സെപ്റ്റംബർ 19 | ലാ സലെറ്റ് മാതാവ്
1846 സെപ്റ്റംബർ 19 ന് ഫ്രാൻസിലെ സോവൂസ് ലെസ് ബയസാസ് മലയിൽ വെച്ച് മാക്സിമിൻ ഗിറാവുദ്, മെലാനി കാൽവെറ്റ് എന്നീ രണ്ടു കുട്ടികൾക്ക് പരിശുദ്ധ അമ്മ നൽകി ദർശനമാണ് ഇവിടെ അനുസ്മരിക്കുക. ദർശനത്തിൽ തീവ്രമായി കരഞ്ഞുകൊണ്ടിരുന്ന മാതാവ് അവരോട് ആദ്യം ഫ്രഞ്ച് ഭാഷയിലും പിന്നീട് അവരുടെതന്നെ ഭാഷയായ ഒക്സിറ്റാനിലും സംസാരിച്ചു. പരിശുദ്ധ അമ്മ കഴുത്തിൽ ഒരു കുരിശുമാല ധരിച്ചിരുന്നു. ഈ ദർശനത്തെപ്പറ്റി കേട്ടവർ അവരെക്കൊണ്ട് അത് എഴുതി ഒപ്പ് വെപ്പിച്ചു. ഈ ദർശനത്തിന്റെ ചൈതന്യം പ്രാർഥന, മാനസാന്തരം, സമർപ്പണം എന്നിവയിൽ ഊന്നി നിൽക്കുന്നതാണ്. സുന്ദരിയായ അമ്മ പറഞ്ഞു: “എന്റെ ജനം അനുസരിക്കുന്നില്ലെങ്കിൽ എന്റെ മകന്റെ കരം അയയ്ക്കാൻ ഞാൻ നിർബന്ധിക്കപ്പെടും. ഇതിൽ കൂടുതൽ ഈ കരം താങ്ങുവാൻ സാധിക്കുകയില്ല. എത്രമാത്രമാണ് നിങ്ങളെ പ്രതി ഞാൻ സഹിക്കുന്നത്. എന്റെ മകൻ നിങ്ങളെ ഉപേക്ഷിക്കാതിരിക്കാൻ നിറുത്താതെ നിങ്ങൾക്കുവേണ്ടി ഞാൻ മാദ്ധ്യസ്ഥ്യം വഹിക്കുകയാണ്. ആറു ദിവസം നിങ്ങൾക്ക് ജോലി ചെയ്യുവാനുണ്ട്. ഏഴാം ദിവസം എനിക്കുവേണ്ടി ഞാൻ മാറ്റി വച്ചതാണ്. എന്നാൽ ഒരാൾ പോലും എനിക്ക് തരുന്നില്ല. ഇതാണ് എന്റെ മകന്റെ കരത്തിന്റെ ഭാരം വർധിപ്പിച്ചിരിക്കുന്നത്. തുടർന്ന് ജനത്തിന്റെ അവസ്ഥയും ക്ഷാമത്തിന്റെ മുന്നറിയിപ്പും അമ്മ നൽകി. ഈ കാര്യങ്ങൾ നിങ്ങൾ എല്ലാ ജനങ്ങളെയും അറിയിക്കുവിൻ”. അത് പറഞ്ഞതിനുശേഷം അമ്മ അപ്രത്യക്ഷയായി. പരിശുദ്ധ കന്യക ഞായറാഴ്ച ആചരണത്തിന്റെ പരിശുദ്ധി കാത്തുപാലിച്ച് ദൈവത്തിന്റെ നാമത്തെ ബഹുമാനിക്കുവാൻ ജനങ്ങളെ ക്ഷണിക്കുകയായിരുന്നു. ലോകജനതയെ മുഴുവനും മാനസാന്തരത്തിലേക്ക് ക്ഷണിക്കുകയാണ് ഈ ദർശനം ലക്ഷ്യം വച്ചത്. യൂറോപ്പിലും പ്രത്യേകിച്ച് ഫ്രാൻസിലും ഉരുളക്കിഴങ്ങിന് ഉണ്ടാകുവാൻ പോകുന്ന ക്ഷാമത്തെപ്പറ്റി അമ്മ പ്രവചിച്ചിരുന്നു. തുടർന്നു വന്ന ക്ഷാമവും അസ്വസ്ഥതകളും ഈ ദർശനത്തിന് വളരെയധികം ജനശ്രദ്ധ നേടിക്കൊടുത്തു. ജോൺ പോൾ രണ്ടാമൻ മാർപാപ്പ പറഞ്ഞു: “ലാ സലെറ്റിലെ സന്ദേശം പ്രത്യാശയുടേതാണ്. നമ്മുടെ പ്രത്യാശ മനുഷ്യവർഗത്തിന്റെ അമ്മയുടെ മാദ്ധ്യസ്ഥ്യം വഴി പരിപുഷ്ടമാക്കപ്പെടുന്നു”. 19-ാം നൂറ്റാണ്ടിലെ അവികസിത ഫ്രാൻസിന്റെ വിശ്വാസം ക്ഷയിച്ചുപോയ അന്തരീക്ഷത്തിലുണ്ടായ ദർശനത്തിന് ആധുനിക യുഗത്തിലും വളരെ ശക്തമായ സ്വാധീനമാണ് ഉള്ളത്. വി. മരിയ ജോൺ വിയാനി, വി. ഡോൺബോസ്കോ തുടങ്ങിയ വിശുദ്ധരും അനേകം ക്രിസ്തീയ എഴുത്തുകാരും ഈ ദർശനത്താൽ സ്വാധീനിക്കപ്പെട്ടവരാണ്. മേരി കെയിൻ ചാപ്പലിൽ ഒരു ഗ്ലാസ് പെയിന്റിങ്ങിലൂടെ ഈ ദർശനം ക്രമമായി ചിത്രീകരിച്ചിട്ടുണ്ട്. ഈ ദർശനം മിഷനറീസ് ഓഫ് ലാ സെലറ്റ് സഭയ്ക്ക് രൂപം നൽകുവാൻ ഇടയായി. ഞായറാഴ്ചകളിലും കടമുള്ള ദിവസങ്ങളിലും പഠിച്ച്, പണിചെയ്ത് സമ്പാദിക്കുവാനുള്ള ത്വര പലരിലും നാം ഇന്ന് കാണുന്നു. അത് എത്ര വലിയ വിപത്താണ് വരുത്തുന്നത് എന്ന് നാം ചിന്തിക്കുന്നില്ല. 1864 ൽ മുന്നറിയിപ്പ് നല്കിയിട്ടും എന്തു മാറ്റമാണ് സഭയിൽ ഉണ്ടായിട്ടുള്ളത്. അതിനാൽ ഈ ദർശനം വളരെയേറെ കാലിക പ്രസക്തിയർഹിക്കുന്നു. ഈ ലോകം കൊണ്ട് അവസാനിക്കുന്നതു നേടുവാനുള്ള തത്രപ്പാടിൽ വരാൻ പോകുന്ന ദൈവികരാജ്യത്തെ നഷ്ടപ്പെടുത്തുന്ന വിഡ്ഢികളാകാതിരിക്കാനുള്ള ജ്ഞാനം നമുക്ക് നല്കണമെ എന്ന് പ്രാർഥിക്കാം. നമ്മുടെ ജീവിതചര്യയെ ക്രമപ്പെടുത്താൻ ഈ തിരുനാളാഘോഷം നമുക്ക് ശക്തി നല്കട്ടെ.
നമുക്ക് പ്രാർഥിക്കാം.
ഓ മാതാവേ, മനുഷ്യരക്ഷയെപ്രതി കരയുന്ന പരിശുദ്ധ കന്യകേ, അങ്ങയെ ഞങ്ങൾ സ്തുതിക്കുന്നു. ഞങ്ങൾക്കുവേണ്ടിയുള്ള മാദ്ധ്യസ്ഥ്യമായി അവിടുത്തെ പരിശുദ്ധ കണ്ണീർകണങ്ങൾ അങ്ങേ പുത്രന്റെ പക്കൽ സമർപ്പിച്ചുകൊണ്ടിരിക്കുകയാണല്ലോ. കാരുണ്യത്തിന്റെ അമ്മേ, ദൈവം നല്കിയ രക്ഷയുടെ ദിനമായ ഞായറാഴ്ചയിലും ലൗകികമായ നേട്ടങ്ങൾക്കായി അദ്ധ്വാനിച്ച് അങ്ങേ പുത്രനെയും പിതാവിനെയും അവഹേളിക്കുന്ന എല്ലാ കത്തോലിക്കരെയും അങ്ങയുടെ തിരുമുൻപിലേക്ക് സമർപ്പിക്കുന്നു. സ്വർഗീയരാജ്ഞീ, മാനസാന്തരത്തിന്റെയും വിടുതലിന്റെയും കൃപ അങ്ങേ പുത്രന്റെ ശക്തിയേറിയ നാമത്തിന്റെ യോഗ്യതയിൽ ഞങ്ങളിലേക്ക് വർഷിക്കണമെ. പേരും പണവും പ്രതാപവും എല്ലാം നൈമിഷികങ്ങളാണ് എന്ന ബോധ്യം എല്ലാ മക്കൾക്കും നൽകണമെ. ഓ! മാതാവേ, ദൈവത്തെ മഹത്വപ്പെടുത്തണമെന്നുള്ള മഹത്തായ കടമ നിറവേറ്റി രക്ഷയിലേക്ക് കടന്നുവരുവാൻ അനുഗ്രഹിക്കണമേ. ആമ്മേൻ.
സുകൃതജപം: ലാ സലെറ്റ് മാതാവേ, ലോകത്തിന്റെ നൈമിഷിക സുഖങ്ങളെ ഉപേക്ഷിച്ച് സ്വർഗം ലക്ഷ്യം വെച്ച് ജീവിക്കുവാൻ ഞങ്ങളെ പഠിപ്പിക്കണമേ.



Leave a comment