേഹിക്കാൻ മാത്രം അറിയാവുന്നവർ… വീണ്ടും വീണ്ടും താൻ മുറിവേല്പിക്കപ്പെടും എന്നറിഞ്ഞിട്ടും സ്നേഹത്തിന് വില നൽകുന്നവർ… അങ്ങനെ നിനക്കായി സ്നേഹമായി മാറിയ മുറിവേറ്റ സ്നേഹം ആണ് ക്രിസ്തു…
നമ്മുടെയൊക്കെ ജീവിതത്തിലെ സഹനങ്ങളുടെ നീണ്ട നിരതന്നെ ഉണ്ടാകുമ്പോൾ തളർന്നുപോകുന്നവർ ആണ് നമ്മൾ… ചിലരുടെ ജീവിതത്തിലെ ഇരുണ്ട രാത്രികളിൽ കൂടെ ഇരുന്നിട്ടും നമ്മിലേ സ്നേഹത്തെ ചോദ്യം ചെയ്യപ്പെട്ട അവസരങ്ങൾ ഉണ്ടാകാം…
പക്ഷെ ഒന്നുണ്ടെടോ… ചിലപ്പോളൊക്കെ നമ്മുടെ ജീവിതം അങ്ങനെ ആണ്. ഈശോയുടെ ജീവിതത്തിലും അങ്ങനെ ആയിരുന്നല്ലോ… അത്ഭുതങ്ങളിൽ വിശ്വസിച്ചു കൂടെ നിന്നവർ അവൻ കാൽവരി കയറിയപ്പോൾ കൂടെ ഇല്ലായിരുന്നു… അതുപോലെ ആണെടോ നമ്മുടെ ജീവിതവും എങ്കിലും ഈശോയെപ്പോലെ നിഷ്കപടമായി സ്നേഹിക്കാൻ നിനക്ക് കഴിയുന്നുണ്ടോ?
ചിലപ്പോളൊക്കെ നമ്മുടെ ജീവിതത്തിൽ മറന്നുപോകുന്ന ഒന്നുണ്ട് നിനക്കായി മുറിവേറ്റ ഈശോയുടെ സ്നേഹത്തെ… മരണം എന്ന മുറിവേറ്റിട്ടും സ്നേഹിക്കാൻ മറക്കാതിരുന്ന ഈശോയെ… നിനക്കായി ആണ് സഹോ അവൻ ഈ വേദനകൾ ഒക്കെയും ഏറ്റെടുത്തത്… നിനക്കായിട്ടാണ് അവൻ ജീവൻപോലും ത്യജിച്ചത്…
ക്രിസ്തു… എന്റെ ജീവിതയാത്രയിൽ ഇത്രമേൽ എന്നെ സ്നേഹിച്ച ഒരുവൻ ഇല്ല. അവന്റെ സ്നേഹം ആണ് എന്റെ ജീവനെ താങ്ങി നിർത്തിയത്… ഞാൻ കരഞ്ഞപ്പോൾ എനിക്കായി ശൂന്യമായവൻ ആണ് അവൻ… ഒന്നോർത്തുനോക്കിക്കേ എത്രമാത്രം ദൈവം നമ്മെ സ്നേഹിക്കുന്നുണ്ടെന്ന്… നമുക്കായി അവൻ ഏറ്റെടുത്ത വേദനകൾ എത്രമാത്രം ആണെന്ന്…
ഒന്നുമാത്രം ഇവയെല്ലാം അവൻ ചെയ്തത് നിനക്കായി മാത്രം.
എന്റെ ഈശോയെ നിന്നിൽ ഒന്നാകുവോളം എന്റെ ജീവിതം നീ നയിക്കേണമേ… ഒന്നുമാത്രം ആഗ്രഹിക്കുന്നു; നിന്റെ തിരിഹൃദയത്തിൻ മുന്പിലെ ഒരു കുഞ്ഞു പൂവായി വിരിയുവാൻ അനുഗ്രഹിക്കണേ…
നന്ദി നാഥാ, കൂടെയുള്ള നിന്റെ സ്നേഹത്തിന്… ❤🔥🥹❤🔥



Leave a reply to Jismaria George Cancel reply