ആഗസ്റ്റ് 22 | പരിശുദ്ധ മാതാവിന്റെ സ്വർഗരാജ്ഞിപദം
പരിശുദ്ധ അമ്മയുടെ ജീവിതത്തിലെ അവസാന സംഭവമാണ് സ്വർഗാരോപണത്തിനുശേഷമുള്ള കിരീടധാരണം. പരിശുദ്ധത്രിത്വത്തിന്റെയും കെരൂബുകളുടെയും വിശുദ്ധരുടെയും സാന്നിദ്ധ്യത്തിൽ യേശു തന്റെ അമ്മയെ സ്വർഗത്തിന്റെയും ഭൂമിയുടെയും രാജ്ഞിയായി മുടി ധരിപ്പിച്ചു. സ്വർഗരാജ്ഞി എന്ന നാമത്തിന്റെ ഉത്ഭവം ഏകദേശം 12-13 നൂറ്റാണ്ടോടുകൂടിയാണ്. 13-15 നൂറ്റാണ്ടുകളിൽ കലയുടെ മാത്രം വിഷയമായിരുന്ന പരിശുദ്ധ അമ്മയുടെ കീരീടധാരണം, 1954 ഒക്ടോബർ 11-ന് പന്ത്രണ്ടാം പീയൂസ് മാർപാപ്പയുടെ ‘കന്യകാമറിയത്തിന്റെ രാജ്ഞിത്വത്തെക്കുറിച്ച് എന്ന ചാക്രിക ലേഖനത്തിലൂടെ വിശ്വാസജീവിതത്തിലേയ്ക്ക് ഉൾച്ചേർത്തു. ആദ്യകാലങ്ങളിൽ മെയ് 31-ന് ആണ് ഈ തിരുനാൾ ആഘോഷിച്ചിരുന്നതെങ്കിലും 1969-ൽ പോൾ ആറാമൻ മാർപാപ്പ പരിശുദ്ധ അമ്മയുടെ സ്വർഗാരോപണം കഴിഞ്ഞുള്ള 8-ാം ദിവസമായ ആഗസ്റ്റ് 22-ലേക്ക് മാറ്റി. യേശുവുമായുള്ള അമ്മയുടെ അഭേദ്യമായ ബന്ധം അവിടുത്തെ രാജ്യത്വത്തിലും അവളെ പങ്കുകാരിയാക്കി. ഈ തിരുനാളിന്റെ ദൈവവചനാധിഷ്ഠിതമായ തെളിവുകൾ കാണുന്നത് സങ്കീർത്തനത്തിലും വെളിപാടിലുമാണ്. “അപ്പോൾ രാജാവ് നിന്റെ സൗന്ദര്യത്തിൽ ആകൃഷ്ടനാകും. അവൻ നിന്റെ നാഥനാണ് അവനെ വണങ്ങുക… തലമുറതോറും നിന്റെ നാമം കീർത്തിക്കപ്പെടാൻ ഞാൻ ഇടയാക്കും. ജനതകൾ നിന്നെ എന്നേക്കും പ്രകീർത്തിക്കും. (സങ്കീ 45 11-12) “സ്വർഗത്തിൽ വലിയൊരു അടയാളം കാണപ്പെട്ടു. സൂര്യനെ ഉടയാടയാടക്കിയ ഒരു സ്ത്രീ. അവളുടെ പാദങ്ങൾക്ക് അടിയിൽ ചന്ദ്രൻ, ശിരസ്സിൽ പന്ത്രണ്ട് നക്ഷത്രം കൊണ്ടുള്ള കിരീടം (വെളിപാട് 12/1-7).
രണ്ടാം വത്തിക്കാൻ ഡിക്രി പറയുന്നു: “ജന്മപാപത്തിന്റെ എല്ലാ കറകളിൽനിന്നും സ്വതന്ത്രയായിരുന്ന നിർമലകന്യക ഈ ലോകവാസത്തിന്റെ അവസാനത്തിൽ ആത്മശരീരങ്ങളോടെ സ്വർഗീയ മഹത്വത്തിലേക്ക് ആരോഹിതയായി. ഇതിനും പുറമെ നമ്മുടെ കർത്താവ് അവളെ പ്രപഞ്ചത്തിന്റെ മുഴുവൻ രാജ്ഞിയായി വാഴിച്ചു” (തിരുസഭ 59). വി. ജർമാനൂസ് പറയുന്നു. “മനോഹര സൗധമേ, അതീവപരിശുദ്ധേ, നിന്നിലേക്ക് അണയുന്നവരെ ആത്മീയാനന്ദത്താൽ സാന്ത്വനപ്പെടുത്തുന്ന നീ, അത്യുന്നതനായ സ്വർഗീയരാജന്റെ കമനീയ കൊട്ടാരമാകുന്നു. ഈ രാജ്യത്തിലെ അവകാശിയായ അമ്മയെ അവിടുത്തെ രാജ്ഞിയല്ലാതെ എന്താക്കുവാനാണ് ഈശോയ്ക്ക് കഴിയുക! വി ജോൺ ഡെമാഷിൻ പറയുന്നു. അവൾ സ്രഷ്ടാവിന്റെ അമ്മയായപ്പോൾ തന്നെ എല്ലാ സൃഷ്ടികളുടെയും രാജ്ഞിയുമായിത്തീർന്നു. അവൾ ദൈവമാതാവാണ് മാത്രമല്ല വേറെ ആരും ഈ മാതൃത്വത്തിൽ പങ്കുപറ്റിയിട്ടില്ല. വി അൽഫോൻസ് ലിഗോരി അമ്മയെ വിളിക്കുന്നത് സ്വർഗത്തിന്റെ കവാടം എന്നാണ്. കത്തോലിക്കാ സഭയുടെ ആരംഭം മുതൽ തന്നെ ക്രിസ്ത്യാനികൾ തങ്ങളുടെ വേദനയിലും ദുരിതത്തിലും സ്വർഗരാജ്ഞി എന്ന നാമധേയത്തിൽ അവളുടെ പക്കലേക്ക് തിരിയുകയും പ്രാർഥിക്കുകയും ചെയ്തിട്ടുണ്ട്. അപ്പോഴെല്ലാം അവൾ സ്വർഗത്തിന്റെ രാജ്ഞി മാത്രമല്ല, നമ്മുടെയും രാജ്ഞിയാണ് എന്ന് തെളിയിച്ചിട്ടുണ്ട് “പരിശുദ്ധരാജ്ഞീ” എന്ന പ്രാർഥനയിലൂടെ ഇന്നും അവൾ നമ്മുടെയും രാജ്ഞിയാണ് എന്ന് നാം ഏറ്റുപറയുന്നു. എങ്കിൽ അമ്മയുടെ മക്കളായ നാമും സ്വർഗത്തിൽ അമ്മയോടൊപ്പം കിരീടം ധരിപ്പിക്കപ്പെടേണ്ടവരാണ് (1 പത്രോ, 1/4), ഇടയന്മാരുടെ തലവൻ പ്രത്യക്ഷപ്പെടുമ്പോൾ മഹത്വത്തിന്റെ ഒളിമങ്ങാത്ത കിരീടം നിങ്ങൾക്കു ലഭിക്കുമെന്ന് വി. പൗലോസ് നമ്മെ ഓർമിപ്പിക്കുന്നു. കായികാഭ്യാസികൾ എല്ലാ കാര്യത്തിലും ആത്മനിയന്ത്രണം പാലിക്കുന്നു. അവർ നശ്വരമാ കിരീടത്തിനു വേണ്ടിയാണ് അപ്രകാരം ചെയ്യുന്നത് നാം അനശ്വരമായതിനുവേണ്ടിയും (1 കൊറി, 9/25). “ഞാൻ നന്നായി പൊരുതി; എന്റെ ഓട്ടം
പൂർത്തിയാക്കി; വിശ്വാസം കാത്തു എനിക്ക് നീതിയുടെ കിരീടം ഒരുക്കിയിരിക്കുന്നു. നീതിപൂർവം വിധിക്കുന്ന കർത്താവ്, ആ ദിവസം അത് എനിക്ക് സമ്മാനിക്കും. എനിക്കു മാത്രമല്ല; അവന്റെ ആഗമനത്തെ സ്നേഹപൂർവം ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന എല്ലാവർക്കും” (2 തിമോ 4/78), നാമൊക്കെ ഈ സ്വർഗീയ കിരീടത്തിനുവേണ്ടി അദ്ധ്വാനിക്കേണ്ടവരാണ് എന്ന് ഈ തിരുനാൾ അനുസ്മരിപ്പിക്കുന്നു. ഇത് നമ്മുടെ അവകാശം കൂടിയാണ്, യേശു നമ്മുടെ സഹോദരനായിരിക്കുമ്പോൾ മേരി നമ്മുടെ അമ്മയുമാണ്. അമ്മയുടെ ദൈവിക മഹത്വത്തിലും നാം പങ്കുകാരാകും (വെളി2/10).
നമുക്കു പ്രാർഥിക്കാം
സ്വർഗത്തിന്റെയും ഭൂമിയുടേയും രാഞ്ജിയായ പരിശുദ്ധ അമ്മേ, പരിശുദ്ധ ത്രിത്വത്തിന്റെ രാജ്ഞീ, സ്വർഗത്തിലെ സകല വിശുദ്ധരോടും മാലാഖമാരോടും ചേർന്ന് ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നു. അങ്ങയുടെ വിശ്വസ്ത അടിമകളായി ഞങ്ങളെത്തന്നെ അങ്ങേ തൃപ്പാദത്തിൽ ഞങ്ങൾ സമർപ്പിക്കുന്നു. ഈ സമർപ്പണം സ്വീകരിച്ച് ഞങ്ങൾക്ക് അഭയവും സംരക്ഷണവും നൽകണമേ, ഈ ലോകജീവിതം മുഴുവനും അമ്മയെയും അവിടുത്തെ തിരുക്കുമാരനെയും ശുശ്രൂഷിക്കുവാനുള്ള ഞങ്ങളുടെ ആഗ്രഹത്തെ അങ്ങ് കൈക്കൊണ്ട് ഞങ്ങളെ അനുഗ്രഹിക്കണമേ. സ്വർഗീയ രഹസ്യങ്ങളുടെ കലവറയായ അമ്മേ, സ്വർഗം ലക്ഷ്യമാക്കി നിരന്തരം അദ്ധ്വാനിക്കാൻ ഞങ്ങളെ പഠിപ്പിക്കണമെ. ആമ്മേൻ.
സുകൃതജപം: സ്വർഗരാജ്ഞീ, ദൈവമാതാവേ, അങ്ങ് ഞങ്ങളുടെയും രാജ്ഞിയായിരിക്കണമേ.



Leave a comment