ജൂൺ 27 | നിത്യസഹായ മാതാവ്


ഒരു കത്തോലിക്കാ വിശ്വാസിയുടെ അധരങ്ങളിൽ എപ്പോഴും ഉയർന്നുവരുന്ന ഒരു നാമമാണ് നിത്യസഹായമാതാവ് എന്നത്. നിത്യസഹായമാതാവിന്റെ മനോഹരമായ ചിത്രം ഏവരേയും ആകർഷിക്കുന്നന്നതാണ്.പരിശുദ്ധ കന്യക തന്റെ പുത്രനെ കൈകളിൽ വഹിച്ച് നില്ക്കുന്ന, തടിയിൽ സ്വർണനിറത്തിൽ പെയിന്റ് ചെയ്ത ഏകദേശം 50 സെ.മീ. ഉയരമുളള, ഒരു ചിത്രമാണ് ഇത്. അമ്മയുടെയും പുത്രന്റെയും ശിരസ്സിനുമുകളിൽ വിശുദ്ധിയെ സൂചിപ്പിക്കുന്ന സ്വർണനിറത്തിലുളള പരിവേഷം (ഹേലോ) കാണാം. വി. മിഖായേലും വി. ഗബ്രിയേലും ഇരുവശങ്ങളിൽ നിന്നുകൊണ്ട് പീഡാനുഭവത്തിന്റെ ആയുധങ്ങൾ ഇശോയെ കാണിക്കുന്നു. ഇത് കണ്ട് ഭയപ്പെട്ടു നില്ക്കുന്ന ഈശോ അമ്മയുടെ കൈകളിലേക്ക് ഓടിചെല്ലുന്നു. ദാരുണമായ ഈ കാഴ്ച കണ്ടതിന്റെ ദുഃഖം അമ്മയുടെ മുഖത്ത് ദർശിക്കുവാൻ സാധിക്കും. ഈ ചിത്രം വി. ലൂക്ക വരച്ചതാണ് എന്ന് പാരമ്പര്യം പറയുന്നു. വളരെ നാളുകൾക്ക് മുമ്പു തന്നെ ക്രീറ്റിലെ മനുഷ്യർ ഈ രൂപത്തെ ബഹുമാനിച്ചുപോന്നു. ഈ ദ്വീപിലെ ജനങ്ങൾ തുർക്കികളാൽ പീഡിപ്പിക്കപ്പെട്ട് റോമിലേക്ക് പലായനം ചെയ്തപ്പോൾ അവർ ഈ രൂപവും റോമിലേക്ക് കൊണ്ടുപോയി. ഈ രൂപം വഹിച്ചിരുന്ന കപ്പൽ വലിയ കൊടുങ്കാറ്റിലകപ്പെട്ടുവെങ്കിലും അമ്മയുടെ മാദ്ധ്യസ്ഥ്യത്താൽ അപകടമൊന്നും കൂടാതെ രക്ഷപ്പെടുകയുണ്ടായി എന്നു വിശ്വസിച്ചുപോരുന്നു. ക്രീറ്റിലെ ബാലികയോട് പരിശുദ്ധ അമ്മ അരുൾ ചെയ്തു: “റോമിലുള്ള മേരി മേജർ, ജോൺ ലാറ്ററൻ എന്നീ ബസിലിക്കകളുടെ മദ്ധ്യേ എന്റെ ചിത്രം പ്രതിഷ്ഠിച്ചു വണങ്ങപ്പെടുവാൻ ഞാൻ ആഗ്രഹിക്കുന്നു. 1499 മാർച്ച് 27ന് അമ്മയുടെ ഈ ഛായാചിത്രം വഹിച്ചുകൊണ്ട് അനേകം വൈദികരുടെയും ജനങ്ങളുടെയും അകമ്പടിയോടെ മനോഹരവും ഗംഭീരവുമായ ഒരു പ്രദക്ഷിണം റോമിന്റെ വീഥികളിലൂടെ നടത്തി. അതിനുശേഷം വി. മത്തായിയുടെ ദേവാലയത്തിലെ പ്രധാന അൾത്താരയിൽ ആ രൂപം പ്രതിഷ്ഠിച്ചു. 1789-1793 കാലഘട്ടത്തിലെ ഫ്രാൻസ് വിപ്ലവത്തിൽ വിശുദ്ധ മത്തായിയുടെ ദേവാലയം നശിപ്പിക്കപ്പെട്ടപ്പോൾ, അവിടെ ശുശ്രൂഷ ചെയ്തിരുന്ന ഒരു സന്യാസി മാതാവിന്റെ ഈ അത്ഭുത ചിത്രം അവിടെനിന്ന് എടുത്ത് രഹസ്യമായി സൂക്ഷിച്ചു. 60 കൊല്ലത്തോളം അജ്ഞാതമായിരുന്ന ഈ രൂപം 1865 ൽ ഒമ്പതാം പീയൂസ് മാർപാപ്പ ആദ്യത്തേതുപോലെ വണങ്ങപ്പെടുവാൻ വേണ്ടി എസ്ക്വിലിൻ മലയിൽ വി. മത്തായിയുടെ ദേവാലയം ഇരുന്ന സ്ഥലത്ത് വി. അൽഫോൻസ് ലിഗോരിയുടെ നാമത്തിൽ പണികഴിപ്പിച്ച ദേവാലയത്തിലേക്ക് കൊണ്ടുവരുവാൻ കല്പനയിട്ടു. 1866 ഏപ്രിൽ 26 ന് ദിവ്യരക്ഷകസഭയിലെ അംഗങ്ങൾ അമ്മയുടെ ഈ രൂപത്തെ അവരുടെ ദേവാലയത്തിൽ പ്രതിഷ്ഠിച്ചു. തുടർന്ന് ദിവ്യരക്ഷകസഭയിലെ അംഗങ്ങളുടെ തീഷ്ണതയും ആ ദേവാലയത്തിൽ ലഭിച്ച അത്ഭുതങ്ങളും നിത്യസഹായനാഥയോടുളള ഭക്തി വളരെ അത്യപൂർവമായ രീതിയിൽ വളരുവാൻ ഇടയാക്കി. ഇന്നും ഈ രൂപം ഈ ദേവാലത്തിൽ ഭക്തിപൂർവം വണങ്ങപ്പെടുന്നു.1867 ജൂൺ 23 ന് വത്തിക്കാൻ തിരുസംഘം പരിശുദ്ധ അമ്മയിൽ നിന്ന് ലഭിച്ച അസാധാരണമായ അനുഗ്രഹങ്ങൾക്ക് നന്ദിയായും അംഗീകാരമായും അമ്മയുടെ തിരുസ്വരൂപത്തിൽ മുടി അണിയിച്ചു. “നിത്യസഹായമാതാവ് ലോകമെങ്ങും അറിയപ്പെടുവാൻ ഇടയാക്കുവിൻ എന്ന മാർപാപ്പയുടെ കല്പന ശിരസ്സാവഹിച്ച ദിവ്യരക്ഷകസഭയിലെ അംഗങ്ങളിലൂടെ നിത്യസഹായമാതാവിനോടുള്ള ഭക്തി ലോകം മുഴുവനിലും വ്യാപിച്ചുകൊണ്ടിരിക്കുന്നു. കേരളത്തിലെ മിക്ക ദേവാലയങ്ങളിലും എല്ലാ ശനിയാഴ്ചകളിലും നിത്യസഹായമാതാവിന്റെ നൊവേനയിൽ പങ്കെടുത്ത് അനേകായിരങ്ങൾ അമ്മയിലുള്ള ആശ്രയം ഏറ്റുപറഞ്ഞ് അമ്മയെ വണങ്ങുന്നു. ഈ അർഥത്തിൽ നിത്യസഹായ മാതാവ് എന്ന അപദാനമാണ് കേരളസഭയിൽ എറ്റവും കൂടുതൽ അനുസ്മരിക്കുന്നത്.

നമുക്കു പ്രാർഥിക്കാം

ഓ നിത്യസഹായമാതാവേ, ഏറ്റം വലിയ ശരണത്തോടെ ഞങ്ങൾ അങ്ങയെ വണങ്ങുന്നു. ഞങ്ങളുടെ അനുദിനജീവിതത്തിലെ ബുദ്ധിമുട്ടുകളിൽ അവിടുത്തെ സഹായം ഞങ്ങൾ അപേക്ഷിക്കുന്നു. പരീക്ഷകളും ദുരിതങ്ങളും ഞങ്ങളെ ക്ലേശിതരാക്കുന്നു. പ്രതികൂല സാഹചര്യങ്ങളും വേദനാജനകമായ പോരായ്മകളും ഞങ്ങളുടെ ജീവിതത്തെ ശോകാവൃതമാക്കുന്നു. എല്ലായിടത്തും ഞങ്ങൾ കുരിശിനെയാണ് അഭിമുഖീകരിക്കുന്നത്. കരുണാർദ്രയായ മാതാവേ, ഞങ്ങളിൽ കനിയണമെ, ഞങ്ങളുടെ സങ്കങ്ങളിൽനിന്ന് ഞങ്ങളെ മോചിപ്പിക്കണമെ. തുടർന്ന് സഹിക്കുനാണ് ദൈവതിരുമനല്ലെങ്കിൽ അവ സന്തോഷത്തോടും ക്ഷമയോടും കൂടി സ്വീകരിക്കുവാനുളള ശക്തി ഞങ്ങൾക്ക് നൽകണമേ.ഈ വരങ്ങളൊക്കെയും അങ്ങയുടെ സ്നേഹത്തിലും ശക്തിയിലും ശരണം വെച്ചുകൊണ്ട് ഞങ്ങൾ അപേക്ഷിക്കുന്നു. നിത്യസഹായമാതാവേ, എന്നെ ഒരിക്കലും തനിയെ വിടരുതേ, ആമ്മേൻ.

സുകൃതജപം: നിത്യസഹായമാതാവേ, എന്റെ അമ്മേ,ദൈവം എനിക്ക് നഷ്ടപ്പെടുവാൻ ഇടയാക്കല്ലേ.

Leave a comment