ജൂലൈ 13 | റോസ മിസ്റ്റിക്കാ മാതാവ്

1947-1976 വരെയുള്ള കാലഘട്ടത്തിൽ വടക്കേ ഇറ്റലിയിലെ “പ്രകാശപൂർണമായ മല’ എന്നർഥം വരുന്ന മോണ്ടി കിയാരി എന്ന സ്ഥലത്ത് പിയറീന എന്ന നേഴ്സിന് പരിശുദ്ധ കന്യക നൽകി ദർശനങ്ങളാണ് ഈ തിരുനാളിന് ആധാരം. വൈദികരുടെയും സമർപ്പിതരുടെയും വിശുദ്ധീകരണത്തിൽ പരിശുദ്ധ കന്യക അഗാധമായ ആകാംക്ഷ ഈ ദർശനങ്ങളിലൂടെ വ്യക്തമാക്കുന്നു. 1947 -ലെ വസന്തകാലത്ത് ആശുപത്രിയിലെ ഒരു മുറിയിലാണ് ദൈവജനനി ആദ്യമായി അവൾക്ക് പ്രത്യക്ഷപ്പെട്ടത്. അലൗകീക സൗന്ദര്യധാമമായ മറിയം, റോസ് നിറമുള്ള വസ്ത്രവും തലയിൽ വെള്ള നിറമുളള ആവരണവും ധരിച്ചിരുന്നു. വളരെ ദുഃഖിതയായി കാണപ്പെട്ട അവളുടെ നയനങ്ങളിൽനിന്നും കണ്ണുനീർ നിലത്തു പതിച്ചുകൊണ്ടിരുന്നു. അവളുടെ മാർവിടത്തെ മൂന്നു വലിയ വാളുകൾ ഭേദിച്ചിരുന്നു.


പരിശുദ്ധ അമ്മ അരുളിച്ചെയ്തു: “പ്രാർഥന, പ്രായശ്ചിത്തം, പരിഹാരം”. 1947 ജൂൺ 13 ന് ഞായാറാഴ്ച സുപ്രഭാതത്തിൽ ആശുപ്രതിയിൽ പരിശുദ്ധ അമ്മ ശുഭ്രവസ്ത്രധാരിണിയായി വീണ്ടും പ്രത്യക്ഷയായി. മൂന്നു വാളിന്റെ സ്ഥാനത്ത് വെള്ളയും ചുവപ്പും സ്വർണനിറവും ഉള്ള മൂന്ന് റോസാപുഷ്പങ്ങൾ ദൃശ്യമായിരുന്നു. പരിശുദ്ധ അമ്മ പ്രതിവചിച്ചു: “ഞാൻ ഈശോയുടെ അമ്മയും നിങ്ങൾ എല്ലാവരുടെയും അമ്മയും ആണ്. പുരുഷന്മാരുടെയും സ്ത്രീകളുടെയും എല്ലാ സന്യാസസഭകളിലും ഇടവക വൈദികരുടെ ഇടയിലും ഒരു പുതിയ മരിയഭക്തി ആരംഭിക്കാൻ നമ്മുടെ കർത്താവ് എന്നെ അയച്ചിരിക്കുകയാണ്. ഇപ്രകാരം എന്നെ ബഹുമാനിക്കുന്ന സന്യാസസഭകൾക്കും ഇടവക വൈദികർക്കും എന്റെ പ്രത്യേകമായ സംരക്ഷണമുണ്ടായിരിക്കും. അവർക്ക് ധാരാളം ദൈവവിളികൾ ലഭിക്കും. ദൈവസേവനത്തിൽ ഏർപ്പെട്ടിരിക്കുന്ന വർക്ക് വലിയ വിശുദ്ധി ഉണ്ടാകും. എല്ലാ മാസത്തിന്റെയും13-ാം തീയതി തീയതി മരിയ ദിനമായി ആചരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അതിനുമുമ്പുളള പന്ത്രണ്ടു ദിവസങ്ങൾ ഒരുക്കമായിട്ടുളള പ്രാർഥനകൾ ജപിക്കണം. എല്ലാവർഷവും ജൂലൈ 13-ാം തീയതി റോസ് മിസ്റ്റിക്കായുടെ ബഹുമാനാർഥം തിരുനാൾ ആഘോഷിക്കുക”. പിന്നീട് മൂന്നു വാളുകളുടെയും മൂന്നു റോസാപുഷ്പങ്ങളുടെയും അർഥം പരിശുദ്ധ കന്യക വിവരിച്ചു.ഒന്നാമത്തെ വാൾ – ദൈവവിളി നഷ്ടപ്പെടുത്തുന്ന വൈദികരും സന്യാസികളും, രണ്ടാമത്തെ വാൾ മാരകപാപത്തിൽ ജീവിക്കുന്ന വൈദികരും സന്യാസിനി സന്യാസികളും, മൂന്നാമത്തെ വാൾ – ദൈവവിളി പരിത്യജിച്ച് സഭാ ശത്രുക്കളായി നിത്യരക്ഷപോലും അപകടപ്പെടുത്തുന്നവരും. വെള്ള റോസ് – പ്രാർഥനയെയും ചുവന്ന റോസ് – പരിഹാര പരിത്യാഗത്തെയും സ്വർണറോസ് – പ്രായശ്ചിത്തത്തെയുമാണ് സൂചിപ്പിക്കുന്നത്. തുടർന്ന് പല ദിനങ്ങളിലും അവൾക്ക് പരിശുദ്ധ അമ്മ ദർശനം നല്കി. ഡിസംബർ 8-ാം തീയതി മന്ദസ്മിതം തൂകി പ്രത്യക്ഷയായ അമ്മ പറഞ്ഞു. “ഞാൻ അമലോത്ഭവയാകുന്നു. ഞാൻ പ്രസാദവരത്തിന്റെ മേരിയാണ്. വരപ്രസാദപൂർണയാണ്. എന്റെ ദിവ്യപുത്രൻ ഈശോ മിശിഹായുടെ മാതാവാണ്. എല്ലാ വർഷവും ഡിസംബർ 8-ാം തീയതി മദ്ധ്യാഹ്ന സമയം ലോകത്തിന് മുഴുവനും വേണ്ടി വരപ്രസാദത്തിന്റെ മണികൂറായി ആചരിക്കണം. അതിലൂടെ ആദ്ധ്യാത്മികവും, ഭൗമിക വുമായ അനുഗ്രഹങ്ങൾ ലഭിക്കുന്നതാണ്. 1973 ജൂലൈ 22 ന് മന്ദസ്മിതം തൂകിക്കൊണ്ട് കപ്പേളയിൽ സന്നിഹിതയായ പരിശുദ്ധ അമ്മ പറഞ്ഞു: “ഇപ്പോഴും എപ്പോഴും കർത്താവ് അവിടുത്തെ സ്നേഹവും കരുണയും മാനവകുലത്തിലെത്തിക്കുവാൻ എന്നെ അയച്ചിരിക്കുകയാണ്. എന്റെ മാതൃഹൃദയത്തിന്റെ സ്പന്ദനം എന്റെ മക്കൾ അറിയണം. എന്ത് പ്രാർഥനയും പ്രായശ്ചിത്തവുമാണ് അനുഷ്ഠിക്കേണ്ടത് എന്ന് പിയറീന ചോദിച്ചപ്പോൾ, പരിശുദ്ധ അമ്മ കാരുണ്യമൂറുന്ന സ്നേഹത്തോടെ അരുളിചെയ്തു: “പ്രാർഥിക്കുക, പരിശുദ്ധ ജപമാല ജപിക്കുക, പ്രായശ്ചിത്തം ചെയ്യുക. പ്രായശ്ചിത്തം എന്നതുകൊണ്ട് ഞാൻ ഉദ്ദേശിക്കുന്നത് അനുദിന ജീവിതത്തിലെ ഏറ്റവും ചെറുതായ കുരിശുകൾ പോലും ഏറ്റവും സ്നേഹത്തോടെ സ്വീകരിക്കുന്നതും, ജോലികൾ വിശ്വസ്തതയോടെ പ്രായശ്ചിത്താരൂപിയിൽ ചെയ്യുന്നതുമാകുന്നു..

വീണ്ടും പിയറീന അമ്മയോടു ചോദിച്ചു “എന്തുകൊണ്ടാണ് റോസാ മിസ്റ്റിക്കാ എന്ന അഭിധാനത്തിൽ വെളിപ്പെടുത്തിയത്? തിരുസ്സഭയ്ക്ക് എന്ത് അർഥമാണ് അമ്മ നല്കുന്നത്?”. മന്ദസ്മിതത്തോടെ ഇപ്രകാരം അരുളിച്ചെയ്തു. “ഇത് ഒരു പുതിയ ഭക്തിയല്ല. എന്റെ ദിവ്യകുമാരൻ മനുഷ്യനായി തീർന്ന നിമിഷത്തോടുബന്ധപ്പെട്ടതും അപ്പോൾ മുതൽ ആരംഭിച്ചതുമാണ്. നിന്റെ വചനം പോലെ എന്നിൽ ഭവിക്കട്ടെ എന്ന രക്ഷയുടെ വാക്കുകളും പരിത്രാണത്തിൽ എന്റെ സഹകരണവും മനോഹര പുഷ്പമായി പ്രതീകാത്മകമായി അവതരിപ്പിക്കുന്നു. ഞാൻ അമലോത്ഭവയാണ്, നമ്മുടെ കർത്താവിന്റെ അമ്മയാണ്. മൗതിക ശരീരമായ സഭയുടെ മാതാവാണ്. “മിസ്റ്റിക്ക’, മൗതികം എന്നതിന് അമ്മ പറയുന്നു: അത് ദൈവത്തെ അനുഭവിച്ചറിയുന്നതാണ്. പരിശുദ്ധ അമ്മ മിസ്റ്റിസിസം നമ്മെ പഠിപ്പിക്കുന്ന അദ്ധ്യാപികയാണ്.

നമുക്കു പ്രാർഥിക്കാം

റോസ മിസ്റ്റിക്കാ മാതാവേ, അമലോത്ഭവയേ, ഈശോയുടെ അമ്മേ, പ്രസാദവരനാഥേ, തിരുസ്സഭയുടെ മാതാവേ, മൗതികശരീരത്തിന്റെ അമ്മേ, അങ്ങ് ഈ ഭൂമിയിലേയ്ക്കിറങ്ങി വന്ന് പരസ്പരം സ്നേഹിക്കുവാൻ സമാധാനത്തിൽ ജീവിക്കുവാൻ ഞങ്ങളെ ആഹ്വാനം ചെയ്തുവല്ലോ. പ്രാർഥനയും, പ്രായശ്ചിത്തവും, പരിഹാരവും ചെയ്യാൻ അങ്ങ് ഞങ്ങളോട് ആവശ്യപ്പെടുന്നു. അങ്ങയെ സംരക്ഷകയും മദ്ധ്യസ്ഥയുമായി ഞങ്ങൾക്ക് നല്കിയതിന് ഞങ്ങൾ ഹൃദയപൂർവം ദൈവത്തിന് നന്ദി പറയുന്നു. പ്രസാദവരപൂർണയായ മേരി മാതാവേ, പ്രത്യേക പ്രാർഥനയുമായി നിന്റെ പക്കൽ അണഞ്ഞിരിക്കുന്ന എന്നെ കനിവാർന്ന് സഹായിക്കണമേ. “ഞാൻ എപ്പോഴും നിങ്ങളുടെ കൂടെയുണ്ടായിരിക്കും എന്റെ മാതൃസ്നേഹം നിങ്ങൾക്ക് നല്കും’ എന്നരുളിയ അമ്മേ, നിന്റെ വറ്റാത്ത മാതൃസ്നേഹം എനിക്കു നല്കേണമേ. പരിശുദ്ധത്മാവിന്റെ മണവാട്ടി, സ്വർഗത്തിന്റെയും ഭൂമിയുടെയും റാണി, ഞങ്ങൾ അമ്മയെസ്നേഹിക്കുന്നു, ആമ്മേൻ.

സുകൃതജപം: റോസ മിസ്റ്റിക്കാ മാതാവേ, പ്രണിധാന പ്രാർഥന എന്ന കല ഞങ്ങളെയും അഭ്യസിപ്പിക്കണമെ.

Leave a comment