കർമ്മലമാതാവിന്റെ സ്തുതിക്കായുളള നൊവേന
(എല്ലാവരും നില്ക്കുന്നു)
പ്രാരംഭഗാനം
കർമ്മലനാഥേ ധന്യേ,
പ്രാർത്ഥിക്ക ഞങ്ങൾക്കായി നീ
നിൻ മക്കൾ ഞങ്ങൾക്കായി നീ
പ്രാർത്ഥിക്ക സ്നേഹനാഥേ
നിത്യനരകാഗ്നിയിൽ
വീഴാതെ മാനവരെ
കാത്തിടും സമ്മാനമായ്
നിൻ തിരുവുത്തരീയം.
അമ്മതൻ മാതൃകയാൽ
ജീവിതം ധന്യമാക്കി
ആത്മവിശുദ്ധിയോടെ
സ്വർഗ്ഗസൗഭാഗ്യം നേടാം
വൈദികൻ: പിതാവിന്റെയും പുത്രന്റേയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ
ജനങ്ങൾ: ആമേൻ
വൈദി: സഹോദരരേ, പരിശുദ്ധ കർമ്മലമാതാവിനോടുള്ള ഭക്തിയിൽ വളരുവാനും ജീവിതയാത്രയിൽ ഉണ്ടാകുന്ന എല്ലാ അനുഭവങ്ങളേയും അമ്മയുടെ മാധ്യസ്ഥശക്തിയാൽ ഈശോയുടെ തൃക്കരങ്ങളിൽ നിന്ന് സ്വീകരിക്കുവാനും സുകൃതസമ്പന്നമായ ഒരു ജീവിതം വഴി ഈശോയ്ക്ക് സാക്ഷ്യം വഹിക്കുവാനും നമുക്ക് സാധിക്കട്ടെ.
നമുക്ക് പ്രാർത്ഥിക്കാം.
വൈദി: ഓ, പരിശുദ്ധ അമ്മേ, കർമ്മലമാതാവേ, പാപികളുടെ സങ്കേതമേ. അങ്ങേ മക്കളായ ഞങ്ങളിതാ / അങ്ങേ സന്നിധിയിൽ അണയുന്നു.
ജന: നന്മ നിറഞ്ഞ മാതാവേ അങ്ങേ മഹിമയിൽ ഞങ്ങൾ ആനന്ദിക്കുകയും / ദൈവം അങ്ങിൽ ചൊരിഞ്ഞ നന്മകളെ പ്രതി / ഞങ്ങൾ അവിടുത്തെ സ്തുതിക്കുകയും ചെയ്യുന്നു.
വൈദി: ദൈവസന്നിധിയിൽ ഞങ്ങൾക്കുവേണ്ടി നിരന്തരം മാധ്യസ്ഥ്യം വഹിക്കുന്നയമ്മേ ഞങ്ങളുടെ അപേക്ഷകൾ ദയാപൂർവ്വം ശ്രവിച്ച് ദൈവത്തിൽനിന്ന് ഞങ്ങൾക്ക് അനുഗ്രഹങ്ങൾ പ്രാപിച്ചു തരേണമേ.
ജന: വിശ്വാസത്തിൽ അടിയുറച്ചു നില്ക്കുന്നതിനും ദൈവസ്നേഹത്തിലും പരസ്നേഹത്തിലും / അനുദിനം വളരുന്നതിനും മരണാനന്തരം നിത്യാനന്ദം അനുഭവിക്കുന്നതിനും / ഞങ്ങൾക്കിടയാക്കേണമേ.
വൈദി: കർമ്മലനാഥ / അങ്ങേ തിരുനാമം വിളിച്ചപേക്ഷിക്കുന്ന ഞങ്ങളെ | കാരുണ്യപൂർവ്വം കടാക്ഷിക്കേണമേ.
ജന: അങ്ങേ വാത്സല്യത്തിന്റെയും സംരക്ഷണയുടെയും / അടയാളമായ തിരുവുത്തരീയം ധരിക്കുന്ന / അങ്ങയുടെ മക്കളായ ഞങ്ങൾക്ക് / ജീവിതത്തിലും മരണശേഷവും / അങ്ങ് അഭയമായിരിക്കുന്നുവല്ലോ. അങ്ങയുടെ നാമം സദാ ഞങ്ങളുടെ അധരങ്ങളിലുണ്ടായിരിക്കും. / ഞങ്ങളുടെ ജീവിതം വഴി | അങ്ങു ഞങ്ങളുടെ മാതാവും നാഥയുമാണെന്ന് ഞങ്ങൾ പ്രഖ്യാപിക്കുന്നതാണ്.
പ്രതിഷ്ഠാജപം
(എല്ലാവരും മുട്ടുകുത്തുന്നു)
വൈദികനും ജനങ്ങളും:
ദൈവമാതാവും കർമ്മലസഭയുടെ രാജ്ഞിയുമായ കന്യകാമറിയമേ / സകലസ്വർഗ്ഗവാസികളുടേയും സാന്നിധ്യത്തിൽ / ഞങ്ങളെ ഓരോരുത്തരേയും / അങ്ങേക്ക് ഞങ്ങൾ പ്രതിഷ്ഠിക്കുന്നു. / എത്രയും സ്നേഹമുള്ള അമ്മേ / അങ്ങു ഞങ്ങളുടെ സംരക്ഷകയും / മദ്ധ്യസ്ഥയും ആയിരിക്കേണമേ. / അങ്ങയുടെ വിശ്വസ്തമക്കളായി ജീവിച്ചുകൊള്ളാമെന്ന് / ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു. / ഓ! കർമ്മലറാണി / പ്രസാദവര മദ്ധ്യസ്ഥേ / ഞങ്ങളെ അങ്ങയുടെ മക്കളായി സ്വീകരിക്കേണമേ. / മാധുര്യം നിറഞ്ഞ അങ്ങയുടെ സാന്നിധ്യം എപ്പോഴും ഞങ്ങളോടുകൂടെ ഉണ്ടായിരിക്കട്ടെ. / ഊശോയ്ക്കി ഷ്ടമുള്ളതുമാത്രം / അന്വേഷിക്കുവാനും പ്രവർത്തിക്കുവാനും / ഞങ്ങളെ പ്രാപ്തരാക്കേണമേ. / ഞങ്ങളുടെ എല്ലാ പ്രവൃത്തികളും / ഞങ്ങൾ അങ്ങേയ്ക്കു സമർപ്പിക്കുന്നു. ഞങ്ങളുടെ ഈ സമർപ്പണം / പൂർണ്ണവും പുണ്യദായകവുമാക്കി / സ്വർഗ്ഗ സൗഭാഗ്യം അനുഭവിക്കുവാൻ / ഞങ്ങളെ സഹായിക്കേണമേ. ആമ്മേൻ.
(എഴുന്നേല്ക്കുന്നു)
വചനവായന
(ആഘോഷാവസരങ്ങളിൽ)
ലൂക്കാ 1.19-45 എലിസബത്ത് മറിയത്തെ സന്ദർശിക്കുന്നു
ലൂക്കാ 1, 46-58 മറിയത്തിന്റെ സ്തോത്രഗീതം
യോഹ 2, 1-11 കാനായിലെ കല്യാണം
(ലഘുപ്രസംഗം)
നിയോഗപ്രാർത്ഥനകൾ
വൈദി: തിരുസഭയുടെ മാതാവായ മറിയമേ. ഞങ്ങളുടെ പരി. പിതാവ്… മാർപ്പാപ്പയേയും / ഞങ്ങളുടെ അതിരൂപതാദ്ധ്യക്ഷനായ… മെത്രാപ്പോലീത്തായേയും മറ്റെല്ലാ സഭാമേലദ്ധ്യക്ഷന്മാരേയും കാത്തുപരിപാലിക്കണമെന്നും / ഉത്തമ കത്തോലിക്കാവിശ്വാസത്തിൽ സഭാ സന്താനങ്ങളെ വളർത്തിക്കൊണ്ടുവരുവാൻ / അവരെ സഹായിക്കണമെന്നും | ഞങ്ങൾ പ്രാർത്ഥിക്കുന്നു.
ജന: കർമ്മലനാഥയുടെ മാധ്യസ്ഥം വഴി, കർത്താവേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ.
വൈദി: കുടുംബജീവിതത്തിന് മാതൃകയായ മാതാവേ ഞങ്ങളുടെ കുടുംബങ്ങൾ പ്രാർത്ഥനയിലും സ്നേഹത്തിലും നിലനില്ക്കുന്നതിനും / ക്രിസ്തുവിന്റെ സമാധാനവും സന്തോഷവും കൊണ്ടു നിറയുന്നതിനും ഇടയാക്കണമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു.
ജന: കർമ്മലനാഥയുടെ മാധ്യസ്ഥ്യം വഴി, കർത്താവേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ.
വൈദി: സമർപ്പിതരുടെ രാജ്ഞിയായ മറിയമേ / സകല സമർപ്പിതരേയും / അങ്ങയുടെ കരതാരിൽ കാത്തുകൊള്ളുകയും ആത്മശരീരവിശുദ്ധിപ്രാപിച്ചുകൊണ്ട് ഈ ലോകത്തിൽ ഈശോയുടെ വിശ്വസ്ത സാക്ഷികളായി ജീവിക്കുവാൻ അവരെ സഹായിക്കുകയും ചെയ്യണമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു.
ജന: കർമ്മലനാഥയുടെ മാധ്യസ്ഥ്യം വഴി, കർത്താവേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ.
വൈദി: പീഡിതർക്ക് ആശ്വാസമായ മറിയമേ, രോഗങ്ങളാലും സാമ്പത്തികബുദ്ധിമുട്ടുകളാലും വിഷമിക്കുന്ന / സഹോദരങ്ങളെയും / ആപത്തുകളിൽപ്പെട്ട് ഉഴലുന്നവരേയും സംരക്ഷിക്കണമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു.
ജന: കർമ്മലനാഥയുടെ മാധ്യസ്ഥ്യം വഴി, കർത്താവേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ.
വൈദി: ക്രിസ്ത്യാനികളുടെ സഹായമായ മറിയമേ, / അങ്ങയുടെ മാധ്യസ്ഥ്യം അപേക്ഷിക്കുന്ന / ആരെയും അങ്ങ് ഉപേക്ഷിച്ചിട്ടില്ലായെന്ന് / ഞങ്ങൾ അറിയുന്നു. അങ്ങേ തിരുസന്നിധിയിൽ / വിവിധാവശ്യങ്ങളുമായി കടന്നുവന്നിരിക്കുന്ന / ഞങ്ങളെ ഓരോരുത്തരെയും അങ്ങേ മാധ്യസ്ഥശക്തിയാൽ അനുഗ്രഹിക്കണമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു.
ജന: കർമ്മലനാഥയുടെ മാധ്യസ്ഥ്യം വഴി, കർത്താവേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ.
വൈദി: നമ്മുടെ പ്രത്യേക നിയോഗങ്ങൾ മൗനമായി കർമ്മലനാഥയുടെ മാധ്യസ്ഥ്യം വഴി ഈശോയ്ക്ക് സമർപ്പിക്കാം.
(മൗനപ്രാർത്ഥന)
വൈദികനും ജനങ്ങളും: സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ…..
വൈദികനും ജനങ്ങളും: നന്മ നിറഞ്ഞ മറിയമേ….
വൈദി: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.
ജന: ആദിയിലേപ്പോലെ ഇപ്പോഴും എപ്പോഴും എന്നേയ്ക്കും ആമ്മേൻ.
രോഗികൾക്ക് ആശീർവാദം
(എല്ലാവരും മുട്ടുകുത്തുന്നു)
വൈദി: നമുക്ക് പ്രാർത്ഥിക്കാം
(വൈദികൻ കൈവിരിച്ചു പിടിക്കുന്നു)
വൈദികനും ജനങ്ങളും: ദൈവമേ, / ശാരീരികാസ്വാസ്ഥ്യങ്ങൾ മൂലം ക്ലേശിക്കുന്ന അങ്ങേ ദാസരെ തൃക്കൺപാർക്കേണമേ / അങ്ങയുടെ ഈ മക്കൾക്ക് ശാന്തിയും സൗഖ്യവും നല്കണമേ. സഹനം വഴി ഞങ്ങൾ പവിത്രീകതരാവുകയും / അങ്ങേ കാരുണ്യത്താൽ ഞങ്ങൾ വേഗം രോഗവിമുക്തരാവുകയും ചെയ്യട്ടെ. / ഈ യാചനകളെല്ലാം കർത്താവീശോമിശിഹാവഴി / ഞങ്ങൾക്കു തന്നരുളേണമേ.
ആമ്മേൻ.
വൈദി: നമുക്ക് പ്രാർത്ഥിക്കാം
(കൈ ജനങ്ങളുടെ നേർക്കുനീട്ടി)
പിതാവായ ദൈവം തന്റെ പരിശുദ്ധിയാൽ നിങ്ങളെ നിറയ്ക്കട്ടെ പുത്രനായ ദൈവം തന്റെ തിരു രക്തത്തിന്റെ സംരക്ഷണം നിങ്ങൾക്കു നല്കട്ടെ. പരിശുദ്ധാത്മാവായ ദൈവം തന്റെ വരദാനങ്ങളാൽ നിങ്ങളെ ശക്തിപ്പെടുത്തട്ടെ. പിതാവിന്റേയും പുത്രന്റെയും പരിശുദ്ധാത്മാവിന്റേയും നാമത്തിൽ.
ജന: ആമ്മേൻ
മറിയത്തിന്റെ സ്തോത്രഗീതം
(സ്തോത്രഗീതം ആലപിക്കുന്ന സമയത്ത് വൈദികൻ വിശ്വാസികളുടെമേൽ തീർത്ഥജലം തളിക്കുന്നു)
കർത്താവാം ദൈവത്തെ
വാഴ്ത്തിസ്തുതിക്കുന്നു.
എന്നാത്മാവെന്നുമേ മോദമോടെ
എന്റെയരുപിയെൻ, രക്ഷകനീശനിൽ
ആനന്ദപൂർണ്ണമായ്ത്തീർന്നിടുന്നു.
കാരുണ്യപൂർവ്വമീ ദാസിതൻ താഴ്മയെ
ആരാധ്യനാം ദൈവം തൃക്കൺപാർത്തു
ഇന്നുമുതലെന്ന മാനവരെന്നുമെ
ഭാഗ്യപൂർണ്ണയെന്നു പാടിവാഴ്ത്തും.
വൻകാര്യം ചെയ്തെന്നിൽ ശക്തിമാനായവൻ
അങ്ങേതിരുനാമം പാവനമേ
അങ്ങേഭയന്നിഹ വാഴുവോരാരിലും
തൻകൃപയെന്നുമേ തങ്ങിനില്ക്കും.
താതനും പുത്രനും പാവനാത്മാവിനും
സ്തോത്രമുണ്ടാകണമെന്നുമെന്നും
ആദിയിലെപ്പോലെ ഇപ്പോഴുമെപ്പോഴും
എന്നുമെന്നേയ്ക്കുമേ ആമ്മേനാമേൻ.
കൃതജ്ഞതാപ്രാർത്ഥന
വൈദി: പ്രിയ സഹോദരങ്ങളെ, കർമ്മലനാഥയുടെ മാധ്യസ്ഥ്യം വഴി / ദൈവം നമ്മിൽ ചൊരിഞ്ഞ / സകല കൃപാവരങ്ങൾക്കും നമുക്ക് നന്ദിയർപ്പിക്കാം.
ജന: കർമ്മലനാഥയുടെ മാധ്യസ്ഥ്യം വഴി ഞങ്ങൾ അങ്ങേക്ക് നന്ദിയർപ്പിക്കുന്നു.
വൈദി: രക്ഷകനായ യേശുവിൽ വിശ്വസിക്കുന്നതിനും പരസ്പരസ്നേഹത്തിലൂടെ / ക്രൈസ്തവ സാക്ഷിയായി ജീവിക്കുന്നതിനും / കൃപ നല്കുന്ന ദൈവമേ,
ജന: കർമ്മലനാഥയുടെ മാധ്യസ്ഥ്യം വഴി ഞങ്ങൾ അങ്ങേക്ക് നന്ദിയർപ്പിക്കുന്നു.
വൈദി: ഞങ്ങളുടെ നിരവധിയായ പാപങ്ങൾ ക്ഷമിച്ച് ഞങ്ങളെ വിശുദ്ധീകരിക്കുകയും / ആബ്ബാ, പിതാവേ എന്നുവിളിച്ചപേക്ഷിക്കുവാൻ / കൃപനല്കുകയും ചെയ്യുന്ന ദൈവമേ.
ജന: കർമ്മലനാഥയുടെ മാധ്യസ്ഥ്യം വഴി ഞങ്ങൾ അങ്ങേക്ക് നന്ദിയർപ്പിക്കുന്നു.
വൈദി: സ്നേഹവും വാത്സല്യവും നല്കി ഞങ്ങളെ വളർത്തുകയും / നല്ല മാതാപിതാക്കളേയും / ഉത്തമസുഹൃത്തുക്കളേയും നല്കി | ഞങ്ങളെ അനുഗ്രഹിക്കുകയും ചെയ്യുന്ന ദൈവമേ,
ജന: കർമ്മ നാഥയുടെ മാധ്യസ്ഥ്യം വഴി ഞങ്ങൾ അങ്ങേക്ക് നന്ദിയർപ്പിക്കുന്നു.
വൈദി: ആപത്തുകളിലും / ശാരീരികവും മാനസികവുമായ അസ്വസ്ഥതകളിലും നിന്ന് ഞങ്ങളെ സംരക്ഷിക്കുകയും നേർവഴിയിലൂടെ നടത്തുകയും ചെയ്യുന്ന ദൈവമേ.
ജന: കർമ്മ നാഥയുടെ മാധ്യസ്ഥ്യം വഴി ഞങ്ങൾ അങ്ങേക്ക് നന്ദിയർപ്പിക്കുന്നു.
വൈദി: കർമ്മല നാഥ വഴി നമുക്ക് ലഭിച്ച നിരവധിയായ നന്മകൾക്ക് മൗനമായി
നന്ദിയർപ്പിക്കാം.
(മൗനപ്രാർത്ഥന)
വൈദി: നമുക്ക് പ്രാർത്ഥിക്കാം ദൈവമേ, പരിശുദ്ധ കന്യകാമറിയത്തെ ഞങ്ങൾക്ക് അമ്മയായി നല്കിയതിനു ഞങ്ങൾ അങ്ങേയ്ക്ക് നന്ദിയർപ്പിക്കുന്നു. പരി. അമ്മയുടെ മാതൃക അനുകരിച്ചുകൊണ്ട് ഈശോയ്ക്ക് ഏറ്റവും പ്രീതികരമായ ജീവിതം നയിക്കുവാനും, ആത്മശരീരവിശുദ്ധിയോടെ സ്വർഗ്ഗത്തിൽ അങ്ങയെ കണ്ട് നിത്യാനന്ദമനുഭവിക്കുവാനും ഞങ്ങളെ സഹായിക്കണമേ. കർത്താവായ ക്രിസ്തുവഴി ഞങ്ങൾ സമർപ്പിക്കുന്ന പ്രാർത്ഥന കേട്ടരുളേണമേ.
ജന: ആമ്മേൻ
മരിയഗീതം 1
നമസ്തേ! രാജേശ്വരി
നമസ്തേ കാരുണ്യാംബേ
ആയുസ്സേ! മാധുര്യമേ
നമസ്തേ! പ്രത്യാശയേ
ഹവ്വാതൻ സുതർ ഞങ്ങൾ
ദുഃഖിതർ നിവാസികൾ
അങ്ങയെ നോക്കിക്കണ്ണീർ
ചൊരിഞ്ഞു വിളിക്കുന്നു.
ഹാ! പ്രഭാവമേറിടും
ഞങ്ങൾതൻ മാദ്ധ്യസ്ഥയേ
കാരുണ്യകടാക്ഷം നീ
ഞങ്ങളിൽ ചൊരിയേണേ.
പ്രവാസം കഴിഞ്ഞു നിൻ
ഉദരഫലമാകും
യേശുവേ ഞങ്ങൾക്കു നീ
കാണിച്ചുതരേണമേ.
സൗമ്യയും ദയാലുവും
വാത്സല്യ നികേതവും
നീയല്ലോ മാധുര്യവും
കന്യകാ മറിയമേ
മരിയഗീതം 2
കർമ്മല നാഥേ നിർമ്മല നീയേ
നിത്യയാം കന്യേ
ദൈവമാതാവേ
ഞങ്ങൾക്കായെന്നും പ്രാർത്ഥിച്ചീടേണേ
ഉന്നതൻ പാദേ നിന്നു നീ മാത
കറയറ്റ നിന്റെ കനിവിൻ ഹൃദയം
വരമഴ നീളേ ചൊരിയുന്നു ലോകേ
(ഞങ്ങൾക്കായെന്നും…)
പരിശുദ്ധിപൂക്കും മലരണിക്കാവേ
പരമപിതാവിൻ വത്സല നീയേ
(ഞങ്ങൾക്കായെന്നും…)
മരിയഗീതം 3
കർമ്മല നാഥേ വാഴ്ക
നിർമ്മല കന്യേ വാഴ്ക
നിന്റെ മക്കൾക്കഭയം
നിരസിക്കരുതെന്നമ്മേ
ആ… ആ… ആ…
കർത്താവിനെന്നും അമ്മ
പാർത്തട്ടിലെന്നും നീ ധന്യ
താപസർക്കെന്നും നീ മാർഗ്ഗം
തനയരിൽ നിറയും ഭാഗ്യം
ആ… ആ…. ആ…



Leave a comment