ഈശോയെ നോക്കാൻ ഈശോയിൽ മറഞ്ഞ ജീവിത വഴികളിലൂടെ… 2
എന്റെ ജീവിതത്തിൽ രണ്ടു കാലഘട്ടമുണ്ട്.
ഒന്നാമത്തെ കാലഘട്ടം ഈശോ എന്നൊരു വ്യക്തിയെ കുറിച്ച് ഏതൊരാളെയും പോലെ സാധാരണ രീതിയിൽ കേട്ട ഈശോയ്ക്ക് എന്റെ ജീവിതത്തോട് നേരിട്ട് ബന്ധമൊന്നും ഇല്ലാതിരുന്ന ഇരുണ്ട കാലഘട്ടം..
രണ്ടാമത്തേത് ഈശോ എന്ന ആൾ യഥാർത്ഥത്തിൽ ഉള്ളതാണെന്നും ഈശോയും ഈശോയ്ക്കുള്ളവരും എന്റെയും സ്വന്തമാണെന്നും ഈശോ എന്നെ വ്യക്തിപരമായി സ്നേഹിക്കുകയും ബഹുമാനിക്കുകയും എന്നോടൊപ്പം വസിക്കുകയും ചെയ്യുന്നെന്നു എനിക്കീശോ ദയവോടെ പറഞ്ഞു തന്ന ഈശോയുടെ ഒരു ചെറിയ കുഞ്ഞിനെ പോലെ ഈശോയുടെ ഹൃദയത്തോട് അടുപ്പിച്ച പ്രകാശിതമായ കാലഘട്ടം.
പ്രകാശിതമായ ഈ കാലഘട്ടത്തിന്റെ തുടക്കത്തിൽ ഈശോ വഴി ഓരോ മനുഷ്യരിലും സർവകൃപകളും വർഷിക്കപ്പെട്ടിരിക്കുന്നു എങ്കിലും ഓരോ ജീവിതത്തിലും ദൈവഹിതമനുസരിച്ചു ചില കൃപകൾ കൂടുതൽ വെളിപ്പെടും.
എന്നിൽ കൂടുതലായി പ്രകാശിതമായ കൃപ അദ്ധ്യാത്മിക ശിശുത്വം ആയിരുന്നു.
തന്റെ ഓരോ മക്കളിലും ഈ കൃപ സമൃദ്ധമാകണം എന്നാണ് അവിടുന്ന് ആഗ്രഹിക്കുന്നത്.
“സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ശിശുവിനെപ്പോലെ ദൈവരാജ്യം സ്വീകരിക്കാത്ത ആരും അതില്‍ പ്രവേശിക്കുകയില്ല.”
(മര്‍ക്കോസ് 10 : 15)
ഒരു ശിശുവിനെ പോലെ ഈശോയുടെ മുൻപിൽ വ്യാപരിക്കുകയാണെങ്കിൽ സംശയം ഒന്നും കൂടാതെ ദൈവവചനം വിശ്വസിക്കാൻ പറ്റും
കണ്ടാലും! എത്ര വലിയ സ്‌നേഹമാണു പിതാവു നമ്മോടു കാണിച്ചത്. ദൈവമക്കളെന്നു നാം വിളിക്കപ്പെടുന്നു; നാം അങ്ങനെയാണു താനും.
1 യോഹന്നാന്‍ 3 : 1
സ്വർഗത്തിൽ എന്നത് പോലെ സ്വതന്ത്രമായി ഈശോയോട് ഇടപെടാൻ സാധിക്കും
അവിടുത്തെ പൊന്നു മകൾ എന്ന് സ്വയം അനുഭവപ്പെട്ടു എന്നത് പോലെ പരിശുദ്ധ ത്രിത്വത്തോട് സ്നേഹത്തോടെയും സ്വാതന്ത്ര്യത്തോടെയും ഇടപെടാൻ സാധിക്കും.
ഒരു ക്രൈസ്തവന്റെ ജീവിതത്തിന്റെ കേന്ദ്രവും ജീവനും ശക്തിയും ബലവും എല്ലാം വിശുദ്ധ കുർബാനയാണ്.
വിശ്വാസത്തിന്റെ കണ്ണുകൾ ഞൊടിയിടയിൽ തുറപ്പിക്കുന്ന, അദൃശ്യ ലോകത്തിന്റെ കാഴ്ചകൾ സ്വഭാവികമെന്ന പോലെ ഉൾക്കണ്ണിൽ കാണിക്കുന്ന ഒറ്റ മൂലിയാണ് വിശുദ്ധ കുർബാന
ഒരു നഴ്സെന്ന നിലയിൽ, ജീവിക്കുന്ന ഒരു മനുഷ്യവ്യക്തി എന്ന നിലയിൽ എന്റെ ജീവിതവും വിശുദ്ധ കുർബാനയെ ചുറ്റിപ്പറ്റിയാണ്.
വിശുദ്ധ കുർബാന എന്ന മഹാ രഹസ്യത്തെ കുറിച്ച് അറിയണമെങ്കിൽ അടുത്ത് ചെല്ലണം.
അതിന്റെ അടുത്ത് ചെല്ലും തോറും തുടിക്കുന്ന ഒരു ഹൃദയത്തിന്റെ മിടിപ്പ് നമുക്ക് കേൾക്കാൻ കഴിയും.
കൂടുതൽ അടുത്ത് ചെല്ലും തോറും അത് ഈശോ എന്ന വ്യക്തി തന്നെയാണ് എന്ന് ഹൃദയത്തിനുള്ളിൽ മനസിലാകും.
ഇങ്ങനെ മനസ്സിലായാൽ നമുക്ക് അതിനോട് വ്യക്തിപരമായ ബന്ധം കൂടുതലാകും.
ഒരാൾ വചനം പങ്കു വച്ചപ്പോൾ പറഞ്ഞ ഒരു അനുഭവം എന്റെ ഹൃദയത്തെ സ്പർശിച്ചു.
ഒരു പ്രമേഹരോഗി കുറച്ചു മധുരം കഴിച്ചു എന്ന് കരുതുക. കുറച്ചു സമയം കഴിഞ്ഞു അയാളുടെ വിരലിൽ നിന്നും ഒരു തുള്ളി രക്തം എടുത്തു ടെസ്റ്റ് ചെയ്താൽ അതിൽ പഞ്ചസാരയുടെ അളവ് ഉയർന്നിരിക്കുന്നതായി കാണാം.
അപ്പോൾ നാം സ്വീകരിക്കുന്ന ദിവ്യകാരുണ്യവും ഇത് പോലെയല്ലേ നമ്മുടെ ശരീരത്തിൽ അലിഞ്ഞു ശരീരം മുഴുവനും വ്യാപിക്കുന്നത്?
വിശുദ്ധ കുർബാന നമ്മളെക്കൊണ്ട് സാധ്യമായ ഒരുക്കത്തോടെ സ്വീകരിക്കുമ്പോൾ ഈശോയെ നാം പരിപൂർണമായ വിധത്തിൽ ഉൾക്കൊള്ളുന്നു, നമ്മുടെ ശരീരത്തിന്റെ എല്ലാ കോശങ്ങളിലും പൂർണമായി ഈശോ എഴുന്നള്ളുന്നു. ഈശോ സ്നേഹമാകയാൽ വലിയ ദൈവസ്നേഹം കൊണ്ടു നമ്മുടെ ഹൃദയം നിറയുന്നു. ഈശോ പ്രകാശമാകയാൽ നമ്മുടെ ആത്മാവിന്റെ ഏറ്റവും ഇരുണ്ട കോണുകൾ പോലും പ്രകാശിതമാകുന്നു. ഈശോ സത്യമാകയാൽ വചനത്തിന്റെ ഏറ്റവും ദുർഗ്രഹമായ കാര്യങ്ങൾ പോലും വളരെ ലളിതമായി ആ വ്യക്തിയ്ക്കു മനസിലാകുന്നു. ഈശോ വഴി ആയതിനാൽ നിത്യതയിലേയ്ക്ക് ദൈവഹിതമനുസരിച്ചു ഏതു വഴിയേ നടക്കണമെന്ന് ഈശോ ആത്മാവിന് പറഞ്ഞു കൊടുക്കുന്നു.
ഏതൊരു മനുഷ്യരെക്കാളും ഉപരിയായി ഈശോ നമ്മളെ മനസിലാക്കുന്നു എന്നും അവിടുന്ന് യഥാർത്ഥത്തിൽ ഉള്ളവനാണെന്നും അവ്യക്തമായിട്ടാണെങ്കിലും ആത്മാവിന് മനസിലായി തുടങ്ങുന്നു
ദൈവികപദ്ധതി പ്രകാരം ഒരാത്മാവ് സവിശേഷമായ രീതിയിൽ ഈശോയെ അറിഞ്ഞു തുടങ്ങുമ്പോൾ അത് ഒരു ശിശു ദൈവികമായ അറിവിലേക്ക് വീണ്ടും ജനിക്കുന്ന ഒരനുഭവം ആണ്.
ഒരു ശിശു സ്നേഹമുള്ള ഒരു ഭവനത്തിലേയ്ക്ക് അനേക നാളുകളിലെ കാത്തിരിപ്പിനു ശേഷം പിറന്നു വീഴുമ്പോൾ അതിനെ എല്ലാവരും അതിയായി സ്നേഹിക്കുന്നു, വാത്സല്യത്തോടെ പെരുമാറുന്നു.
ഇത് പോലെയാണ് ദിവ്യകാരുണ്യത്തിന്റെ ചാരെ കടന്നു ചെല്ലുമ്പോഴും അവിടുത്തെ സമീപേ ഇരിക്കുമ്പോഴും അവിടുത്തെ ഏറ്റവും സ്നേഹത്തോടെ വിശുദ്ധ കുർബാനയിൽ ഉൾക്കൊള്ളുമ്പോഴും.
അത്രയും നാളും നമ്മുടെ ചാരെ ഉണ്ടായിരുന്നിട്ടും ഇത്ര നാളും നാം അറിയാതെ പോയ ഒരു നല്ല സ്നേഹിതൻ എന്നൊരു ചിന്തയാണ് പതിയെ പതിയെ ഉണ്ടാകുക
ഒരു പക്ഷെ ഈശോയുടെ ദൈവികമായ മഹത്വത്തിന്റെ ഉന്നതിയോ സ്വർഗത്തിലും ഭൂമിയിലും ഉള്ള അവിടുത്തെ സ്ഥാനമോ ഒന്നും നമുക്ക് മനസിലാകുകയില്ല എന്ന് വരും.
മനുഷ്യബുദ്ധി പരിമിതവും ദൈവം അതിനു വെളിപ്പെടുത്തിക്കൊടുത്തില്ലെങ്കിൽ സ്വയമേ അതിനു ചിന്തിക്കാൻ കഴിവില്ലാത്തതും ആണല്ലോ
അത് കൊണ്ട് ദിവ്യകാരുണ്യ ഈശോയെ വ്യക്തിപരമായി സ്നേഹിക്കാനുള്ള കൊച്ച് വഴികൾ സ്വാഭാവികമായി നമ്മുടെ മുന്നിൽ ഈശോ തന്നെ കാണിച്ചു തരും.
ഈശോയെ നാം കൂടുതൽ സ്നേഹിച്ചു തുടങ്ങിയാൽ പതിയെ പതിയെ സ്നേഹത്തിന്റെ ആഴങ്ങളിലേയ്ക്ക് നാം പ്രവേശിക്കാൻ ഈശോ നമ്മെ അനുവദിക്കും.
നമ്മുടെ ജീവിതത്തിൽ ഒരു പക്ഷെ മറ്റുള്ളവർ നമ്മെ കാണുമ്പോൾ പരിഹസിക്കുന്നുണ്ടാകാം. ഈ വ്യക്തിയെ എന്തിനു കൊള്ളും എന്ന് ഉള്ളിൽ ചിന്തിക്കുന്നുണ്ടാകാം. മാതാപിതാക്കളും ബന്ധുക്കളും പോലും നമ്മെ ജീവിതത്തിൽ വില കുറച്ചു കാണുന്നുണ്ടാകാം.
എന്തിനേറെ നാം പോലും നമ്മെ വിലയുള്ളതായി കണ്ടു എന്ന് വരില്ല.
അതിന്റെ അടിസ്ഥാന കാരണം നമ്മിൽ ഈ ലോകത്തിലെ എന്തൊക്കെ ഉണ്ടായാലും ഈശോ ഇല്ലെങ്കിൽ യഥാർത്ഥ ജീവനോ നിർമല സ്നേഹമോ ഉണ്ടായിരിക്കുകയില്ല.
എന്നാൽ ഈശോ ദിവ്യകാരുണ്യമായും ദൈവവചനമായും നമ്മിൽ ഉണ്ട് എന്നുള്ള അറിവ് നമ്മിൽ വെളിപ്പെട്ടാൽ പിന്നെ ജീവിതകാലം മുഴുവൻ സന്തോഷിക്കാൻ അത് മതി.
ഈശോയിൽ വസിക്കുമ്പോൾ ഈശോയുടെ സ്നേഹവും പരിശുദ്ധ അമ്മയുടെയും മുഴുവൻ സ്വർഗത്തിന്റെയും സ്നേഹം നമ്മിലേയ്ക്ക് ഇടമുറിയാതെ പകർന്ന് കൊണ്ടിരിക്കും. പ്രപഞ്ചത്തിലെ ഓരോ ചെറു സൃഷ്ടിയും നമ്മെ സ്നേഹിക്കുന്നതായും നമ്മോടൊപ്പം ദൈവത്തെ സ്തുതിക്കുന്നതായും തോന്നും. ആ ചിന്തകൾ ആത്മീയമായി ഈശോയിൽ വീണ്ടും സന്തോഷിക്കാൻ ഇടയാക്കും.
“അങ്ങയുടെ വിരലുകള്‍ വാര്‍ത്തെടുത്ത വാനിടത്തെയും
അവിടുന്നു സ്‌ഥാപിച്ച ചന്ദ്രതാരങ്ങളെയും ഞാന്‍ കാണുന്നു.
അവിടുത്തെ ചിന്തയില്‍ വരാന്‍ മാത്രം മര്‍ത്യന് എന്തു മേന്‍മയുണ്ട്?
അവിടുത്തെ പരിഗണന ലഭിക്കാന്‍ മനുഷ്യപുത്രന് എന്ത് അര്‍ഹതയാണുള്ളത്?
എന്നിട്ടും അവിടുന്ന് അവനെ ദൈവദൂതന്‍മാരെക്കാള്‍ അല്‍പം മാത്രം താഴ്‌ത്തി;
മഹത്വവും ബഹുമാനവും കൊണ്ട് അവനെ മകുടമണിയിച്ചു.”
(സങ്കീര്‍ത്തനങ്ങള്‍ 8 : 3-5)
ഈശോ നമ്മിലൂടെ ഒത്തിരി സ്നേഹിക്കപ്പെടുന്നുണ്ട് ആശ്വസിപ്പിക്കപ്പെടുന്നുണ്ട്.
നമുക്ക് പറ്റുന്ന കൊച്ച് കാര്യങ്ങൾ മതി ഈശോയെ സ്നേഹിക്കാൻ…
ഈശോയെ കുറിച്ച് കുറച്ചു നേരം ചിന്തിക്കുന്നതാവാം അത്
ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന ഒരാളെ പറ്റിയുള്ള ചിന്തകൾ ഹൃദയത്തിൽ നിറയുമ്പോൾ അതിനെ പറ്റി വാതോരാതെ അധരം സംസാരിച്ചു തുടങ്ങും.
ഈശോയെ അധികം സ്നേഹിച്ചു തുടങ്ങിയാലും ജീവിതം ഇങ്ങനെയാകും.
ദിവ്യകാരുണ്യം സ്വീകരിച്ചു രൂപാന്തരീകരിക്കപ്പെട്ട നമ്മുടെ അധരങ്ങളിലൂടെ ദൈവവചനമായ ഈശോ തന്നെ സംസാരിച്ചു തുടങ്ങും.
ഈശോയെ കുറിച്ചുള്ള ചിന്തകൾ നമ്മുടെ ഹൃദയത്തെ ആനന്ദം കൊണ്ടു നിറയ്ക്കും.
ഈശോയെ കുറിച്ചുള്ള ചിന്തകൾ ഈശോയെ നമുക്ക് തന്ന പിതാവായ ദൈവത്തെ കുറിച്ചും ഈശോ നമുക്ക് വാഗ്ദാനം ചെയ്ത സഹായകനായ പരിശുദ്ധാത്മാവിനെക്കുറിച്ചും നിത്യജീവൻ എന്ന അവർണനീയമായ അവസ്ഥയെ കുറിച്ചും ഈശോയുടെ അമ്മയെ കുറിച്ചും വിശുദ്ധരെക്കുറിച്ചും മാലാഖാമാരെ കുറിച്ചും ഒക്കെയുള്ള ചിന്തകളിലേയ്ക്ക് നയിക്കും
ഈശോയുമായുള്ള നമ്മുടെ സൗഹൃദം യഥാർത്ഥമാണ് ജീവിച്ചിരിക്കുന്ന ഏതൊരു വ്യക്തിക്കും സാധ്യവുമാണ്.
ഈ സൗഹൃദത്തിന്റെ നാളുകളിൽ പരസ്പരബന്ധത്തിനും ആഴമേറും.
ഉദാഹരണത്തിന് ഒരു ദിവസം എനിക്ക് പരിചയമുള്ള ഒരാൾ എന്നോട് രണ്ടുപ്രാവശ്യം നോക്കിയിട്ടും ഓക്കേ ആകാത്ത ഒരു പരീക്ഷ പാസാകുന്ന ഒരു കാര്യത്തിന് വേണ്ടി പ്രാർത്ഥിക്കാമോ എന്ന് ചോദിച്ചു.
ഞാൻ വായിച്ച ഒരു പുസ്തകത്തിൽ ആരെങ്കിലും പ്രാർത്ഥിക്കാൻ പറഞ്ഞാൽ ഞാൻ പ്രാർത്ഥിച്ചു കൊള്ളാം എന്ന് പറയണം എന്ന് ഈശോ പറഞ്ഞിട്ടുള്ളതായി ഞാൻ ഓർത്തു. നമ്മോടു അവർ പറയുന്ന മാത്രയിൽ ഈശോ തന്നെ പ്രാർത്ഥന സ്വയം കേൾക്കുന്നത് കൊണ്ട് ഞാൻ പിന്നെയും പ്രാർത്ഥിച്ചില്ല എങ്കിലും അവിടുന്ന് അത് കേട്ടു കഴിഞ്ഞുവല്ലോ.
ഏതായാലും ഇതിനെ കുറിച്ച് ഞാൻ ചിന്തിച്ചു കൊണ്ടിരുന്നു. എനിക്ക് അത് ചെയ്തു കൊടുക്കാമോ എന്ന് ഈശോയുടെ മുന്നിൽ ചെന്നു പറയാൻ തോന്നിയില്ല. കാരണം ഈശോയുടെ ഹിതം ആണ് നടക്കേണ്ടത് എന്നൊരു ചിന്ത എന്റെ മനസിൽ വന്ന് കൊണ്ടിരുന്നു.
അത് കൊണ്ട് ഞാൻ ഡ്യൂട്ടിയുടെ സമയത്തു ഇൻചാർജുമാരോട് റിപ്പോർട്ട് പറയുന്നത് പോലെ വിവരം ചെന്നു പറഞ്ഞു.
ശക്‌തനും ധീരനുമായിരിക്കണമെന്നും ഭയപ്പെടുകയോ പരിഭ്രമിക്കുകയോ ചെയ്യരുതെന്നും നിന്നോടു ഞാന്‍ കല്‍പിച്ചിട്ടില്ലയോ? നിന്റെ ദൈവമായ കര്‍ത്താവ് നീ പോകുന്നിടത്തെല്ലാം നിന്നോടുകൂടെ ഉണ്ടായിരിക്കും.
ജോഷ്വ 1 : 9
ഈ വചനവും ആ വ്യക്തിയ്ക്കു അയച്ചു കൊടുത്തു.
തികച്ചും അപ്രതീക്ഷിതമായി ആ വ്യക്തി വളരെ സന്തോഷത്തോടെ കുറച്ചു നേരം കഴിഞ്ഞപ്പോൾ വിളിച്ചിട്ട് പരീക്ഷ പാസായതായി അറിയിച്ചു.
എന്റെ ഹൃദയം നിറഞ്ഞ ഒരു സന്തോഷമുണ്ടായി കുറച്ചു നേരത്തേയ്ക്ക്…
ഒരു സൗഹൃദത്തിൽ എന്റെ കൊച്ച് സന്തോഷത്തിനു വില കല്പിക്കുന്ന എന്റെ വാക്കുകൾ മുഖവിലയ്ക്കെടുക്കുന്ന ഒരു യഥാർത്ഥ സ്നേഹിതൻ ആണ് ഈശോ എന്നുള്ള ഒരു ആത്മീയ അനുഭവം…
അതിലുപരിയായി ഇത് എന്റെ ജീവിതത്തിലെ അനേകം അറിയപ്പെടാത്ത ദിവ്യകാരുണ്യ അത്ഭുതങ്ങളിൽ ഒന്ന് മാത്രം എന്ന് എനിക്ക് ഉള്ളിൽ തോന്നി.
ഓരോ മനുഷ്യരുടെയും ജീവിതത്തിൽ അവർ ഉൾക്കൊണ്ട ദിവ്യകാരുണ്യ ഈശോ എത്രയോ അത്ഭുതങ്ങൾ പ്രവർത്തിച്ചിരിക്കുന്നു…
ആരും അവിടുത്തെ അറിയാതെ പോയെന്നു മാത്രം…
നാം അവിടുത്തെ വേണ്ടത് പോലെ ഇത് വരെ സ്നേഹിച്ചില്ല എന്ന് മാത്രം
“കര്‍ത്താവിനെ കണ്ടെത്താന്‍ കഴിയുന്ന ഇപ്പോള്‍ത്തന്നെ അവിടുത്തെ അന്വേഷിക്കുവിന്‍; അവിടുന്ന് അരികെയുള്ളപ്പോള്‍ അവിടുത്തെ വിളിക്കുവിന്‍.”
(ഏശയ്യാ 55 : 6)
ആമേൻ
Author: Anonymous
Source: WhatsApp



Leave a comment