ശിഷ്യന്മാർ ആവേശഭരിതരായിരുന്നു ജെറുസലേമിലേക്ക്, ദൈവാലയത്തിലേക്ക്, ഈശോ രാജകീയപ്രവേശം നടത്തുമ്പോൾ. ജനത്തിന്റെ ഹോസാന വിളികൾ കൊണ്ട് അവിടം ശബ്ദമുഖരിതമായി. പക്ഷേ ഈശോയുടെ മനസ്സിൽ സമ്മിശ്ര വികാരങ്ങളായിരുന്നിരിക്കും. മഹത്വത്തോടെ പ്രവേശിക്കുമ്പോഴും ആ മണിക്കൂർ വന്നുചേർന്നതിന്റെ വേദന.. അത് നിവൃത്തിയാവുന്നതിന്റെ ഞെരുക്കം..
ബലാബലം അധികാരവർഗ്ഗവും അവനും തമ്മിൽ അല്ല, ക്രിസ്തുവും സാത്താനും തമ്മിലാണ്. യേശുവിന്റെ ശ്രദ്ധ തിരിക്കാനും അവൻ എല്ലാം പൂർത്തിയാക്കുന്നതിൽ നിന്ന് പിന്മാറാനും വേണ്ടി അവൻ ശ്രമിച്ചതെല്ലാം വെറുതെ ആയി. ഇനി എല്ലാ ക്രൂരതയും രൗദ്രഭാവവും വെറുപ്പും ഒറ്റപ്പെടുത്തലും അരിശവും പീഡനങ്ങളായി അവനിൽ പെയ്തിറങ്ങാനുള്ള അവസാന പ്രയത്നം.. ഇനി മാനസിക ശാരീരിക പീഡനങ്ങളിൽ വലഞ്ഞുഎങ്ങാനും പിന്മാറിയാലോ….
ജനങ്ങളുടെ ആർപ്പിനും ഹോസാന വിളികൾക്കുമൊപ്പം ‘അവനെ ക്രൂശിക്കുക ‘ എന്ന അലർച്ചകൾ അവൻ കേട്ടിരിക്കും. ഒറ്റപ്പെടുത്താൻ പോകുന്ന ശിഷ്യരെയും ഭാവിയിലെ ജെറുസലേമിന്റെ നാശത്തെയും മുന്നിൽ കണ്ടിരിക്കും. ഭൂമിയിൽ മനുഷ്യർക്കിടയിലുള്ള തന്റെ മിനിസ്ട്രിയുടെ അവസാനമായി.. എന്നിട്ടും അവനെ സ്വന്തമാക്കാത്ത ജനം… സ്വന്തമെന്ന് കരുതിയവർ പോലും…
അവിശ്വാസം, തിരസ്കരണം. ഇന്നും… അവൻ മുട്ടുമ്പോൾ തുറക്കാത്ത ഹൃദയങ്ങൾ… അവനെ തകർക്കുകയല്ലേ … ഇനിയും, വീണ്ടും വീണ്ടും, അവനെ ഞാൻ സങ്കടപ്പെടുത്തും എന്നറിയുമെങ്കിലും ഇന്ന് ഞാനും പാടുന്നു… ഹോസാന ദൈവപുത്രാ. പൊറുക്കണേ അവിവേകങ്ങൾ ![]()



Leave a comment