സെപ്റ്റംബർ 8 | വേളാങ്കണ്ണി മാതാവ്
തെക്കേ ഇന്ത്യയിലെ, എന്നല്ല ഭാരതത്തിലെ തന്നെ ഏറ്റവും പ്രശസ്തി ആർജിച്ച മരിയൻ തീർഥാടന കേന്ദ്രമായി മാറിയിരിക്കുന്നു വേളാങ്കണ്ണി. ഭാരതത്തിലെ സഭയിൽ സ്ഥലനാമവുമായി ബന്ധപ്പെടുത്തി പരിശുദ്ധ അമ്മയെ വണങ്ങുന്നതിൽ പ്രധാനസ്ഥാനം വേളാങ്കണ്ണിക്കാണ്. 16-ാം നൂറ്റാണ്ടിൽ പരിശുദ്ധ അമ്മ മൂന്ന് സാഹചര്യങ്ങളിൽ നൽകിയ ദർശനങ്ങളാണ് വേളാങ്കണ്ണി പള്ളിയുടെ ഉത്ഭവത്തിനും വളർച്ചയ്ക്കും കാരണമായത്. 1560-ൽ അയൽപക്കത്തെ വീടുകളിൽ പാൽ വിറ്റുനടന്നിരുന്ന ഒരു ഹൈന്ദവബാലന് പരിശുദ്ധ അമ്മയും ഉണ്ണീശോയും കൂടെ പ്രത്യക്ഷപ്പെട്ട് ദാഹിച്ചുവലഞ്ഞ ഈ കുഞ്ഞിന് കൊടുക്കുവാൻ പാൽതരുമോ എന്ന് ചോദിച്ചപ്പോൾ അവന്റെ കൈയിലുള്ള മൊന്തയിൽനിന്ന് ഉണ്ണീശോയ്ക്ക് കുടിക്കുവാൻ കൊടുത്തു. സമയം വൈകിയതിനാൽ ബാലൻ പാൽ കൊടുക്കേണ്ട വീട്ടിൽ ചെന്ന് ഉണ്ടായ സംഭവങ്ങൾ വിവരിച്ചു. പറഞ്ഞത് ശരിയാണോ എന്ന് നോക്കാൻ ദർശനം നടന്ന സ്ഥലത്തേയ്ക്ക് ബാലനോടൊപ്പം വീട്ടുകാരനും കടന്നുവന്നു. ബാലൻ മാതാവിനെ ദർശിച്ച് കുളത്തിനടുത്തുവച്ച് വീണ്ടും മാതാവ് അവർക്ക് ദർശനം നൽകി. ഈ കുളം മാതാവിന്റെ കുളം എന്ന് ഇന്നറിയപ്പെടുന്നു. അതേ തുടർന്ന് ഓല മേഞ്ഞ ഒരു ചെറിയ ഷെഡ്ഡിൽ അവിടെ ദേവാലയം ആരംഭിച്ചു. 16-ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ വീണ്ടും പരിശുദ്ധ അമ്മയും ഉണ്ണിശോയും കൂടെ, മോര് വിറ്റു നടന്നിരുന്ന മുടന്തനായ ബാലന് പ്രത്യക്ഷപ്പെട്ടു. ഉണ്ണീശോയ്ക്ക് മോര് ചോദിച്ചപ്പോൾ അവൻ നല്കി. അതോടൊപ്പം തന്നെ മുടന്തുണ്ടായിരുന്ന അവന്റെ കാലുകൾ സുഖപ്പെട്ടു. മാത്രമല്ല, ആ നാട്ടിലെ ധനാഢ്യരായ വ്യക്തികളോട് അമ്മയ്ക്കായി ഒരു ദേവാലയം പണിയണമെന്ന് പറയുവാൻ പരിശുദ്ധ അമ്മ ആവശ്യപ്പെട്ടു. ബാലൻ ഈ കാര്യം പലരെയും അറിയിച്ചു. തലേദിവസം സ്വപ്നത്തിൽ ഒരു ദേവാലയം പണിയണം എന്ന സന്ദേശം ലഭിച്ച വ്യക്തിയുണ്ടായിരുന്നു. അദ്ദേഹവും ബാലനും വീണ്ടും ദർശനം ലഭിച്ച സ്ഥലത്തുചെന്നപ്പോൾ അവർക്ക് രണ്ടുപേർക്കും അമ്മ ദർശനം നല്കി. അതിനെതുടർന്ന്, പഴയ ഓലമേഞ്ഞ പള്ളിമാറ്റി നല്ല ഒരു പള്ളി പണിതു. മൂന്നാമത്തെ അത്ഭുതം നടന്നത് പോർച്ചുഗീസുകാരായ ശ്രീലങ്കയിലേക്കുള്ള കച്ചവടക്കാർക്കാണ്. മക്കാവോയിൽനിന്നും യാത്രയിൽ അവർ സഞ്ചരിച്ചിരുന്ന കപ്പൽ കൊടുങ്കാറ്റിൽ പെട്ട് നശിച്ചുവെങ്കിലും യാത്രക്കാരായ 150 പേരും അത്ഭുതകരമായി രക്ഷപ്പെട്ടു. കരയ്ക്ക് കയറിയ ഇവരെ അവിടുത്തെ നാട്ടുകാർ നന്ദി പറയുവാനായി ഈ ദേവാലയത്തിലേയ്ക്ക് കൊണ്ടുവന്നു. ഇന്നുകാണുന്ന ഗോത്തിക് രീതിയിൽ പണിചെയ്യപ്പെട്ട വിശുദ്ധിയുടെ വെൺമയിൽ കുളിച്ചുനിൽക്കുന്ന ബൃഹത്തായ ഈ ദേവാലയം തങ്ങളുടെ ജീവൻ രക്ഷിച്ച പരിശുദ്ധ അമ്മയ്ക്കുള്ള സമ്മാനമായി അവർ പണിതീർത്ത് നല്കിയതാണ്. 1771 ൽ ഒരു ഇടവകയായി പ്രഖ്യാപിക്കപ്പെട്ട ഈ ദേവാലയം 1962 ൽ ഇരുപത്തിമൂന്നാം ജോൺ മാർപാപ്പയാൽ ബസിലിക്കയായി ഉയർത്തപ്പെട്ടു. ഭൂഗോളത്തിന്മേൽ ഉണ്ണിയെ കൈകളിലേന്തി നിലക്കുന്ന അമ്മയുടെ തിരുസ്വരൂപം അനേക ലക്ഷങ്ങളെ ഇന്നും വേളാങ്കണ്ണിയിലേക്ക് ആകർഷിച്ചു കൊണ്ടിരിക്കുന്നു.
2004 ഡിസംബർ 26-ന് ഇന്ത്യൻ മഹാസമുദ്രത്തിലുണ്ടായ ഭൂമികുലുക്കം, സുനാമി തിരമാലകളായി മീറ്ററുകളോളം ഉയർന്നു പൊങ്ങി. ദേവാലയത്തിനുള്ളിലേയ്ക്ക് ഒരുതുള്ളി വെള്ളം പോലും കയറിയില്ലയെന്നത് അത്ഭുതം തന്നെ. ആരോഗ്യമാതാവ് എന്നറിയപ്പെടുന്ന അമ്മയുടെ അരികിലേയ്ക്ക് വരുന്നവർക്ക് ആത്മീയവും ശാരീരികവും മാനസികവുമായ ശാന്തിപകർന്ന് ഇന്നും ജനഹൃദയങ്ങളിൽ ജീവിക്കുകയാണ് വേളാങ്കണ്ണി മാതാവ്. ഏത് അവയവത്തിനാണോ രോഗം ബാധിച്ചിരിക്കുന്നത് ആ അവയവത്തിന്റെ രൂപം വെള്ളിയിലോ, സ്വർണത്തിലോ തീർത്ത് മാതാവിന് കാഴ്ചയർപ്പിക്കുന്ന ഒരു പതിവ് ഇവിടെയുണ്ട്. നേർച്ചയായി തല മുണ്ഡനം ചെയ്ത് അമ്മയുടെ മുമ്പിൽ എളിമയോടെ പ്രാർഥിക്കുന്ന ജനത്തിന്റെ വിശ്വാസവും സ്നേഹവും ഒത്തിരി ആഴമുള്ളതുതന്നെ. ആഗസ്റ്റ് 28 മുതൽ സെപ്റ്റംബർ 10 വരെയാണ് ഇവിടെ പരിശുദ്ധ അമ്മയുടെ തിരുനാൾ ആഘോഷിക്കുക. രാജ്യത്തിന്റെ അകത്തുനിന്നും പുറത്തുനിന്നുമായി അനേക ലക്ഷങ്ങൾ അമ്മയെ സന്ദർശിച്ച് സായൂജ്യമടയുന്നു.
നമുക്കു പ്രാർഥിക്കാം.
ആരോഗ്യമാതേ, വേളാങ്കണ്ണിനാഥേ, ജീവിതഭാരത്താലും രോഗപീഡകളാലും മനസ്സുതകർന്ന് അങ്ങേ പക്കൽ അഭയം തേടുന്ന മക്കളെ സ്നേഹപൂർവം മാറോട് ചേർത്ത് സൗഖ്യപ്പെടുത്തുന്ന നിന്റെ തിരുമുൻപിൽ നിൽക്കുന്ന ഈ മക്കളെ കടാക്ഷിക്കണമെ. അമ്മേ നാഥേ അങ്ങേനടയിൽ വിശ്വാസപൂർവം കടന്നുവന്നിട്ടുള്ള ആരെയും വെറും കയ്യോടെ നീ പറഞ്ഞയച്ചിട്ടില്ല എന്ന് ഞങ്ങൾ വിശ്വസിക്കുന്നു. സ്നേഹമയിയായ അമ്മേ, ഇന്നത്തെ എന്റെ ആവശ്യങ്ങളിൽ ഇടപെടണമേ, സൗഖ്യപ്പെടുത്തണമേ, സാന്ത്വനപ്പെടുത്തണമേ, ആമ്മേൻ.
സുകൃതജപം: വേളാങ്കണ്ണി മാതാവേ, ഞങ്ങൾക്കുവേണ്ടി പ്രാർഥിക്കണമെ.



Leave a comment