റോസ മിസ്റ്റിക്ക മാതാവ് തിരുസഭയുടെ അമ്മ; എൻ്റെയും.

എല്ലാ വർഷവും ജൂലൈ പതിമൂന്നാം തീയതി കത്തോലിക്കാ സഭ റോസാ മിസ്റ്റിക്കാ മാതാവിൻ്റെ തിരുനാൾ ആഘോഷിക്കുന്നു. 1947 ൽ വടക്കൻ ഇറ്റലിയിലെ മോണ്ടിചിയാരിയിലെ ഒരു എളിയ സ്ത്രീയായ പിയെറിനാ ഗില്ലിയ്ക്കു പരിശുദ്ധ കന്യകാ മറിയം പ്രത്യക്ഷപ്പെടുകയും ജൂലൈ പതിമൂന്നാം തീയതി തിരുനാൾ ആഘോഷിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.

ഈ പ്രത്യക്ഷപ്പെടലുകളുടെ യഥാർത്ഥ ലക്ഷ്യം അക്കാലത്തെ ദൈവീകരുടെയും സന്യസ്തരുടെയും ജീവിത നവീകരണമായിരുന്നു.

1947 ജൂലായ് 13-നു നൽകിയ ദർശനത്തിൽ പരിശുദ്ധ ദൈവ മാതാവ് പിയെറിനാ ഗില്ലിയോടു പറഞ്ഞു: “എല്ലാ വർഷവും ജൂലായ് 13-ന് റോസാ മിസ്റ്റിക്കയുടെ ബഹുമാനാർത്ഥം ആഘോഷിക്കപ്പെടണമെന്നാണ് എൻ്റെ ആഗ്രഹം. ഞാൻ ക്രിസ്തുവിൻ്റെ മൗതീക ശരീരമായ – സഭയുടെ അമ്മയാണ്.” വിശുദ്ധ കുർബാന അയോഗ്യതയോടെ അർപ്പിക്കുന്നതിലും സ്വീകരിക്കുന്നതിലും പരിശുദ്ധ മറിയം തൻ്റെ ദുഃഖം പ്രകടിപ്പിക്കുകയും പൗരോഹിത്യവും സന്യാസജീവിതവും ഉപേക്ഷിച്ചു പോകുന്നവരുടെ അവിശ്വസ്തയെ യൂദാസിൻ്റെ വഞ്ചനയോട് ഉപമിക്കുകയും ചെയ്തു.

റോസാ മിസ്റ്റിക്കാ മാതാവിൻ്റെ ചിത്രത്തിൽ ഹൃദയത്തിൽ മൂന്ന് റോസാപ്പൂക്കൾ കാണാൻ കഴിയും പ്രാർത്ഥനയുടെയും തപസ്സിൻ്റെയും പ്രായശ്ചിത്തത്തിൻ്റെയും പ്രതീകമാണത്.

റോസാ മിസ്റ്റിക്കാ എന്ന മരിയൻ ശീർഷകത്തിനു സഭയിൽ ഒരു നീണ്ട ചരിത്രമുണ്ട്. ഈ ദൈവ മാതൃ സ്തുതി വചനം മറിയം കളങ്കം ഇല്ലാത്തവളായിരുന്നു എന്ന വസ്തുത മികച്ച രീതിയിൽ പ്രകടിപ്പിക്കുന്നു. അവളുടെ ജീവിതം ഒരു സൗരഭ്യമുള്ള റോസാപ്പൂവിൻ്റെ സുഗന്ധമായിരുന്നു. അതിനാൽ അവൾ രാജാക്കന്മാരുടെ രാജാവിനെ സന്തോഷിപ്പിച്ചു, മറ്റെല്ലാ സൃഷ്ടികളേക്കാളും അവൾ അവനു പ്രിയപ്പെട്ടവളായിരുന്നു. അങ്ങനെ, അവൾ റോസ മിസ്റ്റിക്ക എന്ന പേരിന് അർഹയായി. മറിയം എല്ലാ മാലാഖമാരേക്കാളും വിശുദ്ധരേക്കാളും മഹത്വത്തിൽ ശ്രേഷ്‌ഠയാണ്. സ്വർഗ്ഗത്തിൻ്റെയും ഭൂമിയുടെയും രാജ്ഞിയായി വിളിക്കപ്പെടാനും അവൾ എന്നും അർഹയാണ്.

റോസാപ്പൂവ് ഏറ്റവും മനോഹരമായ പൂക്കളായതിനാൽ, മുള്ളുകൾക്കിടയിലും ഏറ്റവും നല്ല സുഗന്ധം പുറപ്പെടുവിക്കുന്നു, മറിയത്തിൻ്റെ ഗുണങ്ങൾ ഈ ജീവിതത്തിൻ്റെ മുള്ളുകൾക്കിടയിൽ വിശുദ്ധിയുടെ ഗന്ധമാണ്.

റോസാപ്പൂവിന് മുള്ളുകൾ ഉണ്ടായത് എങ്ങനെയെന്ന് വിശുദ്ധ ആംബ്രോസ് വിവരിക്കുന്നു. ഭൂമിയിലെ പൂക്കളിൽ ഒന്നായി മാറുന്നതിനുമുമ്പ്, റോസാപ്പൂവ് മുള്ളുകളില്ലാതെ പറുദീസയിൽ വളർന്നു. മനുഷ്യൻ ചെയ്ത പാപങ്ങളെയും കൃപയിൽ നിന്നുള്ള വീഴ്ചയെയും കുറിച്ച് മനുഷ്യനെ ഓർമ്മിപ്പിക്കാൻ റോസാപ്പൂവ് അതിൻ്റെ മുള്ളുകൾ ഏറ്റെടുത്തത് മനുഷ്യൻ്റെ പതനത്തിനുശേഷം മാത്രമാണ്; അതേ സമയം അതിൻ്റെ സൗരഭ്യവും സൌന്ദര്യവും അവനെ പറുദീസയുടെ മഹത്വത്തെ ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു. കന്യാമറിയത്തെ ‘മുള്ളുകളില്ലാത്ത റോസാപ്പൂവ്’ എന്ന് വിളിക്കുന്നത് ഈക്കാരണത്താലാണ്.

ദൈവമാതാവിൻ്റെ ലുത്തിനിയായിൽ ദിവ്യ രഹസ്യം നിറഞ്ഞിരിക്കുന്ന റോസാപുഷ്പമേ എന്ന മാതൃസ്തുതി വചനം ചേർത്തട്ടുണ്ട്.

“ക്രിസ്ത്യാനികൾ റോസാ പുഷ്പത്തെ രക്തസാക്ഷിത്വത്തിൻ്റെയും പറുദീസയുടെയും ഒരു പ്രതീകമായി കണക്കാക്കിയിരുന്ന സഭയുടെ ആദ്യകാലം മുതലേ മറിയത്തെ ദിവ്യ രഹസ്യങ്ങൾ നിറഞ്ഞ റോസാപ്പൂവിനോട് താരതമ്യപ്പെടുത്തിയിരുന്നു. ക്ലയോയിലെ വിശുദ്ധ ബർണാഡിൻ്റെ അഭിപ്രായത്തിൽ “ഹവ്വാ മുറിവുകളും മരണവും എല്ലാവർക്കും തരുന്ന ഒരു മുള്ളായിരുന്നു, എന്നാൽ മറിയം എല്ലാവരുടെയും വേദനകളെ ശമിപ്പിക്കുകയും എല്ലാവരെയും രക്ഷയുടെ തിരിത്തണയാൻ സഹായിക്കുകയും ചെയ്യുന്ന സൗരഭ്യം നിറഞ്ഞ ഒരു റോസാപ്പൂവാണ്.”

റോസ മിസ്റ്റിക്കാ മാതാവ് പിയെറിനയ്ക്ക് നൽകിയ ആദ്യ ദർശനത്തിൽ അവളുടെ ഹൃദയത്തിൽ മൂന്ന് വാളുകൾ തുളച്ചുകയറിയിട്ടുണ്ടായിരുന്നു. . അവൾ ദുഃഖിതയായി പറഞ്ഞു: “പ്രാർത്ഥന, തപസ്സ്, പ്രായശ്ചിത്തം”. പിന്നെ അവൾ നിശബ്ദയായി.

1947 ജൂൺ 13 ന് ദൈവമാതാവിൻ്റെ ദർശനത്തിൽ, മൂന്ന് വാളുകൾക്ക് പകരം അവളുടെ ഹൃദയത്തിന് മുകളിൽ മൂന്ന് റോസാപ്പൂക്കൾ ഉണ്ടായിരുന്നു: ചുവപ്പ്, വെള്ള, സ്വർണ്ണം. മൂന്ന് വാളുകളുടെയും മൂന്ന് റോസാപ്പൂക്കളുടെയും അർത്ഥം അവൾ വിശദീകരിച്ചു:

വാളുകൾ

ആദ്യ വാൾ: നഷ്ടപ്പെടുത്തിയ ദൈവവിളികൾ

രണ്ടാമത്തെ വാൾ: നഷ്ടപ്പെടുത്തിയ കൃപ

മൂന്നാമത്തെ വാൾ: നഷ്ടപ്പെടുത്തിയ വിശ്വാസം

പ്രാർത്ഥിച്ചും, ത്യാഗം ചെയ്തും, പ്രായശ്ചിത്തം ചെയ്തും അമ്മയ്ക്ക് വാളിനു പകരം റോസാപ്പൂക്കൾ സമ്മാനിക്കാൻ സാധിക്കും.

റോസാപ്പൂക്കൾ:

വെളുത്ത റോസ്: “പ്രാർത്ഥന”

ചുവന്ന റോസ്: “പരിഹാരത്തോടുകൂടിയ ത്യാഗം”

സുവർണ്ണ മഞ്ഞ റോസ്: “തപസ്സ്”

“പശ്ചാത്താപം: ദിവസേനയുള്ള ചെറിയ കുരിശുകൾ സ്വീകരിക്കൽ – കൂടാതെ അനുതാപത്തിൻ്റെ അരൂപിയിൽ ഓരോരുത്തരുടെയും ജോലി ചെയ്യുക.

1962-ൽ ജോൺ ഇരുപത്തിമൂന്നാമൻ മാർപാപ്പ, രണ്ടാം വത്തിക്കാൻ കൗൺസിലിൻ്റെ വിജയത്തിനായി “മിസ്റ്റിക്കൽ റോസ്” എന്ന മാതൃസ്തുതി വചനത്താൽ ദൈവമാതാവിനോട് പ്രാർത്ഥിക്കണമെന്ന് ആവശ്യപ്പെട്ടു.

1969 മെയ് 5-ന് പോൾ ആറാമൻ മാർപാപ്പ, വിശുദ്ധ ജപമാല ചൊല്ലി പ്രാർത്ഥിക്കണമെന്നും മറിയത്തെ “മിസ്റ്റിക്കൽ റോസ്” എന്ന പദവി നൽകി ആദരിക്കണമെന്നും ആവശ്യപ്പെട്ടു. ജോൺ പോൾ രണ്ടാമൻ മാർപാപ്പ ഒന്നിലധികം തവണ റോമിലെ റോസ മിസ്റ്റിക്കയുടെ തിരുസ്വരൂപത്തിൻ്റെ മുമ്പിൽ പ്രാർത്ഥിച്ചു. റോസാ മിസ്റ്റിക്കായുടെ ഒരു രൂപം തൻ്റെ സ്വകാര്യ ചാപ്പലിൽ ജോൺ പോൾ രണ്ടാമൻ പാപ്പ സൂക്ഷിച്ചിരുന്നു.

റോസ മിസ്റ്റിക്ക മാതാവ് ക്രിസ്തുവിൻ്റെ മൗതീക ശരീരമായ സഭയുടെ അമ്മ ആയതിനാൽ അവൾ നമ്മുടെയും അമ്മ ആണ്. അവളുടെ മാതൃ സംരക്ഷണത്തിന് നമ്മളെ ഭരമേല്പിക്കാം. എല്ലാവരുടെയും അമ്മയുമാണ്.

ഫാ. ജയ്സൺ കുന്നേൽ mcbs


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment