മക്കളിൽ നിന്നു വേർപിരിഞ്ഞു കഴിയുന്ന മാതാപിതാക്കളുടെ മധ്യസ്ഥയായ ഈ വിശുദ്ധയെ നിങ്ങൾ അറിയുമോ? – വി. ജെയ്ൻ ഫ്രാൻസിസ്കാ ഷന്താൾ
ഭാര്യയും , അമ്മയും , സന്യാസിനിയും, ഒരു സന്യാസ സമൂഹത്തിന്റെ സ്ഥാപകയുമായ ഒരു വിശുദ്ധ വനിതയുടെ ഓർമ്മദിനമാണ് ആഗസ്റ്റ് 12 ജെയ്നു 18 മാസം പ്രായമുള്ളപ്പോൾ അമ്മ മരിച്ചു, ഫ്രാൻസിലെ ഡിജോണിലെ പാർലമെന്റ് മേധാവിയായ പിതാവാണ് അവളുടെ വിദ്യാഭ്യാസത്തിൽ നിർണായകമായ സ്വാധീനം ചെലുത്തിയത്. സുന്ദരിയും സുശീലയുമായിരുന്ന ജെയ്ൻ ഇരുപത്തി ഒന്നാം വയസ്സിൽ ക്രിസ്റ്റഫർ ബാരൺ ഡി ഷന്താൾ എന്ന വ്യക്തിയെ വിവാഹം കഴിച്ചു. ഫ്രഞ്ചു സൈന്യത്തിലെ ഒരു ഉയർന്ന ഉദ്യോഗസ്ഥനായിരുന്നു ബാരൺ. അവരുടെ ദാമ്പത്യവല്ലിയിൽ ആറ് മക്കളുണ്ടായി, അതിൽ മൂന്ന് പേർ ചെറുപ്പത്തിലെ തന്നെ മരണമടഞ്ഞു. ജെയ്ൻ്റ കൊട്ടാരത്തിൽ അനുദിന വിശുദ്ധ കുർബാന അർപ്പണം ഉണ്ടായിരുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങൾ ആ പ്രഭു കുടുംബത്തിൻ്റെ ദിനചര്യയായിരുന്നു.
സന്തോഷകരമായ ദാമ്പത്യത്തിൻ്റെ എഴാം വർഷം ജെയിന്റെ ഭർത്താവ് ക്രിസ്റ്റഫർ നായാട്ടിനിടയിലുണ്ടായ ഒരു അപകടത്തെ തുടർന്നു മരണത്തിനു കീഴടങ്ങി. 1601 ലാണ് ഈ ദാരുണ സംഭവം നടന്നത്. നാലുമാസം കഴിഞ്ഞു, ജെയ്ൻ കടുത്ത വിഷാദാരോഗത്തിനു അടിമയായി . രാവും പകലും കട്ടിലിൽ കിടന്നു കരഞ്ഞു. മക്കളെ നോക്കാതെയായി അവരുടെ സംരക്ഷണം വീട്ടുജോലിക്കാർ ഏറ്റെടുത്തു. കാര്യത്തിൻ്റെ ഗൗരവ്വം മനസ്സിലാക്കിയ ജെയ്ൻ്റെ പിതാവ് മകൾക്കു ശക്തമായ ഒരു കത്തെഴുതി. “ജെയിൻ, നിൻ്റെ മക്കളെ ഓർത്തെങ്കിലും സങ്കടം അകറ്റു അവർക്കു സ്നേഹവും പരിപാലനയും കൊടുക്കുക. ക്രിസ്റ്റഫറിനോടുള്ള സ്നേഹം തിരികെ നൽകേണ്ടത് നിങ്ങളുടെ മക്കളെ സ്നേഹിച്ചു കൊണ്ടായിരിക്കണം.” സ്വന്തം പിതാവിൻ്റെ ഹൃദയസ്പർശിയായ കത്ത് അവളുടെ ഉള്ളിൽ ചലനം ഉണ്ടാക്കി. ക്രമേണ ചെറുപ്പക്കാരിയായ ആ വിധവ ശക്തി വീണ്ടെടുത്തു. ക്രിസ്റ്റഫറിനു ധാരാളം പണം ഉണ്ടായിരുന്നെങ്കിലും , എസ്റ്റേറ്റ് അവളുടെ ഭർത്താവിൻ്റെ പിതാവിൻ്റെ വകയായിരുന്നു. പിന്നീടു ജെയ്നും കുട്ടികളും ക്രിസ്റ്റഫറിൻ്റെ പിതാവിനോപ്പം മോണ്ടെലോണിലേക്ക് താമസം മാറ്റി. കർക്കശക്കാരനായ അദ്ദേഹത്തോടൊത്തുള്ളവാസം അത്ര എളുപ്പമായിരുന്നില്ല.
32 വയസ്സുള്ളപ്പോൾ, ജെയ്ൻ വിശുദ്ധ ഫ്രാൻസിസ് ഡി സെയിൽസിനെ കണ്ടുമുട്ടി. ഫ്രാൻസീസ് അവളുടെ ആത്മീയ നിയന്താവായി. അവൾ ഒരു കന്യാസ്ത്രീയാകാൻ ആഗ്രഹിച്ചുവെങ്കിലും ഈ തീരുമാനം മാറ്റിവയ്ക്കാൻ ഫ്രാൻസീസ് അവളെ പ്രേരിപ്പിച്ചു. അവിവാഹിതയായി തുടരുമെന്നും തൻ്റെ ആത്മീയ പിതാവിനെ അനുസരിക്കുമെന്നും അവൾ വാഗ്ദാനം ചെയ്തു.
മൂന്നുവർഷങ്ങൾ കടന്നു പോയി. ഒരിക്കൽ ,ആരോഗ്യം, പ്രായം, അല്ലെങ്കിൽ മറ്റ് പരിഗണനകൾ എന്നിവ നിമിത്തം മറ്റു സന്യാസസമൂഹങ്ങളിൽ പ്രവേശിക്കുന്നതിനു തടസ്സം നേരിടുന്ന സ്ത്രീകൾക്കായി ഒരു സന്യാസ ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കുവാനുള്ള ഫ്രാൻസിസിൻ്റെ പദ്ധതി ജെയിനോട് പറഞ്ഞു. ആരംഭത്തിൽ ആവൃതി ഉള്ള ആശ്രമ ആയിരുന്നില്ല അത്. ആത്മീയവും ശാരീരികവുമായ കാരുണ്യ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ അവർക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നു. മറിയം എലിസബത്തിനെ സന്ദർശിച്ചവേളയിൽ മറിയത്തിൽ നിറഞ്ഞു നിന്ന സദ്ഗുണങ്ങളായ എളിമയും സൗമ്യതയുമാണ് ഈ സന്യാസ സമൂഹത്തിൻ്റെ അടിസ്ഥാനം. അതിനാൽ വിസിറ്റേഷൻ കന്യാസ്ത്രീകൾ എന്നാണ് അവർ അറിയപ്പെടുന്നത്.
സജീവ ശുശ്രൂഷയിലെ സ്ത്രീകൾ പങ്കാളികളാകുന്നതിനോടു എതിർപ്പ് ഉയർന്നുവന്നതിനാൽ വിശുദ്ധ അഗസ്റ്റിന്റെ നിയമാവലിക്കനുസൃതമായി വിസിറ്റേഷൻ സമൂഹത്തെ ഒരു ആവൃതി സമൂഹമാക്കാൻ ഫ്രാൻസിസ് നിർബന്ധിതനായി. മൂന്ന് സ്ത്രീകളടങ്ങുന്ന സഭ സ്ഥാപനത്തിൻ്റെ പങ്കാളി ആകുമ്പോൾ ജെയ്ൻ ഫ്രാൻസിസിനു നാൽപ്പത്തി അഞ്ചു വയസ്സുണ്ടായിരുന്നു. .തുടർന്നു വലിയ കഷ്ടപ്പാടുകൾ ജെയ്നു തുടർച്ചയായി നേരിടേണ്ടിവന്നു: ഫ്രാൻസിസ് ഡി സെയിൽസിൻ്റെ മരണം; മകൻ്റെ ദാരുണാന്ത്യം; ഫ്രാൻസിലെ പ്ലേഗ് ബാധ, മരുമകളുടെയും മരുമകൻ്റെയും മരണം, അങ്ങനെ നീളുന്നു ദുരിതങ്ങളുടെ പരമ്പര. പ്ലേഗ് ബാധയുടെ സമയത്തു കോൺവെന്റിലെ എല്ലാ വിഭവങ്ങളും രോഗികൾക്കായി അവൾ സംലഭ്യമാക്കി
ഫ്രാൻസീസ് മരിക്കുമ്പോൾ കേവലം പതിമൂന്നു ഭവനങ്ങൾ മാത്രമേ വിസിറ്റേഷൻ സഭയ്ക്കു ഉണ്ടായിരുന്നുള്ളു, 1641 ഡിസംബർ പതിമൂന്നാം തീയതി ജെയ്ൻ ഫ്രാൻസീസ് അറുപത്തി ഒൻപതാമത്തെ വയസ്സിൽ മരിക്കുമ്പോൾ വിസിറ്റേഷൻ സഭയ്ക്കു 86 ഭവനങ്ങൾ ഉണ്ടായിരുന്നു.
വിസിറ്റേഷൻ സന്യാസ സഭയുടെ സഹ സ്ഥാപക തൻ്റെ കോൺവെന്റുകളിൽ ഒന്നിൽ സന്ദർശനം നടത്തുന്നതിനിടയിലാണ് മരണമടഞ്ഞത് എന്നത് ഒരു യാദൃശ്ചികമായി തോന്നിയേക്കാം. 1751 ൽ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തിയ ജെയ്ൻ ഫ്രാൻസീസ് ഷന്താളിനെ 1767 ൽ പതിമൂന്നാം ക്ലമൻ്റ് മാർപാപ്പ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തി.
മറന്നു പോയ വ്യക്തികൾ, വിധവകൾ, മക്കളിൽ നിന്നു വേർപിരിഞ്ഞു കഴിയുന്ന മാതാപിതാക്കൾ എന്നിവരുടെ സ്വർഗ്ഗീയ മധ്യസ്ഥയാണ് വി. ജെയ്ൻ ഫ്രാൻസിസ്കാ ഷന്താൾ.
ഫാ. ജയ്സൺ കുന്നേൽ mcbs



Leave a comment