സെപ്റ്റംബർ 8 | പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനം
ദാവീദിന്റെ ഗോത്രത്തിൽപ്പെട്ട ജോവാക്കിമും അന്നായും ആയിരുന്നു പരിശുദ്ധ അമ്മയുടെ മാതാപിതാക്കൾ. ജോവാക്കിമിന്റെ വീട് ഗലീലിയായിലെ നസ്രത്തിലും അന്നയുടെ വീട് യൂദയായിലെ ബെത്ലെഹമിലും ആയിരുന്നു. പരിശുദ്ധ അമ്മയുടെ ജനനത്തെപ്പറ്റിയുള്ള ദൈവിക ഇടപെടലുകളെപ്പറ്റി പാരമ്പര്യങ്ങൾ എടുത്തുപറയുന്നു. വാർദ്ധക്യത്തിലെത്തിയിട്ടും മക്കളില്ലാതിരുന്ന ജോവാക്കിമിനും അന്നയ്ക്കും ദൈവദൂതൻ പ്രത്യക്ഷപ്പെട്ട് മറിയത്തിന്റെ ജനനത്തെക്കുറിച്ചും, കുട്ടിയ്ക്ക് നൽകേണ്ട പേരിനെക്കുറിച്ചും, അവൾ എങ്ങനെയുള്ളവളായിരിക്കും എന്നും മുന്നറിയിപ്പു നൽകി. മാതാവിന്റെ ജനനത്തിരുനാൾ ആരംഭിക്കുന്നത് 1007 ൽ മിലാൻ എന്ന നഗരത്തിലാണ് ആ വർഷത്തിലാണ് സാന്താ മരിയ ഫ്ലൂക്കോറിന എന്ന ദേവാലയം പരിശുദ്ധ അമ്മയുടെ ജനനത്തിന്റെ ഓർമയ്ക്കായി സമർപ്പിക്കപ്പെടുന്നത്. 1251 ൽ നാലാം ഇന്നസെന്റ് മാർപാപ്പ ഈ ദേവാലയത്തെ കത്തീഡ്രൽ പദവിയിലേക്ക് ഉയത്തി.എന്നാൽ, ഇന്ന് ഉണ്ണിമേരിയോടുള്ള ഭക്തി മിലാനിലെ ഈ ദേവാലയത്തിൽ നിന്നല്ല, മറിച്ച്, മിലാനിൽ തന്നെയുള്ള ചാരിറ്റി സിസ്റ്റേഴ്സിന്റെ സാന്താ സോഫിയ മഠത്തിൽ നിന്നാണ് രൂപപ്പെട്ടു വന്നത്. 1735 ൽ ഇറ്റലിയിലുള്ള പുവർ ക്ലയർ സഭയിൽപ്പെട്ട സിസ്റ്റർ ഇസബല്ല കിയാര ഫോർമാരി ഉണ്ണിയേശുവിന്റെയും ഉണ്ണിമേരിയുടെയും ജീവൻ തുടിക്കുന്ന ഓരോ മെഴുകു പ്രതിമകൾ ഉണ്ടാക്കി മിലാനിലെ മെത്രാനായ സിമോനെറ്റായ്ക്ക് ഉപഹാരമായി നല്കി. അത് അദ്ദേഹത്തിന്റെ സഹോദരനും പിന്നീട് പലരിലൂടെയും കൈമാറി 1739 ൽ കപ്പുച്ചിൻ സിസ്റ്റേഴ്സിന്റെ കയ്യിലെത്തി. അന്നത്തെ ചക്രവർത്തിയായിരുന്ന ജോസഫ് രണ്ടാമനും തുടർന്ന് നെപ്പോളിയനും മഠങ്ങൾ നിർത്തലാക്കിയപ്പോൾ ബാർബര വിസ്സോലി എന്ന സിസ്റ്റർ അത് രഹസ്യമായി സൂക്ഷിച്ചു വച്ചു. അവളുടെ മരണശേഷം സിസേരി ഹോസ്പിറ്റലിലെ ചാരിറ്റി സിസ്റ്റേഴ്സിനെ ഏല്പിച്ചു. 1876 ൽ ഇറ്റലിയുള്ള സാന്താ സോഫിയായിലെ ചാരിറ്റി സിസ്റ്റേഴ്സിന്റെ ജനറലേറ്റിലേക്ക് വീണ്ടും ആ രൂപം തിരിച്ചുകൊണ്ടുവന്നു. 1884 മുതൽ ധാരളം അത്ഭുതങ്ങൾ ഈ രൂപം വഴി സംഭവിച്ചുകൊണ്ടിരുന്നു. ഇതിനിടെ ആകാരഭംഗി നഷ്ടപ്പെട്ട ഈ രൂപത്തിന് പുതിയ വസ്ത്രമെല്ലാം നൽകി മോടിപിടിപ്പിച്ച് കോൺവെന്റിലെ ചാപ്പലിലേയ്ക്കു മാറ്റി.1885 സെപ്റ്റംബർ 9 ന് സിസ്റ്റർ ജോസഫിൻ വോയ്നോവിക് തളർന്ന്, കഠിനവേദനയിലായി. അന്നത്തെ മദർ ജനറലായ നസാറിയയോട് ഈ രൂപം തന്റെ മുറിയിൽ കൊണ്ടുവയ്ക്കുവാൻ അവൾ അപേക്ഷിച്ചു. ആ രാത്രി മുഴുവനും പരിശുദ്ധ അമ്മയോടുള്ള പ്രാർഥനയിലായിരുന്നു സിസ്റ്റർ. പിറ്റെ ദിവസം ഈ രൂപം രോഗികളായി കഴിഞ്ഞിരുന്ന എല്ലാ സിസ്റ്റേഴ്സിന്റെയും അടുക്കൽ കൊണ്ടുപോകാൻ മദറിന് പ്രചോദനം ലഭിച്ചു. ഗിവുളിയോ മക്കാരിയോ എന്ന നോവീസും മാരകമായ രോഗം ബാധിച്ച് കിടക്കുകയായിരുന്നു. ആഴമായ വിശ്വാസത്തോടെ അമ്മയുടെ തിരുസ്വരൂപം അവളുടെ കയ്യിൽ പിടിച്ച് പ്രാർഥിച്ചു. ഉടനെതന്നെ അവൾ രോഗ വിമുക്തയായി. അതേ തുടർന്ന് സിസ്റ്റർ ജോസഫിനും സുഖപ്പെട്ടു. ഇതോടെ ഉണ്ണിമേരിയോടുള്ള ഭക്തിയ്ക്ക് പ്രചുര പ്രചാരം ലഭിച്ചു. 1885ൽ വലിയൊരു പ്രദക്ഷിണത്തോടെ ഈ രൂപം അവരുടെ ആദ്യഭവനത്തിലേയ്ക്ക് കൊണ്ടുവന്നു. അങ്ങനെ ഉണ്ണിമേരിയോടുള്ള ഭക്തി മിലാൻ നഗരം മുഴുവനിലും ആഴപ്പെടുവാൻ തുടങ്ങി. ആദ്യകാലം മുതൽ നമ്മുടെ നാട്ടിൽ മാർത്തോമ്മാ ക്രിസ്ത്യാനികളുടെ ഇടയിൽ പരിശുദ്ധ അമ്മയുടെ ജനനത്തിരുനാളിനോടനുബന്ധിച്ച് എട്ടുനോമ്പ് ആചരിക്കുന്നുണ്ടായിരുന്നു. ഇന്നും അത് സുറിയാനി കത്തോലിക്കരും യാക്കോബായ ഓർത്തഡോക്സ് വിഭാഗക്കാരും ആചരിച്ചു പോരുന്നു. 9-ാം നൂറ്റാണ്ടിൽ യഹൂദരും മുഹമ്മദീയരും തമ്മിൽ കൊടുങ്ങല്ലൂരിൽ വച്ച് കലഹമുണ്ടായപ്പോൾ ക്രിസ്ത്യാനികൾ യഹൂദരുടെ പക്ഷത്തു ചേർന്നു. എന്നാൽ മുഹമ്മദീയർ ജയിക്കുകയും പട്ടണം നശിപ്പിക്കുകയും ചെയ്തു. വിപത്തിന്റെ ആ ദിവസങ്ങളിൽ ക്രൈസ്തവ വനിതകൾ ചാരിത്ര്യ സംരക്ഷണാർഥം നേർന്ന ഒന്നാണ് എട്ടുനോമ്പ്. കിഴക്കിന്റെ ലൂർദ് എന്നറിയപ്പെടുന്ന നാഗപ്പുഴ പള്ളിയിലെ മാതാവിന്റെ തിരുനാൾ അമ്മയിലുള്ള വിശ്വാസത്തിന്റെയും പ്രത്യേക സ്നേഹത്തിന്റെയും പ്രകടനമാണ്. മനുഷ്യന്റെ പച്ചയായ യാഥാർഥ്യങ്ങളിൽ വ്യക്തമായി ഇടപെടുന്ന അമ്മ “അവൻ നിങ്ങളോടു പറയുന്നത് ചെയ്യുവിൻ” എന്ന ആഹ്വാനത്തോടെ പുത്രന്റെ പക്കൽ നമുക്കുവേണ്ടി മാദ്ധ്യസ്ഥ്യം വഹിക്കുകയാണ്. ആശ്രിതർക്ക് അഭയവും അശരണർക്ക് ധൈര്യവും ആലംബഹീനർക്ക് അത്താണിയുമായ അമ്മയുടെ മാദ്ധ്യസ്ഥ്യം നമുക്ക് തേടാം. ആത്മവിശുദ്ധി വരുത്തി നിർമലയായ അമ്മയോട് ചേർന്ന് ഈ തിരുനാളിൽ നമുക്ക് പങ്കുചേരാം.
നമുക്കു പ്രാർഥിക്കാം
ജന്മപാപമേശാതെ നിർമലയായി ജനിച്ച അമ്മേ, ഉണ്ണിമേരിമാതാവേ, വിശുദ്ധരോടും ചേർന്ന് സകലമാലാഖമാരോടും അമ്മയെ ഞങ്ങൾ സ്തുതിക്കുന്നു. ദൈവീക കൃപാവരത്തെ അല്പം പോലും ഒളിമങ്ങാതെ പ്രതിഫലിപ്പിക്കാനായി ആത്മാവിന്റെ ഉന്നതമായ പരിശുദ്ധിയ്ക്കു വേണ്ടി ഇന്നുമുതൽ ഞാൻ പരിശ്രമിക്കും എന്നു പ്രതിജ്ഞ ചെയ്യുന്നു. വി. ഫൗസ്തീനായോടു ചേർന്ന് അവിടുത്തെ ദൃഷ്ടിയിൽ പ്രസാദജനകമായ നിർമല സ്ഫടികംപോലെ പരിശുദ്ധമായി തീരുവാൻ ഞാനും അഭിലഷിക്കുന്നു. മാമ്മോദീസായിലൂടെ ഞങ്ങൾക്ക് ലഭിച്ച പരിശുദ്ധി അഭംഗുരം കാത്തുപാലിക്കുവാൻ ഞങ്ങളെ സഹായിക്കണമെ. ഓ! ഉണ്ണിമേരി മാതാവേ, ഞങ്ങളെയും നിർമലതയുടെ അഭൗമിക സൗന്ദര്യത്താൽ നിറക്കണമെ. ആമ്മേൻ.
സുകൃതജപം: നിർമലജാതയായ അമ്മേ, നിർമലരായി ജീവിക്കുവാൻ ഞങ്ങളെ സഹായിക്കണമേ.



Leave a comment