ഈശോയിൽ മറഞ്ഞ ജീവിത വഴികളിലൂടെ

“എന്റെ ഹൃദയത്തില്‍ ഉദാത്തമായ ആശയം തുടിച്ചുനില്‍ക്കുന്നു;
ഈ ഗീതം ഞാന്‍ രാജാവിനു സമര്‍പ്പിക്കുന്നു;
തയ്യാറായിരിക്കുന്ന എഴുത്തുകാരന്റെ തൂലികയ്‌ക്കു തുല്യമാണ്‌ എന്റെ നാവ്‌.”
(സങ്കീര്‍ത്തനങ്ങള്‍ 45 : 1)

ഈശോ എന്നെ അനാദിയിലെ തിരഞ്ഞെടുത്തു പേര് ചൊല്ലി വിളിച്ചു വേർതിരിച്ചത് ഒരു നേഴ്സ് ആകാനായിരുന്നു.

വിശുദ്ധ കുർബാനയിൽ ബലി വസ്തുവും ബലിയർപ്പകനും ഈശോ തന്നെയാണ്. അത് പോലെ ശുശ്രൂഷകനും ശുശ്രൂഷിക്കപ്പെടുന്നവനും ഈശോ തന്നെയാകുന്ന ഉന്നതമായ ജീവിതാവസ്ഥ ആണ് ഒരു നേഴ്സ് ആയിരിക്കുക എന്നത്

ഒരു അമ്മ തന്റെ കുഞ്ഞിന് ജന്മം കൊടുക്കുന്ന നിമിഷം മുതൽ ജീവിതാവസാനം വരെ അമ്മ തന്നെയാണ്. മക്കളുടെ ഓർമകളിൽ അവൾ മരിച്ചു കഴിഞ്ഞാലും അമ്മ തന്നെയാണ്.

അത് പോലെ ഒരു സ്റ്റുഡന്റ് നേഴ്സ് ആയി ജോയിൻ ചെയ്യുന്ന നിമിഷം മുതൽ ഒരു മനുഷ്യവ്യക്തി എന്നതിലുപരിയായി ഒരാളുടെ ജീവിതം ദൈവികതയുടെ തലങ്ങളിലേയ്ക്ക് ഉയർത്തപ്പെടുന്ന മഹനീയമായ ജീവിതാന്തസ് ആണ് നഴ്സിംഗ് എന്ന് പറയാം.

വിശുദ്ധ കുർബാന ചൊല്ലുവാൻ പുരോഹിത വസ്ത്രങ്ങൾ അണിയുമ്പോൾ ഒരു വൈദികൻ അതിൽ മറഞ്ഞു മിശിഹായെ ധരിക്കുന്നു.

ഒരു നഴ്സിന്റെ യൂണിഫോം ഇട്ടു ഹോസ്പിറ്റലിലോ നഴ്സിംഗ് യൂണിറ്റിലോ കടന്നു ചെല്ലുന്ന നിമിഷത്തിലും ഒരു വ്യക്തി മറയുന്നു ഈശോമിശിഹായെ ധരിക്കുന്നു.

രാവും പകലുമെന്നില്ലാതെ കാലാവസ്ഥ നോക്കാതെ രാജ്യത്തിന്റെ അതിർത്തികളിൽ ഊണും ഉറക്കവുമില്ലാതെ ജാഗ്രതയോടെ കാവൽ നിൽക്കുന്ന, ശത്രുക്കളുമായി ധീരതയോടെ ഏറ്റു മുട്ടുന്ന ഒരു പട്ടാളക്കാരനു എന്ത് മാത്രം ബഹുമാനം ആണ് ഓരോ രാജ്യവും കൊടുക്കുന്നത്. എന്നാൽ അവർ കണ്ണുകൊണ്ടു കാണാൻ പറ്റുന്ന ശത്രുക്കളോടാണ് പോരാടുന്നത്.

എന്നാൽ ജോലി സമയങ്ങളിൽ മാത്രമല്ല, ജീവിതം മുഴുവനും രാപകലില്ലാതെ ഋതുഭേദമില്ലാതെ ആരോഗ്യത്തിലും അനാരോഗ്യത്തിലും സന്തോഷമായിരിക്കുമ്പോഴും ഹൃദയം മുറിഞ്ഞിരിക്കുമ്പോഴും വിശന്നും സഹിച്ചും ദാഹിച്ചും വേദനിച്ചും നിതാന്തജാഗ്രതയിൽ ഏതു വഴിയിലൂടെയും വന്നേക്കാവുന്ന രോഗാണുക്കൾ എന്ന അദൃശ്യ ശത്രുക്കളെ
വിശ്വാസത്തിന്റെ കണ്ണുകളിലൂടെ നോക്കിക്കാണുന്ന ജീവന്റെ അതിർത്തികളിൽ ഓരോ ജീവനും കാവൽ ഇരിക്കുന്ന, ഹൃദയമിടിപ്പുകൾക്ക് കാതോർത്തിരിക്കുന്ന നഴ്സുമാർ..

സൃഷ്ടാവായ ദൈവം ഓരോ വ്യക്തിയുടെയും മാതാപിതാക്കളെ സ്നേഹത്തോടെ നിശ്ചയിക്കുന്നു.

അതോടൊപ്പം ഉദരത്തിൽ ഉരുവാകുന്ന നിമിഷം മുതൽ ഓരോ വ്യക്തിയുടെ ജീവനെയും നോക്കാനും സംരക്ഷിക്കാനും ശുശ്രൂഷിക്കാനും ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ ഉന്നതമായ അദ്ധ്യാത്മികശുശ്രൂഷ ചെയ്യാൻ പുരോഹിതരെ എന്നത് പോലെ, ജീവിതകാലം മുഴുവനും നോക്കുന്ന കാവൽ മാലാഖ എന്നത് പോലെ, ഓരോ വ്യക്തിയ്ക്കായും നഴ്സുമാരെയും പേര് ചൊല്ലിവിളിച്ചു അധികാരത്തോടെ നിയമിച്ചാക്കുന്നു.

നഴ്സുമാരിലൂടെ ഒരു ജീവൻ ഉരുവാകുന്നതിനു മുൻപേ അമ്മയെ ഗർഭകാലത്തേയ്ക്ക് സ്നേഹത്തോടെ ശുശ്രൂഷിച്ചു ഒരുക്കുന്നു.

അമ്മയുടെ ഉദരത്തിൽ ആയിരിക്കുമ്പോൾ ഗർഭാവസ്ഥയിൽ ഗർഭസ്ഥ ശിശു ശുശ്രൂഷിക്കപ്പെടുന്നു, സ്നേഹിക്കപ്പെടുന്നു, അഭിനന്ദിക്കപ്പെടുന്നു.

അമ്മയുടെ ഉദരത്തിലെ ഇരുളിൽ നിന്നും നിന്ന് വേദനയോടെ കരഞ്ഞു ഭൂമിയിലേയ്ക്ക് കടന്നു വരുന്ന നിമിഷങ്ങളിൽ ലോകത്തിന്റെ പ്രകാശമായി വന്ന ഈശോയുടെ മുഖമായിട്ടാണ് ഒരു കുഞ്ഞിന്റെയും മുൻപിൽ നഴ്സുമാർ നിൽക്കുന്നത്. അമ്മയുടെ ഗർഭപാത്രത്തിന്റെ സുരക്ഷിതഭിത്തി കരങ്ങളിൽ എന്നത് പോലെ ചേർത്ത് പിടിച്ച ദിനങ്ങളിൽ നിന്നും അമ്മയുടെ ശരീരത്തിൽ നിന്നും സമയമാകുമ്പോൾ നോർമൽ ഡെലിവറിയിലൂടെയോ സിസേറിയനിലൂടെയോ വേർപെട്ട് നിസ്സഹായനായി കിടക്കുന്ന ഒരു ചെറുശിശുവിനെ ഡോക്ടർമാരുടെ കരങ്ങളിൽ നിന്നും വാത്സല്യത്തോടെ കൈകളിൽ സ്വീകരിക്കുന്നതും ഹൃദയത്തിൽ ചേർത്ത് പിടിക്കുന്നതും നഴ്സുമാരാണ്.

എന്നാൽ ചുരുക്കം ചില സമയങ്ങളിൽ നഴ്സുമാർ മാത്രമേ പ്രസവസമയത്തുണ്ടാകൂ.

എങ്ങനെയൊക്കെ ആയിരുന്നാലും പിതാവായ ദൈവം തന്റെ വചനവും സ്നേഹവും വാത്സല്യവും കരുണയുമൊക്കെ ശിശുവിലേയ്ക്ക് പകരുന്നത് ഒരു നഴ്സിലൂടെയാണ് എന്നെനിക്കു തോന്നിയിട്ടുണ്ട്.

ആ കുഞ്ഞിന് വേണ്ട എല്ലാ കാര്യങ്ങളും ഡോക്ടർമാർ, സ്പെഷ്യലിസ്റ്റുകൾ, മരുന്നുകൾ മുതലായ എല്ലാ സേവനങ്ങളും ഞൊടിയിടയിൽ ഏർപ്പാടാക്കുന്നതും ഉറപ്പു വരുത്തുന്നതും അതിന്റെ ജീവിതത്തിന്റെ ആദ്യദിനങ്ങൾ ക്രമീകരിക്കപ്പെടുന്നതും നഴ്സുമാരിലൂടെയാണ്.

അമ്മയാകുന്ന ആദ്യദിനങ്ങളിൽ നവജാതശിശുവിനെ എങ്ങനെ പരിചരിക്കണം എന്നും അതോടൊപ്പം ഒരു അമ്മ എന്ന നിലയിൽ എന്തൊക്കെ സ്വയം ചെയ്യണം എന്നും പറഞ്ഞു കൊടുക്കുന്നതും പഠിപ്പിക്കുന്നതും നഴ്സുമാരാണ്.

ഒരു മനുഷ്യന്റെ ജീവിതത്തിലെ വിവിധഘട്ടങ്ങളിൽ രോഗിയായി ഹോസ്പിറ്റലിൽ കിടക്കുന്ന സമയങ്ങളുണ്ട്. അത് പോലെ ജീവിതത്തിന്റെ അവസാന ദിവസങ്ങളിലും ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആകാറുണ്ട്.

ജീവന്റെ സുവിശേഷം സ്വജീവിതത്തിലൂടെ പ്രഘോഷിക്കപ്പെടുന്ന ഈ സമയങ്ങളിൽ ഒരു വ്യക്തിയുടെ ജീവൻ ജീവദാതാവായ ദൈവത്തിങ്കലേയ്ക്ക് തിരിച്ചു പോകുന്ന തക്കസമയം വരെയും അതിന്റെ കാവലാളായി നിൽക്കേണ്ട ആളാണ് നേഴ്സ്.

മരണത്തിന്റെ താഴ്‌വരയിലൂടെ ഒരു വ്യക്തി നടന്നു തുടങ്ങുമ്പോഴും ആ മനുഷ്യന് ദൈവം കൂടെയുണ്ട് എന്നുറപ്പു കൊടുക്കുന്ന സാന്നിധ്യവും ധൈര്യവുമാണ് നേഴ്സ്.

രോഗീലേപനമെന്ന കൂദാശ ഒരു രോഗിയ്ക്കു തക്ക സമയത്ത് ലഭ്യമാകുന്നത് പലപ്പോഴും നഴ്സുമാരുടെ സമയോചിതമായ ഇടപെടലിലൂടെയാണ്.

പലരുടെയും ഹൃദയത്തിലെ ആഴത്തിലുള്ള നൊമ്പരങ്ങൾ ആദ്യമായി കേൾക്കുന്നത് നഴ്സുമാരാണ്.

ഓരോ വ്യക്തിയെയും ഒരു അമ്മയെപ്പോലെ ശരീരം വൃത്തിയാക്കി തുണികൾ മാറ്റി കിടക്ക വൃത്തിയാക്കി മടുപ്പില്ലാതെ ശുശ്രൂഷിക്കുന്നത് നഴ്സുമാരാണ്.

ചില സമയങ്ങളിൽ വലിയ രോഗങ്ങൾ, ഓപ്പറേഷനുകൾ, ആക്‌സിഡന്റ്, സ്ട്രോക്ക് തുടങ്ങിയ കാര്യങ്ങൾ മൂലം നീണ്ട നാളുകളിൽ ഹോസ്പിറ്റലിൽ കഴിഞ്ഞു ജീവിതത്തിലേക്ക് തിരികെ പിച്ച വയ്ക്കുന്നത് നഴ്സുമാരുടെ സഹായത്തോടെയാണ്.

ഒരു രോഗി മരണത്തിലേക്ക് പതിയെ കടന്നു പോകുമ്പോൾ ജീവന്റെ നിറം മാറി തണുത്തു തുടങ്ങുന്ന കരങ്ങൾ തന്റെ കരങ്ങളിൽ മുറുകെ പിടിക്കുന്നത് പലപ്പോഴും നഴ്സുമാരാണ്.

ഒരു നേഴ്സ് എല്ലാവരെയും ശുശ്രൂഷിക്കുന്നില്ല, അയയ്ക്കപ്പെടുന്ന ഇടങ്ങളിൽ ശുശ്രൂഷ ചെയ്യുക മാത്രമാണ് ചെയ്യുന്നത്.

പിതാവായ ദൈവം ഈശോയുടെ നാമത്തിൽ പരിശുദ്ധാത്മാവിന്റെ ശക്തിയും അഭിഷേകവും ശരിയായ പരിശീലനവും നൽകി ഒരു നഴ്സിനെ ഒരു വ്യക്തിയുടെ ചാരെ അയക്കുമ്പോൾ മാനുഷികമായ ശുശ്രൂഷ മാത്രമായി ഒതുങ്ങാതെ ദൈവികമായ തലത്തിലേയ്ക്ക് ഉയരുന്നതിനാൽ ആ ശുശ്രൂഷയ്ക്ക് ആവശ്യമുള്ളതെല്ലാം ദൈവികമായ വിധത്തിൽ അപ്പോഴപ്പോൾ ലഭിച്ചു കൊണ്ടിരിക്കും.

“എന്റെ ദൈവം തന്റെ മഹത്വത്തിന്റെ സമ്പന്നതയില്‍നിന്ന്‌ യേശുക്രിസ്‌തുവഴി നിങ്ങള്‍ക്ക്‌ ആവശ്യമുള്ളതെല്ലാം നല്‍കും.
നമ്മുടെ പിതാവായ ദൈവത്തിന്‌ എന്നും എന്നേക്കും മഹത്വം ഉണ്ടായിരിക്കട്ടെ! ആമേന്‍.
(ഫിലിപ്പി 4 : 19-20)

നഴ്സുമാരെ കുറിച്ച് എഴുതിതുടങ്ങിയപ്പോൾ നഴ്സുമാർ ആരാണ്, എങ്ങനെയാണ് എന്നതിനെ കുറിച്ചല്ല, ഒരു നേഴ്സ് എങ്ങനെ ആയിരിക്കണം എന്നതിനെ കുറിച്ചാണ് ഞാൻ ചിന്തിച്ചത്.

ഓരോ നഴ്സും ഈ മേഖലയിലേയ്ക്ക് കടന്നു വരുമ്പോൾ സോളമൻ രാജാവിനെ പോലെ പ്രാർത്ഥിക്കേണ്ടത് ജ്ഞാനത്തിന് വേണ്ടിയാണ്

കാരണം ഒരു നേഴ്സ് ആകാനുള്ള അറിവ് പഠനമുറികളിൽ നിന്ന് കിട്ടും. എന്നാൽ ആ അറിവ് എവിടെ എങ്ങനെ എപ്പോൾ പ്രാവർത്തികമാക്കണമെന്ന് ജ്ഞാനം പറഞ്ഞു തരും.

ജോലി ചെയ്യുന്ന സമയങ്ങളിൽ ഏതു കാര്യത്തിനും നമുക്ക് ഇൻചാർജിന്റെ അടുത്തു ചെല്ലാം. എന്തെങ്കിലും വേണമെങ്കിൽ ആവശ്യപ്പെടാം, ആവശ്യമെങ്കിൽ സഹായത്തിനു കൂടുതൽ സ്റ്റാഫിനെ ആവശ്യപ്പെടാം. നാം കാണുന്ന കാര്യങ്ങൾ റിപ്പോർട്ട്‌ ചെയ്യാം, രോഗിയ്ക്കു വേണ്ട specialist care ( Dietitian, Physio Therapist, Occupational Therapist etc ) ഏർപ്പാടാക്കാം.

എന്നാൽ ഭൗതികകാര്യങ്ങളിൽ മാത്രമല്ല അതിലും ഉപരിയായി അദ്ധ്യാത്മിക തലത്തിലുള്ള അനേകം സഹായങ്ങളും ഒരു നഴ്സിന് ലഭിക്കും. ചോദിക്കണം എന്നുമാത്രം.

അതിനെ കുറിച്ച് തുടർന്ന് എഴുതാം…

Author: Anonymous

Source: WhatsApp

Advertisements

Leave a comment