ജൂലായ് 17 | വിനയമാതാവ്

പരിശുദ്ധ അമ്മയുടെ ഗുണനാമത്തോടു ബന്ധപ്പെട്ട ഒരു തിരുനാളാണിത്. പരിശുദ്ധ കർമല മാതാവ് വഴി ലഭിച്ചിട്ടുള പ്രത്യേക സംരക്ഷണത്തിനു നന്ദി പറയുവാൻ കർമലീത്തർ തെരഞ്ഞെടുത്ത ഒരു ദിനമാണ് ജൂലൈ 17. എന്നാൽ വിശുദ്ധ സൈമൺ സ്റ്റോക്കിന് പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ടതുമുതൽ ജൂലൈ 16-ാ തീയതിയിലേയ്ക്ക് ഈ തിരുനാൾ മാറ്റി. ഇന്ന് 14 -ാം നൂറ്റാണ്ടോടുകൂടി വരയ്ക്കപ്പെട്ട ഒരു ചിത്ര കേന്ദ്രീകരിച്ചാണ് വിനയമാതാവിന്റെ തിരുനാൾ അറിയപ്പെടുന്നത് 1346 ൽ ഇറ്റലിയിലുള്ള മ്യൂസിയോ നാബിയോണിലേയിലാണ ആദ്യമായി ചിത്രം വരയ്ക്കപ്പെട്ടത്. 1361ൽ ഫ്ളോറൻസിലുള്ള സാന്താമരിയ നൊബേല്ലയിലെ അൾത്താര വിനയമാതാവിനാണ് സമർപിക്കപ്പെട്ടിരിക്കുക. വിനയമാതാവ് എന്ന ചിത്രം, പരിശുദ്ധ അമ്മ നിലത്തിരുന്ന് ഉണ്ണിയെ മടിയിലിൽ വച്ചിരിക്കുന്ന ഒരു ചിത്രീകരണമാണ്. ഇതിന് ചിത്രകാരന്മാർ നൽകുന്ന അർഥം മറിയം വിശ്വാസത്തിലാഴപ്പെട്ടവളും നിത്യതവരെയും ഉയർത്തപ്പെട്ടവളുമാണ് എന്നാണ്. പരിശുദ്ധ കന്യകാമറിയം വളരെ ചെറുപ്പത്തിൽ തന്നെ പരിശീലിച്ചൊരു പുണ്യമാണ് വിനയം. വിനയം അല്ലെങ്കിൽ എളിമയാണ് എല്ലാ പുണ്യങ്ങളുടെയും അടിസ്ഥാനം. എളിമ കൂടാതെ ഒരാത്മാവിനും മറ്റൊരു പുണ്യവും സമ്പാദിക്കുവാൻ സാധ്യമല്ല. യേശു തന്നെയും തന്റെ എളിമയാലാണ് ഈ ഭൂമിയിലേക്ക് കടന്നു വന്നത്. നാം വളരെ പ്രത്യേകമായി ഈ പുണ്യം അഭ്യസിക്കണമെന്നും അവിടന്ന് ആഗ്രഹിക്കുന്നു. അവിടുന്ന് പറയുന്നു. “ഞാൻ ശാന്തശീലനും വിനീതഹൃദയനും ആകയാൽ എന്റെ നുകം വഹിക്കുകയും എന്നിൽനിന്ന് പഠിക്കുകയും ചെയ്യുവിൻ” (മത്താ 11/29). യേശുവിന്റെ ഏറ്റവും പരിപൂർണയായ ശിഷ്യ എന്നനിലയിൽ മറിയം ആണ് ഏറ്റവും എളിമയുള്ള വ്യക്തി. അവിടത്തെ എളിമകൊണ്ട് അവിടന്ന് എല്ലാ സൃഷ്ടികളുടെയും മകുടമായി ഉയർത്തപ്പെട്ടു.എളിമയുടെ ഏറ്റവും വലിയ പ്രത്യേകത എന്നത് വ്യക്തിക്കുള്ള സ്വയാവബോധമാണ്. മംഗളവാർത്തയിൽ ദൈവത്തിന്റെ അമ്മയാകാൻ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ അവൾ തന്നെത്തന്നെ വിശേഷിപ്പിച്ചത് ദൈവത്തിന്റെ ദാസിയായിട്ടാണ്. ഈ ഭൂമിയിൽ ഏതൊരു സൃഷ്ടി സ്വീകരിക്കുന്നതിനേക്കാളും അധികം ദാനങ്ങളുംകൃപകളും ദൈവത്തിൽനിന്ന് സ്വീകരിച്ചത് പരിശുദ്ധ മറിയമായിരുന്നു. എന്നാൽ, ദൈവത്തിന്റെ ഉന്നതമായ ഔദാര്യത്തെക്കുറിച്ച് ഗ്രഹിക്കാൻ പ്രകാശം ലഭിച്ച മറിയം തന്നെത്തന്നെ കണ്ടത് ഏറ്റവും വിനീതയായ ഒരു സൃഷ്ടിയായിട്ടാണ്. ദൈവത്തിൽനിന്ന് സ്വീകരിച്ച അനന്തമായ കൃപകൾ രഹസ്യമായി സൂക്ഷിക്കുന്നതിൽ അമ്മയുടെ എളിമ സഹായിച്ചു.

വിശുദ്ധ യൗസേപ്പിതാവിനോട് പോലും പറയാതെ, ദൈവം അദ്ദേഹത്തിനു വെളിപ്പെടുത്തിക്കൊടുക്കാൻ കാത്തുനിന്ന് അമ്മയുടെ എളിമയെ എങ്ങനെ വാഴ്ത്താതിരിക്കും! അവിടുത്തെ എളിമയാൽ അങ്ങ് സ്തുതിക്കപ്പെടാനല്ല, ദൈവം സ്തുതിക്കപ്പെടാനാണ് അവിടന്ന് ആഗ്രഹിച്ചത്. അമ്മയുടെ ബന്ധുവായ ഏലീശ്വാ, സ്ത്രീകളിൽ അനുഗ്രഹീത’ എന്ന് പുകഴ്ത്തിയപ്പോൾ അമ്മ പറഞ്ഞു. “എന്റെ ആത്മാവ് കർത്താവിനെ മഹത്വപ്പെടുത്തുന്നു. എന്റെ ചിത്തം ദൈവത്തിൽ ആനന്ദിക്കുന്നു, അവിടന്ന് തന്റെ ദാസിയുടെ താഴ്മയെ തൃക്കൺ പാർത്തു” (ലൂക്ക 1/46). താൻ ഒന്നുമല്ലാ തനിക്ക് ഒന്നുമില്ല എന്നറിയാവുന്ന മറിയം എല്ലാ മഹത്വവും സ്രഷ്ടാവായ ദൈവത്തിന് നല്കി. പരിശുദ്ധ മറിയം തന്റെ എളിമയാൽ, ആവശ്യത്തിലിരിക്കുന്നവരെ ശുശ്രൂഷിക്കുവാനാണ് തിടുക്കത്തിൽ ഓടിയത്. യേശുവിന്റെ പരസ്യജീവിതത്തിൽ മറ്റുള്ളവരുടെ ശ്രദ്ധ തന്നിലേക്ക് എടുക്കാൻ ഒരിക്കലും തയ്യാറായില്ല. തന്റെ എളിമയാൽ യേശുവിനോടൊപ്പം അന്യായമായി വിധിക്കപ്പെടാൻ നിന്നു കൊടുത്തവളാണ് മറിയം. ജെറുസലമിൽ യേശു വലിയ ബഹുമാനാദരം ഏറ്റു വാങ്ങിയപ്പോൾ അവിടെ അമ്മയെ കണ്ടില്ല. എന്നാൽ ലോകത്തിലെ തന്നെ ഏറ്റവും നിന്ദ്യമായ രീതിയിൽ പുത്രൻ കുരിശുമരത്തിൽ തൂക്കപ്പെട്ടപ്പോൾ, മറിയം ആ കുരിശിൻ ചുവട്ടിൽ ഉണ്ടായിരുന്നു എന്നു നമ്മൾ മനസ്സിലാക്കുന്നു. 2013 ൽ പത്രോസിന്റെ പിൻഗാമിയായി ഫ്രാൻസീസ് മാർപാപ്പാ തെരഞ്ഞെടുക്കപ്പെട്ടപ്പോൾ റഷ്യയിലെ ഓർത്തഡോക്സ് മെത്രാനായ ഹിലാരിയോൺ സമ്മാനം നൽകിയത് വിനയമാതാവിന്റെ ഐക്കൺ ആണ്. ആ ചിത്രം ബനഡിക്റ്റ് മാർപാപ്പ സ്ഥാനം ഒഴിഞ്ഞുപോയപ്പോൾ സമ്മാനമായി നൽകുകയുണ്ടായി എന്നു പറയപ്പെടുന്നു.

നമുക്കു പ്രാർഥിക്കാം

പരിശുദ്ധ അമ്മേ, നിർമല കന്യകേ, എളിമയുടെ മാതൃകയേ, നിന്റെ വിദ്യാലയത്തിലെ ഒരു പഠിതാവായി എളിമയെന്ന പുണ്യം അഭ്യിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. “നിങ്ങൾ മാനസാന്തരപ്പെട്ട് ശിശുക്കളെപ്പോലെയാകുന്നില്ലെങ്കിൽ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുകയില്ല” (മത്തായി 18/3) എന്ന ഈശോയുടെ ആഹ്വാനം സ്വീകരിച്ച് എളിമയിൽ ആഴപ്പെടുവാൻ എന്നെ സഹായിക്കണമെ. ഈശോയെ സ്നേഹിക്കുവാനും, അവിടത്തെ ഇഷ്ടം നിറവേറ്റുവാനും ആവശ്യമായ എളിമ നിറച്ച് എന്നെ പൂർണമായും നിന്റേതാക്കി തീർക്കണമെ, ആമ്മേൻ.

സുകൃതജപം: പരിശുദ്ധ അമ്മേ, അങ്ങയുടെ എളിമ ഞങ്ങളെയും പരിശീലിപ്പിക്കണമെ

Advertisements

Leave a comment