🥰 കരുണ 🥰
“ഉള്ളു പിടയുന്ന നോവിലും ചങ്ക് കുത്തിതുറന്ന വേദനയിലും അവൻ ആഗ്രഹിച്ചത് ഒന്ന് മാത്രം…” ബലിയല്ല കരുണയാണ് ഞാൻ ആഗ്രഹിക്കുന്നത് എന്ന്…”
സ്വന്തം ജീവൻ പോലും ബലിദാനമായി നൽകിയപ്പോളും… ക്രൂരതയുടെ മുൾകിരീടം ശിരസ്സിൽ അണിഞ്ഞപ്പോളും… പരിഹാസത്തിന്റെ അടയാളമായി കുരിശുചുമന്നപ്പോളും… ഒടുവിൽ ഒരു കുന്തത്തിന്റെ കൂർത്ത മുനകളാൽഹൃദയം കുത്തി തുറക്കപ്പെട്ടപ്പോളും… അവന്റെ ഉള്ളിൽ നിന്നും പുറത്തേക്ക് വന്നത് കരുണയുടെ തീരാ പ്രവാഹം ആയിരുന്നു… സ്നേഹത്തിന്റെ അനന്ത സാഗരമായിരുന്നു…

കാരുണ്യമാകാൻ ക്രിസ്തുവിനോളം മറ്റാർക്കും കഴിഞ്ഞിട്ടില്ല എന്നതാണ് അവന്റെ കരുണയുടെ വിജയം എന്നതും… കരുണയെന്നാൽ അപരനെ അവന്റെ വേദനകളിലും അവന്റെ ഇല്ലായ്മയിലും വല്ലായ്മയിലും നെഞ്ചോടു ചേർത്തുനിർത്തുകയാണ് എന്ന് ക്രിസ്തു കാണിച്ചു കഴിഞ്ഞു… അവന്റെ ഹൃദയം എന്നും അലിവുള്ളതായിരുന്നു… പാപികളോടും പഥിതരോടും അനാഥരോടും സ്നേഹം മാത്രം നിറഞ്ഞു നില്ക്കുന്നതായിരുന്നു… ശരിതെറ്റുകളെക്കാളും ബലികളെകാളും അവൻ വില നൽകിയത് ഈ കരുണയുടെ ഭാവത്തിനായിരുന്നു… അതാണല്ലോ സ്നേഹത്തിന്റെയും കരുണയുടെയും ഭാവമായി ഒരു ചെറു തിരുവോസ്തിയോളം അവൻ കുറഞ്ഞു ശൂന്യവൽക്കരിച്ച് അവസാനം ദിവ്യകാരുണ്യമായി മാറിയത്.

ക്രിസ്തു സ്നേഹത്തിന്റെ അനന്തത എന്നത് അവനിൽ ഉണ്ടായിരുന്ന ഈ നന്മയുടെ ഭാവങ്ങൾ തന്നെയാണ്. അതാണല്ലോ നാം എല്ലാവരും “കൃപക്കുമേൽ കൃപ സ്വീകരിച്ചവർ” എന്ന് വിശുദ്ധ പൗലോസ് ശ്ലീഹ പറയാൻ ഇടയായതിന്റെ കാരണം… എന്തെന്നാൽ കൃപക്കുമേൽ കൃപകൈവന്നപ്പോൾ അത് ക്രിസ്തുവിന്റെ കരുണയിൽ നിന്നാണ് എന്ന സത്യം നാം മനസിലാക്കേണ്ടിയിരിക്കുന്നു. കരുണയുള്ള ക്രിസ്തുവിന്റെ കാരുണ്യത്തിന്റെ മുഖഭാവങ്ങൾ നമ്മുക്കും ഉണ്ടോ എന്ന് ചിന്തിച്ചുനോക്കാം…
നിന്റെ സ്വാർത്ഥതകൾക്കു പകരം അപരന്റെ ആഗ്രഹങ്ങളെ തിരിച്ചറിയാൻ നമുക്കും കഴിയട്ട… നാം കണ്ടുമുട്ടുന്നവരിലും നമ്മെ കണ്ടു മുട്ടുന്നവരിലും കരുണയുടെ ഒരംശം നിക്ഷേപിക്കാൻ നമുക്കായി എങ്കിൽ… കാൽവരിയിൽ നിനക്കായി മരിച്ച ക്രിസ്തുവിന്റെ കാരുണ്യത്തിന്റെ ആർദ്രഭാവങ്ങൾ നിന്നിലും ഉണ്ടെന്ന് വേദനിക്കുന്നവന്റെ മുഖത്തുനോക്കി നീ നൽകുന്ന നിന്റെ ചെറു പുഞ്ചിരിയിൽ നിന്നും മനസിലാക്കാൻ അവനു കഴിയട്ടെ…😊

ക്രിസ്തു… കരുണയുടെ കാര്യത്തിലും അവനെനിക്കൊരു അത്ഭുതമായിരുന്നു. കാരണം അവനെന്നും വിലകൽപ്പിച്ചത് അപരന്റെ വേദനകളിൽ അവരിൽ ഒരാൾ ആയി കൂടെ ചേർത്ത് നിർത്തുന്നതിനായിരുന്നു… അവൻ അന്വേഷിച്ചു ഇറങ്ങിയത് കൂടെയുള്ള തൊണ്ണൂറ്റിഒൻപതിനെ അല്ല മറിച്ച് നഷ്ടമായ ഒരു കുഞ്ഞാടിനെ ആണ്… അവൻ ജീവൻ നൽകി ഉയർപ്പിച്ചത് വിധവയുടെ മകനെയാണ്… അവൻ കരഞ്ഞത് പ്രിയപ്പെട്ട ലാസറിന്റെ മരണത്തിലാണ്… അവസാനം കാൽവരിയുടെ ഗിരിശ്യംഗത്തിൽ മൂന്നാണികളിൽ തൂങ്ങി ചങ്കിലെ ചോര കുന്തത്താൽ കുത്തിതുറക്കപ്പെട്ടപ്പോളും അവിടെയും അവൻ സൗഖ്യം നൽകിയത് തന്നെ കുത്തി മുറിവേല്പിച്ചവനും തനിക്ക് പ്രിയപ്പെട്ടവൻ ആണെന്ന് നമുക്ക് കാണിച്ചു തരുവാൻ ആണ്…
ആരെയും മാറ്റി നിർത്തുക ക്രിസ്തുവിന് അസാദ്ധ്യമാണെന്ന് അവന്റെ ജീവിതം വഴി അവൻ കാണിച്ചു തന്നു…

എന്റെ ക്രിസ്തുവേ, നിന്നോളം കരുണയാൽ നിറയാൻ ഞാൻ എന്നെ ഇനിയും എത്രയോ ചെറുതാക്കേണ്ടിയിരിക്കുന്നു…. 🥰
നന്ദി ഈശോയെ, കൂടെ ഉണ്ടെന്നുള്ള നിന്റെ കരുണയുടെ ഓർമപ്പെടുത്തലിന്… 🥰🫶🏻
by Jismaria



Leave a reply to Rose Maria George Cancel reply