സെപ്റ്റംബർ 8 | കുടവെച്ചുർ മുത്തി
ചരിത്രപ്രസിദ്ധമായ വൈക്കത്തുനിന്നും 10 കിലോമീറ്റർ തെക്കുഭാഗത്തായി വേമ്പനാട്ടുകായലിന്റെ തീരത്ത്, മാറുന്ന കാലഘട്ടത്തിന്റെ മാറാത്ത സാക്ഷ്യമായി കുടവെച്ചുർമുത്തിയുടെ ദേവാലയം സ്ഥിതിചെയ്യുന്നു. ദൈവമാതാവായ പരിശുദ്ധ കന്യകാമറിയത്തിന്റെ നാമധേയത്തിൽ സ്ഥാപിതമായിരിക്കുന്ന ഈ ദേവാലയം നാനാ ജാതി മതസ്ഥരായ അനേകായിരങ്ങൾക്ക് ആശ്രയവും അഭയവുമാണ്. കൊല്ലവർഷം 1463-ൽ ഈ പള്ളി സ്ഥാപിതമായി എന്ന് വിശ്വസിച്ചുവരുന്നു. ഇന്ന് കാണുന്ന ദേവാലയത്തിന്റെ പണി ആരംഭിച്ചത് 1864-ൽ വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ തറക്കല്ലിട്ടു കൊണ്ടാണ്. കുടവെച്ചൂർ ദേവാലയത്തിലെ പ്രധാന അൾത്താരയിൽ സ്ഥാപിക്കപ്പെട്ടിരിക്കുന്ന പരിശുദ്ധ കന്യകാമറിയത്തിന്റെ ചിത്രം അത്ഭുതകരമായി ചിത്രീകരിക്കപ്പെട്ടതായി വിശ്വസിച്ചു പോരുന്നു. ആ കാലഘട്ടത്തിലെ കേരള ക്രിസ്ത്യാനികൾക്ക് വേണ്ടി അന്നത്തെ ഭരണാധികാരിയായിരുന്ന ആർച്ചുഡീക്കൻ പരിശുദ്ധ കന്യകാമറിയത്തിന്റെ ഏഴ് ചിത്രങ്ങൾക്കായി ഓർഡർ കൊടുത്തു. പോർച്ചുഗലിൽനിന്നും കപ്പൽ പുറപ്പെടാൻ സമയമായപ്പോൾ അവയിൽ ആറെണ്ണം മാത്രമേ പൂർത്തിയായിരുന്നുള്ളൂ. എങ്കിലും, പശ്ചാത്തലം മാത്രം വരച്ച ഏഴാമത്തെ ചിത്രവും അതോടൊപ്പം കൊടുത്തുവിട്ടു. ഇവിടെ കൊണ്ടുവന്ന് ചിത്രങ്ങൾ പള്ളികൾക്ക് വിതരണം ചെയ്യാൻ നോക്കിയപ്പോൾ ഏഴും പൂർത്തീകരിച്ചതായിക്കണ്ടു. അങ്ങനെ സ്വയം പൂർത്തീകരിക്കപ്പെട്ട ചിത്രമാണ് കുടവെച്ചൂർ പള്ളിയിലേതെന്ന് വിശസിച്ച് പോരുന്നു. വിശുദ്ധ ലൂക്കാ വരച്ച മാതാവിന്റെ തനിപ്പകർപ്പാണ് ഈ ചിത്രം. ഈ ചിത്രത്തെപറ്റി പല ഐതീഹ്യങ്ങളും നിലവിലുണ്ട്. ടിപ്പു സുൽത്താൻ പടയോട്ടകാലത്ത് കുടവെച്ചൂർ പള്ളിയും ആക്രമിക്കപ്പെടും എന്ന സൂചനയുടെ അടിസ്ഥാനത്തിൽ പരിശുദ്ധ അമ്മയുടെ ചിത്രം അക്രമികളിൽ നിന്നും സംരക്ഷിക്കുന്നതിനായി കായൽമാർഗം കൊച്ചി രാജ്യത്തുള്ള ഇടകൊച്ചി പള്ളിയിൽ താൽക്കാലിക സൂക്ഷത്തിനായി ഏൽപ്പിച്ചു. അക്രമികൾ മടങ്ങി പ്പോയതിനുശേഷം അത്ഭുതചിത്രം തിരികെചോദിച്ചപ്പോൾ ഇടകൊച്ചിക്കാർ ചിത്രം നൽകാൻ വിസ്സമ്മതിച്ചു. അങ്ങനെ വഞ്ചിതരായ കുടവച്ചൂരിലെ നിവാസികളും ധീവര സമുദായത്തിൽപ്പെട്ട കായികബലം ഉള്ള ഏതാനും പേരും ചേർന്ന് ഓടിവള്ളങ്ങളിൽ ഇടകൊച്ചി പള്ളിയിൽ നിന്നും പരിശുദ്ധ അമ്മയുടെ ചിത്രം വീണ്ടെടുത്ത് കൊണ്ടുപോന്നു. . ഇതറിഞ്ഞ് പിന്നാലെ എത്തിയ ഇടകൊച്ചിക്കാർക്ക് വേമ്പനാട്ടു കായലിൽ വെച്ച് അപ്രതീക്ഷിതമായുണ്ടായ കാറ്റും കോളും നിമിത്തം മടങ്ങിപ്പോകേണ്ടിവരുകയും, അതേ കാറും കോളും കുടവെച്ചൂരിൽനിന്നുള്ള വള്ളങ്ങളെ വേഗത്തിൽ പള്ളിക്കടവിൽ അടുക്കുവാൻ സഹായിക്കയും ചെയ്തു.
ആദ്യകാലങ്ങളിൽ കർമലമാതാവിന്റെ തിരുനാൾ ദിനമായ ജൂലായ്16 നാണ് ഇവിടെ പ്രധാന തിരുനാൾ ആഘോഷിച്ചിച്ചിരുന്നത്. 1822 -ന് ദർശനസമൂഹം സ്ഥാപിക്കപ്പെട്ടതുമുതൽ പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവിത്തിരുനാൾ ദിനമായ സെപ്റ്റംബർ 8 പ്രധാനതിരുനാളായി ആഘോഷിച്ചുവരുന്നു. പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാളിനോടനുബന്ധിച്ചുള്ള ഭക്താനുഷഠാനങ്ങളിൽ പ്രധാനപ്പെട്ടതാണ് എട്ടുനോമ്പാചരണം. സ്ത്രീസഹജമായ രോഗങ്ങൾക്കും, സുഖപ്രസവത്തിനും സന്താനലബ്ധിക്കും ഈ നോമ്പാചരണം വളരെ ഫലസിദ്ധിയുള്ളതായി പറയപ്പെടുന്നു. ഇതോടെപ്പം തന്നെ അടിമവയ്ക്കലും നീന്തുനേർച്ചയും ഉണ്ട്. തന്നെ വെച്ചൂർ മുത്തിയ്ക്ക് അടിമവച്ചതിന്റെ അനുഭവം അയവിറക്കിക്കൊണ്ട് വാഴ്ത്തപ്പെട്ട ചാവറപ്പിതാവ് തന്റെ ആത്മകഥാ പ്രധാനമായ ആത്മാനുതാപത്തിൽ ദീർഘമായി പാടിയിട്ടുണ്ട്. അടിമവയ്ക്കൽ വഴി പരിശുദ്ധ അമ്മയും കുരുന്നുകളും തമ്മിൽ ആഴമായ ഒരു ബന്ധത്തിന്റെ ഇഴചേരൽ നടക്കുന്നു എന്നതാണ് തന്റെ അനുഭവമെന്ന് ചാവറപിതാവ് എഴുതി. പരിശുദ്ധ മാതാവിന്റെ രൂപത്തിന്റെ മുമ്പിൽ കുഞ്ഞിനെ കിടത്തുന്ന അമ്മയുടെ കയ്യിൽ ദേവമാതാവിന്റെ പേരിൽ പൂവും, നീരും കൊടുത്തുകൊണ്ട് വൈദികൻ ഇങ്ങനെ പറഞ്ഞതായി ചാവറപ്പിതാവ് വിശ്വസിക്കുന്നു. ഇന്നു മുതൽ ഈ കുഞ്ഞ് നിന്റേതല്ല, മാതാവിന്റെ ദാസനാണ്; സൂക്ഷിച്ച് വളർത്തുക. അമ്മ മരിക്കുന്നതുവരെ എല്ലാവർഷവും ദൈവമാതാവിന്റെ പിറന്നാൾ ദിനത്തിൽ അമ്മയോടെപ്പം ആ പാദത്തിൽ അണയുക തന്റെ പതിവാക്കിയിരുന്നു; കൃത്യമായി ദാസ്യപ്പണവും കൊടുത്തുപോന്നു. വൈദികനായതിനുശേഷം സെപ്റ്റംബർ 8-ന് തിരുനാൾ കുർബാനയ്ക്ക് പ്രസംഗം പറയുന്ന പതിവും തുടർന്നുപോന്നു. ദാസ്യബന്ധത്തിൽ നിന്ന് പുത്ര ബന്ധത്തിന്റെ അടുപ്പവും സ്വാതന്ത്ര്യവും അവകാശബോധവും ചാവറപ്പിതാവിൽ വളർന്നുവന്നതായി നാം കാണുന്നുണ്ട്. ഈ ദിനത്തിൽ നമ്മുടെ സമർപ്പണം പുതുക്കാം, നാം അമ്മയുടെ സ്വന്തമാണ് എന്ന് ഏറ്റുപറയാം, പുത്രത്വ പദം സ്വീകരിക്കാം.
നമുക്ക് പ്രാർഥിക്കാം
അമ്മേ, ഞങ്ങളുടെ അമ്മേ, അങ്ങേ മക്കളായ ഞങ്ങൾ അങ്ങേ തിരുസന്നിധിയിൽ അണയുന്നു. ഈ മക്കളെ കടാക്ഷിക്കണമെ. അങ്ങേ പരിശുദ്ധമായ ഉത്ഭവം, പരിശുദ്ധരായി ജീവിക്കാൻ ഞങ്ങളോട് ആവശ്യപ്പെടുന്നു എന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. മാമ്മോദീസായിൽ ഞങ്ങൾക്കു ലഭിച്ച വെള്ളവസ്ത്രം യാതൊരുവിധത്തിലും കറയോ, ചുളിവോ പററാതെ കാത്തുസൂക്ഷിക്കുവാൻ ഞങ്ങളെ സഹായിക്കണമെ. വിശുദ്ധ കൂദാശകളുടെ യോഗ്യതയാർന്ന സ്വീകരണം ഞങ്ങളെ അതിനു ശക്തരാക്കട്ടെ. പാപത്തിൻറ അഴുക്കുചാലിൽ കുടുങ്ങിക്കിടക്കുന്ന മക്കളെ വിശുദ്ധിയുടെ വരപ്രസാദത്താൽ കഴുകി വെളുപ്പിക്കണമേ. പരിശുദ്ധമായ ചിന്തകളാലും പ്രവർത്തികളാലും ഞങ്ങളെ നിറയ്ക്കണമേ. അങ്ങനെ അങ്ങയുടെ മകനും മകളുമായി ഞങ്ങളെ വളർത്തണമെ. ആമ്മേൻ.
സുകൃതജപം: പരിശുദ്ധ മാതാവേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമെ.



Leave a comment