സെപ്തംബർ 16 | വ്യാകുലമാതാവ്

പരിശുദ്ധ മാതാവിന്റെ വ്യാകുലത്തോടുള്ള വണക്കം തിരുവചനാധിഷ്ഠിതമാണ്. യേശുവിനെ ദേവാലയത്തിൽ സമർപ്പിച്ചപ്പോൾ പരിശുദ്ധനായ ശിമയോൻ പ്രവചിച്ചു…“നിന്റെ ഹൃദയത്തിലൂടെ ഒരു വാൾ തുളച്ചുകയറുകയും ചെയ്യും” (ലൂക്കാ 2/35) “പരിശുദ്ധ കന്യക തന്റെ വിശ്വാസത്തിന്റെ തീർഥയാത്രയിൽ മുന്നേറുകയും പുത്രനുമായുള്ള ഐക്യം കുരിശുമരണം വരെ വിശ്വസ്ഥതാപൂർവം തുടരുകയും ചെയ്തു. തന്റെ ഏകജാതനോടുകൂടി ദൈവിക പദ്ധതികൾക്കനുസൃതമായി നിഷ്ഠൂര വേദനകൾ സഹിച്ചുകൊണ്ട് കുരിശിന്റെ ചുവട്ടിൽ (യോഹ. 19:25) അവൾ നിലകൊണ്ടു” (തിരുസ്സഭ 58). പന്ത്രണ്ടാം നൂറ്റാണ്ടോടുകൂടിയാണ് വ്യാകുല മാതാവിനോടുള്ള ഭക്തി കത്തോലിക്കാസഭയിൽ രൂപം കൊള്ളുന്നത്. യേശുവിനോടൊപ്പം തന്നെ ആത്മാവിലുള്ള സഹനത്തിലൂടെ സഹരക്ഷകയായി തീർന്ന അമ്മയോടുള്ള സ്നേഹത്തിന്റെ പ്രകടനമാണ് അമ്മയുടെ വ്യാകുലതകളെക്കുറിച്ചുള്ള ധ്യാനവും ഈ തിരുനാളാഘോഷവും. പരിശുദ്ധ അമ്മയുടെ രക്തസാക്ഷിത്വത്തിനാണ് ഈ തിരുനാൾ സമർപ്പിച്ചിരിക്കുന്നത്. വി. ബർണാർദ് പറയുന്നു: “ഈശോയുടെ ജനനത്തോടുകൂടെ തന്നെ അവിടുത്തെ പീഡാനുഭവവും ആരംഭിച്ചു. അവളും അവളുടെ ജീവിതവും അതുപോലെ തന്നെയായിരുന്നു. വി. അൽഫോൻസ് ലിഗോരി പറയുന്നു. “രക്തസാക്ഷികൾ അവരുടെ ശരീരത്തിലാണ് സഹിച്ചതെങ്കിൽ, മേരി അവളുടെ ആത്മാവിൽ ആണ് സഹിച്ചത്.

മാതാവിന്റെ ഹൃദയം 7 വാളുകളാൽ കുത്തി മുറിവേൽപ്പിക്കപ്പെട്ടിരിക്കുന്നതായി വ്യാകുലമാതാവിന്റെ രൂപത്തിൽ ചിത്രീകരിക്കുന്നു. തന്റെ അമ്മയുടെ ദുഃഖത്തെക്കുറിച്ച് ധ്യാനിക്കുന്നത് അവിടുത്തെ ഏറെ സന്തോഷിപ്പിക്കുന്നുവെന്ന് ബിനോസ്കയിലെ വാഴ്ത്തപ്പെട്ട വെറോനിക്കയോട് ഈശോ തന്നെ വെളിപ്പെടുത്തി. വി. ബ്രിജിറ്റിനോട് അമ്മ പറഞ്ഞു, “വളരെ ചുരുക്കം പേർ മാത്രമാണ് എന്റെ വ്യാകുലങ്ങളെക്കുറിച്ച് ധ്യാനിക്കുന്നത്. അതുകൊണ്ട് മറ്റുള്ളവർ എന്നെ മറന്നാലും നീയെങ്കിലും എന്നെ മറക്കരുത്. 1239-ലെ ദുഃഖവെള്ളിയാഴ്ച സെനാരിയോ മലയുടെ ഏകാന്തതയിൽ, പ്രാർഥനയ്ക്കും പ്രായശ്ചിത്തത്തിനുമായി ജീവതം സമർപ്പിച്ച ഏഴ് വിശുദ്ധരായ വ്യക്തികൾ യേശുവിന്റെയും മാതാവിന്റെയും പീഡാനുഭവങ്ങളെക്കുറിച്ച് ധ്യാനിച്ചുകൊണ്ടിരുന്നപ്പോൾ പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ട് തന്റെ വ്യാകുലതകളെക്കുറിച്ച് ധ്യാനിക്കുവാനുള്ള ഒരു സഭ തുടങ്ങുവാൻ ആവശ്യപ്പെട്ടു. അങ്ങനെ ഈ ഏഴുപേരും ആ സഭയുടെ ആദ്യ അംഗങ്ങളായി മാറി. അവർ വ്യാകുല മക്കൾ അഥവാ മേരീദാസന്മാർ എന്നറിയപ്പെട്ടു. ഈ ഭക്തി പ്രദർശിപ്പിക്കുന്നതിനായി വ്യാകുലക്കൊന്ത സഭയിൽ ആരംഭിച്ചു. ഈ കൊന്ത ചൊല്ലുന്നതുവഴിയായി നമുക്ക് ലഭിക്കുന്ന പ്രധാന അനുഗ്രഹങ്ങൾ വി. എലിസബത്തിന് ഈശോ വെളിപ്പെടുത്തിയത് താഴെ പറയും പ്രകാരമാണ്.

1) “ഈ ഭക്തിയിൽ വളരുന്നവർക്ക് അവരുടെ മരണസമയത്തിനു മുൻപ് തന്നെ യഥാർഥമായ പശ്ചാത്താപവും മാനസാന്തരവും അവളുടെ വ്യാകുലങ്ങളെ പ്രതി ഞാൻ നൽകും.
2) ഈ ഭക്തി പുലർത്തുന്നവരെ അവരുടെ ബുദ്ധിമുട്ടുകളിലും പ്രത്യേകിച്ച് മരണസമയത്തും ഞാൻ സഹായിക്കും.
3) അവിടുത്തെ പീഡാനുഭവങ്ങളെക്കുറിച്ചുള്ള ഓർമ അവരുടെ മനസ്സുകളിൽ കൊത്തി വയ്ക്കും.
4) ഈ ഭക്തി പുലർത്തുന്ന എല്ലാ ദാസീദാസന്മാരെയും പരിശുദ്ധ അമ്മയുടെ കൈകളിൽ നല്കികൊണ്ട് അവൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ അവരിലൂടെ നിറവേറ്റുവാനുള്ള കൃപകൾ വർഷിക്കും.

ഇതു കൂടാതെ, ദിവസം ഒരു നന്മ നിറഞ്ഞ മറിയമേ എന്ന പ്രാർഥന ഏഴുപ്രാവശ്യം ചൊല്ലി അവളുടെ വ്യാകുലതകളെ ബഹുമാനിക്കുവർക്ക് അനേകം അനുഗ്രഹങ്ങൾ നൽകുമെന്ന് വി. ബിജീറ്റിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്. 1724 ൽ ബനഡിക് 13-ാമൻ മാർപാപ്പ ഈ തിരുനാൾ കത്തോലിക്കാ സഭയുടെ കലണ്ടറിൽ ഉൾപ്പെടുത്തി പരിശുദ്ധ അമ്മയോടുള്ള ഈ ഭക്തി പരിപോഷിപ്പിക്കുകയും വ്യാകുല ജപമാല ചൊല്ലുന്നത് പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അങ്ങനെ സഭയിൽ ഈ ഭക്തി ശക്തിപ്പെട്ടു. 1817ൽ പയസ് ഏഴാമൻ മാർപാപ്പ തന്റെ വിപ്രവാസത്തിലെ കഠിനമായ യാതനകളിൽ നിന്ന് വ്യാകുല മാതാവിന്റെ സഹായത്താൽ മോചിതനായതിന്റെ നന്ദിയായി ആഗോള സഭ മുഴുവൻ ഈ തിരുനാൾ ആഘോഷിക്കുവാൻ അനുമതി നല്കി. 1913 ൽ പയസ് 10-ാമൻ വ്യാകുലമാതാവിന്റെ തിരുനാൾ സെപ്റ്റംബർ 15 ആയി പ്രഖ്യാപിച്ചു.

നമുക്കു പ്രാർഥിക്കാം.

വ്യാകുലാംബികേ, ദുഃഖസമുദ്രത്തിൽ മുഴുകിയ മാതാവേ, വിവിധ ദുഃഖങ്ങളിൽ പെട്ടുഴലുന്ന ഞങ്ങൾ ഒന്നു ചേർന്ന് അമ്മയുടെ തൃപ്പാദത്തിങ്കൽ അണയുന്നു. ഈ ജീവിത യാത്രയിൽ അമ്മയുടെ ദുഃഖങ്ങളെ, വ്യാകുലങ്ങളെക്കുറിച്ചുള്ള ഓർമ ഞങ്ങൾക്ക് സഹനങ്ങളിൽ ശക്തി പകരുന്നു. ഈ ലോകസാഗരത്തിലെ ക്ഷോഭത്തിനും കൊടുങ്കാറ്റിനും മദ്ധ്യേ ഞാൻ അമ്മാനമാടപ്പെടുമ്പോൾ, തിരമാലകൾ എന്നെ വിഴുങ്ങാതിരിക്കുവാൻ ഓ മറിയമെ, പ്രകാശിക്കുന്ന നക്ഷത്രമെ, ഞാൻ എന്റെ കണ്ണുകൾ അങ്ങയുടെ നേർക്ക് തിരിക്കുന്നു” എന്ന് വിശുദ്ധ ബർണാർദിനോട് ചേർന്ന് ഏറ്റുപറയുന്നു. അമ്മേ, ഈ ജീവിതത്തിലെ ക്ലേശങ്ങൾ ഞങ്ങൾക്ക് സ്വർഗം പ്രദാനം ചെയ്യുന്നു എന്ന സത്യം ഞങ്ങളെ പഠിപ്പിക്കണമെ. യേശുവിനോടൊപ്പം സഹിക്കുന്നതിൽ ആനന്ദം കണ്ടെത്തുവാൻ ഞങ്ങളെയും സഹായിക്കണമെ. വിവിധ രോഗങ്ങളാലും, വേദനകളാലും കഷ്ടപ്പെടുന്നവർക്കു വേണ്ടി നീ മാദ്ധ്യസ്ഥ്യം വഹിക്കണമെ. ഒരിക്കലും ഈശോയെയും അമ്മയെയും വേദനിപ്പിക്കാതിരിക്കുവാൻ വേണ്ട അനുഗ്രഹം നല്കണമെ, ആമ്മേൻ.

സുകൃതജപം: വ്യാകുലമാതാവേ, സഹനങ്ങളിൽ സമചിത്തത പാലിക്കാൻ ഞങ്ങളെ സഹായിക്കണമേ.

മാതാവിന്റെ ഏഴു വ്യാകുലങ്ങൾ

1) ശിമയോന്റെ പ്രവചനം(ലൂക്കാ. 2/35)
2) ഈജിപ്റ്റിലേയ്ക്കുള്ള പലായനം (മത്തായി. 2/13-15)
3) ബാലനായ യേശുവിനെ ദേവാലയത്തിൽ കാണാതാകുന്നു. (ലൂക്കാ. 2/41-50)
4) കാൽവരിയിലേയ്ക്കുള്ള യാത്രയിൽ പുത്രനെ കാണുന്നു. (ലൂക്കാ. 23/27-31)
5) യേശുവിന്റെ കുരിശിലെ മരണം (യോഹ.19/25-30)
6) ഈശോയുടെ മൃതദേഹം മാതാവിന്റെ മടിയിൽ കിടത്തുന്നു. (സങ്കീ 130, ലൂക്കാ 23.50-54)
7) ഈശോയുടെ മൃതസംസ്കാരം (ഏശ. 53/8, ലൂക്കാ 23/ 50-56,യോഹ 19/38-43)

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment