ആഗസ്റ്റ് 15 | പരിശുദ്ധ മാതാവിന്റെ സ്വർഗാരോപണം
പരിശുദ്ധ മറിയത്തിന്റെ സ്വർഗാരോപണത്തെക്കുറിച്ച് വി. ഗ്രന്ഥസാക്ഷ്യമോ, ചരിത്രസാക്ഷ്യമോ ഇല്ലെങ്കിലും വിശ്വാസസം ബന്ധിയായ പാരമ്പര്യങ്ങളും ഐതിഹ്യങ്ങളും ഇതിന് ആധാരമായി നില്ക്കുന്നു. എക്കാലത്തും കത്തോലിക്കാസഭയിലും ഓർത്തഡോക്സ് സഭകളിലും മാതാവിന്റെ സ്വർഗപ്രവേശം വിശ്വാസത്തിന്റെ ഒരു ഭാഗമായിരുന്നു. കോപ്റ്റിക് സഭയിൽ ജനുവരി 16-ന് അമ്മയുടെ മരണത്തിന്റെയും ആഗസ്റ്റ് 15-ന് സ്വർഗപ്രവേശനത്തിന്റെയും ഓർമ കൊണ്ടാടുന്നു. ഏഴാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ സ്വർഗപ്രവേശത്തിരുനാൾ പാശ്ചാത്യസഭയിലും നടപ്പിലായി. വി. സെർജിയൂസ് ഒന്നാമൻ പാപ്പയാണ് ആഗസ്റ്റ് 15-ന് മറിയത്തിന്റെ സ്വർഗപ്രവേശത്തിരുനാൾ ആചരിച്ചു തുടങ്ങിയത്. “മറിയത്തിന്റെ ജനനത്തിരുനാൾ” എന്നായിരുന്നു ആദ്യകാലങ്ങളിൽ ഈ തിരുനാളിനു ലഭിച്ച പേര്. വിശുദ്ധരെ സംബന്ധിച്ചിടത്തോളം ഈ ലോകത്തിലെ മരണം സ്വർഗത്തിലേയ്ക്കുള്ള ജനനമാണല്ലോ. അക്കാലത്തെ ജനങ്ങളുടെ വിശ്വാസം ഇതിന് അടിസ്ഥാനമായി നിലകൊണ്ടു.
1950 നവംബർ 1-ാം തീയതി 12-ാം പീയൂസ് മാർപാപ്പ പരമകാരുണികനായ ദൈവം’ എന്ന ചാക്രികലേഖനത്തിലൂടെ പരിശുകന്യകാമറിയത്തിന്റെ സ്വർഗാരോപണം വിശ്വാസസത്യമായി പ്രഖ്യാപിച്ചു. ഡിക്രിയിൽ പറയുന്നതിപ്രകാരമാണ്: “അമലോത്ഭവ ദൈവമാതാവും നിത്യകന്യകയുമായ മറിയം അവളുടെ ഭൗമികജീവിതകാലഘട്ടത്തിന്റെ പൂർത്തീകരണത്തിനുശേഷം ശരീരത്തോടും ആത്മാവോടും കൂടി സ്വർഗീയ മഹത്വത്തിലേയ്ക്ക് സംവഹിക്കപ്പെട്ടു എന്നത് ദൈവത്താൽ വെളിപ്പെടുത്തപ്പെട്ട ഒരു വിശ്വാസസത്യമായി ഇതിനാൽ നാം വ്യക്തമാക്കുകയും പ്രഖ്യാപിക്കുകയും നിർവഹിക്കുകയും ചെയ്യുന്നു. പരിശുദ്ധ കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം 966- ൽ പറയുന്നു, “ഉത്ഭവപാപത്തിന്റെ എല്ലാ മാലിന്യത്തിൽനിന്നും സ്വതന്ത്രയാക്കി സൂക്ഷിക്കപ്പെട്ടിരുന്ന നിർമലകന്യക അവളുടെ ഇഹലോകവാസത്തിന്റെ പരിസമാപ്തിയിൽ ആത്മശരീരങ്ങളോടെ സ്വർഗീയ മഹത്വത്തിലേയ്ക്ക് എടുക്കപ്പെട്ടു. കർത്താവ് അവളെ എല്ലാറ്റിന്റെയും രാജ്ഞിയായി ഉയർത്തി. ഇത് കർത്താക്കളുടെ കർത്താവും, പാപത്തെയും മരണത്തെയും കീഴടക്കിയവനുമായ തന്റെ പുത്രനോട് അവൾ കൂടുതലായി അനുരൂപപ്പെടുവാൻ വേണ്ടിയായിരുന്നു. ഭാഗ്യവതിയായ കന്യകയുടെ സ്വർഗാരോപണം തന്റെ പുത്രന്റെ പുനരുത്ഥാനത്തിലുള്ള അനന്യമായ പങ്കുചേരലും മറ്റു ക്രൈസ്തവരുടെ പുനരുത്ഥാനത്തിന്റെ മുന്നാസ്വാദനവുമാണ്.
മാമ്മോദീസായിലൂടെ വിശുദ്ധീകരിക്കപ്പെട്ട നാം എത്തിച്ചേരേണ്ട പരമോന്നതമായ അവസ്ഥയെക്കുറിച്ച് അമ്മയുടെ സ്വർഗാരോപണം നമ്മെ അനുസ്മരിപ്പിക്കുന്നു. വി. അംബ്രോസ് പറയുന്നു: “ദൈവമാതാവ് സ്വർഗത്തിലേയ്ക്കുള്ള ഗോവണിയാണ്. ഈ ഗോവണി വഴി ദൈവം ഇറങ്ങി വന്നത്. മനുഷ്യർ മറിയം വഴി സ്വർഗത്തിലേയ്ക്ക് കയറിപ്പോകുവാനാണ്. മോശ നിർമ്മിച്ച കൂടാരത്തെപ്പോലെ (പുറ. 40:1-35) മറിയത്തിന്റെ പുത്രൻ അവളുടെ ശരീരത്തെ സംരക്ഷിച്ചു. ഇന്നേദിവസം മറിയത്തിന്റെ ശരീരത്ത സ്വീകരിച്ചുകൊണ്ടു ഭൂമിയും, മറിയത്തെ സ്വർഗത്തിലേയ്ക്ക് വഹിച്ചുകൊണ്ട് വായുവും അനുഗ്രഹീതമായി എന്നു മലങ്കര സഭയിലെ പ്രാർഥനാഗീതങ്ങളിൽ കാണുന്നു. ആരംഭദശയിൽത്തന്നെ തിരുസഭയെ പ്രാർഥനയാൽ സഹായിച്ചവളും ഇപ്പോൾ സകലവിശുദ്ധർക്കും ദൈവദൂതന്മാർക്കും ഉപരിയായി സ്വർഗത്തിൽ മഹത്വീകൃതയുമായ മറിയത്തിന്റെ മുൻപിൽ ക്രൈസ്തവലോകം മുഴുവൻ നിരന്തര പ്രാർഥനകൾ ചൊരിയട്ടെ എന്ന് കൗൺസിൽ ഡിക്രി നമ്മെ അനുസ്മരിപ്പിക്കുന്നു (തിരുസഭ 69). മറിയത്തിന്റെ സ്വർഗപ്രാപ്തിയിൽ ആനന്ദിക്കുന്ന സ്വർഗവാസികളോടും ഭൂമിയിലെ വിശ്വാസികളോടും ചേർന്ന് ഈ തിരുനാൾ നമുക്ക് ആഘോഷിക്കാം.
നമുക്ക് പ്രാർഥിക്കാം
ആത്മശരീരങ്ങളോടെ സ്വർഗത്തിലേക്ക് കരേറ്റപ്പെട്ട പരിശുദ്ധ മറിയമേ, സകലസ്വർഗവാസികളോടും ഭൂവാസികളോടും ചേർന്ന് ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നു. “താൻ മുൻകൂട്ടി നിശ്ചയിച്ചവരെ അവിടുന്ന് വിളിച്ചു. വിളിച്ചവരെ തനിക്കു സ്വീകാര്യരാക്കി, സ്വീകാര്യരാക്കിയവരെ അവിടുന്ന് മഹത്വപ്പെടുത്തി” (റോമ. 8-30) എന്ന തിരുവചനം അമ്മയിൽ നിറവേറിയല്ലോ. പരമപരിശുനായ ദൈവത്തെ ഉദരത്തിൽ വഹിച്ച് ആത്മശരീരങ്ങളോടെ സ്വർഗത്തിലേയ്ക്ക് എടുക്കപ്പെട്ട മാതാവേ, ഞങ്ങളുടെ ഹൃദയങ്ങളിൽ ദൈവത്തെ കുടിയിരുത്താനും, ആത്മശരീരമാനസവിശുദ്ധിയിൽ ജീവിച്ച് സ്വർഗത്തിലെത്തിച്ചേരുവാനും വേണ്ട അനുഗ്രഹം ഞങ്ങൾക്ക് നല്കണമെ. സ്വർഗരാജ്ഞീ, ഞങ്ങളുടെ ഭാരതനാടിനുവേണ്ടിയും പ്രാർഥിക്കണമെ. ആമ്മേൻ.
സുകൃതജപം: സ്വർഗീയ രാജ്ഞീ, സ്വർഗം ലക്ഷ്യം വെച്ച് ജീവിക്കുവാൻ ഞങ്ങളെ പഠിപ്പിക്കണമേ.



Leave a comment